പ്രധാനമന്ത്രിയുടെ ഓഫീസ്
ക്രൊയേഷ്യൻ പ്രധാനമന്ത്രിക്കൊപ്പമുള്ള വാർത്താക്കുറിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശത്തിന്റെ പൂർണരൂപം
Posted On:
19 JUN 2025 5:32PM by PIB Thiruvananthpuram
ആദരണീയ പ്രധാനമന്ത്രി,
ഇരുരാജ്യങ്ങളിലെയും പ്രതിനിധികളേ,
മാധ്യമസുഹൃത്തുക്കളേ,
നമസ്കാരം!
ദോബാർ ദാൻ!
ചരിത്രപരവും മനോഹരവുമായ സാഗ്രെബ് നഗരത്തിൽ എനിക്കു ലഭിച്ച സ്നേഹവാത്സല്യങ്ങൾക്കു ക്രൊയേഷ്യൻ പ്രധാനമന്ത്രിക്കും ഗവണ്മെന്റിനും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്രൊയേഷ്യയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. ഈ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.
സുഹൃത്തുക്കളേ,
ജനാധിപത്യം, നിയമവാഴ്ച, ബഹുസ്വരത, സമത്വം തുടങ്ങിയ പൊതുവായ മൂല്യങ്ങളാൽ ഇന്ത്യയും ക്രൊയേഷ്യയും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷം, ഇന്ത്യയിലെ ജനങ്ങൾ എന്നെ ഭരണമേൽപ്പിച്ചതുപോലെ ക്രൊയേഷ്യയിലെ ജനത പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ചിനെ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ എത്തിച്ചതും സന്തോഷകരമായ യാദൃച്ഛികതയാണ്. ഈ പുതിയ ജനകീയവിധിയോടെ, ഈ കാലയളവിൽ നമ്മുടെ ഉഭയകക്ഷിബന്ധങ്ങളുടെ ഗതിവേഗം മൂന്നിരട്ടി വർധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
പ്രതിരോധമേഖലയിലെ ദീർഘകാല സഹകരണത്തിനായി ‘പ്രതിരോധ സഹകരണ പദ്ധതി’ തയ്യാറാക്കും. പരിശീലനം, സൈനികവിനിമയം, പ്രതിരോധ വ്യവസായത്തിലെ സഹകരണം എന്നിവയിൽ അതു ശ്രദ്ധ കേന്ദ്രീകരിക്കും. നമ്മുടെ സമ്പദ്‌വ്യവസ്ഥകൾക്കു പരസ്പരം പൂരകമാകുംവിധമുള്ള നിരവധി മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവ സജീവമായി മുന്നോട്ടുകൊണ്ടുപോകും.
ഉഭയകക്ഷിവ്യാപാരം വർദ്ധിപ്പിക്കുന്നതിനും വിശ്വസനീയ വിതരണശൃംഖലകൾ സൃഷ്ടിക്കുന്നതിനുമായി നിരവധി മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഔഷധമേഖല, കൃഷി, വിവരസാങ്കേതികവിദ്യ, ക്ലീൻ ടെക്നോളജി, ഡിജിറ്റൽ സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, സെമികണ്ടക്ടറുകൾ തുടങ്ങിയ നിരവധി പ്രധാന മേഖലകളിൽ ഞങ്ങൾ സഹകരണം പ്രോത്സാഹിപ്പിക്കും.
കപ്പൽ നിർമാണത്തിലും സൈബർ സുരക്ഷയിലും ഞങ്ങൾ സഹകരണം ശക്തിപ്പെടുത്തും. ഇന്ത്യയുടെ സാഗർമാല പദ്ധതിക്കുകീഴിൽ തുറമുഖ നവീകരണം, തീരദേശ മേഖല വികസനം, ബഹുതല സമ്പർക്കസൗകര്യ സംരംഭങ്ങൾ എന്നിവയുടെ ഭാഗമാകാൻ ക്രൊയേഷ്യൻ കമ്പനികൾക്കു വലിയ അവസരങ്ങളുണ്ട്. നമ്മുടെ അക്കാദമിക സ്ഥാപനങ്ങൾക്കും ഗവേഷണ കേന്ദ്രങ്ങൾക്കുമിടയിലെ സംയുക്ത ഗവേഷണത്തിനും സഹകരണത്തിനും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. കൂടാതെ, ക്രൊയേഷ്യയുമായി ബഹിരാകാശ വൈദഗ്ധ്യവും അനുഭവവും പങ്കിടാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
സുഹൃത്തുക്കളേ,
നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ സാംസ്കാരിക ബന്ധങ്ങളാണു നമ്മുടെ പരസ്പരസ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും അടിത്തറ. പതിനെട്ടാം നൂറ്റാണ്ടിൽ, യൂറോപ്പിൽ ആദ്യമായി സംസ്കൃത വ്യാകരണം പ്രസിദ്ധീകരിച്ചത് ഇവാൻ ഫിലിപ്പ് വെസ്ഡിൻ ആയിരുന്നു. കഴിഞ്ഞ 50 വർഷമായി, സാഗ്രെബ് സർവകലാശാലയിൽ ഇൻഡോളജി വിഭാഗം സജീവമായി പ്രവർത്തിക്കുന്നു.
