പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി
ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയർത്തിയതിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും: പ്രധാനമന്ത്രി
ശാസ്ത്രവും ആത്മീയതയും നമ്മുടെ നാടിന്റെ ശക്തിയാണ്: പ്രധാനമന്ത്രി
ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തോടെ രാജ്യത്തെ കുട്ടികളിലും യുവാക്കളിലും ശാസ്ത്രത്തിൽ പുതിയ താൽപ്പര്യം കൈവന്നു; ബഹിരാകാശം പര്യവേക്ഷണം ചെയ്യാനുള്ള അഭിനിവേശമുണ്ട്. ഇപ്പോൾ താങ്കളുടെ ചരിത്രയാത്ര ഈ ദൃഢനിശ്ചയത്തിന് കൂടുതൽ കരുത്തേകുന്നു: പ്രധാനമന്ത്രി
നാം ഗഗൻയാൻ ദൗത്യത്തെ മുന്നോട്ടു കൊണ്ടുപോകണം; നമ്മുടെ സ്വന്തം ബഹിരാകാശനിലയം നിർമിക്കണം; ഒപ്പം, ഇന്ത്യൻ ബഹിരാകാശയാത്രികരെ ചന്ദ്രനിൽ ഇറക്കണം: പ്രധാനമന്ത്രി
ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ വിജയത്തിന്റെ ആദ്യ അധ്യായമാണിതെന്ന് ഇന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. താങ്കളുടെ ചരിത്രയാത്ര ബഹിരാകാശത്തു മാത്രം ഒതുങ്ങുന്നില്ല; അതു നമ്മുടെ വികസിത ഭാരത യാത്രയ്ക്ക് വേഗതയും നവോന്മേഷവും പകരും: പ്രധാനമന്ത്രി
ലോകത്തിനായി ബഹിരാകാശരംഗത്തെ പുതിയ സാധ്യതകളുടെ വാതിലുകൾ ഇന്ത്യ തുറക്കുകയാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
28 JUN 2025 8:22PM by PIB Thiruvananthpuram
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ശുഭാംശു ശുക്ല നിലവിൽ മാതൃരാജ്യമായ ഇന്ത്യയിൽനിന്ന് ഏറ്റവും അകലെയാണെങ്കിലും, അദ്ദേഹം എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തോട് ഏറ്റവും അടുത്തുനിൽക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശുഭാംശുവിന്റെ പേരിൽത്തന്നെ ശുഭം എന്നതുണ്ടെന്നും അദ്ദേഹത്തിന്റെ യാത്ര പുതിയ യുഗത്തിന്റെ തുടക്കമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണമാണിതെങ്കിലും, 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങളും ആവേശവും ഉൾക്കൊള്ളുന്നുവെന്നു ശ്രീ മോദി പറഞ്ഞു. ശുഭാംശുവിനോട് സംസാരിച്ച ശബ്ദത്തിൽ രാജ്യത്തിന്റെയാകെ ആവേശവും അഭിമാനവും നിറയുന്നുണ്ടെന്നും ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ഉയർത്തിയതിന് ശുഭാംശുവിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുഭാംശുവിന്റെ ക്ഷേമത്തെക്കുറിച്ചും ബഹിരാകാശ നിലയത്തിലെ സാഹചര്യം സുഖകരമാണോ എന്നും ശ്രീ മോദി ആരാഞ്ഞു.
