പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന 2025 ലെ ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
प्रविष्टि तिथि:
24 FEB 2025 3:30PM by PIB Thiruvananthpuram
മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശ്രീ മോഹൻ യാദവ് ജി, മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, മഹതികളേ, മാന്യരേ!
ആദ്യമേ, ഇവിടെ എത്താൻ വൈകിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇന്നലെ ഞാൻ ഇവിടെ എത്തിയപ്പോൾ, ഇന്ന് 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയുണ്ടെന്ന് എനിക്ക് അറിയാനായതിനാലാണ് ഈ കാലതാമസം ഉണ്ടായത്. അവരുടെ പരീക്ഷാ സമയവും ഞാൻ രാജ്ഭവനിൽ നിന്ന് പുറപ്പെടാൻ നിശ്ചയിച്ചതും ഒരേ സമയത്തായിരുന്നു.
സുരക്ഷാ കാരണങ്ങളാൽ റോഡുകൾ അടച്ചിട്ടാൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ ബുദ്ധിമുട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാകാതിരിക്കാൻ, എല്ലാ വിദ്യാർത്ഥികളും അവരുടെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രമേ ഞാൻ രാജ്ഭവൻ വിടുകയുള്ളുവെന്ന് തീരുമാനിച്ചു. അതിനാൽ, ഞാൻ മനഃപൂർവ്വം എന്റെ യാത്ര 15-20 മിനിറ്റ് വൈകിക്കുകയായിരുന്നു, ഇത് നിങ്ങൾക്കെല്ലാവർക്കും ചില അസൗകര്യങ്ങൾ സൃഷ്ടിച്ചു. ഞാൻ നിങ്ങളോട് വീണ്ടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.
സുഹൃത്തുക്കളേ,
രാജ ഭോജിന്റെ ഈ പുണ്യനഗരത്തിലേക്ക് നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നത് എനിക്ക് അത്യന്തം അഭിമാനകരമാണ്. വിവിധ വ്യവസായങ്ങളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള നിരവധി സഹപ്രവർത്തകർ ഇന്ന് ഇവിടെ ഒത്തുകൂടി. വികസിത മധ്യപ്രദേശ് മുതൽ വികസിത ഇന്ത്യ വരെയുള്ള യാത്രയിൽ ഇന്നത്തെ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ട്. ഈ മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് മോഹൻ ജിക്കും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ ചരിത്രത്തിൽ ആദ്യമായി, മുഴുവൻ ലോകവും ഭാരതത്തെക്കുറിച്ച് വളരെ ശുഭാപ്തിവിശ്വാസമുള്ളവരാണ്. അത് സാധാരണക്കാരായാലും, സാമ്പത്തിക വിദഗ്ധരായാലും, വ്യത്യസ്ത രാഷ്ട്രങ്ങളായാലും, ആഗോള സ്ഥാപനങ്ങളായാലും - എല്ലാവർക്കും ഭാരതത്തെക്കുറിച്ച് ഉയർന്ന പ്രതീക്ഷകളുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ നടത്തിയ അഭിപ്രായങ്ങൾ ഭാരതത്തിലെ ഓരോ നിക്ഷേപകന്റെയും ആവേശം വർദ്ധിപ്പിച്ചു. വരും വർഷങ്ങളിൽ ഭാരതം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലോക ബാങ്ക് പ്രസ്താവിച്ചു. ലോകത്തിന്റെ ഭാവി ഇന്ത്യയിലാണെന്ന് ഒഇസിഡിയുടെ ഒരു പ്രധാന പ്രതിനിധി അഭിപ്രായപ്പെട്ടു. അടുത്തിടെ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഒരു യുഎൻ സംഘടന ഭാരതത്തെ സൗരോർജ്ജത്തിൽ ഒരു സൂപ്പർ പവർ ആയി പരാമർശിച്ചു. പല രാജ്യങ്ങളും വെറുതെ സംസാരിക്കുമ്പോൾ, ഭാരതം ഫലങ്ങൾ നൽകുന്നുണ്ടെന്നും ഈ സ്ഥാപനം അഭിപ്രായപ്പെട്ടു. ആഗോള എയ്‌റോസ്‌പേസ് സ്ഥാപനങ്ങൾക്കുള്ള മികച്ച വിതരണ ശൃംഖല കേന്ദ്രമായി ഭാരതം എങ്ങനെ ഉയർന്നുവരുന്നുവെന്ന് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് എടുത്തുകാണിച്ചു. ആഗോള വിതരണ ശൃംഖലയിലെ വെല്ലുവിളികൾക്കുള്ള പരിഹാരമായി പലരും ഭാരതത്തെ കാണുന്നു. ലോകത്തിന് ഭാരതത്തിലുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി ഉദാഹരണങ്ങൾ എനിക്ക് ഉദ്ധരിക്കാനാകും. ഈ ആത്മവിശ്വാസം ഓരോ ഇന്ത്യൻ സംസ്ഥാനത്തിന്റെയും ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. ഇന്ന്, മധ്യപ്രദേശിൽ നടക്കുന്ന ഈ ആഗോള ഉച്ചകോടിയിൽ നമുക്ക് ഈ ശുഭാപ്തിവിശ്വാസം കാണാനും അനുഭവിക്കാനും കഴിയും.
സുഹൃത്തുക്കളേ,
ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സംസ്ഥാനമാണ് മധ്യപ്രദേശ്. കാർഷിക മേഖലയിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണിത്, കൂടാതെ ധാതുസമ്പത്തിലും മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ്. ജീവൻ നൽകുന്ന മാതാ നർമ്മദയുടെ അനുഗ്രഹം മധ്യപ്രദേശിനുണ്ട്. ജിഡിപിയിലും രാജ്യത്തെ മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാകാനുള്ള എല്ലാ കരുത്തും സാധ്യതകളും സംസ്ഥാനത്തിനുണ്ട്.
സുഹൃത്തുക്കളേ,
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ, മധ്യപ്രദേശ് പരിവർത്തനത്തിന്റെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിച്ചു. വൈദ്യുതി, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളികൾ സംസ്ഥാനം നേരിട്ട ഒരു കാലമുണ്ടായിരുന്നു. ക്രമസമാധാന നില കൂടുതൽ മോശമായിരുന്നു, ഇത് വ്യാവസായിക വികസനം വളരെ ദുഷ്കരമാക്കി. എന്നിരുന്നാലും, കഴിഞ്ഞ 20 വർഷമായി, ജനങ്ങളുടെ പിന്തുണയോടെ, മധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ് സദ്ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ട് പതിറ്റാണ്ട് മുമ്പ്, നിക്ഷേപകർ മധ്യപ്രദേശിൽ നിക്ഷേപിക്കാൻ മടിച്ചിരുന്നു. എന്നാൽ ഇന്ന്, രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളിൽ മധ്യപ്രദേശ് സ്ഥാനം പിടിച്ചിരിക്കുന്നു. മോശം റോഡ് സാഹചര്യങ്ങൾ മധ്യപ്രദേശിൽ ബസ് ഗതാഗതം പോലും ദുഷ്കരമാക്കിയ ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന്, ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപ്ലവത്തിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. 2025 ജനുവരിയോടെ സംസ്ഥാനത്ത് ഏകദേശം 2 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് ഏകദേശം 90% വളർച്ചയാണ് കാണിക്കുന്നത്. പുതിയ ഉൽപാദന മേഖലകൾക്ക് ആകർഷകമായ ഒരു സ്ഥലമായി മധ്യപ്രദേശ് അതിവേഗം വളർന്നുവരുന്നുവെന്ന് ഇത് കാണിക്കുന്നു. ഈ വർഷം വ്യവസായ, തൊഴിൽ വർഷമായി പ്രഖ്യാപിച്ചതിന് മോഹൻ ജിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ദശകത്തിൽ, അടിസ്ഥാന സൗകര്യ വികസനത്തിൽ ഭാരതം ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. മധ്യപ്രദേശിന് ഇതിൽ നിന്ന് വളരെയധികം നേട്ടമുണ്ടായിട്ടുണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. രാജ്യത്തെ ഏറ്റവും വലിയ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഡൽഹി-മുംബൈ എക്സ്പ്രസ് വേ കൂടുതലും മധ്യപ്രദേശിലൂടെയാണ് കടന്നുപോകുന്നത്. ഇതിനർത്ഥം, ഒരു