പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ലോക വ്യോമഗതാഗത ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Posted On:
02 JUN 2025 7:21PM by PIB Thiruvananthpuram
കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകരായ റാം മോഹൻ നായിഡു ജി, മുരളീധർ മോഹോൾ ജി, അയാട്ട ബോർഡ് ഓഫ് ഗവർണർമാരുടെ ചെയർമാൻ പീറ്റർ എൽബേഴ്‌സ് ജി, അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് ജി, ഇൻഡിഗോ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ ജി, മറ്റ് എല്ലാ വിശിഷ്ട വ്യക്തികളെ, മഹതികളെ, മാന്യരെ!
അയാട്ടയുടെ 81-ാമത് വാർഷിക പൊതുയോഗത്തിനും ലോക വ്യോമഗതാഗത ഉച്ചകോടിക്കും എല്ലാ അതിഥികളെയും ഞാൻ ഭാരതത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങളെ ഇവിടെ കാണാൻ കഴിയുന്നത് ഒരു അംഗീകാരമാണ്. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ പരിപാടി ഭാരതത്തിൽ നടക്കുന്നത്. ഈ നാല് ദശകങ്ങളിൽ, ഭാരതത്തിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. ഇന്നത്തെ ഭാരതം മുൻപത്തേക്കാളും വലിയ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കുന്നു. ആഗോള വ്യോമയാന ആവാസവ്യവസ്ഥയിൽ നാം ഒരു വിശാലമായ വിപണി മാത്രമല്ല, നയപരമായ നേതൃത്വത്തിന്റെയും നവീകരണത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെയും പ്രതീകവുമാണ്. ഇന്ന്, ആഗോള ബഹിരാകാശ-വ്യോമയാന സംയോജനത്തിൽ ഭാരതം ഒരു നേതാവായി ഉയർന്നുവരുന്നു. കഴിഞ്ഞ ദശകത്തിൽ ഭാരതത്തിന്റെ സിവിൽ വ്യോമയന മേഖലയുടെ ചരിത്രപരമായ ഉയർച്ചയെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും നന്നായി അറിയാം.
സുഹൃത്തുക്കളെ,
ഈ ഉച്ചകോടിയും ഈ സംഭാഷണവും വ്യോമയാനത്തെക്കുറിച്ച് മാത്രമല്ല - ആഗോള സഹകരണം, കാലാവസ്ഥാ പ്രതിബദ്ധതകൾ, തുല്യമായ വളർച്ച എന്നിവയെക്കുറിച്ചുള്ള നമ്മുടെ പങ്കിട്ട അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു മാധ്യമം കൂടിയാണ് അവ. ഈ ഉച്ചകോടിയിൽ നടക്കുന്ന ചർച്ചകൾ ആഗോള വ്യോമയാനത്തിന് പുതിയ ദിശാബോധം നൽകും. ഈ മേഖലയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താനും അവ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനും നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന്, നൂറുകണക്കിന് കിലോമീറ്ററുകളുടെ ദൂരവും ഭൂഖണ്ഡാന്തര യാത്രകളും നമ്മൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ താണ്ടുന്നു. എന്നാൽ 21-ാം നൂറ്റാണ്ടിലെ ലോകത്തിന്റെ സ്വപ്നങ്ങളും നമ്മുടെ അനന്തമായ ഭാവനകളും നിലച്ചിട്ടില്ല. ഇന്ന്, നൂതനാശയങ്ങളുടെയും സാങ്കേതിക നവീകരണത്തിന്റെയും വേഗത മുമ്പെന്നത്തേക്കാളും ദ്രുത ഗതിയിലാണ്. നമ്മുടെ വേഗത വർദ്ധിച്ചതോടെ, വിദൂര ലക്ഷ്യസ്ഥാനങ്ങളെ നമ്മുടെ ഭാഗധേയത്തിൻ്റെ ഭാഗമായി മാറ്റിയിരിക്കുന്നു. ഭൂമിയിലെ നഗരങ്ങളിൽ മാത്രം ഒതുങ്ങാത്ത യാത്രകളുടെ ഒരു ഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. ബഹിരാകാശ വിമാനങ്ങളെയും ഗ്രഹാന്തര യാത്രകളെയും വാണിജ്യവൽക്കരിക്കുന്നതിനെക്കുറിച്ച് - ഈ അതിർത്തികൾ സിവിൽ വ്യോമയാനത്തിലേക്ക് തുറക്കുന്നതിനെക്കുറിച്ചാണ് മനുഷ്യരാശി ഇപ്പോൾ സ്വപ്നം കാണുന്നത്. ഇതിന് ഇനിയും സമയമെടുക്കുമെന്നത് സത്യമാണെങ്കിലും, വരും കാലങ്ങളിൽ വ്യോമയാന മേഖല വലിയ പരിവർത്തനത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി മാറാൻ ഒരുങ്ങിയിരിക്കുന്നുവെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. ഈ എല്ലാ സാധ്യതകൾക്കും ഭാരതം പൂർണ്ണമായും തയ്യാറാണ്. ഭാരതത്തിന്റെ കൈവശമുള്ള മൂന്ന് ശക്തമായ സ്തംഭംങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ ഇത് പറയുന്നത്: ഒന്നാമതായി, ഭാരതത്തിന് വിപണിയുണ്ട് - ഈ വിപണി വെറും ഒരു കൂട്ടം ഉപഭോക്താക്കളല്ല; അത് ഭാരതത്തിന്റെ ചലനാത്മകവും അഭിലാഷപൂർണ്ണവുമായ ഒരു സമൂഹത്തിന്റെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. രണ്ടാമതായി, സാങ്കേതികവിദ്യയ്ക്കും നവീകരണത്തിനുമുള്ള ജനസംഖ്യയും കഴിവും നമുക്കുണ്ട് - കൃത്രിമബുദ്ധി, റോബോട്ടിക്‌സ്, സംശുദ്ധമായ ഊർജ്ജം തുടങ്ങിയ മേഖലകളിൽ മുന്നേറ്റങ്ങൾ നയിക്കുന്ന പുതുയുഗ നൂതനാശയക്കാരാണ് നമ്മുടെ യുവാക്കൾ. മൂന്നാമതായി, വ്യവസായത്തിനായി തുറന്നതും പിന്തുണയ്ക്കുന്നതുമായ ഒരു നയ ആവാസവ്യവസ്ഥ നമുക്കുണ്ട്. ഈ മൂന്ന് കഴിവുകളുടെയും ശക്തിയോടെ, ഭാരതത്തിന്റെ വ്യോമയാന മേഖലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം.
സുഹൃത്തുക്കളെ,
സമീപ വർഷങ്ങളിൽ, സിവിൽ വ്യോമയാന മേഖലയിൽ ഭാരതം അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഭാരതം. നമ്മുടെ ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയുടെ വിജയം ഇന്ത്യൻ സിവിൽ വ്യോമയാന മേഖലയിലെ ഒരു സുവർണ്ണ അധ്യായമാണ്. ഈ പദ്ധതി പ്രകാരം, 15 ദശലക്ഷത്തിലധികം യാത്രക്കാർക്ക് താങ്ങാനാവുന്ന വിലയിൽ വിമാന യാത്ര ലഭിച്ചു, കൂടാതെ നിരവധി പൗരന്മാർക്ക് ആദ്യമായി പറക്കാൻ കഴിഞ്ഞു. നമ്മുടെ വിമാനക്കമ്പനികൾ സ്ഥിരമായി ഇരട്ട അക്ക വളർച്ച കൈവരിക്കുന്നു. ഇന്ത്യൻ, വിദേശ വിമാനക്കമ്പനികൾ ഒരുമിച്ച് പ്രതിവർഷം ഏകദേശം 240 ദശലക്ഷം യാത്രക്കാർക്ക് വിമാന സർവീസുകൾ നടത്തുന്നു - ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും മൊത്തം ജനസംഖ്യയേക്കാൾ കൂടുതൽ. 2030 ആകുമ്പോഴേക്കും ഈ സംഖ്യ 500 ദശലക്ഷം യാത്രക്കാരിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന്, ഭാരതത്തിൽ 3.5 ദശലക്ഷം മെട്രിക് ടൺ ചരക്ക് വിമാനമാർഗം കൊണ്ടുപോകുന്നു, ഈ ദശകത്തിന്റെ അവസാനത്തോടെ, ആ കണക്ക് 10 ദശലക്ഷം മെട്രിക് ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളെ,
