ആയുഷ്‌
azadi ka amrit mahotsav

2025 ലെ 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ലോകം ചരിത്രപരമായ പങ്കാളിത്തത്തോടെയും പരിപാടികളോടെയും ആഘോഷിച്ചു.

രാജ്യത്തുടനീളം 13 ലക്ഷം മുൻകൂർ രജിസ്ട്രേഷനുകൾ

Posted On: 23 JUN 2025 5:47PM by PIB Thiruvananthpuram
 11-ാമത് അന്താരാഷ്ട്ര യോഗ ദിനം (IDY 2025), 2025 ജൂൺ 21 ന് ആഗോളതലത്തിൽ അഭൂതപൂർവമായ പങ്കാളിത്തത്തോടെ ആഘോഷിച്ചു.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന, അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങൾ യോഗയുടെ വർദ്ധിച്ചുവരുന്ന ആഗോള ആകർഷണത്തെയും സമഗ്ര ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ നിർണായക പങ്കിനെയും ഉയർത്തിക്കാട്ടി.
 
രാജ്യത്തുടനീളം, ജൂൺ 21 ന് നടന്ന യോഗ സംഗമ പരിപാടികളിൽ പങ്കെടുക്കാൻ ജൂൺ 20 വരെ യോഗ പോർട്ടലിൽ 13.04 ലക്ഷം രജിസ്‌ട്രേഷൻ നടന്നു. ഇത് അടിസ്ഥാനതലത്തിലെ വ്യാപകമായ ഇടപെടലിന്റെ തെളിവാണ്. ആഗോളതലത്തിൽ, ഇന്ത്യയ്ക്ക് പുറത്ത് 191 രാജ്യങ്ങളിലായി ഏകദേശം 1,300 സ്ഥലങ്ങളിൽ യോഗ പ്രകടനങ്ങൾ നടന്നു. ആഗോള തലത്തിൽ ഏകദേശം 2,000 പരിപാടികളാണ് നടന്നത്. ഈ വ്യാപക അന്താരാഷ്ട്ര പങ്കാളിത്തം ആഗോള ആരോഗ്യം, ഐക്യം, ക്ഷേമം എന്നിവ വർധിപ്പിക്കുന്നതിൽ യോഗയുടെ സാർവത്രിക പ്രസക്തിയെ ആവർത്തിച്ചു സ്ഥിരീകരിക്കുന്നു.
 
 യോഗയുടെ വ്യാപനവും വിപുലമായ സ്വീകാര്യതയും എടുത്തുകാണിച്ചുകൊണ്ട് വിശാഖപട്ടണത്ത് നടന്ന യോഗാ സമ്മേളനത്തിൽ ഇന്ത്യ രണ്ട് സുപ്രധാന ഗിന്നസ് ലോക റെക്കോർഡുകൾ കരസ്ഥമാക്കി. ഒരു വേദിയിൽ നടന്ന ഏറ്റവും വലിയ യോഗ ഒത്തുചേരൽ എന്നതാണ് ആദ്യ റെക്കോർഡ്. 2025 ജൂൺ 21-ന് നടന്ന പരിപാടിയിൽ 302,000 (3.02 ലക്ഷം) പേർ പങ്കെടുത്തു. 2025 ജൂൺ 20-ന് 22,122 ഗോത്ര വിദ്യാർത്ഥികൾ പങ്കെടുത്ത ഏറ്റവും വലിയ കൂട്ട സൂര്യ നമസ്‌കാര പ്രകടനമാണ് ഇന്ത്യ നേടിയ രണ്ടാമത്തെ ഗിന്നസ് റെക്കോർഡ്.
 