പ്രധാനമന്ത്രിയോടു പ്രതികരിച്ച ശുഭാംശു ശുക്ല, 140 കോടി ഇന്ത്യക്കാരുടെ ആശംസകൾക്ക് നന്ദി പറഞ്ഞു. താൻ ആരോഗ്യവാനാണെന്നും തനിക്ക് ലഭിച്ച സ്നേഹവും അനുഗ്രഹങ്ങളും വളരെയധികം വികാരഭരിതനാക്കുന്നുവെന്നും പറഞ്ഞു. തന്റെ ബഹിരാകാശ യാത്രാസമയം ഗഹനവും പുതുമയുള്ളതുമായ അനുഭവമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇതു വ്യക്തിപരമായ യാത്രയെ മാത്രമല്ല, ഇന്ത്യ മുന്നേറുന്ന ദിശയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ 400 കിലോമീറ്റർ യാത്ര അസംഖ്യം ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ പ്രതീകമാണെന്ന് ബഹിരാകാശ യാത്രികൻ ചൂണ്ടിക്കാട്ടി. തന്റെ ബാല്യകാലത്തെക്കുറിച്ചു പരാമർശിച്ച്, ബഹിരാകാശ സഞ്ചാരിയാകുമെന്ന് ഒരിക്കലും താൻ സങ്കൽപ്പിച്ചിരുന്നില്ലെന്നും, എന്നാൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നത്തെ ഇന്ത്യ അത്തരം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് വലിയ നേട്ടമായി ശുഭാംശു വിശേഷിപ്പിച്ചു. ബഹിരാകാശത്ത് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതിൽ തനിക്ക് അതിയായ അഭിമാനം തോന്നുന്നുവെന്നും ശുഭാംശു പറഞ്ഞു.
ശുഭാംശു ഗുരുത്വാകർഷണം തീരെ ഇല്ലാത്ത ബഹിരാകാശത്താണെങ്കിലും, അദ്ദേഹം എത്രത്തോളം ഉറച്ചുനിൽക്കുന്നുവെന്ന് ഓരോ ഇന്ത്യക്കാരനും കാണാനാകുമെന്ന നർമശകലം പ്രധാനമന്ത്രി പങ്കുവച്ചു. ശുഭാംശു ഇന്ത്യയിൽനിന്ന് കൊണ്ടുപോയ ക്യാരറ്റ് ഹൽവ സഹയാത്രികരുമായി പങ്കിട്ടോ എന്നും അദ്ദേഹം ആരാഞ്ഞു. ക്യാരറ്റ് ഹൽവ, മൂങ് ദാൽ ഹൽവ, ആം രസ് എന്നിവയുൾപ്പെടെ നിരവധി പരമ്പരാഗത ഇന്ത്യൻ വിഭവങ്ങൾ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുവന്നതായി ശുഭാംശു ശുക്ല പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ പാചകപാരമ്പര്യം അന്താരാഷ്ട്ര സഹയാത്രികർക്കു പരിചയപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് അത് കൊണ്ടുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏവരും ഒരുമിച്ച് ഇരുന്ന് വിഭവങ്ങൾ ആസ്വദിച്ചുവെന്നും അവയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. സഹ ബഹിരാകാശയാത്രികർ ഈ വിഭവങ്ങൾ ഏറെ ഇഷ്ടപ്പെട്ടുവെന്നും, ഭാവിയിൽ ഇന്ത്യൻ മണ്ണിലെത്തി ഈ വിഭവങ്ങൾ രുചിക്കാനായി ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിച്ചതായും ശുഭാംശു ശുക്ല പറഞ്ഞു.
പരിക്രമണം അല്ലെങ്കിൽ പ്രദക്ഷിണം നൂറ്റാണ്ടുകളായി ഇന്ത്യയിൽ ആദരിക്കപ്പെടുന്ന പാരമ്പര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശുഭാംശുവിന് ഇപ്പോൾ ഭൂമി മാതാവിനെത്തന്നെ പ്രദക്ഷിണം ചെയ്യാനുള്ള അപൂർവ ഭാഗ്യം ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിമിഷം ശുഭാംശു ഭൂമിയുടെ ഏത് ഭാഗത്തുകൂടിയാണ് ഭ്രമണം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു.
അതിന് മറുപടിയായി, ആ നിമിഷം കൃത്യമായ സ്ഥാനം പറയാൻ കഴിയില്ലെങ്കിലും അൽപസമയം മുമ്പ് ജനാലയിലൂടെ നോക്കിയപ്പോൾ ഹവായ്ക്ക് മുകളിലൂടെയാണ് കടന്നുപോയതെന്ന് ആ ബഹിരാകാശ സഞ്ചാരി പറഞ്ഞു. ഒരു ദിവസം 16 തവണ ഭ്രമണം പൂർത്തിയാക്കാറുണ്ടെന്നും, ബഹിരാകാശത്തുനിന്ന് 16 സൂര്യോദയങ്ങളും 16 സൂര്യാസ്തമയങ്ങളും കാണാറുണ്ടെന്നും, അത് തന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന അനുഭവമാണെന്നും അദ്ദേഹം പങ്കുവെച്ചു. നിലവിൽ മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും, ആ വേഗത ബഹിരാകാശ പേടകത്തിനുള്ളിൽ അനുഭവപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും ഈ വലിയ വേഗത, ഇന്ത്യ ഇന്ന് മുന്നേറുന്ന വേഗതയെ പ്രതീകാത്മകമായി പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭ്രമണപഥത്തിലെത്തി ബഹിരാകാശത്തിന്റെ വിശാലത കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് ഭൂമിയുടെ കാഴ്ചയാണെന്ന് ശുഭാംശു ശുക്ല പ്രധാനമന്ത്രിയോട് പറഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ അതിർത്തികൾ കാണാൻ കഴിയില്ല - രാജ്യങ്ങൾക്കിടയിൽ ദൃശ്യമായ അതിരുകളില്ലെന്നും, ഗ്രഹത്തിന്റെ കേവലമായ ഏകത്വമാണെന്ന് ഏറ്റവും ശ്രദ്ധേയമായതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ഭൂപടങ്ങൾ നോക്കി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വലുപ്പം താരതമ്യം ചെയ്യാറുണ്ടെന്നും ഒരു ത്രിമാന ലോകത്തെ കടലാസിലേക്ക് പരത്തുന്ന നമ്മൾ പലപ്പോഴും ഒരു വികലമായ ചിത്രമാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ ഇന്ത്യ ശരിക്കും മഹത്തരമായി തോന്നുന്നുവെന്നും, വലുപ്പത്തിലും ചൈതന്യത്തിലും ഗംഭീരമാണെന്നും ശുഭാംശു പറഞ്ഞു.
താൻ അനുഭവിച്ച ഐക്യബോധത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു – ഇത് ഇന്ത്യയുടെ "നാനാത്വത്തിൽ ഏകത്വം" എന്ന നാഗരിക തത്വത്തോട് പൂർണ്ണമായി യോജിക്കുന്ന ശക്തമായ തിരിച്ചറിവാണ്. മുകളിൽ നിന്ന് നോക്കുമ്പോൾ ഭൂമി എല്ലാവരും പങ്കിടുന്ന ഒറ്റ വീട് പോലെയാണ് കാണപ്പെടുന്നതെന്നും, മനുഷ്യരാശിയുടെ സഹജമായ സൗഹാർദ്ദവും ബന്ധവും ഇത് ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല എന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഭൂമിയിലെ കഠിന തയ്യാറെടുപ്പും ബഹിരാകാശ നിലയത്തിലെ യഥാർത്ഥ സാഹചര്യങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അദ്ദേഹത്തോട് ആരാഞ്ഞു. പൂജ്യം ഗുരുത്വാകർഷണത്തെക്കുറിച്ചും പരീക്ഷണങ്ങളുടെ സ്വഭാവത്തെക്കുറിച്ചുമെല്ലാം മുൻകൂട്ടി അറിവുണ്ടായിരുന്നിട്ടും ഭ്രമണപഥത്തിലെ യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ബഹിരാകാശ സഞ്ചാരി പറഞ്ഞു. മനുഷ്യശരീരം ഗുരുത്വാകർഷണവുമായി അത്രയധികം താദാത്മ്യം പ്രാപിച്ചിരിക്കുന്നതിനാൽ, സൂക്ഷ്മ ഗുരുത്വാകർഷണത്തിൽ ഏറ്റവും ചെറിയ ജോലികൾ പോലും അപ്രതീക്ഷിതമായി സങ്കീർണ്ണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭാഷണത്തിനിടെ തനിക്ക് കാലുകൾ താഴ്ത്തിക്കെട്ടേണ്ടി വന്നുവെന്നും അല്ലെങ്കിൽ താൻ ഒഴുകി നീങ്ങുമായിരുന്നുവെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. വെള്ളം കുടിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നതുപോലുള്ള ലളിതമായ കാര്യങ്ങൾ പോലും ബഹിരാകാശത്ത് വലിയ വെല്ലുവിളികളായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദിശാബോധം ദ്രവരൂപത്തിലാകുന്നതിനാൽ മേൽക്കൂരയിലോ, ചുവരുകളിലോ, എവിടെവേണമെങ്കിലും ഉറങ്ങാമെന്നും ശുഭാൻഷു വിശദീകരിച്ചു. ഈ മാറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഒന്നോ രണ്ടോ ദിവസമെടുക്കുമെങ്കിലും, ഈ അനുഭവത്തെ ശാസ്ത്രത്തിന്റെയും വിസ്മയത്തിന്റെയും മനോഹരമായ ഒരു സമന്വയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ധ്യാനവും ഏകാഗ്രതയും ഗുണം ചെയ്‌തോ എന്ന് ചോദിച്ചപ്പോൾ, 'ശാസ്ത്രവും ആത്മീയതയും ഇന്ത്യൻ ശക്തിയുടെ ഇരട്ട തൂണുകളാണ്' എന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് ശുഭാംശു ശുക്ല പൂർണ്ണമായി യോജിച്ചു. ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും തന്റെ ദൗത്യം ഒരു വലിയ ദേശീയ യാത്രയുടെ ആദ്യ ചുവടുവെപ്പ് മാത്രമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഭാവിയിൽ കൂടുതൽ ഇന്ത്യക്കാർ ബഹിരാകാശത്ത് എത്തുമെന്നും, ഇന്ത്യക്ക് സ്വന്തമായി ബഹിരാകാശ നിലയങ്ങൾ സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അത്തരം സാഹചര്യങ്ങളിൽ ഉണ്ടാകേണ്ട ഏകാഗ്രതയുടെ പ്രാധാന്യം ശുഭാംശു എടുത്തുപറഞ്ഞു. കഠിനമായ പരിശീലന വേളകളിലായാലും, വിക്ഷേപണത്തിന്റെ ഉയർന്ന സമ്മർദ്ദ നിമിഷങ്ങളിലായാലും, ആന്തരികമായ ശാന്തതയും വ്യക്തതയും നിലനിർത്താൻ ഏകാഗ്രത സഹായിക്കുന്നു. ബഹിരാകാശത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് മാനസികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർണായകമാണെന്ന് അദ്ദേഹം പങ്കുവെച്ചു. ഗഗനമായ ഒരു ഇന്ത്യൻ പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, ഓടുമ്പോൾ ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും ഒരാൾ എത്രത്തോളം ശാന്തനാണോ അത്രത്തോളം മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ശാസ്ത്രവും ഏകാഗ്രതയും ഒരുമിച്ച് പരിശീലിക്കുമ്പോൾ, ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളുമായി ശാരീരികമായും മാനസികമായും പൊരുത്തപ്പെടാൻ അത് വളരെയധികം സഹായിക്കുമെന്നും ശുഭാംശു കൂട്ടിച്ചേർത്തു.
ബഹിരാകാശത്ത് നടത്തുന്ന പരീക്ഷണങ്ങൾ ഭാവിയിൽ കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് പ്രയോജനപ്പെടാൻ സാധ്യതയുണ്ടോ എന്ന് പ്രധാനമന്ത്രി ശുഭാൻശുവിനോട് ചോദിച്ചു. ഇന്ത്യൻ ശാസ്ത്രജ്ഞർ ഏഴ് സവിശേഷ പരീക്ഷണങ്ങൾ രൂപകൽപ്പന ചെയ്‌തിട്ടുണ്ടെന്നും അവ ബഹിരാകാശ നിലയത്തിൽ വച്ച് നടപ്പിലാക്കുന്നതിനായി എത്തിച്ചിട്ടുണ്ടെന്നും ശുക്ല പ്രതികരിച്ചു. അവിടെ നടക്കാനിരിക്കുന്ന ആദ്യ പരീക്ഷണം സ്റ്റെം സെല്ലുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുത്വാകർഷണത്തിന്റെ അഭാവത്തിൽ ശരീര പേശി നഷ്ടം അനുഭവപ്പെടുന്നുണ്ടെന്നും നിർദ്ദിഷ്ട സപ്ലിമെന്റുകൾക്ക് ഈ നഷ്ടം തടയാനോ ലഘൂകരിക്കുവാനോ കഴിയുമോ എന്ന് പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പ്രായാധിക്യം മൂലമുണ്ടാകുന്ന പേശികളുടെ അപചയം കാരണം ബുദ്ധിമുട്ടുന്നവർക്ക് ഈ പഠനത്തിന്റെ ഫലം നേരിട്ട് സഹായിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മറ്റൊരു പരീക്ഷണം സൂക്ഷ്മ ആൽഗകളുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ശുഭാൻഷു സൂചിപ്പിച്ചു. സൂക്ഷ്മ ആൽഗകളുടെ വലിപ്പം ചെറുതാണെങ്കിലും അവ വളരെ പോഷകഗുണമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹിരാകാശത്ത് നിന്ന് ലഭിക്കുന്ന കണ്ടെത്തലുകളെ അടിസ്ഥാനമാക്കി അവയെ വലിയ അളവിൽ വളർത്തുന്നതിനുള്ള രീതികൾ വികസിപ്പിച്ചെടുക്കാൻ കഴിയുമെങ്കിൽ, അത് ഭൂമിയിലെ ഭക്ഷ്യസുരക്ഷയെ ഗണ്യമായി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഒരു പ്രധാന നേട്ടം ജൈവ പ്രക്രിയകളുടെ വേഗതയാണെന്നും, ഇത് ഗവേഷകർക്ക് ഭൂമിയിലേതിനേക്കാൾ വളരെ വേഗത്തിൽ ഫലങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്നും അദ്ദേഹം അടിവരയിട്ടു.
ചന്ദ്രയാന്റെ വിജയത്തെത്തുടർന്ന്, ഇന്ത്യയിലെ കുട്ടികളിലും യുവാക്കളിലും ശാസ്ത്രത്തോടുള്ള പുതിയ താൽപ്പര്യവും ബഹിരാകാശ പര്യവേഷണത്തോട് വലിയ അഭിനിവേശവും ഉയർന്നുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ശുഭാൻഷു ശുക്ലയുടെ ചരിത്രപരമായ യാത്ര ആ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ കുട്ടികൾ ഇനി ആകാശത്തേക്ക് നോക്കുക മാത്രമല്ല - തങ്ങൾക്കും അവിടെ എത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു എന്ന് ശ്രീ മോദി പറഞ്ഞു. ഈ മാനസികാവസ്ഥയും അഭിലാഷവുമാണ് ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ യഥാർത്ഥ അടിത്തറയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ശുഭാൻഷു ശുക്ലയോട് ആരാഞ്ഞു.
നമ്മുടെ രാജ്യം ധീരവും അഭിലാഷപൂർണ്ണവുമായ ദിശയിലേക്കുള്ള പ്രയാണത്തിലാണെന്ന് പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് ശേഷം, ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് ശുഭാൻഷു ശുക്ല പറഞ്ഞു. ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഓരോ യുവ ഇന്ത്യക്കാരന്റെയും പങ്കാളിത്തവും പ്രതിബദ്ധതയും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിജയത്തിലേക്കുള്ള ഒരൊറ്റ പാതയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു - ഓരോ വ്യക്തിക്കും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കാം - പക്ഷേ പൊതുവായ ഘടകം സ്ഥിരോത്സാഹമാണ്. ഒരാൾ എവിടെയായാലും ഏത് വഴി തിരഞ്ഞെടുത്താലും, പിന്മാറാൻ തയ്യാറാകാതെ പ്രയത്നിക്കുന്നതിലൂടെ എപ്പോളായിരുന്നാലും വിജയം ഉറപ്പാക്കുമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വനം ചെയ്തു .
ശുഭാൻഷു ശുക്ലയുടെ വാക്കുകൾ ഇന്ത്യയിലെ യുവാക്കളെ വളരെയധികം പ്രചോദിപ്പിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഗഗൻയാൻ പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും, സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കണമെന്നും, ചന്ദ്രനിൽ ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ ഇറക്കുന്നത് സാധ്യമാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ബഹിരാകാശത്തെ ശുഭാൻഷുവിന്റെ അനുഭവങ്ങൾ ഈ ഭാവി ദൗത്യങ്ങൾക്ക് വളരെയധികം വിലപ്പെട്ടതായിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ദൗത്യത്തിനിടെ ശുഭാൻഷു തന്റെ നിരീക്ഷണങ്ങളും പഠനങ്ങളും ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
തന്റെ പരിശീലനത്തിലെയും നിലവിലെ ദൗത്യത്തിലെയും എല്ലാ പഠനങ്ങളും, ഒരു സ്പോഞ്ച് പോലെ താൻ സ്വാംശീകരിച്ചിട്ടുണ്ടെന്ന് ശുഭാൻഷു ശുക്ല സ്ഥിരീകരിച്ചു. ഈ അനുഭവത്തിൽ നിന്ന് നേടിയ പാഠങ്ങൾ ഇന്ത്യയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങൾക്ക് വളരെ വിലപ്പെട്ടതും പ്രധാനപ്പെട്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചെത്തുമ്പോൾ, ദൗത്യ നിർവ്വഹണം വേഗത്തിലാക്കാൻ ഈ ഉൾക്കാഴ്ചകൾ പൂർണ്ണ സമർപ്പണത്തോടെ പ്രയോഗിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗഗൻയാനിൽ പങ്കെടുക്കാനുള്ള സാധ്യതകളെക്കുറിച്ച് ദൗത്യത്തിലെ തന്റെ അന്താരാഷ്ട്ര സഹപ്രവർത്തകർ അന്വേഷിച്ചിരുന്നുവെന്ന് ശ്രീ ശുക്ല പറഞ്ഞു. അത് വളരെ പ്രോത്സാഹജനകമാണെന്നും "എത്രയും വേഗം അത് സാധിക്കുമെന്ന് " അദ്ദേഹം അവരോട് പ്രതികരിച്ചതായും പറഞ്ഞു. ഈ സ്വപ്നം സമീപഭാവിയിൽ സാക്ഷാത്കരിക്കപ്പെടുമെന്ന് ശുഭാൻഷു ആവർത്തിച്ചു, കൂടാതെ അത് വേഗത്തിൽ നേടിയെടുക്കുന്നതിന് തന്റെ പഠനങ്ങൾ 100 ശതമാനം പ്രയോഗിക്കാൻ താൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനുമാണ്.
ശുഭാൻഷുവിന്റെ സന്ദേശം ഇന്ത്യയിലെ യുവാക്കൾക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദൗത്യത്തിന് മുമ്പ് ശുഭാൻഷുവിനെയും കുടുംബത്തെയും കണ്ടുമുട്ടിയതിനെ പറ്റി പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു."എല്ലാവർക്കും ആകാംഷയും ഉത്സാഹവും നിറഞ്ഞ് നിൽക്കുകയായിരുന്നു". ശുഭാൻഷുവിനോട് സംസാരിക്കുന്നതിലെ സന്തോഷം അദ്ദേഹം അറിയിക്കുകയും അദ്ദേഹം വഹിക്കുന്ന വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തങ്ങളെ അംഗീകരിക്കുകയും ചെയ്തു - പ്രത്യേകിച്ച് മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നത്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ വിജയത്തിലെ ആദ്യ അധ്യായമാണിത് എന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ശുഭാൻഷുവിന്റെ ചരിത്രപരമായ യാത്ര ബഹിരാകാശത്ത് മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ പുരോഗതിയെ ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഇന്ത്യ ലോകത്തിനായി ബഹിരാകാശത്ത് പുതിയ അതിർത്തികൾ തുറക്കുകയാണ്, രാജ്യം ഇപ്പോൾ കുതിച്ചുയരുക മാത്രമല്ല, ഭാവിയിലേക്കുള്ള കുതിപ്പുകൾക്കായി ലോഞ്ച്പാഡുകൾ നിർമ്മിക്കുകയും ചെയ്യും", ശ്രീ മോദി പറഞ്ഞു. ഒരു ചോദ്യത്തിനുള്ള മറുപടിയായിട്ടല്ല, മറിച്ച് അദ്ദേഹം പങ്കിടാൻ ആഗ്രഹിക്കുന്ന ആശയങ്ങളുടെയും അനുഭവങ്ങളുടെയും പ്രകടനമായി ഹൃദയത്തിൽ നിന്ന് സ്വതന്ത്രമായി സംസാരിക്കാൻ അദ്ദേഹം ശുഭാൻഷുവിനെ ക്ഷണിച്ചു, അദ്ദേഹവും മുഴുവൻ രാഷ്ട്രവും അത് കേൾക്കാൻ ആകാംക്ഷയോടെയാണ് ഇരിക്കുന്നതെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ ശുഭാൻഷു ശുക്ല, പരിശീലനത്തിലും ബഹിരാകാശ യാത്രയിലും അദ്ദേഹം നേടിയ പഠനത്തിന്റെ ആഴത്തെക്കുറിച്ച് പ്രതികരിച്ചു. തന്റെ വ്യക്തിപരമായ നേട്ടത്തെ പോലെ തന്നെ, ഈ ദൗത്യം രാജ്യത്തിന് വളരെ വലിയ നേട്ടമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓരോരുത്തരും അവരവർക്കായി മികച്ച ഒരു ഭാവി കെട്ടിപ്പടുക്കുന്നതിലൂടെ ഇന്ത്യയുടെ മികച്ച ഭാവിയാണ് കെട്ടിപ്പടുക്കുന്നതെന്ന്, സംഭാഷണം കണ്ടുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളെയും യുവാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട്, അദേഹം പറഞ്ഞു. " തനിക്കോ, അവർക്കോ, ഇന്ത്യക്കോ - ആകാശം ഒരിക്കലും പരിധിയായിട്ടില്ല" - അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിശ്വാസം തങ്ങളുടെയും രാജ്യത്തിന്റെയും ഭാവി ഉജ്ജ്വലമാക്കുന്നതിന് സഹായിക്കുമെന്നും, അവരെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ ഈ വിശ്വാസം മുറുകെ പിടിക്കണമെന്നും ശ്രീ ശുക്ല യുവാക്കളോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുമായും അദ്ദേഹത്തിലൂടെ 140 കോടി ഇൻഡ്യാക്കാരുമായും സംസാരിക്കാൻ അവസരം ലഭിച്ചതിൽ ഹൃദയംഗമമായ അഭിമാനവും സന്തോഷവും ശുഭാൻഷു പ്രകടിപ്പിച്ചു. തന്റെ പിന്നിൽ കാണുന്ന ഇന്ത്യൻ ദേശീയ പതാക മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉണ്ടായിരുന്നില്ല എന്ന യാഥാർഥ്യം അദ്ദേഹം പങ്കുവെച്ചു. അദ്ദേഹം എത്തിയതിനുശേഷം മാത്രമാണ് അത് ഉയർത്തിയത്, അത് അനർഘ നിമിഷമായിരുന്നുവെന്നും ശുഭാൻഷു പറഞ്ഞു. ഇന്ത്യ ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സാന്നിദ്ധ്യമുറപ്പിച്ചതിൽ തനിക്ക് വളരെയധികം അഭിമാനം നൽകിയതായി അദ്ദേഹം പറഞ്ഞു.
ശുഭാൻഷു ശുക്ലയ്ക്കും സഹ ബഹിരാകാശ സഞ്ചാരികൾക്കും അവരുടെ ദൗത്യത്തിന്റെ വിജയത്തിനായി ശ്രീ മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു. രാജ്യം മുഴുവൻ ശുഭാൻഷുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ അഭിമാനം തുടർന്നും ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശുഭാൻഷുവിനെ പ്രോത്സാഹിപ്പിച്ചു, 140 കോടി പൗരന്മാർക്ക് വേണ്ടി എണ്ണമറ്റ ആശംസകൾ നേർന്നു. ശുഭാൻഷുവിനെ ഇത്രയും ഉയരങ്ങളിലെത്തിച്ച അപാരമായ പരിശ്രമത്തിനും സമർപ്പണത്തിനും അഗാധമായ നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.
-NK-
(रिलीज़ आईडी: 2140539)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada