പ്രധാനമന്ത്രിയുടെ ഓഫീസ്
പരസ്പരം പ്രയോജനകരമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെയും ഡബിൾ കോൺട്രിബൂഷൻ കൺവെൻഷന്റേയും പൂർത്തീകരണത്തെ പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി സ്റ്റാർമറും സ്വാഗതം ചെയ്തു
സമഗ്ര തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഇതെന്ന് ഇരു നേതാക്കളും വിശേഷിപ്പിച്ചു.
കരാറുകൾ വ്യാപാര-സാമ്പത്തിക സഹകരണം വർധിപ്പിക്കുകയും, നൂതന ആശയങ്ങൾക്കും തൊഴിലവസരങ്ങൾക്കും ഉത്തേജനം നൽകുകയും, ചലനാത്മകത പ്രോത്സാഹിപ്പിക്കുകയും ചെയ്യും
യു. കെ. പ്രധാനമന്ത്രി സ്റ്റാർമറെ ഇന്ത്യ സന്ദർശിക്കാൻ ശ്രീ. നരേന്ദ്രമോദി ക്ഷണിച്ചു.
Posted On:
06 MAY 2025 6:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രട്ടീഷ് പ്രധാനമന്ത്രി സർ. കെയർ സ്റ്റാർമറും ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി. ഡബിൾ കോൺട്രിബൂഷൻ കൺവെൻഷന്റേയും അഭിലഷണീയവും പരസ്പരം പ്രയോജനകരവുമായ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെയും വിജയകരമായ പൂർത്തീകരണത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
ഇരു സമ്പദ്‌വ്യവസ്ഥകളിലും വ്യാപാരം, നിക്ഷേപം, നൂതന ആശയങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ പരിപോഷിപ്പിക്കുന്ന ഉഭയകക്ഷി സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലെ ചരിത്രപരമായ നാഴികക്കല്ലാണ് ഇതെന്ന് നേതാക്കൾ വിശേഷിപ്പിച്ചു.
ലോകത്തിലെ ബൃഹത്തും തുറന്നതുമായ വിപണി സമ്പദ്‌വ്യവസ്ഥകളുള്ള രണ്ട് രാജ്യങ്ങൾ തമ്മിലെ സുപ്രധാന കരാറുകൾ പുതിയ ബിസിനസ് അവസരങ്ങൾ തുറക്കുകയും, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുമെന്ന് ഇരു നേതാക്കളും സമ്മതിച്ചു.
ആഗോള സമ്പദ്‌വ്യവസ്ഥകളുമായുള്ള സഖ്യങ്ങൾ ശക്തിപ്പെടുത്തുന്നതും വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതും കൂടുതൽ ശക്തവും സുരക്ഷിതവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള അവരുടെ പദ്ധതിയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി സ്റ്റാർമർ പറഞ്ഞു.
ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ വികസിപ്പിക്കുന്നത് വർദ്ധിച്ചുവരുന്ന ശക്തവും ബഹുമുഖവുമായ പങ്കാളിത്തത്തിന്റെ അടിത്തറയായി തുടരുമെന്ന് ഇരു നേതാക്കളും സമ്മതിച്ചു. സാധനങ്ങളുടെയും സേവനങ്ങളുടെയും വ്യാപാരം ഉൾക്കൊള്ളുന്ന സന്തുലിതവും നീതിയുക്തവും അഭിലാഷപൂർണ്ണവുമായ ഒരു സ്വതന്ത്ര വ്യാപാര കരാർ (FTA) പൂർത്തിയാകുന്നത് ഉഭയകക്ഷി വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണികൾക്കായി ഉൽപ്പന്നങ്ങളും സേവനങ്ങളും സംയുക്തമായി വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങൾക്കും പുതിയ സാധ്യതകൾ തുറക്കാനും ഇത് സഹായിക്കും. ഈ കരാർ ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തമായ അടിത്തറ ഉറപ്പിക്കുകയും സഹകരണത്തിന്റെയും സമൃദ്ധിയുടെയും ഒരു പുതിയ യുഗത്തിന് വഴിയൊരുക്കുകയും ചെയ്യും.
പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി സ്റ്റാർമറെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു. നിരന്തര ബന്ധം തുടരാനും നേതാക്കൾ സമ്മതമറിയിച്ചു.
-SK-
(Release ID: 2127335)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada