പ്രധാനമന്ത്രിയുടെ ഓഫീസ്
ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ബിഹാറിലെ മധുബനിയിൽ 13,480 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
കഴിഞ്ഞ ദശകത്തിൽ, പഞ്ചായത്തുകളെ ശാക്തീകരിക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്, സാങ്കേതികവിദ്യയിലൂടെ പഞ്ചായത്തുകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്: പ്രധാനമന്ത്രി
കഴിഞ്ഞ ദശകത്തിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ പുതിയ വേഗത കൈവരിച്ചു: പ്രധാനമന്ത്രി
കഴിഞ്ഞ ദശാബ്ദം ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ദശകമായിരുന്നു: പ്രധാനമന്ത്രി
മഖാന ഇന്ന് രാജ്യത്തിനും ലോകത്തിനും ഒരു സൂപ്പർഫുഡാണ്, എന്നാൽ മിഥിലയിൽ അത് സംസ്കാരത്തിന്റെ ഭാഗവും സമൃദ്ധിയുടെ ഉറവിടവുമാണ്: പ്രധാനമന്ത്രി
140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഇനി ഭീകരവാദികളെ ഉന്മൂലനം ചെയ്യും: പ്രധാനമന്ത്രി
ഭീകരവാദം ശിക്ഷിക്കപ്പെടാതെ പോകില്ല, നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും, മുഴുവൻ രാജ്യവും ഈ ദൃഢനിശ്ചയത്തിൽ ഉറച്ചുനിൽക്കുന്നു: പ്രധാനമന്ത്രി
Posted On:
24 APR 2025 2:11PM by PIB Thiruvananthpuram
ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇന്ന് ബിഹാറിലെ മധുബാനിയിൽ 13,480 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും, രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. 2025 ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗനം ആചരിക്കാനും പ്രാർത്ഥിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. പഞ്ചായത്തീരാജ് ദിനത്തിൽ രാജ്യം മുഴുവനും മിഥിലയുമായും ബിഹാറുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതി, റെയിൽവേ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഈ സംരംഭങ്ങൾ ബിഹാറിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവിയും ദേശീയ ഐക്കണുമായ രാംധാരി സിംഗ് ദിനകർ ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.
മഹാത്മാഗാന്ധി സത്യാഗ്രഹം എന്ന മന്ത്രം വികസിപ്പിച്ച നാടാണ് ബിഹാർ എന്ന് പരാമർശിച്ച ശ്രീ മോദി, ഗ്രാമങ്ങൾ ശക്തമായിരുന്നാൽ മാത്രമേ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വികസനം സാധ്യമാകൂ എന്ന മഹാത്മാഗാന്ധിയുടെ ദൃഢ വിശ്വാസത്തെ എടുത്തുകാണിച്ചു. പഞ്ചായത്തീരാജ് എന്ന ആശയം ഈ വികാരത്തിൽ വേരൂന്നിയതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "കഴിഞ്ഞ ദശകത്തിൽ, പഞ്ചായത്തുകളെ ശാക്തീകരിക്കുന്നതിന് തുടർച്ചയായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, കഴിഞ്ഞ ദശകത്തിൽ 2 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളെ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാമങ്ങളിൽ 5.5 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. പഞ്ചായത്തുകളുടെ ഡിജിറ്റലൈസേഷൻ ജനന-മരണ സർട്ടിഫിക്കറ്റുകൾ, ഭൂവുടമസ്ഥ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകൾ എളുപ്പത്തിൽ ലഭ്യമാകുന്നത് പോലുള്ള അധിക നേട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. സ്വാതന്ത്ര്യത്തിന്റെ പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തിന് പുതിയ പാർലമെന്റ് മന്ദിരം ലഭിച്ചപ്പോൾ, രാജ്യത്തുടനീളം 30,000 പുതിയ പഞ്ചായത്ത് ഭവനുകൾ നിർമ്മിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്തുകൾക്ക് മതിയായ ഫണ്ട് ഉറപ്പാക്കുന്നത് ഗവൺമെന്റിന്റെ മുൻഗണനയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. "കഴിഞ്ഞ ദശകത്തിൽ പഞ്ചായത്തുകൾക്ക് രണ്ട് ലക്ഷം കോടിയിലധികം രൂപ ലഭിച്ചു, ഇതെല്ലാം ഗ്രാമങ്ങളുടെ വികസനത്തിനായി വിനിയോഗിച്ചു", അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്തുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഭൂമി തർക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഏത് ഭൂമിയാണ് പാർപ്പിട ഭൂമി, കാർഷിക ഭൂമി, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളത്, അല്ലെങ്കിൽ ഗവൺമെന്റ് ഉടമസ്ഥതയിലുള്ളത് എന്നതിനെച്ചൊല്ലി ഇടയ്ക്കിടെ ഉണ്ടാകുന്ന തർക്കങ്ങളെക്കുറിച്ച് പരാമർശിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ നടത്തി വരികയാണെന്നും ഇത് അനാവശ്യ തർക്കങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പഞ്ചായത്തുകളിൽ സ്ത്രീകൾക്ക് 50% സംവരണം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ബിഹാറെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി പഞ്ചായത്തുകൾ സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അടിവരയിട്ടു. ഇന്ന്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, ദളിതർ, മഹാദളിതുകൾ, പിന്നോക്ക സമുദായങ്ങളിൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഗണ്യമായ എണ്ണം സ്ത്രീകൾ ബിഹാറിൽ ജന പ്രതിനിധികളായി സേവനമനുഷ്ഠിക്കുന്നുണ്ടെന്നും, ഇത് യഥാർത്ഥ സാമൂഹിക നീതിയും യഥാർത്ഥ സാമൂഹിക പങ്കാളിത്തവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കൂടുതൽ പങ്കാളിത്തത്തോടെ ജനാധിപത്യം അഭിവൃദ്ധിപ്പെടുകയും ശക്തമാവുകയും ചെയ്യുമെന്ന് അദ്ദേഹം അടിവരയിട്ടു. ഈ ദർശനത്തെ പ്രതിഫലിപ്പിക്കിക്കൊണ്ട്, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33% സംവരണം നൽകുന്ന നിയമവും നിലവിൽ വന്നിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇത് എല്ലാ സംസ്ഥാനങ്ങളിലുമുള്ള സ്ത്രീകൾക്ക് ഗുണം ചെയ്യുമെന്നും നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും തൊഴിൽ, സ്വയം തൊഴിൽ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഗവൺമെന്റ് ദൗത്യമാതൃകയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ബീഹാറിലെ 'ജീവിക ദീദി' പരിപാടിയുടെ പരിവർത്തനാത്മക സ്വാധീനം എടുത്തുപറഞ്ഞു. ഇന്ന് ബിഹാറിലെ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് ഏകദേശം 1,000 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും ഇത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും രാജ്യത്തുടനീളം 3 കോടി ലഖ്പതി ദീദികളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ ഗ്രാമീണ സമ്പദ് വ്യവസ്ഥ പുതിയ ഗതിവേഗം കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗ്രാമങ്ങളിൽ ദരിദ്രർക്കായി വീടുകൾ, റോഡുകൾ, ഗ്യാസ് കണക്ഷനുകൾ, ജല കണക്ഷനുകൾ, ശൗചാലയങ്ങൾ എന്നിവയുടെ നിർമ്മാണം നടക്കുന്നതായും ഇതുവഴി ഗ്രാമപ്രദേശങ്ങളിലേക്ക് ലക്ഷക്കണക്കിന് കോടി രൂപ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികൾക്കും, കർഷകർക്കും, വാഹന ഓപ്പറേറ്റർമാർക്കും, കടയുടമകൾക്കും പ്രയോജനം ചെയ്യുന്ന പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും, അവർക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകൊടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തലമുറകളായി നിരാലംബരായ സമൂഹങ്ങൾക്ക് ഇത് പ്രത്യേകിച്ചും ഗുണം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒരു കുടുംബവും വീടില്ലാത്തവരായി തുടരുന്നില്ലെന്നും എല്ലാവർക്കും തലയ്ക്കു മുകളിൽ സ്ഥിരമായ ഒരു മേൽക്കൂര ഉറപ്പാക്കണമെന്നും ലക്ഷ്യമിടുന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തിൽ ഈ പദ്ധതി പ്രകാരം 4 കോടിയിലധികം സ്ഥിരം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ബിഹാറിൽ മാത്രം 