ഇവ വെറും സംഖ്യകളല്ല - ഒരു പുതിയ ഭാരതത്തിന്റെ സാധ്യതകളിലേക്കുള്ള ഒരു നേർക്കാഴ്ചയാണ്. ഈ സാധ്യതകൾ പൂർണ്ണമായും
ഉപയോഗപ്രദമാക്കുന്നതിനായി ഭാരതം ഒരു ഭാവി പദ്ധതിയിൽ പ്രവർത്തിക്കുന്നു. ലോകോത്തര വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളിൽ നാം നിക്ഷേപം നടത്തുന്നു. നായിഡു ജി സൂചിപ്പിച്ചതുപോലെ, 2014 വരെ ഭാരതത്തിന് 74 പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുണ്ടായിരുന്നു. ഇന്ന്, ആ എണ്ണം 162 ആയി വർദ്ധിച്ചു. 2,000-ത്തിലധികം പുതിയ വിമാനങ്ങൾക്ക് ഇന്ത്യൻ വിമാനക്കമ്പനികൾ ഓർഡറുകൾ നൽകിയിട്ടുണ്ട്. ഇത് ഒരു തുടക്കം മാത്രമാണ്. ഭാരതത്തിന്റെ വ്യോമയാന മേഖല വലിയ ഉയരങ്ങളിലേക്ക് കുതിക്കാൻ തയ്യാറായ ഒരു ടേക്ക്-ഓഫ് പോയിന്റിലാണ്. ഈ യാത്ര ഭൂമിശാസ്ത്രപരമായ അതിരുകൾ കടക്കുക മാത്രമല്ല, ലോകത്തെ സുസ്ഥിരത, ഹരിത ചലനാത്മകത, തുല്യമായ പ്രവേശനം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഇന്ന്, നമ്മുടെ വിമാനത്താവളങ്ങളുടെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി പ്രതിവർഷം 500 ദശലക്ഷത്തിൽ എത്തിയിരിക്കുന്നു. സാങ്കേതികവിദ്യയിലൂടെ ഉപയോക്തൃ അനുഭവത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന ലോകത്തിലെ തെരഞ്ഞെടുത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഭാരതം. സുരക്ഷ, കാര്യക്ഷമത, സുസ്ഥിരത എന്നിവയിലും ഞങ്ങൾ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുസ്ഥിര വ്യോമയാന ഇന്ധനങ്ങളിലേക്ക് ഞങ്ങൾ നീങ്ങുന്നു, ഹരിത സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുന്നു, നമ്മുടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നു, ഭൂമിയുടെ പുരോഗതിയും സംരക്ഷണവും ഉറപ്പാക്കുന്നു.
സുഹൃത്തുക്കളെ,
ഇവിടെയുള്ള ഞങ്ങളുടെ അന്താരാഷ്ട്ര അതിഥികൾക്ക്, ഡിജി യാത്ര ആപ്പിനെക്കുറിച്ച് പഠിക്കാൻ ഞാൻ നിങ്ങളെ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു. വ്യോമയാനത്തിലെ ഡിജിറ്റൽ നവീകരണത്തിന്റെ ഒരു ഉദാഹരണമാണ് ഡിജി യാത്ര. ഫേഷ്യൽ വെരിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, വിമാനത്താവള പ്രവേശനം മുതൽ ബോർഡിംഗ് ഗേറ്റ് വരെ - പൂർണ്ണമായ തടസ്സമില്ലാത്ത യാത്രാ പരിഹാരം ഇത് നൽകുന്നു. പേപ്പർ രേഖകൾ കൊണ്ടുപോകുകയോ ഏതെങ്കിലും ഐഡി കാണിക്കുകയോ ചെയ്യേണ്ടതില്ല. ഇത്രയും വലിയ ഒരു ജനസംഖ്യയ്ക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ ഭാരതത്തിന്റെ അനുഭവത്തിൽ നിന്ന് ഉത്ഭവിച്ച ഇതുപോലുള്ള നൂതനാശയങ്ങൾ മറ്റ് പല രാജ്യങ്ങൾക്കും പ്രയോജനപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് സുരക്ഷിതവും മികച്ചതുമായ ഒരു പരിഹാരമാണ്, കൂടാതെ ഇത് ഗ്ലോബൽ സൗത്തിന് ഒരു മാതൃകയും പ്രചോദനവുമായി വർത്തിക്കും.
സുഹൃത്തുക്കളെ,
ഭാരതത്തിൽ വ്യോമയാന മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സ്ഥിരതയുള്ള പരിഷ്കാരങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയാണ്. ഭാരതത്തെ ഒരു ആഗോള ഉല്പാദന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യമായ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നു. ഈ വർഷത്തെ ബജറ്റിൽ, ഞങ്ങൾ നിർമാണ ദൗത്യം പ്രഖ്യാപിച്ചു. ഈ വർഷം ആദ്യം, നായിഡു ജി സൂചിപ്പിച്ചതുപോലെ, എയർക്രാഫ്റ്റ് ഒബ്ജെക്റ്റ്സ് സംരക്ഷണ ബിൽ ഞങ്ങൾ ഇന്ത്യൻ പാർലമെന്റിൽ പാസാക്കി. ഇത് ഭാരതത്തിലെ കേപ് ടൗൺ കൺവെൻഷന് നിയമപരമായ ശക്തി നൽകി. തൽഫലമായി, ആഗോള വിമാന ലീസിംഗ് കമ്പനികൾക്ക് ഭാരതത്തിൽ പ്രവർത്തിക്കാൻ ഒരു പുതിയ അവസരം തുറന്നിരിക്കുന്നു. ഗിഫ്റ്റ് സിറ്റിയിൽ (ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി) നൽകുന്ന പ്രോത്സാഹനങ്ങളെക്കുറിച്ച് നിങ്ങളിൽ പലർക്കും ഇതിനകം അറിയാം. ഈ പ്രോത്സാഹനങ്ങൾ ഭാരതത്തെ വിമാന ലീസിംഗിനുള്ള ആകർഷകമായ സ്ഥലമാക്കി മാറ്റി.
സുഹൃത്തുക്കളെ,
പുതിയ ഇന്ത്യൻ എയർക്രാഫ്റ്റ് ആക്റ്റ് നമ്മുടെ വ്യോമയാന നിയമങ്ങളെ ആഗോളതലത്തിലെ മികച്ച രീതികളുമായി യോജിപ്പിക്കുന്നു. ഇതിനർത്ഥം ഭാരതത്തിന്റെ വ്യോമയാന നിയമങ്ങൾ ഇപ്പോൾ ലളിതമാണ്, നിയന്ത്രണങ്ങൾ കൂടുതൽ ബിസിനസ് സൗഹൃദപരമാണ്, നികുതി ഘടന ലളിതമാക്കിയിരിക്കുന്നു എന്നാണ്. അതിനാൽ, ലോകത്തിലെ മുൻനിര വ്യോമയാന കമ്പനികൾക്ക് ഭാരതത്തിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണിത്.
സുഹൃത്തുക്കളെ,
വ്യോമയാന മേഖലയിലെ വളർച്ച എന്നാൽ പുതിയ വിമാനങ്ങൾ, പുതിയ ജോലികൾ, പുതിയ അവസരങ്ങൾ എന്നിവയാണ്. പൈലറ്റുമാർ, ക്രൂ അംഗങ്ങൾ, എഞ്ചിനീയർമാർ, ഗ്രൗണ്ട് സ്റ്റാഫ് എന്നിവർക്ക് വ്യോമയാന മേഖല പുതിയ വഴികൾ സൃഷ്ടിക്കുന്നു. മറ്റൊരു സൂര്യോദയ മേഖല ഉയർന്നുവരുന്നു - MRO, അതായത്, അറ്റകുറ്റപ്പണി, പരിപാലനം, ഓവർഹോൾ. ഭാരതത്തെ വിമാന അറ്റകുറ്റപ്പണികൾക്കുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഞങ്ങളുടെ പുതിയ MRO നയങ്ങൾ ത്വരിതപ്പെടുത്തി. 2014 ൽ, ഭാരതത്തിൽ 96 MRO സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഇന്ന്, ആ എണ്ണം 154 ആയി ഉയർന്നു. ഓട്ടോമാറ്റിക് റൂട്ടിൽ 100% എഫ്ഡിഐ, ജിഎസ്ടി കുറവ്, നികുതി യുക്തിസഹീകരണം തുടങ്ങിയ പരിഷ്കാരങ്ങൾ എംആർഒ മേഖലയ്ക്ക് പുതിയ ആക്കം നൽകി. ഇപ്പോൾ, 2030 ഓടെ ഭാരതത്തെ 4 ബില്യൺ ഡോളറിന്റെ എംആർഒ ഹബ്ബാക്കി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
സുഹൃത്തുക്കളെ,
ലോകം ഭാരതത്തെ ഒരു വ്യോമയാന വിപണിയായി മാത്രമല്ല, ഒരു മൂല്യ ശൃംഖലാ നേതാവായി കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഡിസൈൻ മുതൽ ഡെലിവറി വരെ, ഭാരതം ആഗോള വ്യോമയാന വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറുകയാണ്. നമ്മുടെ ദിശ ശരിയാണ്, നമ്മുടെ വേഗത ശരിയാണ്, അത് വേഗത്തിൽ പുരോഗമിക്കാനുള്ള ആത്മവിശ്വാസം നൽകുന്നു. എല്ലാ വ്യോമയാന കമ്പനികളോടും ഞാൻ അഭ്യർത്ഥിക്കുന്നു: മെയ്ക്ക് ഇൻ ഇന്ത്യയ്‌ക്കൊപ്പം, ഡിസൈൻ ഇൻ ഇന്ത്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
സുഹൃത്തുക്കളെ,
ഭാരതത്തിന്റെ വ്യോമയാന മേഖലയുടെ മറ്റൊരു ശക്തമായ സ്തംഭം അതിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്ന മാതൃകയാണ്. ഇന്ന്, ഭാരതത്തിലെ പൈലറ്റുമാരിൽ 15% ത്തിലധികം പേർ സ്ത്രീകളാണ് - ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണ്. ലോകമെമ്പാടും, ക്യാബിൻ ക്രൂ റോളുകളിൽ സ്ത്രീകളുടെ ശരാശരി പങ്കാളിത്തം ഏകദേശം 70% ആണ്, അതേസമയം ഭാരതത്തിന്റെ കണക്ക് 86% ആണ്. ഭാരതത്തിന്റെ എംആർഒ മേഖലയിലെ വനിതാ എഞ്ചിനീയർമാരുടെ എണ്ണവും ആഗോള ശരാശരിയേക്കാൾ കൂടുതലാണ്.
സുഹൃത്തുക്കളെ,
ഇന്നത്തെ വ്യോമയാന മേഖലയിലെ മറ്റൊരു പ്രധാന ഘടകം ഡ്രോൺ സാങ്കേതികവിദ്യയാണ്. സാങ്കേതിക പുരോഗതിക്ക് മാത്രമല്ല, സാമ്പത്തികവും സാമൂഹികവുമായ ഉൾപ്പെടുത്തലിനുള്ള ഒരു ഉപകരണമായും ഭാരതം ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഡ്രോണുകൾ വഴി, ഞങ്ങൾ വനിതാ സ്വയം സഹായ ഗ്രൂപ്പുകളെ ശാക്തീകരിക്കുന്നു. കൃഷി, വിതരണ സേവനങ്ങൾ, മറ്റ് അവശ്യ മേഖലകൾ എന്നിവയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നതിന് ഇത് കാരണമായി.
സുഹൃത്തുക്കളെ,
വ്യോമയാനത്തിൽ ഞങ്ങൾ എല്ലായ്പ്പോഴും സുരക്ഷയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഭാരതം അതിന്റെ നിയന്ത്രണങ്ങൾ ICAO യുടെ ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തി. അടുത്തിടെ, ICAO യുടെ സുരക്ഷാ ഓഡിറ്റ് ഞങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. ഏഷ്യ-പസഫിക് മന്ത്രിതല സമ്മേളനത്തിൽ ഡൽഹി പ്രഖ്യാപനം അംഗീകരിച്ചത് ഭാരതത്തിന്റെ ശക്തമായ പ്രതിബദ്ധതയുടെ തെളിവാണ്. തുറന്ന ആകാശത്തെയും ആഗോള കണക്റ്റിവിറ്റിയെയും ഭാരതം എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ഷിക്കാഗോ കൺവെൻഷന്റെ തത്വങ്ങൾ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. വിമാന യാത്ര എല്ലാവർക്കും പ്രാപ്യവും താങ്ങാനാവുന്നതും സുരക്ഷിതവുമായ ഒരു ഭാവി സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. വ്യോമയാന മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് നിങ്ങൾ എല്ലാവരും പുതിയ പരിഹാരങ്ങൾ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.
വളരെ നന്ദി.
***
NK
(Release ID: 2135916)
Visitor Counter : 3
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada