വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

"എ ഡോൾ മെയ്ഡ് അപ്പ് ഓഫ് ക്ലേ” എന്ന SRFTI ചിത്രം 2025 ലെ കാൻ ചലച്ചിത്രമേളയിലേക്ക്

Posted On: 26 APR 2025 6:24PM by PIB Thiruvananthpuram
ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം പകർന്നുകൊണ്ട് , സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (SRFTI) വിദ്യാർത്ഥികൾ നിർമ്മിച്ച ചിത്രമായ “എ ഡോൾ മെയ്ഡ് അപ്പ് ഓഫ് ക്ലേ”, 78-ാമത് കാൻ ചലച്ചിത്രമേള-2025 ൽ പ്രശസ്തമായ ലാ സിനിഫ് വിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിലെ ഏക ഇന്ത്യൻ എൻട്രി എന്ന നിലയിൽ, ഈ ചിത്രം രാജ്യത്തിന്റെ  ചലച്ചിത്ര വിദ്യാഭ്യാസ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലിനെ അടയാളപ്പെടുത്തുന്നു.

സിനിമയെക്കുറിച്ച്:

 ഒരു യുവ നൈജീരിയൻ അത്‌ലറ്റ് ഇന്ത്യയിൽ ഒരു പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനാകാനുള്ള തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി സ്വന്തം പിതാവിന്റെ ഭൂമി വിൽക്കുന്നു. എന്നാൽ, കരിയർ അവസാനിപ്പിക്കാൻ തന്നെ കാരണമാകുന്ന തരത്തിലുണ്ടാകുന്ന ഗുരുതര പരിക്ക് അദ്ദേഹത്തെ നിരാശനാക്കുകയും അപരിചിതമായ  രാജ്യത്ത് ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ശാരീരിക വേദനയും വൈകാരിക ആഘാതവും ഒപ്പം സ്വത്വ പ്രതിസന്ധിയും നേരിടേണ്ടിവരുന്ന അദ്ദേഹം,തന്റെ പൂർവ്വികരുടെ ആത്മീയ പാരമ്പര്യങ്ങളുമായി വീണ്ടും ബന്ധപ്പെട്ടുകൊണ്ട് വ്യഥകളിൽ നിന്നുള്ള മോചനവും ജീവിതത്തിന്റെ അർത്ഥവും കണ്ടെത്തുന്നു. 'എ ഡോൾ മെയ്ഡ് അപ്പ് ഓഫ് ക്ലേ' എന്നത് അന്യ നാട്ടിലെ ഒറ്റപ്പെടൽ, നഷ്ടം, സാംസ്കാരിക പുനരുജീവനം എന്നിവയുടെ ശക്തമായ പര്യവേക്ഷണമാണ്.

 എസ്.ആർ.എഫ്.ടി.ഐയുടെ പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ (പി.എഫ്.ടി) വകുപ്പിന് കീഴിൽ നിർമ്മിച്ച 23 മിനിറ്റ് ദൈർഘ്യമുള്ള ഈ പരീക്ഷണാത്മക ചിത്രം, അതിർത്തികൾക്ക് അതീതമായ സഹകരണത്തെ പ്രദർശിപ്പിക്കുന്നു. പി.എഫ്.ടി വിദ്യാർത്ഥിയായ സാഹിൽ മനോജ് ഇംഗ്ലേ നിർമ്മിച്ച് ഐ.സി.സി.ആർ ആഫ്രിക്കൻ സ്കോളർഷിപ്പിന് കീഴിലുള്ള എത്യോപ്യൻ വിദ്യാർത്ഥിയായ കൊക്കോബ് ഗെബ്രെഹവേരിയ ടെസ്ഫേ സംവിധാനം ചെയ്ത ഈ ചിത്രം, ചലച്ചിത്ര മേഖലയിലെ ആഗോള നൂതനാശയങ്ങൾക്കുള്ള എസ്.ആർ.എഫ്.ടി.ഐയുടെ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നു

കാൻ മേളയിലെ ലാ സിനിഫിൽ മത്സരിക്കാനായി ക്ഷണം ലഭിച്ച ഈ ചിത്രം, മികച്ച ആഗോള ചലച്ചിത്ര സ്കൂളുകളിൽ നിന്നുള്ള ഉയർന്നുവരുന്ന പ്രതിഭകളുടെ സർഗ്ഗശേഷി എടുത്തുകാണിക്കുന്നു. അടുത്തമാസം (മേയ്) ഫ്രാൻസിലാണ് കാൻ ഫെസ്റ്റിവൽ നടക്കുന്നത്.

