പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഘാന പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

Posted On: 03 JUL 2025 2:35AM by PIB Thiruvananthpuram

ബഹുമാനപ്പെട്ട പ്രസിഡന്റ് ജോൺ മഹാമ,

ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ

മാധ്യമ സുഹൃത്തുക്കളെ,

നമസ്‌കാരം!

മൂന്ന് പതിറ്റാണ്ടുകളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്.

ഈ അവസരം ലഭിച്ചത് എനിക്ക് വളരെയധികം അഭിമാനകരമാണ്.

"अय्य मे अनेजे से मेवोहा”

ഘാനയിൽ ഞങ്ങൾക്ക് നൽകിയ സ്വീകരണത്തിലെ  ഊഷ്മളതയ്ക്കും ബഹുമാനത്തിനും എനിക്ക് അഗാധമായ നന്ദിയുണ്ട്.

പ്രസിഡന്റ് തന്നെ വിമാനത്താവളത്തിൽ എന്നെ സ്വീകരിക്കാൻ എത്തിയത് എനിക്ക് വലിയ ബഹുമതിയാണ്.

2024 ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മഹാമ രണ്ടാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ മഹത്തായ വിജയത്തിന് ഞാൻ വീണ്ടും അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

ഘാനയിലെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ ദർശനത്തിലും നേതൃത്വത്തിലും ഉള്ള ആഴമേറിയ ആത്മവിശ്വാസത്തെയാണ് ഈ വിജയം പ്രതീകപ്പെടുത്തുന്നത്.

സുഹൃത്തുക്കളേ,

ഇന്ത്യയും ഘാനയും തമ്മിലുള്ള സൗഹൃദത്തിന്റെ കാതൽ നമ്മുടെ പൊതുവായ വിശ്വാസങ്ങളും, പോരാട്ടങ്ങളും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭാവിയെക്കുറിച്ചുള്ള പൊതുവായ സ്വപ്നവുമാണ്.

നമ്മുടെ രാജ്യങ്ങളുടെ സ്വാതന്ത്ര്യസമരം മറ്റു പലർക്കും പ്രചോദനം നൽകിയിട്ടുണ്ട്.

ഇന്നും, ഘാനയുടെ ഊർജ്ജസ്വലമായ ജനാധിപത്യം പശ്ചിമാഫ്രിക്കയിൽ "പ്രതീക്ഷയുടെ ദീപസ്തംഭം" ആയി വർത്തിക്കുന്നു.

ഇന്ന്, പ്രസിഡന്റും ഞാനും നമ്മുടെ ഉഭയകക്ഷി ബന്ധത്തെ "സമഗ്ര പങ്കാളിത്തം" ആയി ഉയർത്താൻ തീരുമാനിച്ചു.

ഘാനയുടെ രാഷ്ട്രനിർമ്മാണ യാത്രയിൽ, ഇന്ത്യ ഒരു സഹായി മാത്രമല്ല, ഒരു സഹയാത്രികനുമാണ്.

ഗ്രാൻഡ് ജൂബിലി ഹൗസ്, ഫോറിൻ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊമെൻഡ ഷുഗർ ഫാക്ടറി, ഇന്ത്യ-ഘാന കോഫി അന്നൻ ഐസിടി സെന്റർ, തേമ പകാടൺ (Tema Mpakadan Railway Line) റെയിൽവേ ലൈൻ - ഇവയെല്ലാം വെറും ഇഷ്ടികയും കുമ്മായവും മാത്രമല്ല, നമ്മുടെ പങ്കാളിത്തത്തിന്റെ പ്രതീകവുമാണ്.

നമ്മുടെ ഉഭയകക്ഷി വ്യാപാരം 3 ബില്യൺ യുഎസ് ഡോളർ കവിഞ്ഞു.

ഏകദേശം 900 പദ്ധതികളിലായി ഇന്ത്യൻ കമ്പനികൾ ഏകദേശം 2 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.

ഇന്ന്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മുടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.

ഫിൻടെക് മേഖലയിൽ, ഘാനയുമായി യുപിഐ ഡിജിറ്റൽ പേയ്‌മെന്റിന്റെ വിജയാനുഭവം  പങ്കിടാൻ ഇന്ത്യ തയ്യാറാണ്.

സുഹൃത്തുക്കളേ,

വികസന പങ്കാളിത്തം നമുക്കിടയിലെ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ്.

പ്രസിഡന്റ് മഹാമയുടെ 'സാമ്പത്തിക പുനഃസംഘടന'യ്ക്കുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണയും സഹകരണവും ഞങ്ങൾ ഉറപ്പ് നൽകുന്നു.

ഇന്ന്, ഘാനയ്ക്കുള്ള ഐടിഇസി, ഐസിസിആർ സ്കോളർഷിപ്പുകൾ ഇരട്ടിയാക്കാൻ ഞങ്ങൾ തീരുമാനിച്ചു.

യുവാക്കളുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായി ഒരു നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.

കാർഷിക മേഖലയിൽ, പ്രസിഡന്റ് മഹാമയുടെ "ഫീഡ് ഘാന" പ്രോഗ്രാമിന് പിന്തുണ നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ഘാനയിലെ പൗരന്മാർക്ക് താങ്ങാനാവുന്ന വിലയിലുള്ള ആരോഗ്യ സംരക്ഷണവും വിശ്വസനീയമായ പരിചരണവും നൽകാൻ ഇന്ത്യ നിർദ്ദേശിക്കുന്നു.

വാക്സിൻ ഉൽപാദനത്തിൽ സഹകരണം ചർച്ച ചെയ്തു.

പ്രതിരോധ, സുരക്ഷാ മേഖലയിൽ, "സ്ഥിരതയിലൂടെ സുരക്ഷ" എന്ന മന്ത്രവുമായി ഞങ്ങൾ മുന്നോട്ട് പോകും.

സായുധ സേനകളുടെ പരിശീലനം, സമുദ്ര സുരക്ഷ, പ്രതിരോധ വിതരണങ്ങൾ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കും.

നിർണായക ധാതുക്കളുടെ പര്യവേക്ഷണത്തിലും ഖനനത്തിലും ഇന്ത്യൻ കമ്പനികൾ സഹകരിക്കും.

ഇന്ത്യയും ഘാനയും ഇതിനകം തന്നെ ഇന്റർനാഷണൽ സോളാർ അലയൻസ്, കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലന്റ് ഇൻഫ്രാസ്ട്രക്ചർ (ദുരന്ത നിവാരണ അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഖ്യം) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സഹകരിക്കുന്നുണ്ട്.

പുനരുപയോഗ ഊർജ്ജത്തിൽ, പ്രത്യേകിച്ച് ശുദ്ധമായ പാചക വാതകത്തിൽ ഘാനയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഞങ്ങൾ അവരെ ആഗോള ജൈവ ഇന്ധന സഖ്യത്തിലേക്ക് ക്ഷണിച്ചു.

സുഹൃത്തുക്കളേ,

ഞങ്ങൾ രണ്ടുപേരും 'ഗ്ലോബൽ സൗത്തി'ലെ അംഗങ്ങളാണ്, അതിന്റെ മുൻഗണനകളോട് പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്.

വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്  ഉച്ചകോടിയിൽ സജീവമായി പങ്കെടുത്തതിന് ഘാനയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു.

ഞങ്ങളുടെ ജി 20 അദ്ധ്യക്ഷ കാലത്ത് ആഫ്രിക്കൻ യൂണിയന് ജി 20 ൽ സ്ഥിരാംഗത്വം ലഭിച്ചത് ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യമാണ്.

സഹേൽ മേഖല ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലും ഞങ്ങൾ ചർച്ചകൾ നടത്തി. ഭീകരത മനുഷ്യരാശിയുടെ ശത്രുവാണെന്ന കാഴ്ചപ്പാടിൽ ഞങ്ങൾ ഐക്യപ്പെട്ടിരിക്കുന്നു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഘാന നൽകുന്ന സഹകരണത്തിന് ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

ഈ സാഹചര്യത്തിൽ, ഭീകരതയ്‌ക്കെതിരായ ശ്രമങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. യുഎൻ പരിഷ്കാരങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകളും പരസ്പരം യോജിക്കുന്നു.

പശ്ചിമേഷ്യയിലും യൂറോപ്പിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളിൽ ഞങ്ങൾ ഇരുവരും ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.

സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണം.

സുഹൃത്തുക്കളേ,

ഘാനയിലെ ഇന്ത്യൻ സമൂഹം നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഒരു സുപ്രധാന കണ്ണിയെ പ്രതിനിധീകരിക്കുന്നു.

വർഷങ്ങളായി, ഇന്ത്യൻ അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർമാരും ഘാനയിൽ സേവനമനുഷ്ഠിക്കുന്നു.

ഘാനയുടെ സാമ്പത്തിക, സാമൂഹിക പുരോഗതിക്ക് ഇന്ത്യൻ സമൂഹം നല്ല സംഭാവനകൾ നൽകുന്നുണ്ട്. നാളെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.

ബഹുമാനപ്പെട്ട രാഷ്ട്രപതി,

താങ്കൾ ഇന്ത്യയുടെ അടുത്ത സുഹൃത്താണ്. ഇന്ത്യയുമായി താങ്കൾക്ക് നല്ല പരിചയമുണ്ട്.

ഇന്ത്യ സന്ദർശിക്കാൻ ഞാൻ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. താങ്കളെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് അവസരം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരിക്കൽ കൂടി, നിങ്ങളുടെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് ഞാൻ താങ്കളോടും, ഗവൺമെന്റിനോടും, ഘാനയിലെ ജനങ്ങളോടും എന്റെ അഗാധമായ നന്ദി അറിയിക്കുന്നു.

വളരെ നന്ദി.

നിരാകരണം - പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പത്രപ്രസ്താവന ഹിന്ദിയിലായിരുന്നു.

***

SK


(Release ID: 2141737) Visitor Counter : 2