പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്തു


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ​പ്രതിനിധി എന്ന നിലയിൽ, 140 കോടി ഇന്ത്യക്കാരുടെ സ്നേഹാന്വേഷണങ്ങളും എനിക്കൊപ്പമുണ്ട്: പ്രധാനമന്ത്രി

യഥാർഥ ജനാധിപത്യം ചർച്ചയും സംവാദവും പ്രോത്സാഹിപ്പിക്കുന്നു; അതു ജനങ്ങളെ ഒന്നിപ്പിക്കുന്നു; അത് അന്തസ്സുറ്റതും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമാണ്: പ്രധാനമന്ത്രി

ജനാധിപത്യം ഞങ്ങൾക്കു വെറും വ്യവസ്ഥയല്ല; അതു ഞങ്ങളുടെ അടിസ്ഥാനമൂല്യങ്ങളുടെ ഭാഗമാണ്: പ്രധാനമന്ത്രി

ഇന്ത്യയുടെയും ഘാനയുടെയും ചരിത്രം കോളനിവാഴ്ചയുടെ മുറിവുകൾ വഹിക്കുന്നു; എന്നാൽ നമ്മുടെ മനോഭാവം എല്ലായ്പ്പോഴും സ്വതന്ത്രവും നിർഭയവുമായി തുടരുന്നു: പ്രധാനമന്ത്രി

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സൃഷ്ടിക്കപ്പെട്ട ലോകക്രമം അതിവേഗം മാറുകയാണ്; സാങ്കേതികവിദ്യയിലെ വിപ്ലവം, ഗ്ലോബൽ സൗത്തിന്റെ ഉയർച്ച, മാറിവരുന്ന ജനസംഖ്യാശാസ്‌ത്രം എന്നിവ അതിന്റെ വേഗതയ്ക്കും വ്യാപ്തിക്കും കാരണമാകുന്നു: പ്രധാനമന്ത്രി

മാറുന്ന സാഹചര്യങ്ങൾ ആഗോള ഭരണസംവിധാനത്തിൽ വിശ്വസനീയവും ഫലപ്രദവുമായ പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നു: പ്രധാനമന്ത്രി

ഗ്ലോബൽ സൗത്തിനു ശബ്ദമേകാതെ പുരോഗതി കൈവരിക്കാനാകില്ല: പ്രധാനമന്ത്രി

ഇന്ന്, ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്: പ്രധാനമന്ത്രി

ആഗോള കമ്പനികൾ സംഗമിക്കാൻ ആഗ്രഹിക്കുന്ന നൂതനാശയ-സാങ്കേതികവിദ്യ കേന്ദ്രമാണ് ഇന്ത്യ: പ്രധാനമന്ത്രി

കരുത്തുറ്റ ഇന്ത്യ കൂടുതൽ സ്ഥിരതയും സമൃദ്ധിയുമുള്ള ലോകത്തിനു സംഭാവനയേകും: പ്രധാനമന്ത്രി

Posted On: 03 JUL 2025 6:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഘാന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഘാന പാർലമെന്റിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം മാറി. പാർലമെന്റ് സ്പീക്കർ ആൽബൻ കിങ്സ്ഫോഡ് സുമാന ബാഗ്‌ബിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇരുരാജ്യങ്ങളിലെയും പാർലമെന്റംഗങ്ങൾ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. ഇന്ത്യ-ഘാന ബന്ധത്തിലെ സുപ്രധാന നിമിഷമായി ഈ പ്രസംഗം മാറി. ഇരുരാജ്യങ്ങളെയും കൂട്ടിയിണക്കുന്ന പരസ്പരബഹുമാനത്തെയും പൊതുവായ ജനാധിപത്യമൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.

സ്വാതന്ത്ര്യത്തിനായുള്ള പൊതുവായ പോരാട്ടങ്ങളിലൂടെയും ജനാധിപത്യത്തിനും സമഗ്രവികസനത്തിനുമുള്ള പൊതുവായ പ്രതിജ്ഞാബദ്ധതയിലൂടെയും രൂപപ്പെട്ട, ഇന്ത്യയും ഘാനയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചു പ്രധാനമന്ത്രി അഭിസംബോധനയിൽ എടുത്തുകാട്ടി. തനിക്കു നൽകിയ ദേശീയ ബഹുമതിക്കു ഘാന പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമയ്ക്കും ഘാന ജനതയ്ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സൗഹൃദത്തിന്റെ പ്രതീകമാണിതെന്ന് അദ്ദേഹം പറഞ്ഞു. മഹാനായ ഘാന നേതാവ് ഡോ. ക്വാമെ എൻക്രുമയുടെ സംഭാവനകൾ അനുസ്മരിച്ച്, ഐക്യം, സമാധാനം, നീതി എന്നിവയുടെ ആദർശങ്ങളാണു ശക്തവും ശാശ്വതവുമായ പങ്കാളിത്തങ്ങളുടെ അടിത്തറയെന്നു ശ്രീ മോദി വ്യക്തമാക്കി.

“നമ്മെ ഒന്നിപ്പിക്കുന്ന ശക്തികൾ അന്തർലീനമാണ്; നമ്മെ അകറ്റി നിർത്താൻ ശ്രമിക്കുന്ന ബാഹ്യശക്തികളേക്കാൾ കരുത്തുറ്റതുമാണ്”- എന്ന ഡോ. എൻക്രുമയുടെ വാക്കുകൾ ഉദ്ധരിച്ച്, ജനാധിപത്യമൂല്യങ്ങൾ പരിപോഷിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു. ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ സ്വന്തം സംസ്കാരത്തിന്റെ ഭാഗമായി ജനാധിപത്യ ധർമചിന്ത സ്വീകരിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ആഴമേറിയതും ഊർജസ്വലവുമായ വേരുകൾ എടുത്തുകാട്ടി. ഘാനയുടെ സ്വന്തം ജനാധിപത്യയാത്രയിൽ പ്രതിധ്വനിക്കുന്ന മൂല്യമായ നാനാത്വത്തിൽ ഏകത്വത്തിന്റെ ശക്തിയുടെ തെളിവായി ഇന്ത്യയുടെ വൈവിധ്യവും ജനാധിപത്യശക്തിയും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനം, ഭീകരത, പകർച്ചവ്യാധികൾ, സൈബർ ഭീഷണികൾ തുടങ്ങിയ ആഗോള വെല്ലുവിളികൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, ആഗോള ഭരണസംവിധാനത്തിൽ ഗ്ലോബൽ സൗത്തിന്റെ കൂട്ടായ ശബ്ദത്തിനും ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിലാണ്, ജി-20യിൽ ഇന്ത്യ അധ്യക്ഷപദവിയിലായിരുന്നപ്പോൾ ആഫ്രിക്കൻ യൂണിയനെ സ്ഥിരാംഗമായി ഉൾപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഘാനയുടെ ഊർജസ്വലമായ പാർലമെന്ററി സംവിധാനത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇരുരാജ്യങ്ങളിലെയും നിയമനിർമാണസഭകൾ തമ്മിലുള്ള വർധിച്ചുവരുന്ന വിനിമയങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, ഘാന-ഇന്ത്യ പാർലമെന്ററി സൗഹൃദസംഘം സ്ഥാപിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയം എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഘാനയുടെ പുരോഗതിക്കും സമൃദ്ധിക്കുമായുള്ള പരിശ്രമത്തിൽ ഇന്ത്യ തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.

 

 

***

SK


(Release ID: 2142000) Visitor Counter : 3