പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ സ്റ്റീൽ 2025 പരിപാടിയെ അഭിസംബോധന ചെയ്തു
ലോകത്തിലെ ആധുനിക സമ്പദ്‌വ്യവസ്ഥയിൽ ചട്ടക്കൂടിന് സമാനമായ (അസ്ഥികൂടം പോലെയുള്ള) പങ്ക് സ്റ്റീൽ വഹിച്ചിട്ടുണ്ട്, എല്ലാ വിജയഗാഥകൾക്കും പിന്നിലെ ശക്തി സ്റ്റീലാണ്: പ്രധാനമന്ത്രി
ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ ഉത്പാദക രാജ്യമായി മാറിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു: പ്രധാനമന്ത്രി
ദേശീയ സ്റ്റീൽ നയത്തിന് കീഴിൽ 2030-ഓടെ 300 ദശലക്ഷം ടൺ സ്റ്റീൽ ഉൽപ്പാദിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്: പ്രധാനമന്ത്രി
ഉരുക്ക് വ്യവസായത്തിനായുള്ള ഗവൺമെന്റ് നയങ്ങൾ മറ്റ് പല ഇന്ത്യൻ വ്യവസായങ്ങളെയും ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു: പ്രധാനമന്ത്രി
ഞങ്ങളുടെ എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും ലക്ഷ്യം 'സീറോ ഇംപോർട്ട്', 'നെറ്റ് എക്‌സ്‌പോർട്ട്' എന്നിവ ആയിരിക്കണം: പ്രധാനമന്ത്രി
നമ്മുടെ ഉരുക്ക് മേഖല പുതിയ പ്രക്രിയകൾക്കും പുതിയ ഗ്രേഡുകൾക്കും പുതിയ വ്യാപ്തിക്കും തയ്യാറായിരിക്കണം: പ്രധാനമന്ത്രി
ഭാവിയെ മനസ്സിൽ വെച്ചുകൊണ്ട് നമുക്ക് വിപുലീകരിക്കുകയും നവീകരിക്കുകയും വേണം, നമ്മൾ ഇപ്പോൾ തന്നെ ഭാവിക്കായി സജ്ജമാകണം: പ്രധാനമന്ത്രി
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, നിരവധി ഖനന പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്, ഇരുമ്പയിര് ലഭ്യത എളുപ്പമായി: പ്രധാനമന്ത്രി
അനുവദിച്ച ഖനികളും രാജ്യത്തിൻ്റെ വിഭവങ്ങളും ശരിയായി ഉപയോഗിക്കാനുള്ള സമയമാണിത്, ഗ്രീൻ ഫീൽഡ് ഖനനം ത്വരിതപ്പെടുത്തേണ്ടതുണ്ട്: പ്രധാനമന്ത്രി
നമുക്ക് ഒരുമിച്ച്, പ്രതിരോധശേഷിയുള്ള, വിപ്ലവകരവും ഉരുക്കും-ശക്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാം: പ്രധാനമന്ത്രി
Posted On:
24 APR 2025 2:49PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന ഇന്ത്യ സ്റ്റീൽ 2025 പരിപാടിയിൽ വീഡിയോ സന്ദേശത്തിലൂടെ തൻ്റെ പരാമർശങ്ങൾ നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ സൂര്യോദയ മേഖലയായ ഉരുക്ക് വ്യവസായത്തിൻ്റെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്യുമെന്ന് അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ഈ മേഖല ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറയാണെന്നും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും രാജ്യത്ത് പരിവർത്തനത്തിൻ്റെ പുതിയ അധ്യായത്തിന് തിരക്കഥയൊരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ സ്റ്റീൽ 2025-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ലോഞ്ച്പാഡായി ഇവൻ്റ് പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പരിപാടി സ്റ്റീൽ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് അടിത്തറയിടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അംബരചുംബികളായ കെട്ടിടങ്ങൾ, കപ്പൽ ഗതാഗതം, ഹൈവേകൾ, അതിവേഗ റെയിൽ, സ്മാർട്ട് സിറ്റികൾ, അല്ലെങ്കിൽ വ്യാവസായിക ഇടനാഴികൾ എന്നിങ്ങനെ എല്ലാ വിജയഗാഥകൾക്കും പിന്നിലെ ശക്തി സ്റ്റീൽ ആണെന്ന് അഭിപ്രായപ്പെട്ടു, “ആധുനിക സമ്പദ്‌വ്യവസ്ഥയിൽ ഉരുക്ക് ഒരു ചട്ടക്കൂടിന് സമാനമായ (അസ്ഥികൂടം പോലെയുള്ള) ഒരു പ്രധാന പങ്ക് വഹിക്കുന്നു”, ശ്രീ മോദി ഊന്നിപ്പറഞ്ഞു. "ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകുക എന്ന ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുകയാണ്, ഈ ദൗത്യത്തിൽ സ്റ്റീൽ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു", ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീൽ ഉൽപ്പാദക രാജ്യമെന്ന നിലയിൽ ഇന്ത്യ അഭിമാനം പ്രകടിപ്പിച്ചു. ദേശീയ ഉരുക്ക് നയത്തിന് കീഴിൽ 2030-ഓടെ 300 മില്യൺ ടൺ സ്റ്റീൽ ഉൽപ്പാദിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ നിലവിലെ പ്രതിശീർഷ സ്റ്റീൽ ഉപഭോഗം ഏകദേശം 98 കിലോഗ്രാമാണെന്നും 2030 ഓടെ ഇത് 160 കിലോഗ്രാമായി ഉയരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും, ഇത് രാജ്യത്തിൻ്റെ ദിശയ്ക്കും ഗവൺമെന്റിന്റെ കാര്യക്ഷമതയ്ക്കും ഫലപ്രാപ്തിക്കും ഒരു മാനദണ്ഡമാണെന്നും കൂട്ടിച്ചേർത്തു.
പിഎം-ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിൻ്റെ അടിത്തറ കാരണം ഉരുക്ക് വ്യവസായം അതിൻ്റെ ഭാവിയെക്കുറിച്ച് പുതുക്കിയ ആത്മവിശ്വാസത്തിൽ നിറഞ്ഞിരിക്കുകയാണെന്ന് അടിവരയിട്ട്, ഈ സംരംഭം വിവിധ യൂട്ടിലിറ്റി സേവനങ്ങളും ലോജിസ്റ്റിക് മോഡുകളും സമന്വയിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായി ഖനി പ്രദേശങ്ങളും സ്റ്റീൽ യൂണിറ്റുകളും മാപ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്റ്റീൽ മേഖലയുടെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്ന കിഴക്കൻ ഇന്ത്യയിൽ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1.3 ട്രില്യൺ ഡോളറിൻ്റെ ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈൻ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പൈപ്പ്‌ലൈനുകൾ എന്നിവയുടെ വികസനത്തിലെ അഭൂതപൂർവമായ വേഗതയ്‌ക്കൊപ്പം നഗരങ്ങളെ സ്‌മാർട്ട് സിറ്റികളാക്കി മാറ്റാനുള്ള വലിയ തോതിലുള്ള ശ്രമങ്ങൾ സ്റ്റീൽ മേഖലയ്ക്ക് പുതിയ അവസരങ്ങൾ സൃഷ്‌ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ കോടിക്കണക്കിന് വീടുകൾ നിർമ്മിക്കുന്നുണ്ടെന്നും ജൽ ജീവൻ മിഷൻ വഴി ഗ്രാമങ്ങളിൽ കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതുപോലുള്ള ക്ഷേമ സംരംഭങ്ങളും ഉരുക്ക് വ്യവസായത്തിന് പുതിയ ശക്തി നൽകുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവൺമെന്റ് പദ്ധതികളിൽ 'മെയ്ഡ് ഇൻ ഇന്ത്യ' സ്റ്റീൽ മാത്രം ഉപയോഗിക്കാനുള്ള ഗവൺമെൻ്റിൻ്റെ തീരുമാനത്തെ അദ്ദേഹം എടുത്തുകാണിച്ചു, കെട്ടിട നിർമ്മാണത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ഏറ്റവും കൂടുതൽ സ്റ്റീൽ ഉപഭോഗം നടത്തുന്നത് ഗവൺമെന്റ് നയിക്കുന്ന സംരംഭങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നിലധികം മേഖലകളുടെ വളർച്ചയെ നയിക്കുന്ന പ്രധാന ഘടകമാണ് ഉരുക്ക് എന്ന് അടിവരയിട്ട്, ഇന്ത്യയിലെ മറ്റ് പല വ്യവസായങ്ങളെയും ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നതിൽ സ്റ്റീൽ വ്യവസായത്തിനുള്ള ഗവൺമെന്റ് നയങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഉൽപ്പാദനം, നിർമ്മാണം, യന്ത്രങ്ങൾ, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകൾ ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിൽ നിന്ന് ശക്തി പ്രാപിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 'മേക്ക് ഇൻ ഇന്ത്യ' സംരംഭം ത്വരിതപ്പെടുത്തുന്നതിന് ഈ വർഷത്തെ ബജറ്റിൽ ഗവൺമെന്റ് ദേശീയ ഉൽപ്പാദന ദൗത്യം അവതരിപ്പിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങളെ ഈ ദൗത്യം പരിപാലിക്കുകയും സ്റ്റീൽ മേഖലയ്ക്ക് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ, തന്ത്രപ്രധാന മേഖലകളിൽ നിർണായകമായ ഉയർന്ന ഗ്രേഡ് സ്റ്റീലിൻ്റെ ഇറക്കുമതിയെ ഇന്ത്യ ദീർഘകാലമായി ആശ്രയിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലിൽ ഉപയോഗിച്ച ഉരുക്ക് ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഇന്ത്യയുടെ കഴിവിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പ്രതീകമായ ചാന്ദ്രയാൻ ദൗത്യത്തിൻ്റെ വിജയത്തിന് ഇന്ത്യൻ ഉരുക്ക് സംഭാവന നൽകിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയർന്ന ഗ്രേഡ് സ്റ്റീൽ ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നതിനായി ആയിരക്കണക്കിന് കോടികൾ അനുവദിച്ച പിഎൽഐ സ്കീം പോലുള്ള സംരംഭങ്ങളിലൂടെയാണ് ഈ പരിവർത്തനം സാധ്യമാക്കിയതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതൊരു തുടക്കം മാത്രമാണെന്നും ഇനി ഒരു നീണ്ട പാതയുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തുടനീളം ആരംഭിക്കുന്ന മെഗാ പ്രോജക്ടുകൾ കാരണം ഉയർന്ന ഗ്രേഡ് സ്റ്റീലിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ബജറ്റിൽ കപ്പൽനിർമ്മാണത്തെ അടിസ്ഥാനസൗകര്യത്തിന്റെ ഗണത്തിൽ പെടുത്തിയതായും "ആധുനികവും വലുതുമായ കപ്പലുകൾ ആഭ്യന്തരമായി നിർമ്മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്" എന്നും അദ്ദേഹം സൂചിപ്പിച്ചു, പൈപ്പ്‌ലൈൻ ഗ്രേഡ് സ്റ്റീലിനും തുരുമ്പിക്കാത്ത അലോയ്‌സിനും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആവശ്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ അഭൂതപൂർവമായ വേഗത്തിലാണ് വികസിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "പൂജ്യം ഇറക്കുമതി" എന്ന ലക്ഷ്യത്തിന്റേയും കയറ്റുമതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റേയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഇന്ത്യ നിലവിൽ 25 ദശലക്ഷം ടൺ സ്റ്റീൽ കയറ്റുമതി ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്, 2047 ഓടെ ഉൽപ്പാദന ശേഷി 500 ദശലക്ഷം ടണ്ണായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്", സ്റ്റീൽ മേഖലയെ പുതിയ പ്രക്രിയകൾക്കും ശ്രേണികൾക്കും വ്യാപ്തിക്കുമായി തയ്യാറാക്കേണ്ടതിൻ്റെ പ്രാധാന്യവും വ്യവസായത്തെ വിപുലീകരിക്കുകയും നവീകരിക്കുകയും ചെയ്യേണ്ട ആവശ്യകതയും അദ്ദേഹം എടുത്തു പറഞ്ഞു . ഉരുക്ക് വ്യവസായത്തിൻ്റെ വളർച്ചയുടെ വിപുലമായ തൊഴിലവസര സാധ്യതകൾക്ക് പ്രധാനമന്ത്രി അടിവരയിട്ടു. പുതിയ ആശയങ്ങൾ വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും പങ്കിടാനും അദ്ദേഹം സ്വകാര്യ-പൊതുമേഖലകളോട് ആഹ്വാനം ചെയ്തു. രാജ്യത്തെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നിർമ്മാണം, ഗവേഷണ വികസനം, സാങ്കേതിക നവീകരണം എന്നിവയിലെ സഹകരണത്തിന് അദ്ദേഹം ഊന്നൽ നൽകി.
മുന്നോട്ടുള്ള വളർച്ചയ്ക്ക് പരിഹാരം ആവശ്യമായ ചില വെല്ലുവിളികൾ ഉരുക്ക് വ്യവസായം
നേരിടുന്നുണ്ടെന്ന് സമ്മതിച്ച ശ്രീ മോദി , നിക്കൽ, കോക്കിംഗ് കൽക്കരി, മാംഗനീസ് എന്നിവയുടെ ഇറക്കുമതിയെ ഇന്ത്യ ഇപ്പോഴും ആശ്രയിക്കുന്നതിനാൽ, അസംസ്‌കൃത വസ്തുക്കളുടെ സുരക്ഷ ഒരു പ്രധാന ആശങ്കയായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിൻ്റെയും വിതരണ ശൃംഖല സുരക്ഷിതമാക്കേണ്ടതിൻ്റെയും സാങ്കേതിക നവീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഊർജ-കാര്യക്ഷമതയുള്ളതും കുറഞ്ഞ മലിനീകരണമുള്ളതും, ഡിജിറ്റലായി നൂതനവുമായ സാങ്കേതികവിദ്യകളിലേക്ക് വേഗത്തിൽ നീങ്ങേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. AI, ഓട്ടോമേഷൻ, റീസൈക്ലിംഗ്, ഉപോൽപ്പന്ന വിനിയോഗം എന്നിവയാകും ഉരുക്ക് വ്യവസായത്തിൻ്റെ ഭാവി രൂപപ്പെടുത്തുകയെന്ന് പറഞ്ഞ അദ്ദേഹം, നവീകരണത്തിലൂടെ ഈ മേഖലകളിലെ ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ആഗോള പങ്കാളികളും ഇന്ത്യൻ കമ്പനികളും തമ്മിലുള്ള സഹകരണം ഈ വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായും വേഗത്തിലും നേരിടാൻ സഹായിക്കുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
കൽക്കരി ഇറക്കുമതി, പ്രത്യേകിച്ച് കോക്കിംഗ് കൽക്കരി, ചെലവിലും സമ്പദ്‌വ്യവസ്ഥയിലും ചെലുത്തുന്ന കാര്യമായ സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ആശ്രിതത്വം കുറയ്ക്കുന്നതിന് ബദലുകൾ പര്യവേക്ഷണം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡിആർഐ റൂട്ട് പോലുള്ള സാങ്കേതികവിദ്യകളുടെ ലഭ്യത അദ്ദേഹം ഊന്നിപ്പറയുകയും അവ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എടുത്തു പറയുകയും ചെയ്തു. രാജ്യത്തിൻ്റെ കൽക്കരി വിഭവങ്ങൾ നന്നായി ഉപയോഗിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൽക്കരി ഗ്യാസിഫിക്കേഷൻ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റീൽ വ്യവസായത്തിലെ എല്ലാ പങ്കാളികളും ഈ ഉദ്യമത്തിൽ സജീവമായി പങ്കെടുക്കാനും ഈ ദിശയിൽ മുന്നോട്ട് പോകാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും അദ്ദേഹം അഭ്യർത്ഥിച്ചു.
ഉപയോഗിക്കാത്ത ഗ്രീൻഫീൽഡ് ഖനികളുടെ പ്രശ്നം അഭിസംബോധന ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, ഇരുമ്പയിര് ലഭ്യത എളുപ്പമാക്കിക്കൊണ്ട് കഴിഞ്ഞ ദശകത്തിൽ കാര്യമായ ഖനന പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. രാജ്യത്തിൻ്റെ വിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കാൻ അനുവദിച്ച ഖനികൾ ഫലപ്രദമായി വിനിയോഗിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പ്രക്രിയയിലെ കാലതാമസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ശ്രീ മോദി, ഈ വെല്ലുവിളിയെ അതിജീവിക്കാനുള്ള ഗ്രീൻഫീൽഡ് ഖനന ശ്രമങ്ങൾ ത്വരിതപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു.
ഇന്ത്യ ഇനി ആഭ്യന്തര വളർച്ചയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ആഗോള നേതൃത്വത്തിനായി തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഉയർന്ന നിലവാരമുള്ള ഉരുക്കിൻ്റെ വിശ്വസ്ത വിതരണക്കാരായാണ് ലോകം ഇപ്പോൾ ഇന്ത്യയെ വീക്ഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉരുക്ക് ഉൽപ്പാദനത്തിൽ ലോകോത്തര നിലവാരം നിലനിർത്തേണ്ടതിൻ്റെയും കഴിവുകൾ തുടർച്ചയായി നവീകരിക്കേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു. ലോജിസ്റ്റിക്‌സ് മെച്ചപ്പെടുത്തുക, മൾട്ടി മോഡൽ ഗതാഗത ശൃംഖലകൾ വികസിപ്പിക്കുക, ചെലവ് കുറയ്ക്കുക എന്നിവ ഇന്ത്യയെ ആഗോള സ്റ്റീൽ ഹബ്ബാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിവുകൾ വികസിപ്പിക്കുന്നതിനും ആശയങ്ങളെ പ്രവർത്തനക്ഷമമായ പരിഹാരങ്ങളാക്കി മാറ്റുന്നതിനും ഇന്ത്യ സ്റ്റീൽ ഒരു വേദിയൊരുക്കുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രതിരോധശേഷിയുള്ളതും വിപ്ലവകരവും ഉരുക്ക് ശക്തിയുള്ളതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്ത അദ്ദേഹം, പങ്കെടുത്ത എല്ലാവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് പ്രസംഗം ഉപസംഹരിച്ചു.
-NK-
(Release ID: 2124181)
Visitor Counter : 9
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Tamil
,
Kannada