വശത്ത്, മധ്യപ്രദേശിന് മുംബൈ തുറമുഖങ്ങളിലേക്ക് അതിവേഗ കണക്റ്റിവിറ്റി ലഭിക്കുന്നു, മറുവശത്ത്, ഇത് ഉത്തരേന്ത്യൻ വിപണികളെയും ബന്ധിപ്പിക്കുന്നു എന്നാണ്. ഇന്ന്, മധ്യപ്രദേശിന് 5 ലക്ഷം കിലോമീറ്ററിലധികം റോഡ് ശൃംഖലയുണ്ട്. സംസ്ഥാനത്തെ വ്യാവസായിക ഇടനാഴികൾ ആധുനിക എക്സ്പ്രസ് വേകളുമായി സംയോജിപ്പിക്കപ്പെടുന്നു, ഇത് മധ്യപ്രദേശിലെ ലോജിസ്റ്റിക്സ് മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ച ഉറപ്പാക്കുന്നു.
സുഹൃത്തുക്കളേ,
വ്യോമ കണക്റ്റിവിറ്റിയെക്കുറിച്ച് പറയുമ്പോൾ, ഗ്വാളിയോർ, ജബൽപൂർ വിമാനത്താവളങ്ങളുടെ ടെർമിനലുകൾ വികസിപ്പിച്ചു. എന്നാൽ ഞങ്ങൾ അവിടെ നിർത്തിയില്ല - മധ്യപ്രദേശിന്റെ വിപുലമായ റെയിൽവേ ശൃംഖലയും ആധുനികവൽക്കരിക്കപ്പെടുന്നു. സംസ്ഥാനം 100% റെയിൽവേ വൈദ്യുതീകരണം കൈവരിച്ചു. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷൻ ലോകോത്തര രൂപകൽപ്പനയിലൂടെ എല്ലാവരെയും ആകർഷിക്കുന്നത് തുടരുന്നു. ഈ മാതൃക പിന്തുടർന്ന്, അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം മധ്യപ്രദേശിലെ 80 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ ദശകം ഭാരതത്തിന്റെ ഊർജ്ജ മേഖലയിൽ അഭൂതപൂർവമായ വളർച്ചയുടെ കാലഘട്ടമായിരുന്നു. പ്രത്യേകിച്ച് ഹരിത ഊർജ്ജത്തിൽ, ഒരിക്കൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത് ഭാരതം നേടിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, 70 ബില്യൺ ഡോളറിലധികം, അതായത് 5 ട്രില്യൺ രൂപ, പുനരുപയോഗ ഊർജ്ജ മേഖലയിൽ മാത്രമായി നിക്ഷേപിച്ചു. ഇത് കഴിഞ്ഞ വർഷം മാത്രം ശുദ്ധ ഊർജ്ജ മേഖലയിൽ പത്ത് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മധ്യപ്രദേശും ഈ ഊർജ്ജ കുതിപ്പിൽ നിന്ന് വളരെയധികം പ്രയോജനം നേടി. ഇന്ന്, മധ്യപ്രദേശ് ഒരു മിച്ച വൈദ്യുതി സംസ്ഥാനമാണ്, ഏകദേശം 31,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷിയുണ്ട്, അതിൽ 30% ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും വലിയ സോളാർ പാർക്കുകളിൽ ഒന്നാണ് രേവ സോളാർ പാർക്ക്. അടുത്തിടെ, ഓംകാരേശ്വറിൽ ഒരു ഫ്ലോട്ടിംഗ് സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു. കൂടാതെ, ബിന റിഫൈനറി പെട്രോകെമിക്കൽ കോംപ്ലക്സിൽ ഗവൺമെന്റ് 50,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്, ഇത് മധ്യപ്രദേശിനെ പെട്രോകെമിക്കലുകളുടെ കേന്ദ്രമായി സ്ഥാപിക്കാൻ സഹായിക്കും. വളർന്നുവരുന്ന ഈ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനായി, മധ്യപ്രദേശ് ഗവൺമെന്റ് ആധുനിക നയങ്ങളും പ്രത്യേക വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് അതിനെ പിന്തുണയ്ക്കുന്നു. സംസ്ഥാനത്ത് ഇതിനകം 300-ലധികം വ്യാവസായിക മേഖലകളുണ്ട്, കൂടാതെ പിതാംപൂർ, രത് ലാം, ദേവാസ് എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള വലിയ നിക്ഷേപ മേഖലകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനർത്ഥം എല്ലാ നിക്ഷേപകർക്കും, മധ്യപ്രദേശ് ഉയർന്ന വരുമാനത്തിനായി ധാരാളം അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നാണ്.
