ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ പുതിയ മൾട്ടി ഏജൻസി സെന്റർ (എംഎസി) ഉദ്ഘാടനം ചെയ്തു

ഓപ്പറേഷൻ സിന്ദൂർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തിയുടെയും രഹസ്യാന്വേഷണ ഏജൻസികളുടെ കൃത്യമായ വിവരങ്ങളുടെയും മൂന്ന് സായുധ സേനകളുടെ അപ്രമാദിത്വ പ്രഹരശേഷിയുടെയും സവിശേഷ പ്രതീകം

വിവിധ ഏജൻസികളുടെ ശ്രമങ്ങള്‍ സമന്വയിപ്പിക്കുന്ന പുതിയ എംഎസി സങ്കീർണവും പരസ്പരബന്ധിതവുമായ നിലവിലെ ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ സുഗമവും സംയോജിതവുമായ വേദിയൊരുക്കും

Posted On: 16 MAY 2025 6:01PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 16 മെയ് 2025

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ പുതിയ മൾട്ടി ഏജൻസി സെന്റർ (എംഎസി)  ഉദ്ഘാടനം ചെയ്തു.  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തിയുടെയും രഹസ്യാന്വേഷണ ഏജൻസികളുടെ കൃത്യമായ വിവരങ്ങളുടെയും രാജ്യത്തെ മൂന്ന് സായുധ സേനകളുടെ അപ്രമാദിത്വ പ്രഹരശേഷിയുടെയും സവിശേഷ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂര്‍ എന്ന് ചടങ്ങില്‍  സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. മൂന്ന് സായുധ സേനകളിലും അതിർത്തിരക്ഷാ സേനയിലും എല്ലാ സുരക്ഷാ ഏജൻസികളിലും ഇന്ത്യ അഭിമാനിക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു.
 

 
ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കരേഗട്ടലു കുന്നുകളിൽ (കെജിഎച്ച്) കേന്ദ്ര സായുധ പൊലീസ് സേന (സിഎപിഎഫ്) ഈയിടെ നടത്തിയ ചരിത്രപരമായ നക്സൽ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി നക്സലൈറ്റുകൾക്കെതിരായ  ചരിത്രപരമായ പ്രവർത്തനങ്ങൾ  രാജ്യത്തെ സുരക്ഷാ സേനകൾ തമ്മിലെ മികച്ച ഏകോപനം പ്രകടമാക്കുന്നുവെന്ന് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിലും സമാന ഏകോപനമുണ്ടായിരുന്നുവെന്നും ശ്രീ ഷാ പറഞ്ഞു. ദൗത്യത്തില്‍ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ ചിന്തയും മൂന്ന് സായുധ സേനകളുടെ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ ഏകോപനത്തോടെ നടപ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
 

 
സമകാലിക സാഹചര്യത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന സങ്കീർണ്ണവും പരസ്പരബന്ധിതവുമായ ദേശീയ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിൽ എല്ലാ ഏജൻസികളുടെയും ശ്രമങ്ങളെ സമന്വയിപ്പിക്കാന്‍ പുതിയ എംഎസി  സുഗമവും സംയോജിതവുമായ വേദിയൊരുക്കുമെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. തീവ്രവാദം, ഭീകരവാദം,  സംഘടിത കുറ്റകൃത്യങ്ങൾ, സൈബർ ആക്രമണങ്ങൾ തുടങ്ങിയ ഗുരുതര  ഭീഷണികള്‍ നേരിടാന്‍ രാജ്യം നടത്തുന്ന ശ്രമങ്ങളെ ഈ പുതിയ ശൃംഖല ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 

 
പുതിയ എംഎസി ശൃംഖലയെ പ്രശംസിച്ച ശ്രീ അമിത് ഷാ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ സംബന്ധമായ ജോലികൾ റെക്കോഡ് സമയത്തിനകം വിജയകരമായി പൂർത്തിയാക്കിയതിൽ സംതൃപ്തി പ്രകടിപ്പിച്ചു. എംഎസി, ജിഐഎസ് സേവനങ്ങളുമായി ബന്ധപ്പെട്ട വിശാല വിവരശേഖരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താന്‍ എഐ/എംഎൽ സംയോജിത സാങ്കേതികവിദ്യകളടക്കം ഭാവി അധിഷ്ഠിത ശേഷി ഇതില്‍ ഉൾപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പുതിയ എംഎസി ഉപയോഗിച്ച് ലഭ്യമാക്കിയ നവീന വിവര വിശകലന സംവിധാനങ്ങള്‍  പ്രയോജനപ്പെടുത്തുന്നതിന്  വ്യത്യസ്ത കേന്ദ്ര ഏജൻസികളുമായി സംയോജിപ്പിച്ചിരിക്കുന്ന മറ്റ് സുപ്രധാന വിവരശേഖരങ്ങളെ ഈ സംവിധാനവുമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ അദ്ദേഹം ഭാവി പദ്ധതിയ്ക്ക് രൂപംനല്‍കി.  കൃത്യമായ പ്രവണതകളുടെ വിശകലനം, അപകടമേഖല നിര്‍ണയം, സമയക്രമ വിശകലനം എന്നിവയുടെ പ്രവചനാത്മകവും പ്രായോഗികവുമായ ഫലങ്ങൾ നൽകാനാവുംവിധം  എംഎസി ശൃംഖലയില്‍  സൃഷ്ടിക്കപ്പെടുന്ന വിവര വിശകലനങ്ങളുടെ ഗുണനിലവാരം മികച്ച തലത്തിലേക്കുയർത്താൻ പുതിയ ശൃംഖല സഹായിക്കുമെന്ന് ശ്രീ ഷാ പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഭീകര ആവാസവ്യവസ്ഥയെ ചെറുക്കുന്നതിൽ പുതിയ എംഎസി ഏറെ സഹായകമാവും.
 

 
2001 മുതൽ നിലവിലുള്ള രാജ്യത്തെ മുൻനിര ഇന്റലിജൻസ് സംയോജന കേന്ദ്രമായ മൾട്ടി ഏജൻസി സെന്ററിന്റെ  (എംഎസി) സാങ്കേതിക നവീകരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി  തുടർച്ചയായി നേതൃത്വം നൽകിവരുന്നു. ഇന്റലിജൻസ് ബ്യൂറോയുമായി ചേർന്ന് പുതിയ എംഎസി എല്ലാ ഇന്റലിജൻസ് -  സുരക്ഷാ - നിയമ നിർവഹണ -  അന്വേഷണ ഏജൻസികളെയും ബന്ധിപ്പിച്ചിട്ടുണ്ട്. 500 കോടിയിലധികം രൂപ ചെലവിൽ നടപ്പാക്കിയ പുതിയ എംഎസി ശൃംഖല ഗുണാത്മക -  നിര്‍ണയാത്മക പരിവർത്തനത്തിന് വിധേയമായി. രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന പുതിയ എംഎസി ശൃംഖല ദ്വീപ് മേഖലകളെയും കലാപ ബാധിത പ്രദേശങ്ങളെയും  ഉയര്‍ന്ന മേഖലകളിലെ പർവതപ്രദേശങ്ങളെയുമെല്ലാം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.  വിദൂരദേശങ്ങളിലെ ജില്ലാ എസ്പിമാരുടെ തലം വരെ വേഗമേറിയതും സ്വതന്ത്രവുമായ സുരക്ഷിത ശൃംഖലയിലൂടെ അവസാനഘട്ട കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. 
 
***************

(Release ID: 2129192)