പ്രധാനമന്ത്രിയുടെ ഓഫീസ്
46-ാമതു പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
96,000 കോടിയിലധികം രൂപയുടെ എട്ടു സുപ്രധാന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു
ഗുണഭോക്താക്കളെ തിരിച്ചറിയുന്നതു ബയോമെട്രിക്സ് അടിസ്ഥാനമാക്കിയുള്ള ആധാർ സ്ഥിരീകരണത്തിലൂടെയോ പരിശോധനയിലൂടെയോ കർശനമായി നടക്കുന്നുവെന്ന് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി
നഗരത്തിന്റെ വളർച്ചാപാതയുമായി പൊരുത്തപ്പെടുന്ന വിശാലമായ നഗരാസൂത്രണ ശ്രമങ്ങളുടെ പ്രധാന ഘടകമായി റിങ് റോഡിനെ സംയോജിപ്പിക്കണം: പ്രധാനമന്ത്രി
ജൽ മാർഗ് വികാസ് പദ്ധതി അവലോകനം ചെയ്ത പ്രധാനമന്ത്രി, ഉല്ലാസനൗകാവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മേഖലകളിൽ കരുത്തുറ്റ സാമൂഹ്യബന്ധം സ്ഥാപിക്കാൻ ശ്രമിക്കണമെന്നു നിർദേശിച്ചു
സമഗ്രവും ദീർഘവീക്ഷണാത്മകവുമായ ആസൂത്രണം സാധ്യമാക്കുന്നതിനു പിഎം ഗതി ശക്തിയും മറ്റു സംയോജിതസംവിധാനങ്ങളും പോലുള്ള സങ്കേതങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു
Posted On:
30 APR 2025 8:41PM by PIB Thiruvananthpuram
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സജീവ ഭരണനിർവഹണത്തിനും സമയോചിത ഇടപെടലിനുമായുള്ള ഐസിടി അധിഷ്ഠിത ബഹുതലവേദി ‘പ്രഗതി’യുടെ 46-ാം യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷനായി.
മൂന്നു റോഡ് പദ്ധതികൾ, റെയിൽവേയുടെയും തുറമുഖ-കപ്പൽവ്യാപാര-ജലപാത മേഖലയുടെയും രണ്ടു പദ്ധതികൾവീതം എന്നിവയുൾപ്പെടെ എട്ടു പ്രധാന പദ്ധതികൾ യോഗത്തിൽ അവലോകനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികളുടെ സംയോജിത ചെലവ് ഏകദേശം 90,000 കോടിരൂപയാണ്.
‘പ്രധാൻമന്ത്രി മാതൃ വന്ദന യോജന’(പിഎംഎംവിവൈ)യുമായി ബന്ധപ്പെട്ട പരാതിപരിഹാരം അവലോകനം ചെയ്യവേ, ഗുണഭോക്താക്കളെ തിരിച്ചറിയുന്നതു ബയോമെട്രിക്സ് അടിസ്ഥാനമാക്കിയുള്ള ആധാർ സ്ഥിരീകരണത്തിലൂടെയോ പരിശോധനയിലൂടെയോ കർശനമായി നടക്കുന്നുവെന്ന് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. ‘പ്രധാൻമന്ത്രി മാതൃ വന്ദന യോജന’യിൽ കൂടുതൽ പരിപാടികൾ സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. കുട്ടികളുടെ പരിചരണം പ്രോത്സാഹിപ്പിക്കൽ, ആരോഗ്യ-ശുചിത്വ രീതികൾ മെച്ചപ്പെടുത്തൽ, ശുചിത്വം ഉറപ്പാക്കൽ, അമ്മയുടെയും നവജാത ശിശുവിന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനു സംഭാവനയേകുന്ന അനുബന്ധ വശങ്ങൾ അഭിസംബോധന ചെയ്യൽ എന്നിവ ലക്ഷ്യമിട്ടുള്ളവയ്ക്കു പ്രത്യേക പരിഗണനയേകണമെന്ന് അദ്ദേഹം പറഞ്ഞു.
റിങ് റോഡ് വികസനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യപദ്ധതി അവലോകനം ചെയ്യുന്നതിനിടെ, വിശാലമായ നഗരാസൂത്രണ ശ്രമങ്ങളുടെ പ്രധാന ഘടകമായി റിങ് റോഡ് വികസനം സംയോജിപ്പിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 25-30 വർഷത്തിനുള്ളിൽ നഗരത്തിന്റെ വളർച്ചാപാതയുമായി അതു യോജിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കി, വികസനത്തെ സമഗ്രമായി സമീപിക്കണം. സ്വയം സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നവയിൽ, പ്രത്യേകിച്ച് റിങ് റോഡിന്റെ ദീർഘകാല പ്രവർത്തനക്ഷമതയുടെയും കാര്യക്ഷമമായ പരിപാലനത്തിന്റെയും പശ്ചാത്തലത്തിൽ, വിവിധ ആസൂത്രണ മാതൃകകൾ പഠിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. പൊതുഗതാഗതത്തിന് അനുയോജ്യവും സുസ്ഥിരവുമായ ബദലായി നഗരത്തിന്റെ ഗതാഗത അടിസ്ഥാനസൗകര്യത്തിനുള്ളിൽ ചാക്രിക റെയിൽശൃംഖല സംയോജിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ജൽ മാർഗ് വികാസ്’ പദ്ധതിയുടെ അവലോകനത്തിനിടെ, ഉല്ലാസനൗകാവിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മേഖലകളിൽ കരുത്തുറ്റ സാമൂഹ്യബന്ധം സ്ഥാപിക്കാൻ ശ്രമിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു ജില്ല ഒരുൽപ്പന്നം’ (ഒഡിഒപി) സംരംഭവുമായി ബന്ധപ്പെട്ടു കരകൗശലവിദഗ്ധർക്കും സംരംഭകർക്കും മറ്റു പ്രാദേശിക കരകൗശലവസ്തുക്കൾക്കും വ്യാപാര വിപുലീകരണത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നത് ഊർജസ്വലമായ പ്രാദേശിക ആവാസവ്യവസ്ഥ വളർത്തിയെടുക്കും. സാമൂഹ്യ ഇടപെടൽ വർധിപ്പിക്കൽ മാത്രമല്ല, ജലപാതയോടു ചേർന്നുള്ള പ്രദേശങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളും ഉപജീവനമാർഗവും ഉത്തേജിപ്പിക്കൽകൂടിയാണ് ഈ സമീപനത്തിന്റെ ലക്ഷ്യം. ഇത്തരം ഉൾനാടൻ ജലപാതകൾ വിനോദസഞ്ചാരത്തിനും പ്രേരകശക്തികളാകണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
സമഗ്രവും ദീർഘവീക്ഷണാത്മകവുമായ ആസൂത്രണം സാധ്യമാക്കുന്നതിനു പിഎം ഗതി ശക്തി, മറ്റു സംയോജിതസംവിധാനങ്ങൾ തുടങ്ങിയ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി ആവർത്തിച്ചു. മേഖലകളിലുടനീളം സമന്വയം കൈവരിക്കുന്നതിനും കാര്യക്ഷമമായ അടിസ്ഥാനസൗകര്യവികസനം ഉറപ്പാക്കുന്നതിനും അത്തരം സങ്കേതങ്ങളുടെ ഉപയോഗം നിർണായകമാണെന്നതിന് അദ്ദേഹം ഊന്നൽ നൽകി.
വസ്തുതാപരമായ തീരുമാനമെടുക്കലിനും ഫലപ്രദമായ ആസൂത്രണത്തിനും വിശ്വസനീയവും നിലവിലുള്ളതുമായ വിവരങ്ങൾ അനിവാര്യമായതിനാൽ, എല്ലാ പങ്കാളികളും വിവരസഞ്ചയങ്ങൾ പതിവായി പുതുക്കുകയും കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്നുറപ്പാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.
പ്രഗതി യോഗങ്ങളുടെ 46-ാം പതിപ്പുവരെ ഏകദേശം 20 ലക്ഷം കോടി രൂപ മൊത്തം ചെലവുവരുന്ന 370 പദ്ധതികൾ അവലോകനം ചെയ്തിട്ടുണ്ട്.
****
SK
(Release ID: 2125640)
Visitor Counter : 17