ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

നീറ്റ് പരീക്ഷയിൽ മുഖപ്രാമാണീകരണം UIDAI വിജയകരമായി പരീക്ഷിച്ചു

Posted On: 05 MAY 2025 2:53PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG) 2025 ൽ ആധാർ അധിഷ്ഠിത മുഖം തിരിച്ചറിയൽ രേഖ ഉപയോഗിക്കുന്നതിനുള്ള പ്രൂഫ് ഓഫ് കൺസെപ്റ്റ് (പ്രായോഗിക പരീക്ഷണം-PoC) യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വിജയകരമായി പരീക്ഷിച്ചു .

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) എന്നിവയുമായി സഹകരിച്ചാണ് ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. നൂതന ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷകളുടെ സുരക്ഷയും പരീക്ഷാർത്ഥികളുടെ പരിശോധനാ പ്രക്രിയകളും മെച്ചപ്പെടുത്തുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭം.

ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന പരീക്ഷകളിൽ ഒന്നായ നീറ്റിന് ഹാജരാകുന്ന പരീക്ഷാർത്ഥികളുടെ ആധികാരികത പരിശോധിക്കുന്നതിനുള്ള ഒരു മാർഗമായി ആധാർ അധിഷ്ഠിത ഫെയ്‌സ് ഓതന്റിക്കേഷൻ  (മുഖപ്രാമാണീകരണം) ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ഫലപ്രാപ്തിയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു PoC.

PoC സമയത്ത്, ഡൽഹിയിലെ തിരഞ്ഞെടുത്ത നീറ്റ് കേന്ദ്രങ്ങളിൽ ആധാർ അധിഷ്ഠിത മുഖപ്രാമാണീകരണ സാങ്കേതികവിദ്യ വിന്യസിച്ചു. കൂടാതെ NIC യുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യവുമായും NTA യുടെ പരീക്ഷാ പ്രോട്ടോക്കോളുമായും തടസ്സരഹിതമായി സമന്വയിപ്പിച്ചു.

ആധാറിന്റെ ബയോമെട്രിക് ഡാറ്റാബേസ് ഉപയോഗിച്ച് തത്സമയ മുഖപ്രാമാണീകരണം വിജയകരമായി പരീക്ഷിച്ചു. സമ്പർക്ക രഹിതവും കാര്യക്ഷമവുമായിരുന്നു പ്രക്രിയ. പരീക്ഷാർത്ഥികളുടെ  പരിശോധനയിൽ PoC ഫലങ്ങൾ ഉന്നത നിലവാരത്തിലുള്ള കൃത്യതയും കാര്യക്ഷമതയും പ്രകടമാക്കി.

വലിയ പരീക്ഷകളിൽ ഐഡന്റിറ്റി പരിശോധനയ്ക്കുള്ള സുരക്ഷിതവും, വിപുലീകരിക്കാവുന്നതും, വിദ്യാർത്ഥികൾക്ക് അനുഗുണവുമായ ഒരു പരിഹാരമായി ആധാർ അധിഷ്ഠിത മുഖപ്രാമാണീകരണം ഉപയോഗിക്കുന്നതിനുള്ള സാധ്യതയും ഈ സംരംഭം വെളിപ്പെടുത്തി. ഭാവിയിലെ ഉപയോഗ സാധ്യതയും, പ്രവേശന പരീക്ഷകളിൽ ആൾമാറാട്ട ശ്രമങ്ങൾ ഗണ്യമായി തടയുന്നതിന് എങ്ങനെ ഉപയോഗിക്കാനാകുമെന്നും ഇതിലൂടെ വ്യക്തമായി.

പൊതു സേവനങ്ങളിൽ സുതാര്യതയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റൽ നൂതനാശയങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സഹകരണാത്മക ഉദ്യമം പ്രതിഫലിപ്പിക്കുന്നത്
.

(Release ID: 2127036) Visitor Counter : 28