സുഹൃത്തുക്കളേ,
വ്യാവസായിക വികസനത്തിന് ജലസുരക്ഷ എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത് ഉറപ്പാക്കാൻ, ഒരു വശത്ത് ജലസംരക്ഷണത്തിലും മറുവശത്ത് നദികൾ സംയോജിപ്പിക്കുക എന്ന മെഗാ ദൗത്യവുമായി ഞങ്ങൾ മുന്നോട്ട് പോകുന്നു. മധ്യപ്രദേശിലെ കൃഷിയും വ്യവസായങ്ങളുമായിരിക്കും ഈ സംരംഭത്തിന്റെ പ്രധാന ഗുണഭോക്താക്കൾ. 45,000 കോടി രൂപയുടെ നിക്ഷേപത്തിൽ കെൻ-ബെത്വ നദികൾ തമ്മിലുള്ള ലിങ്കിംഗ് പദ്ധതിയുടെ പ്രവർത്തനങ്ങൾ അടുത്തിടെ ആരംഭിച്ചു. ഈ പദ്ധതി ഏകദേശം 10 ലക്ഷം ഹെക്ടർ കൃഷിഭൂമിയുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കും. ഇത് മധ്യപ്രദേശിലെ ജല നിർവഹണത്തെ ഗണ്യമായി ശക്തിപ്പെടുത്തുകയും ചെയ്യും. ഭക്ഷ്യ സംസ്കരണം, കാർഷിക വ്യവസായം, തുണിത്തരങ്ങൾ എന്നീ മേഖലകളിൽ ഇത്തരം സംരംഭങ്ങൾ വലിയ സാധ്യതകൾ തുറക്കും.
