ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ബിഎസ്എഫ് ബഹുമതി ദാന ചടങ്ങിലും റുസ്തംജി സ്മാരക പ്രഭാഷണത്തിലും മുഖ്യാതിഥിയായി പങ്കെടുത്തു
Posted On:
23 MAY 2025 4:36PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്)യുടെ ബഹുമതി ദാന ചടങ്ങിലും റുസ്തംജി സ്മാരക പ്രഭാഷണത്തിലും മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടർ, അതിർത്തി സുരക്ഷാ സേനയുടെ ഡയറക്ടർ ജനറൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പരിമിതമായ വിഭവങ്ങളോടെ ആരംഭിച്ച ഒരു സംഘടന ലോകത്തിലെ ഏറ്റവും വലുതും അഭിമാനകരവുമായ അതിർത്തി സുരക്ഷാ സേനയായി എങ്ങനെ ഉയർന്നുവന്നുവെന്നതിന് തെളിവാണ് 1965 മുതൽ 2025 വരെയുള്ള ബിഎസ്എഫിന്റെ യാത്ര എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ആഗോള മികവ് കൈവരിക്കുന്നതിന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ ദേശസ്‌നേഹമെന്ന പ്രചോദനത്തിലൂടെ കഴിയുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ബിഎസ്എഫ് എന്ന് അദ്ദേഹം പറഞ്ഞു. 45 ഡിഗ്രിക്ക് മുകളിലുള്ള കൂടിയ താപനിലയോ, വളരെ താഴ്ന്ന താപനിലയോ, നിബിഡ വനങ്ങളിലോ , പരുക്കൻ പർവത പ്രദേശങ്ങളിലോ , തീരപ്രദേശങ്ങളിലോ ആകട്ടെ, പ്രതികൂല സാഹചര്യങ്ങളിൽ ബിഎസ്‌എഫ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്ന ദേശസ്‌നേഹവും സമർപ്പണവും പ്രതിരോധത്തിന്റെ ആദ്യ നിര എന്ന ബഹുമതി ബിഎസ്‌എഫിന് നേടിക്കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓരോ അതിർത്തിയും സംരക്ഷിക്കാൻ ഒരു സേനയെ നിയോഗിക്കാൻ രാജ്യം തീരുമാനമെടുത്തതായും, ബിഎസ്‌എഫിന്റെ കഴിവിന്റെ അടിസ്ഥാനത്തിൽ, ഏറ്റവും വെല്ലുവിളി നിറഞ്ഞ രണ്ട് അതിർത്തികളായ ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവ സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്വo അവരെ ഏൽപ്പിച്ചതായും ശ്രീ ഷാ കൂട്ടിച്ചേർത്തു.

ബിഎസ്‌എഫിന്റെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ച ശ്രീ കെ.എഫ്. റുസ്തംജിയുടെ സംഭാവനകളെ ശ്രീ അമിത് ഷാ അനുസ്മരിച്ചു. സമാധാനകാലത്ത് പോലും അതിർത്തികൾ സുരക്ഷിതമാക്കാൻ കഴിയുന്ന ഒരു സേനയുടെ ആവശ്യകത 1965 ലെ യുദ്ധത്തിനുശേഷമാണ് ഉരുത്തിരിഞ്ഞതെന്നും, ഇത് ബിഎസ്‌എഫിന്റെ രൂപീകരണത്തിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു. റുസ്തംജി ബി എസ് എഫിന്റെ ആദ്യ ഡയറക്ടർ ജനറലായി മാറിയതായും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പരാമർശിച്ചു . 1971 ൽ ഇന്ത്യയ്ക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിൽ ബിഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ധീരതയും സംഭാവനകളും രാഷ്ട്രം ഒരിക്കലും മറക്കില്ലെന്നും, പ്രതേകിച്ചു ബംഗ്ലാദേശ് അത് ഒരിക്കലും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് രൂപീകരണത്തിൽ ബിഎസ്എഫ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അനീതിക്കെതിരെ പോരാടുന്നതിൽ സായുധ സേനയ്‌ക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് മാതൃകാപരമായ ധീര പ്രവർത്തനം ബി എസ് എഫ് കാഴ്ച വെച്ചിട്ടുണ്ടെന്നും ശ്രീ ഷാ അഭിപ്രായപ്പെട്ടു.

അതിർത്തി സുരക്ഷയ്‌ക്കൊപ്പം ആഭ്യന്തര സുരക്ഷ, ദുരന്തനിവാരണം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ബിഎസ്എഫ് സജീവമായി പങ്കെടുക്കുകയും ഗുണഫലങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പായാലും, കോവിഡ്-19 മഹാമാരി ആയാലും, കായിക മത്സരങ്ങളായാലും, ഭീകരവാദത്തെയും നക്‌സലിസത്തെയും ചെറുക്കുന്നതായാലും, നിയോഗിക്കപ്പെടുന്ന എല്ലാ മേഖലകളിലും ബിഎസ്എഫ് അതിന്റെ കടമകൾ മികച്ച രീതിയിൽ നിർവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഎസ്‌എഫും സായുധ സേനയും ചേർന്ന് ലോകത്തിനുമുമ്പിൽ ധൈര്യത്തിന്റെ സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ച സമയത്താണ് ഇന്നത്തെ ഈ ചടങ്ങ് നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദൃഢമായ രാഷ്ട്രീയ ഇച്ഛാശക്തി, ഏജൻസികളിൽ നിന്നുള്ള കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ, നമ്മുടെ സേനകളുടെ ഉജ്വലമായ ശേഷി എന്നിവയുടെ ശ്രദ്ധേയമായ പ്രകടനമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി നമ്മുടെ രാജ്യം പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ നേരിട്ടിരുന്നു. വർഷങ്ങളായി നിരവധി ഭീകരാക്രമണങ്ങൾ പാകിസ്ഥാൻ നടത്തിയെങ്കിലും അവയ്ക്ക് ഒരിക്കൽ പോലും അർഹമായ മറുപടി നൽകിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 ൽ ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ, ഇന്ത്യൻ സൈനികർക്കെതിരായ ആദ്യത്തെ വലിയ ഭീകരാക്രമണം ഉറിയിൽ നടന്നു. തുടർന്ന് ആദ്യമായി ഞങ്ങൾ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തിയതായും, ഭീകരരുടെ ഒളിത്താവളങ്ങളിൽ നുഴഞ്ഞുകയറി ഉചിതമായ മറുപടി നൽകിയതായും ശ്രീ അമിത് ഷാ പറഞ്ഞു.ഈ പ്രതികരണംപാകിസ്താന്റെ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചെങ്കിലും അത് യാഥാർത്ഥ്യമായില്ല. പുൽവാമയിൽ നമ്മുടെ സൈനികർക്കെതിരെ മറ്റൊരു ഭീകരാക്രമണം നടന്നു. ഇത്തവണ, ഇന്ത്യൻ സേന വ്യോമാക്രമണത്തിലൂടെ ശക്തമായി പ്രതികരിച്ചുകൊണ്ട് വീണ്ടും ഭീകരരുടെ കേന്ദ്രങ്ങൾ നശിപ്പിച്ചു. പഹൽഗാമിൽ സ്ഥിതി കൂടുതൽ മോശമായതായി ശ്രീ ഷാ പറഞ്ഞു. പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരർ, മതം ചോദിച്ചറിഞ്ഞ ശേഷം നിരപരാധികളായ വിനോദസഞ്ചാരികളെ അവരുടെ ഭാര്യ ഉൾപ്പെടെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. അന്ന് പ്രധാനമന്ത്രി മോദി ഈ ഭീകരാക്രമണത്തിന് ഉചിതമായ മറുപടി നൽകുമെന്ന് പ്രഖ്യാപിച്ചതായും ഓപ്പറേഷൻ സിന്ദൂറായിരുന്നു ആ ഉചിതമായ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകം മുഴുവൻ നമ്മുടെ സായുധ സേനയുടെ ധീരതയെയും ഉജ്വല മികവിനെയും പ്രശംസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരാക്രമണങ്ങൾക്കുള്ള മറുപടി,ലോകത്തിന്റെ പല ഭാഗങ്ങളിലും നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ പ്രതികരണം അനിതരസാധാരണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പഹൽഗാമിലെ ആക്രമണത്തിന് ശേഷം, ഞങ്ങൾ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയും മിനിറ്റുകൾക്കുള്ളിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തു. അതിൽ രണ്ടെണ്ണം ഭീകരവാദ സംഘടനകളുടെ ആസ്ഥാനങ്ങളായിരുന്നു. ഇന്ത്യൻ സൈന്യം തുടക്കത്തിൽ പാകിസ്ഥാന്റെ സൈനിക സ്ഥാപനങ്ങളെയോ അവരുടെ വ്യോമതാവളങ്ങളെയോ ആക്രമിച്ചില്ല, മറിച്ച് നമ്മുടെ മണ്ണിൽ നടത്തിയ നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായ ഭീകരരുടെ ഒളിത്താവളങ്ങൾ മാത്രമാണ് തകർത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ആക്രമണം ഭീകരവാദികൾക്കെതിരെ മാത്രമായിരുന്നതിനാൽ ഈ നടപടി ഉചിതം ആയിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കന്നതായി ശ്രീ ഷാ പറഞ്ഞു. ഭീകരർക്കെതിരായ ആക്രമണത്തെ,പാകിസ്ഥാൻ ആ രാജ്യത്തിനെതിരായ ആക്രമണം ആയി കണക്കാക്കി ഭീകരതയെ പിന്തുണയ്ക്കുന്ന കാര്യം തെളിയിച്ചു. നമ്മുടെ രാജ്യത്തെ സിവിലിയന്മാരെയും സൈനിക സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കാൻ പാകിസ്ഥാൻ ധൈര്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം മികവുറ്റതാണെന്നും പാകിസ്ഥാന്റെ ആക്രമണങ്ങൾക്ക് നമ്മെ ഒരു തരത്തിലും ഉപദ്രവിക്കാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

പാകിസ്ഥാൻ സൈന്യം നമ്മുടെ പൗരന്മാരെയും സൈനിക സ്ഥാപനങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, ഇന്ത്യയുടെ സായുധ സേന അവരുടെ വ്യോമതാവളം ആക്രമിച്ച് കൃത്യമായി പ്രതികരിച്ചുവെന്നു ശ്രീ അമിത് ഷാ പറഞ്ഞു. നമ്മുടെ പ്രഹരശേഷി പ്രദർശിപ്പിക്കുകയും അവരുടെ വ്യോമപ്രതിരോധസംവിധാനം ഫലപ്രദമല്ലെന്നു തെളിയിക്കുകയും ചെയ്തു - ശ്രീ അമിത് ഷാ പറഞ്ഞു. അപ്പോൾ പോലും പാകിസ്ഥാനിലെ ജനവാസകേന്ദ്രങ്ങളൊന്നും നാം ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനും ഭീകരതയും തമ്മിലുള്ള ബന്ധം ലോകത്തിനുമുന്നിൽ തുറന്നുകാട്ടാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ, പാകിസ്ഥാൻ സൈന്യമാണു പ്രതികരിച്ചതെന്നും കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരച്ചടങ്ങുകളിൽ മുതിർന്ന പാകിസ്ഥാൻ സൈനികോദ്യോഗസ്ഥർ പങ്കെടുത്തതു ലോകം കണ്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ എപ്പോഴും നിഷേധിച്ചിരുന്നത് ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇപ്പോൾ ലോകത്തിനു മുന്നിൽ പൂർണമായും തുറന്നുകാട്ടപ്പെട്ടുവെന്നും, ഇന്ത്യയിലെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാകിസ്ഥാന്റെ സഹായമുണ്ടെന്നു സ്ഥിരീകരിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നമ്മുടെ മണ്ണിൽ നടന്ന ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിന്റെ ചരിത്രത്തിലെ ഏറ്റവും കൃത്യവും വിജയകരവുമായ പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു ലോകമെമ്പാടുമുള്ള വിദഗ്ധർ നമ്മുടെ സൈനികരുടെ ധീരത, പ്രഹരശേഷി, സംയമനം എന്നിവയെ പ്രകീർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ സൈന്യത്തിന്റെയും ബിഎസ്എഫ് അതിർത്തി സേനയുടെയും പേരിൽ രാജ്യമാകെ അഭിമാനംകൊള്ളുന്നുവെന്നു ശ്രീ അമിത് ഷാ പറഞ്ഞു. അതിർത്തിയിലെ വെടിയുതിർക്കലിനു മറുപടി നൽകുന്നതിലൂടെ, ബിഎസ്എഫ് ഉള്ളിടത്തോളം കാലം പാകിസ്ഥാൻ സൈന്യത്തിന് ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാൻ കഴിയില്ലെന്നു ബിഎസ്എഫ് തെളിയിച്ചിട്ടുണ്ട്. പ്രതിരോധ ഉൽപ്പാദനരംഗത്തെ സ്വയംപര്യാപ്ത ഇന്ത്യയുടെ വിജയം ഫലപ്രദമായി തെളിയിക്കാൻ ഓപ്പറേഷൻ സിന്ദൂറിനു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ ഈ ശ്രമം കൂടുതൽ കരുത്താർജിക്കുമെന്നും കൂടുതൽ സ്വയംപര്യാപ്തതയിലേക്കു നാം നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ, മാതൃഭൂമിയെ കാത്തുസൂക്ഷിക്കുന്നതിനിടെ, ബിഎസ്എഫ് ഉദ്യോഗസ്ഥരായ മുഹമ്മദ് ഇംതിയാസ് അഹമ്മദും ദീപക് ചിംഗാഖവും പരമോന്നത ത്യാഗം വരിച്ചെന്നും അവരുടെ പേരുകൾ രാജ്യത്തിന്റെ പ്രതിരോധ ചരിത്രത്തിൽ എന്നെന്നേക്കുമായി തങ്ക ലിപികളിൽ ആലേഖനം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
15,000 കിലോമീറ്ററിലധികം നീളമുള്ളതും ഏറ്റവും വെല്ലുവിളി നിറഞ്ഞതുമായ ഇന്ത്യയുടെ അതിർത്തി ബിഎസ്എഫ് സുരക്ഷിതമാക്കുന്നുവെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അനേകം സാങ്കേതിക പ്രതിവിധികൾ കണ്ടെത്താൻ ബിഎസ്എഫ് ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. വേലി സ്ഥാപിക്കൽ സാധ്യമല്ലാത്ത പ്രദേശങ്ങളിൽ, അതിർത്തിസുരക്ഷയ്ക്കായി ബിഎസ്എഫ് ആഗോള സാങ്കേതിക പ്രതിവിധികൾ പരീക്ഷണാത്മകമായി നടപ്പാക്കിയിട്ടുണ്ട്. ബിഎസ്എഫ് ഉദ്യോഗസ്ഥർ നിരവധി ആഭ്യന്തര പരിഹാര സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും, ഭൂമിശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനുള്ള ഈ സാങ്കേതിക പുരോഗതി വരുംദിവസങ്ങളിൽ രാജ്യത്തെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിൽ ബിഎസ്എഫും സൈന്യവും ലോകത്തിനു മുന്നിൽ ധീരതയുടെ സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
1965 ഡിസംബർ ഒന്നിനു സ്ഥാപിതമായതിനുശേഷം, 2.75 ലക്ഷം ഉദ്യോഗസ്ഥരുള്ള ബിഎസ്‌എഫ്, ജല-കര-വ്യോമ സുരക്ഷായൂണിറ്റുകൾക്കു രൂപംനൽകി അതിന്റെ ദൗത്യങ്ങൾ അസാധാരണമാംവിധം നിർവഹിച്ച്, ലോകമെമ്പാടുമുള്ള എല്ലാ അതിർത്തിസുരക്ഷ സേനകളെയും അപേക്ഷിച്ച് ഏറ്റവും മുൻപന്തിയിൽ നിലകൊള്ളുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. ബിഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ധീരതയെ രാജ്യം എപ്പോഴും ആദരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പത്മവിഭൂഷൺ, 2 പത്മഭൂഷൺ, 7 പത്മശ്രീ, ഒരു മഹാവീരചക്ര, 6 കീർത്തിചക്ര, 13 ശൗര്യചക്ര, 56 സേനാമെഡലുകൾ, 1246 പൊലീസ് ധീരതാമെഡലുകൾ എന്നിവ ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതുല്യമായ സമർപ്പണത്തിനുള്ള തെളിവാണ് ഇത്തരത്തിലുള്ള നിരവധി അംഗീകാരങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, ഏകദേശം 1.1 ലക്ഷം കിലോഗ്രാം ലഹരി വസ്തുക്കൾ പിടിച്ചെടുത്ത്, ലഹരിക്കെതിരായ പോരാട്ടത്തിനു ബിഎസ്‌എഫ് കരുത്തുപകർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 78-ലധികം നക്സലൈറ്റുകളെ ഉന്മൂലനം ചെയ്തതിലൂടെ നക്സൽവിരുദ്ധ പ്രവർത്തനങ്ങളുടെ വിജയത്തിനു ബിഎസ്‌എഫ് ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ധീരതയ്ക്കു പിന്നിൽ നരേന്ദ്ര മോദി ഗവണ്മെന്റും ആഭ്യന്തര മന്ത്രാലയവും രാജ്യമാകെയും ഉറച്ചുനിൽക്കുന്നുവെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യം ബിഎസ്എഫ് ഉദ്യോഗസ്ഥരിൽ വിശ്വാസവും ബഹുമാനവും അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
***************
(Release ID: 2130843)