 അന്താരാഷ്ട്ര യോഗ ദിന പരിപാടികളുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സമ്പന്നമായ ഭൂമിശാസ്ത്ര- സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിന് സമഗ്രമായ സർക്കാർ സമീപനത്തിലൂടെ ആയുഷ് മന്ത്രാലയത്തിന് കഴിഞ്ഞു. അതിന്റെ ഫലമായി, രാജ്യവ്യാപകമായി തന്ത്രപരമായി പ്രാധാന്യമുള്ളതും സാംസ്കാരികമായി വൈവിധ്യപൂർണ്ണവുമായ പതിനഞ്ച് സ്ഥലങ്ങളിൽ പ്രധാന യോഗ പരിപാടികൾ സംഘടിപ്പിച്ചു. യോഗയിലൂടെ ക്ഷേമത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ പ്രകൃതി സൗന്ദര്യം, ദേശീയ ചൈതന്യം, നാഗരിക ധാർമ്മികത എന്നിവയെ പ്രതിഫലിപ്പിക്കാനും ഈ പരിപാടികൾ ലക്ഷ്യമിട്ടു.
 
രാജ്യത്തെ ഭൂമിശാസ്ത്രപരമായി ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ നടന്ന യോഗ പ്രകടനങ്ങൾ ശാരീരിക പ്രതിരോധശേഷിയുടെയും ദേശീയ സേവനത്തിന്റെയും തെളിവായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമനിരകളിൽ ഇന്ത്യൻ സൈനികർ യോഗ ചെയ്തു.ഇന്ത്യയുടെ സമാധാനത്തിന്റെയും ആന്തരിക ശക്തിയുടെയും സന്ദേശത്തെ പ്രതീകപ്പെടുത്തി സമുദ്രനിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിൽ ഗാൽവാൻ താഴ്‌വരയിലും യോഗ സെഷനുകൾ നടന്നു. റോഹ്താങ് പാസ്, സേല തുരങ്കം, പാംഗോംഗ് തടാകം തുടങ്ങിയ ഇടങ്ങളിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ കഠിനമായ കാലാവസ്ഥയിലും യോഗ അഭ്യസിച്ചു. എഞ്ചിനീയറിംഗ് മികവിനെ ആത്മീയ ഐക്യവുമായി ബന്ധിപ്പിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ പാല(ജമ്മു & കശ്മീർ)ത്തിൽ യോഗ അവതരിപ്പിച്ചു. ഇന്ത്യയുടെ പശ്ചിമ മേഖലയായ ഗുജറാത്തിലെ കച്ചിൽ റാൻ & ക്രീക്ക് സെക്ടറിൽ IDY 2025 ന് മുന്നോടിയായി ഇന്ത്യൻ സൈന്യത്തിന്റെ കൊണാർക്ക് കോർപ്സ് യോഗഭ്യാസം നടത്തി. ഇന്ത്യയുടെ തെക്കേ അറ്റത്ത് ഇന്ദിരാ പോയിന്റിൽ (ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ) ആൻഡമാൻ & നിക്കോബാർ കമാൻഡ് യോഗ സംഘടിപ്പിച്ചു. മുംബൈ ഓഫ്‌ഷോർ എണ്ണക്കിണർ പരിസരത്തു, അറബിക്കടലിന് നടുവിൽ ONGC ഉദ്യോഗസ്ഥർ യോഗ ആഘോഷിച്ചു. തമിഴ് നാട്ടിലെ പുതിയ പാമ്പൻ പാലത്തിൽ റെയിൽവേ ഓഫീസർമാർ, ജീവനക്കാർ, സ്കൗട്ട്സ് & ഗൈഡുകൾ, വിദ്യാർത്ഥികൾ എന്നിവർ സംയുക്തമായി യോഗദിനം ആഘോഷിച്ചു.
 
ചരിത്രപരവും ആത്മീയ പ്രാധാന്യവുമുള്ള സ്ഥലങ്ങളിൽ നടന്ന പ്രത്യേക യോഗ പ്രദർശനങ്ങൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ എടുത്തുകാണിച്ചു. 
 
•നമോ ഘട്ട്, വാരണാസി: എൻസിസിയുടെ 91 യുപി ബറ്റാലിയൻ ഗംഗാ തീരത്ത് നടത്തിയ പ്രകടനം ആത്മീയ ഊർജ്ജസ്വലതയും യുവാക്കളുടെ പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്നതായി. •കിഷൻഗഡ് കോട്ട, ജയ്സാൽമീർ: രാജസ്ഥാൻ അതിർത്തിയിലെ ബിഎസ്എഫ് അംഗം ശ്രീമതി സീമ പ്രഹരി മരുഭൂമിയിലെ കോട്ടയിൽ സാംസ്കാരികമായി സമ്പന്നമായ ഒരു പരിപാടി സംഘടിപ്പിച്ചു.
• പഹൽഗാം, സോൻമാർഗ് (ജമ്മു & കശ്മീർ) -:ജമ്മു & കശ്മീർ സ്പോർട്സ് കൗൺസിലിലെ കായികതാരങ്ങൾ മനോഹരമായ പുൽമേടുകളിൽ ആരോഗ്യ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന സെഷനുകൾ നടത്തി. •ടിബറ്റ് സ്വയംഭരണ പ്രദേശമായ ബൈനാങ് കൗണ്ടി: അതിർത്തികൾക്കതീതമായ ആത്മീയ അനുരണനത്തിന്റെ പ്രതീകമായി നാഥുല ചുരത്തിലൂടെയുള്ള കൈലാസ് മാനസരോവർ യാത്ര നടത്തുന്ന ഇന്ത്യൻ തീർത്ഥാടകർ യോഗ ചെയ്തു.
 
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായി (ജിഎസ്ഐ) സഹകരിച്ച്, ശാസ്ത്രീയ, പാരിസ്ഥിതിക, സാംസ്കാരിക പ്രാധാന്യമുള്ള പന്ത്രണ്ട് ഭൗമ പൈതൃക കേന്ദ്രങ്ങളിൽ യോഗ സെഷനുകൾ സംഘടിപ്പിച്ചു. റാഹിയോലി ദിനോസർ ഫോസിൽ പാർക്ക് (ഗുജറാത്ത്), ഭീംബെട്ക ശിലാ കേന്ദ്രം(മധ്യപ്രദേശ്), നിഗോജ് പ്രകൃതിദത്ത ശിലാഗഹ്വരം (മഹാരാഷ്ട്ര), ഗംഗാനി നദീതടം (പശ്ചിമ ബംഗാൾ), സിവാലിക് ഫോസിൽ പാർക്ക് (ഹിമാചൽ പ്രദേശ്), അർവാ-ലുംഷിന്ന ഗുഹ (മേഘാലയ), സെന്റ് തോമസ് മൗണ്ട് ചാർണോകൈറ്റ് (തമിഴ്നാട്), ലാൽബാഗിലെ പെനിൻസുലാർ നൈസ് ശിലകൾ (കർണാടക), മംഗംപേട്ട ബാരൈറ്റ് നിക്ഷേപം (ആന്ധ്രാപ്രദേശ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 
'സർവർക്കും യോഗ, സർവയിടത്തും യോഗ' എന്ന ആശയത്തെ പ്രതിഫലിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ പുരാതന യോഗ ജ്ഞാനവും അതുല്യമായ ഭൂമിശാസ്ത്ര പാരമ്പര്യവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ഈ പതിനഞ്ച് പ്രദർശനങ്ങൾ എടുത്തുകാണിക്കുന്നു.
 രാജ്യവ്യാപകമായി വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലും സമൂഹങ്ങളിലുമുടനീളം പുനരുജീവന ശേഷി, ക്ഷേമം, ഐക്യം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന ഒരു ജീവസുറ്റ പൈതൃകമായി ഈ പരമ്പരാഗത ആചാരരീതി തുടരുന്നതെങ്ങനെ എന്ന് ഇത് തെളിയിച്ചു.
 
 2025- അന്താരാഷ്ട്ര യോഗ ദിനാചാരണത്തെ ഐക്യത്തിന്റെയും ക്ഷേമത്തിന്റെയും സമാധാനത്തിന്റെയും ചരിത്രപരമായ ആഘോഷമാക്കി മാറ്റിയതിന് ആയുഷ് മന്ത്രാലയം വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും, സംസ്ഥാന ഗവണ്മെന്റുകൾക്കും അന്താരാഷ്ട്ര സമൂഹത്തിനും, ഇന്ത്യൻ സായുധ സേനകൾക്കും, യോഗ സ്ഥാപനങ്ങൾക്കും,സംഘടനകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, എൻ‌ജി‌ഒകൾക്കും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യോഗ തല്പരർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു.
 
******

(Release ID: 2139097)