സുഹൃത്തുക്കളേ,
മധ്യപ്രദേശിൽ ഒരു ഇരട്ട എഞ്ചിൻ ഗവൺമെന്റ് രൂപീകരിച്ചതിനുശേഷം, വികസനത്തിന്റെ വേഗത ഇരട്ടിയായി. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിനായി കേന്ദ്ര ഗവൺമെന്റ് മധ്യപ്രദേശുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സമയത്ത്, ഞങ്ങളുടെ മൂന്നാം ടേമിൽ ഞങ്ങൾ മൂന്നിരട്ടി വേഗത്തിൽ പ്രവർത്തിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. 2025 ലെ ആദ്യ 50 ദിവസങ്ങളിൽ ഈ വേഗത ഞങ്ങൾ ഇതിനകം കണ്ടുകഴിഞ്ഞു. ഈ മാസം, ഞങ്ങളുടെ ബജറ്റ് അവതരിപ്പിച്ചു. ഈ ബജറ്റിൽ, ഭാരതത്തിന്റെ വളർച്ചയ്ക്കുള്ള എല്ലാ ഉത്തേജകങ്ങളെയും ഞങ്ങൾ ഊർജ്ജസ്വലമാക്കിയിട്ടുണ്ട്. നമ്മുടെ മധ്യവർഗമാണ് ഏറ്റവും വലിയ നികുതിദായകർ, കൂടാതെ സേവനങ്ങൾക്കും ഉൽപ്പാദനത്തിനുമുള്ള ആവശ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. മധ്യവർഗത്തെ ശാക്തീകരിക്കുന്നതിനായി ഈ ബജറ്റിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 12 ലക്ഷം രൂപ വരെയുള്ള വരുമാനം ഞങ്ങൾ നികുതി രഹിതമാക്കി, നികുതി സ്ലാബുകൾ പുനഃക്രമീകരിച്ചു. ബജറ്റിന് ശേഷം ആർബിഐ പലിശ നിരക്കുകളും കുറച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഉല്പാദനത്തിൽ നമുക്ക് പൂർണ്ണമായും സ്വയംപര്യാപ്തരാകാൻ കഴിയുന്ന തരത്തിൽ ഒരു പ്രാദേശിക വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനാണ് ബജറ്റ് ഊന്നൽ നൽകുന്നത്. മുൻ ഗവൺമെന്റുകൾ എംഎസ്‌എംഇകളുടെ സാധ്യതകൾ പരിമിതപ്പെടുത്തിയ ഒരു കാലമുണ്ടായിരുന്നു, ഇത് ഭാരതത്തിലെ പ്രാദേശിക വിതരണ ശൃംഖല അതിന്റെ പൂർണ്ണ ശേഷിയിലേക്ക് വികസിക്കുന്നത് തടഞ്ഞു. ഇന്ന്, എംഎസ്‌എംഇ നയിക്കുന്ന ഒരു പ്രാദേശിക വിതരണ ശൃംഖല വികസിപ്പിക്കുന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. എംഎസ്‌എംഇകളുടെ നിർവചനം കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്, ക്രെഡിറ്റ്-ലിങ്ക്ഡ് ഇൻസെന്റീവുകൾ നൽകുന്നു, വായ്പയിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയിരിക്കുന്നു, മൂല്യവർദ്ധനവിനും കയറ്റുമതിക്കുമുള്ള പിന്തുണ വർദ്ധിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
കഴിഞ്ഞ ദശകമായി, ദേശീയ തലത്തിൽ ഞങ്ങൾ പ്രധാന പരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുന്നു. ഇപ്പോൾ, സംസ്ഥാന, പ്രാദേശിക തലങ്ങളിലും പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ബജറ്റിൽ പരാമർശിച്ച സംസ്ഥാന ഡീ-റെഗുലേഷൻ കമ്മീഷനെ ഞാൻ എടുത്തുകാണിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ സംസ്ഥാനങ്ങളുമായി തുടർച്ചയായി ഇടപഴകുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സംസ്ഥാന ഗവൺമെന്റുകളു മായി സഹകരിച്ച് 40,000-ത്തിലധികം ചട്ടങ്ങൾ ഞങ്ങൾ കുറച്ചു. സമീപ വർഷങ്ങളിൽ, ഏകദേശം 1,500 കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കിയിട്ടുണ്ട്, അവയ്ക്ക് അവയുടെ ഉദ്ദേശ്യം നഷ്ടപ്പെട്ടു. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് തടസ്സമാകുന്ന നിയന്ത്രണങ്ങൾ തിരിച്ചറിയുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഡീ-റെഗുലേഷൻ കമ്മീഷൻ സംസ്ഥാനങ്ങളിൽ നിക്ഷേപ സൗഹൃദ നിയന്ത്രണ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കും.
സുഹൃത്തുക്കളേ,
ഈ ബജറ്റിൽ, അടിസ്ഥാന കസ്റ്റംസ് തീരുവ ഘടനയും ഞങ്ങൾ ലളിതമാക്കിയിട്ടുണ്ട്. നിരവധി അവശ്യ വ്യവസായ ഇൻപുട്ടുകൾക്കുള്ള നിരക്കുകൾ കുറച്ചിട്ടുണ്ട്. കസ്റ്റം കേസുകളുടെ വിലയിരുത്തലിനായി ഒരു സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, സ്വകാര്യ സംരംഭകത്വത്തിനും നിക്ഷേപത്തിനുമായി പുതിയ മേഖലകൾ തുടർച്ചയായി തുറന്നിരിക്കുന്നു. ഈ വർഷം, ആണവോർജം, ബയോ-മാനുഫാക്ചറിംഗ്, നിർണായക ധാതു സംസ്കരണം, ലിഥിയം ബാറ്ററി നിർമ്മാണം എന്നിവയുൾപ്പെടെ നിക്ഷേപത്തിനായി നിരവധി പുതിയ വഴികൾ ഞങ്ങൾ തുറന്നിട്ടു. ഇത് ഗവൺമെന്റിന്റെ ഉദ്ദേശ്യവും പ്രതിബദ്ധതയും പ്രകടമാക്കുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിന്റെ വികസിത ഭാവി രൂപപ്പെടുത്തുന്നതിൽ മൂന്ന് മേഖലകൾ നിർണായക പങ്ക് വഹിക്കും. ഈ മൂന്ന് മേഖലകളും ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അവ തുണിത്തരങ്ങൾ, ടൂറിസം, സാങ്കേതികവിദ്യ എന്നിവയാണ്. തുണിത്തര മേഖലയിലേക്ക് നോക്കുകയാണെങ്കിൽ, പരുത്തി, പട്ട്, പോളിസ്റ്റർ, വിസ്കോസ് എന്നിവയുടെ രണ്ടാമത്തെ വലിയ ഉല്പാദക രാജ്യമാണ് ഭാരതം. തുണിത്തര വ്യവസായം ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നു. തുണിത്തരങ്ങളിൽ ഭാരതത്തിന് ശക്തമായ പാരമ്പര്യവും വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും സംരംഭകത്വ മനോഭാവവുമുണ്ട്. പ്രത്യേകിച്ച് മധ്യപ്രദേശിനെ ഭാരതത്തിന്റെ പരുത്തി തലസ്ഥാനമായി കണക്കാക്കുന്നു. ഭാരതത്തിന്റെ ജൈവ പരുത്തി വിതരണത്തിന്റെ 25 ശതമാനവും മധ്യപ്രദേശിൽ നിന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ മൾബറി സിൽക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് ഈ സംസ്ഥാനം. ഇവിടെ നിന്നുള്ള പ്രശസ്തമായ ചന്ദേരി, മഹേശ്വരി സാരികൾ വളരെ ജനപ്രിയമാണ്, ജിഐ ടാഗ് നേടിയിട്ടുമുണ്ട്. ഈ മേഖലയിലെ നിങ്ങളുടെ നിക്ഷേപം മധ്യപ്രദേശിന്റെ തുണിത്തരങ്ങൾക്ക് ആഗോളതലത്തിൽ സ്വാധീനം ചെലുത്താൻ സഹായിക്കും.
സുഹൃത്തുക്കളേ,
പരമ്പരാഗത തുണിത്തരങ്ങൾക്ക് പുറമേ, ഭാരതം പുതിയ വഴികൾ തേടുന്നു. സാങ്കേതിക തുണിത്തരങ്ങളുടെ വിഭാഗത്തിൽ പെടുന്ന കാർഷിക തുണിത്തരങ്ങൾ, മെഡിക്കൽ തുണിത്തരങ്ങൾ, ജിയോടെക്സ്റ്റൈലുകൾ എന്നിവയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി ഒരു ദേശീയ ദൗത്യം ആരംഭിച്ചിട്ടുണ്ട്, ബജറ്റിൽ ഞങ്ങൾ ഇതിന് പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം ഏഴ് പ്രധാന തുണിത്തര പാർക്കുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പിഎം മിത്ര പദ്ധതിയെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. ഈ പാർക്കുകളിൽ ഒന്ന് മധ്യപ്രദേശിൽ സ്ഥാപിക്കപ്പെടുന്നു, ഇത് തുണിത്തര മേഖലയുടെ വളർച്ചയെ കൂടുതൽ ഉത്തേജിപ്പിക്കും. തുണിത്തര വ്യവസായത്തിനായി പ്രഖ്യാപിച്ച പിഎൽഐ പദ്ധതിയുടെ പൂർണ്ണ പ്രയോജനം നേടാൻ ഞാൻ നിങ്ങളെയെല്ലാം അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ,
ടെക്‌സ്‌റ്റൈൽസിലെന്നപോലെ, ഭാരതവും അതിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ മാനങ്ങൾ നൽകുന്നുണ്ട്. "എംപി അജബ് ഭി ഹേ, സബ്‌സേ ഗജബ് ഭി ഹേ" (എംപി അതുല്യവും ഏറ്റവും അവിശ്വസനീയവുമാണ്) എന്ന് മധ്യപ്രദേശ് ടൂറിസത്തിനായി ഒരു പ്രചാരണം ഉണ്ടായിരുന്നു. മധ്യപ്രദേശിൽ, നർമ്മദ നദിയിലും ഗോത്ര മേഖലകളിലും ടൂറിസം അടിസ്ഥാന സൗകര്യങ്ങളിൽ ഗണ്യമായ വികസനം ഉണ്ടായിട്ടുണ്ട്. നിരവധി ദേശീയ ഉദ്യാനങ്ങളുടെയും ഗോത്രമേഖലകളുടെയും കേന്ദ്രമായ ഈ സംസ്ഥാനം ആരോഗ്യ-ക്ഷേമ ടൂറിസത്തിന് വളരെയധികം അവസരങ്ങൾ നൽകുന്നു. "ഇന്ത്യയിൽ സുഖപ്പെടുത്തുക" എന്ന മന്ത്രം ആഗോളതലത്തിൽ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു. ആരോഗ്യ-ക്ഷേമ മേഖലയിലെ നിക്ഷേപ അവസരങ്ങൾ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നു, അതുകൊണ്ടാണ് നമ്മുടെ ഗവൺമെന്റ് ഈ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഭാരതം അതിന്റെ പരമ്പരാഗത ചികിത്സകളും ആയുഷും വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങൾ പ്രത്യേക ആയുഷ് വിസകൾ പോലും വാഗ്ദാനം ചെയ്യുന്നു. ഈ സംരംഭങ്ങളെല്ലാം മധ്യപ്രദേശിനും വളരെയധികം ഗുണം ചെയ്യും.
സുഹൃത്തുക്കളേ,
നിങ്ങൾ ഇവിടെയുള്ളതിനാൽ, ഉജ്ജൈനിലെ മഹാകാൽ മഹാലോക് സന്ദർശിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾക്ക് മഹാകാലിന്റെ അനുഗ്രഹങ്ങൾ ലഭിക്കും, കൂടാതെ രാജ്യം അതിന്റെ ടൂറിസവും ഹോസ്പിറ്റാലിറ്റി മേഖലയും എങ്ങനെ വികസിപ്പിക്കുന്നുവെന്ന് അനുഭവിക്കുകയും ചെയ്യാം.
സുഹൃത്തുക്കളേ,
ഞാൻ ചുവപ്പുകോട്ടയിൽ നിന്ന് പറഞ്ഞു: "ഇതാണ് സമയം, ശരിയായ സമയം." മധ്യപ്രദേശിൽ നിക്ഷേപം നടത്താനും നിക്ഷേപങ്ങൾ വികസിപ്പിക്കാനും ഇതാണ് ശരിയായ സമയം. നിങ്ങൾക്കെല്ലാവർക്കും ഒരിക്കൽ കൂടി എന്റെ ആശംസകൾ.
വളരെ നന്ദി.
ഡിസ്ക്ലൈമർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ്.
****
(रिलीज़ आईडी: 2141607)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada