സഹകരണ മന്ത്രാലയം
azadi ka amrit mahotsav

'അന്താരാഷ്ട്ര സഹകരണ വർഷം-2025'ന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ മന്ത്രിമാരുടെ "മന്ഥൻ ബൈഠക്" ന്യൂഡൽഹിയിൽ

Posted On: 30 JUN 2025 8:18PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയില്‍  സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സഹകരണ മന്ത്രിമാരുടെ  "മന്ഥൻ ബൈഠക്" ഇന്ന് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചു. അന്താരാഷ്ട്ര സഹകരണ വർഷാചരണം (ഐവൈസി) 2025 ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര  സഹകരണ മന്ത്രാലയം സംഘടിപ്പിച്ച ‘മന്ഥന്‍ ബൈഠക്’ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാണ്. രാജ്യത്തെ സഹകരണ മന്ത്രിമാരും അഡീഷണൽ ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും സഹകരണ വകുപ്പ് സെക്രട്ടറിമാരും  ആവേശപൂര്‍വം യോഗത്തിൽ പങ്കെടുത്തു.

വർത്തമാനകാല കാഴ്ചപ്പാടുകൾ നിലനിര്‍ത്തി രാജ്യത്തെ ദീർഘകാല സഹകരണ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹകരണ മന്ത്രാലയം സ്ഥാപിച്ചതെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധനയില്‍ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് സാമൂഹ്യ മാറ്റവും വികസനത്തിന്റെ   നവഭൂമികയും  ഉയർന്നുവന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏകദേശം 60 മുതൽ 70 കോടി വരെ ജനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ തലമുറകളായി ദാരിദ്ര്യത്തിൽ കഴിയുകയായിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു. 2014 മുതൽ 2024 വരെ 10 വർഷക്കാലയളവില്‍ വീടും ശൗചാലയങ്ങളും കുടിവെള്ളവും  ഭക്ഷ്യധാന്യങ്ങളും  ആരോഗ്യ സംരക്ഷണവും പാചകവാതക സിലിണ്ടറുകളും മറ്റ് നിരവധി സൗകര്യങ്ങളും ഉറപ്പാക്കി മോദി സർക്കാർ ഈ കോടിക്കണക്കിന് പേരുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു.

രാജ്യത്തെ 140 കോടി ജനങ്ങൾക്കും തൊഴിൽ ലഭിക്കുകയും അവര്‍ കഠിനാധ്വാനത്തിലൂടെ ജീവിതം മുന്നോട്ടുനയിക്കുകയും ചെയ്താൽ മാത്രമേ ഈ ചിന്തയുടെയും ബോധവല്‍ക്കരണത്തിന്റെയും  ലക്ഷ്യം പൂർത്തീകരിക്കാനാവൂ എന്നും ഇത് വിജയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  60 സംരംഭങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. വിടവുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ദേശീയ സഹകരണ വിവരശേഖരത്തിന്റെ രൂപീകരണമാണ് ഇതിലെ  പ്രധാന സംരംഭം.  ദേശീയ, സംസ്ഥാന, ജില്ലാ, തഹസിൽ തലങ്ങളിലെ സഹകരണ സ്ഥാപനങ്ങൾക്ക് ഏതൊക്കെ ഗ്രാമങ്ങളിലാണ് ഒരു സഹകരണ സ്ഥാപനം പോലുമില്ലാത്തതെന്ന് കാണാനാവുന്ന  ‍തരത്തിലാണ്  ഈ വിവരശേഖരം തയ്യാറാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. അടുത്ത അഞ്ച് വർഷത്തിനകം രാജ്യത്ത് സഹകരണ സ്ഥാപനമില്ലാത്ത ഒരു ഗ്രാമം പോലും ഉണ്ടാകരുതെന്നാണ്  മോദി സർക്കാരിന്റെ ലക്ഷ്യമെന്നും ഈ ലക്ഷ്യം കൈവരിക്കാൻ സഹകരണ വിവരശേഖരം ഉപയോഗിക്കണമെന്നും ശ്രീ ഷാ പറഞ്ഞു.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം ദുർബലമാകുന്നതിന് പിന്നിൽ മൂന്ന് പ്രധാന കാരണങ്ങളുണ്ടെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. കാലങ്ങളായി നിയമങ്ങളില്‍ മാറ്റങ്ങളുണ്ടായിരുന്നില്ലെന്നും മോദി സർക്കാർ അത് ഭേദഗതി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രവർത്തനങ്ങൾ വികസിപ്പിക്കുകയോ കാലോചിതമായി പരിഷ്ക്കരിക്കുകയോ ചെയ്തില്ല. നേരത്തെ സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സ്വജനപക്ഷപാതത്തിന്റെ  അടിസ്ഥാനത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് ത്രിഭുവൻ സഹകാരി സർവകലാശാല (ടിഎസ്‌യു) എന്ന ആശയം വിഭാവനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ത്രിഭുവൻ സഹകാരി സർവകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ പരിശീലന സ്ഥാപനമെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായിരിക്കണമെന്നും സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളുടെ പരിശീലനത്തിന്റെ  സമഗ്ര നടപടികളും ത്രിഭുവൻ സഹകാരി സർവകലാശാല വഴി നടത്തണമെന്നും കേന്ദ്ര സഹകരണ മന്ത്രി ആവശ്യപ്പെട്ടു. ദേശീയ സഹകരണ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും 2025 മുതൽ 2045 വരെ അഥവാ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം വരെ അത് പ്രാബല്യത്തിലുണ്ടാകുമെന്നും ശ്രീ ഷാ പറഞ്ഞു. ദേശീയ സഹകരണ നയത്തിന് കീഴിൽ ഓരോ സംസ്ഥാനത്തിന്റെയും സഹകരണ നയം  സംസ്ഥാന  സാഹചര്യങ്ങൾക്കനുസൃതമായി രൂപീകരിക്കുമെന്നും നിർദിഷ്ട ലക്ഷ്യങ്ങൾ നിശ്ചയിക്കുമെന്നും  എങ്കിൽ മാത്രമേ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തില്‍  ഒരു മാതൃകാ സഹകരണ രാഷ്ട്രമായി മാറാനാകൂവെന്നും അദ്ദേഹം പറഞ്ഞു. 2026 ജനുവരി 31-നകം ഓരോ സംസ്ഥാനവും സഹകരണ നയം പ്രഖ്യാപിക്കണം.  പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് എടുത്തുപറഞ്ഞ അമിത് ഷാ  സാധാരണക്കാരുടെയും ഭൂമിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൃഷി മന്ത്രിമാരുമായി ചേര്‍ന്ന് പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും  സഹകരണ മന്ത്രിമാരോട് ആഹ്വാനം ചെയ്തു. 

 

'സഹകരണ സംഘങ്ങൾക്കിടയിലെ സഹകരണം' എന്ന ആശയം ഗുജറാത്തിൽ ഏറെ മികച്ച വിജയകരമായ പരീക്ഷണമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര,  സഹകരണ മന്ത്രി പറഞ്ഞു.  രാഷ്ട്ര ശേഷിയുടെ വളർച്ചയ്ക്കും വികസനത്തിനും ദേശീയ തലത്തിൽ സഹകരണ സംഘങ്ങളുടെ ശക്തി വർധിപ്പിക്കാനും അവയുടെ കരുത്തിന് പ്രോത്സാഹനമേകാനും സുപ്രധാനന സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വിവരങ്ങൾക്ക് ഈ ഇംഗ്ലീഷ് വാർത്താക്കുറിപ്പ് വായിക്കാം:

 

https://www.pib.gov.in/PressReleasePage.aspx?PRID=2140937 

 

*****


(Release ID: 2141400) Visitor Counter : 14