പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര അവലോകനം ചെയ്തു
ഡോ. മിശ്ര അഹമ്മദാബാദ്-ധോലേറ അതിവേഗ പാതയുടെ സമയബന്ധിത പൂർത്തീകരണവുമായി ബന്ധപ്പെട്ട അവലോകനം നടത്തി
ആഗോള നിലവാരമുള്ള വ്യവസായ നഗരമായി ധോലേറയെ വികസിപ്പിക്കുന്നതിനുള്ള ഗുജറാത്ത് ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ഡോ. മിശ്ര ആവർത്തിച്ചു
ലോഥലിലെ ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിൻ്റെ അവലോകന യോഗത്തിൽ ഡോ. മിശ്ര അധ്യക്ഷത വഹിച്ചു
Posted On:
16 JUN 2025 6:22PM by PIB Thiruvananthpuram
ഗുജറാത്തിലെ ധോലേറയിലും ലോഥലിലും പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര ഇന്ന് മേഖലയിൽ പരിശോധന നടത്തുകയും ഉന്നതതല അവലോകന യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വ്യാവസായിക-സാമ്പത്തിക മേഖലയുടെ വളർച്ചയെക്കുറിച്ചുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണവുമായി പൊരുത്തപ്പെടുന്നതാണ് ഈ പദ്ധതികൾ.
നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ(NHAI)യുടെ നേതൃത്വത്തിൽ നിർമ്മാണത്തിലിരിക്കുന്ന അഹമ്മദാബാദ്-ധോലേറ ഗ്രീൻഫീൽഡ് അതിവേഗപാത ഡോ. മിശ്ര സന്ദർശിച്ചു. അഹമ്മദാബാദിനും ധോലേരയ്ക്കും ഇടയിലുള്ള യാത്രാ സമയം 45 മിനിറ്റായി കുറയ്ക്കുന്നതിൽ പാതയുടെ സാധ്യത അദ്ദേഹം എടുത്തുപറഞ്ഞു. റോഡ് നിർമ്മാണത്തിൽ ആഗോള നിലവാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് അദ്ദേഹം നിർദ്ദേശം നൽകി.
ധോലേര സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് റീജിയണിൽ (DSIR) ധോലേര അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുരോഗതി ഡോ. മിശ്ര വിലയിരുത്തി. 2025 ഒക്ടോബറോടെ കാർഗോ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു. സമയക്ലിപ്തത പാലിക്കാനും അതിവേഗ പതയുമായി സുഗമമായ ഗതാഗത സൗകര്യം ഉറപ്പാക്കാനും അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകി.
ആഭ്യന്തര ചിപ്പ് നിർമ്മാണത്തിലെ പ്രധാന സംരംഭമായ ടാറ്റ ഇലക്ട്രോണിക്സിന്റെ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ (ഫാബ്) പദ്ധതി ഡോ. മിശ്ര പരിശോധിച്ചു. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉൾപ്പെടെ ചിപ്പുകളുടെ ഉൽപ്പാദന സാധ്യത അദ്ദേഹം അവലോകനം ചെയ്തു. ധോലേര ഇൻഡസ്ട്രിയൽ സിറ്റി ഡെവലപ്മെന്റ് ലിമിറ്റഡ് (ഡിഐസിഡിഎൽ) വികസിപ്പിച്ചെടുത്ത സ്കൂളുകൾ, ആശുപത്രികൾ, പാർപ്പിട സമുച്ചയങ്ങൾ തുടങ്ങിയ സാമൂഹിക അടിസ്ഥാനസൗകര്യ പദ്ധതികൾ അദ്ദേഹം സന്ദർശിച്ചു. ഉപയോക്തൃ അനുഭവത്തിന് ഊന്നൽ നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പങ്കാളികളുടെ അഭിപ്രായങ്ങൾ സമാഹരിക്കാൻ ആഹ്വാനം ചെയ്തു.
ഡി.ഐ.സി.ഡി.എൽ, ഡി.ഐ.എ.സി.എൽ, എൻ.എച്ച്.എ.ഐ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ സമഗ്ര അവലോകന യോഗത്തിൽ ഡോ. മിശ്ര അധ്യക്ഷത വഹിച്ചു. അഹമ്മദാബാദ്-ധോലേറ എക്സ്പ്രസ് വേ, ഭീംനാഥ്-ധോലേറ ഫ്രൈറ്റ് റെയിൽ ലിങ്ക്, അഹമ്മദാബാദ്-ധോലേറ സെമി-ഹൈ-സ്പീഡ് റെയിൽ പാത, ധോലേറ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെയുള്ള പ്രധാന പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്തു. ആഗോള നിലവാരമുള്ള വ്യവസായ നഗരമായി ധോലേറയെ വികസിപ്പിക്കുന്നതിനുള്ള ഗുജറാത്ത് ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ശ്രീ മിശ്ര ആവർത്തിച്ചു.പദ്ധതി യുടെ സമയബന്ധിതമായ പൂർത്തീകരണം, വിദഗ്ദ്ധരായ തൊഴിലാളികളുടെ ലഭ്യത, കരുത്തുറ്റ ആസൂത്രണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രധാന സംരംഭമായ ദേശീയ സമുദ്ര പൈതൃക സമുച്ചയം (നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ്-എൻ.എം.എച്ച്.സി) ഡോ. മിശ്ര പരിശോധിച്ചു. എം.ഒ.പി.എസ്.ഡബ്ല്യു സെക്രട്ടറി ശ്രീ ടി. രാമചന്ദ്രൻ, മന്ത്രാലയത്തിലെ മറ്റു ഉന്നത ഉദ്യോഗസ്ഥർ, ഗുജറാത്ത് മാരിടൈം ബോർഡ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, എൻ.എച്ച്.എ.ഐ, ഇന്ത്യൻ റെയിൽവേ എന്നിവയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ നാവിക പൈതൃകത്തിന്റെ ഒരു വൈജ്ഞാനിക കേന്ദ്രമായി എൻ.എം.എച്ച്.സി വർത്തിക്കണമെന്ന് ശ്രീ മിശ്ര അഭിപ്രായപ്പെട്ടു. ആഴത്തിലുള്ള ഗവേഷണം, അക്കാദമിക സഹകരണം, മികച്ച സന്ദർശക അനുഭവത്തിന് ഉയർന്ന തലത്തിലെ ആസൂത്രണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രാദേശിക സസ്യഇനങ്ങൾ നട്ടുപിടിപ്പിക്കൽ, ജല പരിപാലന സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പരിസ്ഥിതി സുസ്ഥിരതാ നടപടികളും ശ്രീ മിശ്ര അവലോകനം ചെയ്തു. ഹാരപ്പൻ നാഗരികത മുതലുള്ള ഇന്ത്യയുടെ സമുദ്ര പൈതൃകം വിവരിക്കുന്ന പുരാവസ്തുക്കൾ ക്യൂറേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയും എൻഎംഎച്ച്സിയുടെ സമാനതകളില്ലാത്ത പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ആറ് ഗാലറികൾ ഉൾപ്പെടെയുള്ള ഘട്ടം I-A യുടെ നിർമ്മാണ പുരോഗതി ഡോ. മിശ്ര പരിശോധിക്കുകയും 2025 ഓഗസ്റ്റിൽ ഇത് പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ, പ്രധാനമന്ത്രിയുടെ ഓഫീസ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീ മംഗേഷ് ഘിൽഡിയാൽ എന്നിവർ ഡോ. മിശ്രയ്ക്കൊപ്പം ഉണ്ടായിരുന്നു.
-SK-
(Release ID: 2136779)