ഇന്ന്, നമ്മുടെ സാംസ്കാരികബന്ധത്തിനും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിനും കൂടുതൽ കരുത്തുപകരാൻ ഞങ്ങൾ തീരുമാനിച്ചു. സാഗ്രെബ് സർവകലാശാലയിലെ ഹിന്ദി ചെയറിനായുള്ള ധാരണാപത്രത്തിന്റെ കാലാവധി 2030 വരെ നീട്ടിയിട്ടുണ്ട്. അടുത്ത അഞ്ചുവർഷത്തേക്കു സാംസ്കാരിക വിനിമയ പരിപാടിക്കും രൂപം നൽകിയിട്ടുണ്ട്.
ജനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിന്, മൊബിലിറ്റി കരാർ ഉടൻ അന്തിമരൂപത്തിലാക്കും. ഇന്ത്യയുടെ ഐടി വിദഗ്ധരിൽനിന്നുള്ള നൈപുണ്യം ക്രൊയേഷ്യൻ കമ്പനികൾക്കു പ്രയോജനപ്പെടുത്താനാകും. ഇരുരാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഞങ്ങൾ ചർച്ച ചെയ്തു.
യോഗയുടെ ജനപ്രീതി എനിക്കിവിടെ വ്യക്തമായി അനുഭവപ്പെട്ടു. ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നതിനാൽ, എല്ലായ്പ്പോഴും എന്നപോലെ, ക്രൊയേഷ്യയിലെ ജനങ്ങൾ ഈ അവസരം വളരെ ആവേശത്തോടെ ആഘോഷിക്കുമെന്ന് എനിക്കുറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും ജനാധിപത്യ ശക്തികളിൽ വിശ്വസിക്കുന്ന എല്ലാവരെയും അത് എതിർക്കുന്നുവെന്നും ഞങ്ങൾ വിലയിരുത്തുന്നു. ഏപ്രിൽ 22ന് ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനു ക്രൊയേഷ്യൻ പ്രധാനമന്ത്രിയോടും ഗവണ്മെന്റിനോടും ഞങ്ങൾ അഗാധമായ നന്ദി അറിയിക്കുന്നു. ഇത്തരം ദുഷ്കരമായ സമയങ്ങളിൽ, ഞങ്ങളുടെ സുഹൃത്തുക്കളുടെ പിന്തുണ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു.
ഇന്നത്തെ ആഗോള പരിതസ്ഥിതിയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള പങ്കാളിത്തം വലിയ പ്രാധാന്യമുള്ളതാണെന്നു ഞങ്ങൾ രണ്ടുപേരും സമ്മതിക്കുന്നു. യൂറോപ്യൻ യൂണിയനുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ക്രൊയേഷ്യയുടെ പിന്തുണയും സഹകരണവും വളരെ പ്രധാനമാണ്.
യൂറോപ്പിലായാലും ഏഷ്യയിലായാലും, യുദ്ധക്കളത്തിൽ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നു ഞങ്ങൾ രണ്ടുപേരും ഉറച്ചു വിശ്വസിക്കുന്നു. സംഭാഷണവും നയതന്ത്രവുമാണു മുന്നോട്ടുള്ള ഏക പ്രായോഗിക പാത. ഓരോ രാജ്യത്തിന്റെയും പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും ബഹുമാനിക്കേണ്ടത് അനിവാര്യമാണ്.
സുഹൃത്തുക്കളേ,
ഇന്ന് ‘ബാൻസ്കി ദ്വോറി’യിൽ നിൽക്കുന്ന ഈ നിമിഷം എനിക്ക് ഏറെ പ്രത്യേകത നിറഞ്ഞതാണ്. സാക്സിൻസ്കി ക്രൊയേഷ്യൻ ഭാഷയിൽ തന്റെ ചരിത്രപരമായ പ്രസംഗം നടത്തിയത് ഇവിടെയാണ്. ഇന്ന്, ഹിന്ദിയിൽ എന്റെ ചിന്തകൾ പ്രകടിപ്പിക്കുന്നതിൽ എനിക്ക് അഭിമാനവും സംതൃപ്തിയും തോന്നുന്നു. അദ്ദേഹം പറഞ്ഞതു ശരിയാണ്; ‘ഭാഷ ഒരു പാലമാണ്’. ഇന്ന്, നാം ആ പാലത്തിനു കരുത്തേകുകയാണ്.
ക്രൊയേഷ്യ സന്ദർശനവേളയിൽ ഞങ്ങൾക്കു നൽകിയ ഊഷ്മളവും ഉദാരവുമായ ആതിഥ്യമര്യാദയ്ക്ക് ഒരിക്കൽകൂടി ഞാൻ പ്രധാനമന്ത്രിയോടു ഹൃദയംഗമമായ നന്ദി പറയുന്നു. പ്രധാനമന്ത്രി, താങ്കളെ അടുത്തുതന്നെ ഇന്ത്യയിൽ സ്വാഗതം ചെയ്യുന്നതിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നിങ്ങൾക്കേവർക്കും എന്റെ ആത്മാർഥമായ നന്ദി.
-NK-
(Release ID: 2137778)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada