പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഏപ്രിൽ 29ന് YUGM സമ്മേളനത്തിൽ പങ്കെടുക്കും
സ്വയംപര്യാപ്തവും നൂതനാശയാധിഷ്ഠിതവുമായ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, നൂതനാശയങ്ങളുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികൾക്കു സമ്മേളനത്തിൽ തുടക്കമാകും
ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥയിൽ വലിയ തോതിൽ സ്വകാര്യ നിക്ഷേപം ഉത്തേജിപ്പിക്കുക എന്നതാണു സമ്മേളനത്തിന്റെ ലക്ഷ്യം
സമ്മേളനത്തിലെ ഡീപ് ടെക് സ്റ്റാർട്ടപ്പ് പ്രദർശനത്തിൽ രാജ്യത്തുടനീളമുള്ള അത്യാധുനിക കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കും
Posted On:
28 APR 2025 7:07PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഏപ്രിൽ 29നു പകൽ 11നു നടക്കുന്ന YUGM സമ്മേളനത്തിൽ പങ്കെടുക്കും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും.
ഗവണ്മെന്റ്, അക്കാദമികമേഖല, വ്യവസായം, നൂതനാശയ ആവാസവ്യവസ്ഥ എന്നിവയിൽനിന്നുള്ള പ്രമുഖരെ ഒന്നിച്ചുകൊണ്ടുവരുന്ന ഇത്തരത്തിലുള്ള തന്ത്രപരമായ ആദ്യ സമ്മേളനമാണ് YUGM (സംസ്കൃതത്തിൽ ‘സംഗമം’ എന്നാണർഥം). വാധ്വാനി ഫൗണ്ടേഷനിൽനിന്നും ഗവണ്മെന്റ് സ്ഥാപനങ്ങളിൽനിന്നുമുള്ള സംയുക്ത നിക്ഷേപത്തോടെ ഏകദേശം 1400 കോടി രൂപയുടെ സഹകരണപദ്ധതിയിലൂടെ മുന്നേറുന്ന ഇന്ത്യയുടെ നവീകരണയാത്രയ്ക്ക് ഇതു സംഭാവനയേകും.
സ്വയംപര്യാപ്തവും നൂതനാശയാധിഷ്ഠിതവുമായ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, നൂതനാശയങ്ങളുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികൾക്കു സമ്മേളനത്തിൽ തുടക്കമാകും. ഐഐടി കാൻപുർ (എഐ & ഇന്റലിജന്റ് സിസ്റ്റംസ്), ഐഐടി ബോംബെ (ജൈവശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ആരോഗ്യം, വൈദ്യശാസ്ത്രം) എന്നിവയിലെ സൂപ്പർഹബുകൾ; ഗവേഷണ വാണിജ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഗവേഷണ സ്ഥാപനങ്ങളിലെ വാധ്വാനി ഇന്നൊവേഷൻ നെറ്റ്‌വർക്ക് (WIN) കേന്ദ്രങ്ങൾ; അവസാനഘട്ട പ്രയോഗാത്മക പദ്ധതികൾക്കു സംയുക്തമായി ധനസഹായം നൽകുന്നതിനും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുമായി അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷനുമായുള്ള (എഎൻആർഎഫ്) പങ്കാളിത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഗവണ്മെന്റ് ഉദ്യോഗസ്ഥർ, ഉന്നത വ്യവസായ-അക്കാദമിക പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഉന്നതതല വട്ടമേശ സമ്മേളനങ്ങളും പാനൽ ചർച്ചകളും; ഗവേഷണത്തിന്റെ ദ്രുതഗതിയിലുള്ള പ്രായോഗികത പ്രാപ്‌തമാക്കുന്നതിനെക്കുറിച്ചുള്ള പ്രവർത്തനാധിഷ്ഠിത ചർച്ചകൾ; ഇന്ത്യയിലുടനീളമുള്ള അത്യാധുനിക കണ്ടുപിടിത്തങ്ങൾ ഉൾക്കൊള്ളുന്ന ഡീപ് ടെക് സ്റ്റാർട്ടപ്പ് പ്രദർശനം; സഹകരണങ്ങളും പങ്കാളിത്തങ്ങളും ഉണർത്തുന്നതിനായി മേഖലകളിലുടനീളമുള്ള പ്രത്യേക പരസ്പരബന്ധിത അവസരങ്ങൾ എന്നിവയും സമ്മേളനത്തിന്റെ പ്രത്യേകതകളാണ്.
ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥയിൽ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ഉത്തേജിപ്പിക്കൽ; അതിർത്തിസാങ്കേതികവിദ്യയിൽ ഗവേഷണ-വാണിജ്യവൽക്കരണ മാർഗങ്ങൾ ത്വരിതപ്പെടുത്തൽ; അക്കാദമിക-വ്യാവസായിക-ഗവണ്മെന്റ് പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തൽ; എ.എൻ.ആർ.എഫ്, എ.ഐ.സി.ടി.ഇ ഇന്നൊവേഷൻ പോലുള്ള ദേശീയ സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകൽ; സ്ഥാപനങ്ങളിലുടനീളം നൂതനാശയങ്ങൾ പ്രാപ്യമാക്കൽ ജനാധിപത്യവൽക്കരിക്കൽ; വികസിത ഭാരതം @ 2047 എന്ന ലക്ഷ്യത്തോടെ ദേശീയ നവീകരണ വിന്യാസം പ്രോത്സാഹിപ്പിക്കൽ എന്നിവയാണു സമ്മേളനത്തിന്റെ ലക്ഷ്യം.
-NK-
(Release ID: 2125028)
Visitor Counter : 14