സ്വപ്നങ്ങൾ, പുനരുജീവനശേഷി, ആഗോള അംഗീകാരം

 "ഞങ്ങളുടെ വിദ്യാർത്ഥികളുടെ ഏതൊരു ചലച്ചിത്ര സൃഷ്ടിയും ഒരു മികച്ച ആഗോള വേദിയിൽ അംഗീകരിക്കപ്പെടുമ്പോൾ, അത് ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. ഇത് ഞങ്ങൾക്ക് അഭിമാനത്തിന്റെ അമൂല്യ നിമിഷമാണ്.ഞങ്ങളുടെ വിദ്യാർത്ഥികളെക്കുറിച്ച് ഞങ്ങൾ വളരെ അഭിമാനിക്കുന്നു. മത്സരത്തിനായി അവർക്ക് എല്ലാ ആശംസകളും നേരുന്നു." എസ്ആർഎഫ്ടിഐ യുടെ ഡീൻ പ്രൊഫ. സുകാന്ത മജുംദാർ പറഞ്ഞു.

"ഈ ചിത്രം സീമാതീതമായി എല്ലാ ഭൂഖണ്ഡങ്ങളുടെയും പൊതുവായ കാഴ്ചപ്പാടാണ്. കാൻ മേളയിലേക്കുള്ള ക്ഷണം ഒരു സ്വപ്നസാക്ഷാത്കാരവും എസ്ആർഎഫ്ടിഐയ്ക്കുള്ളിലെ ആഗോള ചിന്തയുടെ തെളിവുമാണ്," നിർമ്മാതാവ് സാഹിൽ മനോജ് ഇംഗ്ലെ പറഞ്ഞു.

സംവിധായകൻ കൊക്കോബ് ഗെബ്രെഹവേരിയ ടെസ്ഫേ ഇങ്ങനെ കൂട്ടിച്ചേർത്തു: "വ്യക്തിപരമായി ഗഹനമായ ഈ കഥ, ആഗ്രഹപൂർത്തിക്കായി പുതിയ വെല്ലുവിളികളിലൂടെ സഞ്ചരിക്കുന്ന സ്വപ്നാടകരെ , അവരുടെ സ്വത്വം പുനർനിർമ്മിക്കുന്ന യാത്രയെക്കുറിച്ച് സംസാരിക്കുന്നു. പുനരുജീവനത്തെയും ഇനിയും പറയപ്പെടാത്ത കഥകളെയും കാൻ ചലച്ചിത്ര മേള ആഘോഷിക്കുന്നു."

 ആഗോള സഹകരണം: അപൂർവമായ ഒരു അന്താരാഷ്ട്ര കൂട്ടായ്മയുടെ ഉദാഹരണമാണ് ഈചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും :

• നിർമ്മാതാവ്: സാഹിൽ മനോജ് ഇംഗ്ലെ
• രചനയും സംവിധായകനും: കൊക്കോബ് ഗെബ്രെഹവേരിയ ടെസ്ഫേ (എത്യോപ്യ)
• ഡിഒപി: വിനോദ് കുമാർ
• എഡിറ്റർ: ഹരു - മഹ്മൂദ് അബു നാസർ (ബംഗ്ലാദേശ്)
• ശബ്ദ രൂപകൽപ്പന: സോഹം പൽ
• സംഗീത സംവിധാനം: ഹിമാൻഷു സൈക്കി
• എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഉമ കുമാരി & രോഹിത് കൊഡെരെ
• ലൈൻ പ്രൊഡ്യൂസർ: അവിനാശ് ശങ്കർ റുർവേ
• പ്രധാന നടൻ: ഇബ്രാഹിം അഹമ്മദ് (നൈജീരിയ)
• അഭിനേതാക്കൾ: ഗീത ദോഷി, ഇബ്രാഹിം അഹമ്മദ്, റിത്ബൻ ആചാര്യ
 
SKY
 
****************

(Release ID: 2124658) Visitor Counter : 13