പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സൈപ്രസിലെ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് III’ ബഹുമതി സ്വീകരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര​ മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 16 JUN 2025 9:10PM by PIB Thiruvananthpuram

ആദരണീയ പ്രസിഡന്റ്,

‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് III’ എനിക്കു സമ്മാനിച്ചതിനു സൈപ്രസ് ഗവണ്മെന്റിനും ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു.

നരേന്ദ്ര മോദിക്കായി നൽകിയ ബഹുമതിയല്ല ഇത്; ​140 കോടി ഇന്ത്യക്കാർക്കുള്ള ആദരമാണ്. അവരുടെ ശക്തിക്കും അഭിലാഷങ്ങൾക്കുമുള്ള അംഗീകാരമാണിത്. നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ‘വസുധൈവ കുടുംബകം’, അതായത് “ലോകം ഒരു കുടുംബം”, എന്ന കാഴ്ചപ്പാടിനുമുള്ള അംഗീകാരമാണിത്.

ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദബന്ധത്തിനും​ നാം പങ്കുവയ്ക്കുന്ന മൂല്യങ്ങൾക്കും നമ്മുടെ പരസ്പരധാരണയ്ക്കുമായി ഞാൻ ഇതു സമർപ്പിക്കുന്നു.

എല്ലാ ഇന്ത്യക്കാർക്കുംവേണ്ടി നന്ദിയോടെ ഞാൻ ഈ പുരസ്കാരം സ്വീകരിക്കുന്നു.

സമാധാനം, സുരക്ഷ, പരമാധികാരം, പ്രാദേശിക സമഗ്രത, നമ്മുടെ ജനങ്ങളുടെ അഭിവൃദ്ധി എന്നിവയോടുള്ള നമ്മുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമാണ് ഈ പുരസ്കാരം.

ആദരണീയ പ്രസിഡന്റ്,

ഇന്ത്യയും സൈപ്രസും തമ്മിലുള്ള സൗഹൃദബന്ധത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള ഉത്തരവാദിത്വമായി ഞാൻ ഈ ബഹുമതി സ്വീകരിക്കുന്നു.

വരുംകാലങ്ങളിൽ നമ്മുടെ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് എനിക്കുറപ്പുണ്ട്. നാമൊന്നിച്ച്, നമ്മുടെ രാജ്യങ്ങളുടെ വികസനത്തിനായി മാത്രമല്ല, ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമായി തുടർന്നും പരിശ്രമിക്കും.

ഈ ബഹുമതിക്ക് ഒരിക്കൽകൂടി ഞാൻ നിങ്ങളെ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

വളരെ നന്ദി.

***

SK


(Release ID: 2136860)