57 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് സ്ഥിരമായ വീടുകൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, ദളിതർ, പസ്മാണ്ട കുടുംബങ്ങൾ പോലുള്ള പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്കാണ് ഈ വീടുകൾ നൽകിയിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ ദരിദ്രർക്ക് 3 കോടി വീടുകൾ കൂടി നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു. ഇന്ന് ബീഹാറിൽ ഏകദേശം 1.5 ലക്ഷം കുടുംബങ്ങൾ അവരുടെ പുതിയ സ്ഥിരം വീടുകളിലേക്ക് താമസം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിൽ നിന്നുള്ള 3.5 ലക്ഷം ഗുണഭോക്താക്കൾ ഉൾപ്പെടെ രാജ്യത്തുടനീളം 15 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമ്മിക്കുന്നതിന് അനുമതി പത്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം 15 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമ്മിക്കുന്നതിനുള്ള അനുമതി പത്രങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിൽ ബിഹാറിൽ നിന്നുള്ള 3.5 ലക്ഷം ഗുണഭോക്താക്കളും ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്, ബിഹാറിൽ നിന്നുള്ള 80,000 ഗ്രാമീണ കുടുംബങ്ങളും 1 ലക്ഷം നഗര കുടുംബങ്ങളും ഉൾപ്പെടെ ഏകദേശം 10 ലക്ഷം ദരിദ്ര കുടുംബങ്ങൾക്ക് സ്ഥിരമായ വീടുകൾക്കായി സാമ്പത്തിക സഹായം അയച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
"കഴിഞ്ഞ ദശകം ഇന്ത്യയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒരു ദശകമായിരുന്നു", എന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിത ഇന്ത്യയുടെ അടിത്തറയെ ശക്തിപ്പെടുത്തുന്നുവെന്ന് എടുത്തുപറഞ്ഞു. ആദ്യമായി 12 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് അവരുടെ വീടുകളിൽ പൈപ്പ് ജല കണക്ഷൻ ലഭിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2.5 കോടിയിലധികം വീടുകൾ വൈദ്യുതീകരിച്ചുവെന്നും ഗ്യാസ് സ്റ്റൗവിൽ പാചകം ചെയ്യുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തവർക്ക് ഇപ്പോൾ ഗ്യാസ് സിലിണ്ടറുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "ലഡാഖ്, സിയാച്ചിൻ പോലുള്ള വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിൽ പോലും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, 4G, 5G മൊബൈൽ കണക്ഷനുകൾ ഇപ്പോൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്, ഇത് രാജ്യത്തിന്റെ നിലവിലെ മുൻഗണനകളെ പ്രതിഫലിപ്പിക്കുന്നു", അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണ മേഖലയിലെ പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു, എയിംസ് പോലുള്ള സ്ഥാപനങ്ങൾ ഒരുകാലത്ത് ഡൽഹി പോലുള്ള പ്രധാന നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആരോഗ്യ രംഗത്തെ ഇന്നത്തെ പുരോഗതി എടുത്തുപറഞ്ഞു. ദർഭംഗയിൽ എയിംസ് സ്ഥാപിക്കുകയാണെന്നും കഴിഞ്ഞ ദശകത്തിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഏകദേശം ഇരട്ടിയായതായും പറഞ്ഞുയ ഝൻഝർപൂരിൽ പുതിയ മെഡിക്കൽ കോളേജ് നിർമ്മിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഗ്രാമങ്ങളിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി, രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, ഇതിൽ ബീഹാറിലെ 10,000 ത്തിലധികം ഉൾപ്പെടുന്നു. 80% കിഴിവിൽ മരുന്നുകൾ വാഗ്ദാനം ചെയ്യുന്ന ജൻ ഔഷധി കേന്ദ്രങ്ങൾ ദരിദ്രർക്കും ഇടത്തരക്കാർക്കും വലിയ ആശ്വാസമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിൽ ഇപ്പോൾ 800-ലധികം ജൻ ഔഷധി കേന്ദ്രങ്ങൾ ഉള്ളതിനാൽ ജനങ്ങളുടെ ചികിത്സാ ചെലവിൽ 2,000 കോടി രൂപ ലാഭിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ബീഹാറിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ലഭിച്ചതായും ഇതുവഴി കുടുംബങ്ങൾക്ക് ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായുംപ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
"റെയിൽവേ, റോഡുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലൂടെ ഇന്ത്യ അതിവേഗം കണക്റ്റിവിറ്റി വികസിപ്പിക്കുകയാണ്", ശ്രീ മോദി എടുത്തുപറഞ്ഞു, പട്നയിൽ മെട്രോ പദ്ധതികൾ പുരോഗമിക്കുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള രണ്ട് ഡസനിലധികം നഗരങ്ങൾ ഇപ്പോൾ മെട്രോ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്നയ്ക്കും ജയ്നഗറിനും ഇടയിൽ 'നമോ ഭാരത് റാപ്പിഡ് റെയിൽ' സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു, ഇത് രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും, കൂടാതെ ഈ വികസനം സമസ്തിപൂർ, ദർഭംഗ, മധുബനി, ബെഗൂസാരായ് എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സഹർസയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള ആധുനിക അമൃത് ഭാരത് ട്രെയിൻ സർവീസിന്റെ ആരംഭം എടുത്തുകാണിച്ചുകൊണ്ട്, ബിഹാറിലെ ഒന്നിലധികം പുതിയ റെയിൽവേ ലൈനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി പരാമർശിച്ചു, ഇത് തൊഴിലാളി കുടുംബങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും. മധുബനി, ഝംഝാർപുർ എന്നിവയുൾപ്പെടെ ബിഹാറിലെ നിരവധി റെയിൽവേ സ്റ്റേഷനുകൾ ഗവണ്മെൻ്റ് നവീകരിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദർഭംഗ വിമാനത്താവളത്തോടെ മിഥിലയിലെയും ബിഹാറിലെയും വ്യോമയാന ബന്ധം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും പട്ന വിമാനത്താവളത്തിന്റെ വികസനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഈ വികസന പദ്ധതികൾ ബിഹാറിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
"ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് കർഷകരാണ്, ഈ നട്ടെല്ല് ശക്തമാകുമ്പോൾ ഗ്രാമങ്ങളും തൽഫലമായി രാഷ്ട്രവും ശക്തമാകും", ശ്രീ മോദി പറഞ്ഞു. മിഥില, കോസി മേഖലകളിലെ വെള്ളപ്പൊക്കത്തിന്റെ നിരന്തരമായ വെല്ലുവിളികൾ അദ്ദേഹം എടുത്തുകാട്ടി, ബിഹാറിലെ വെള്ളപ്പൊക്കത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ഗവണ്മെൻ്റ് ₹11,000 കോടി നിക്ഷേപിക്കാൻ പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബാഗ്മതി, ധാർ, ബൂധി ഗന്ധക്, കോസി തുടങ്ങിയ നദികളിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്നും നദീജലത്തിലൂടെ ജലസേചന ക്രമീകരണങ്ങൾ ഉറപ്പാക്കുന്ന തരത്തിൽ കനാലുകൾ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഈ സംരംഭം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കുക മാത്രമല്ല, എല്ലാ കർഷകരുടെയും വയലിൽ മതിയായ ജലവിതരണം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും", അദ്ദേഹം കൂട്ടിച്ചേർത്തു.
"മിഥിലയുടെ സാംസ്കാരിക ഘടകമായ മഖാന ഇപ്പോൾ ഒരു സൂപ്പർഫുഡ് എന്ന നിലയിൽ ആഗോള അംഗീകാരം നേടിയിട്ടുണ്ട്", ശ്രീ മോദി എടുത്തുപറഞ്ഞു. മഖാനയ്ക്ക് ജിഐ ടാഗ് ലഭിച്ചിട്ടുണ്ടെന്നും ഈ പ്രദേശത്തിന്റെ ഒരു ഉൽപ്പന്നമായി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. മഖാന ഗവേഷണ കേന്ദ്രത്തിന് ദേശീയ പദവി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഖാന കർഷകരുടെ തലവര മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന മഖാന ബോർഡിന്റെ ബജറ്റ് പ്രഖ്യാപനവും അദ്ദേഹം എടുത്തുപറഞ്ഞു. ബിഹാറിന്റെ മഖാന ഇപ്പോൾ ഒരു സൂപ്പർഫുഡായി അന്താരാഷ്ട്ര വിപണികളിൽ എത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യ സംസ്കരണവുമായി ബന്ധപ്പെട്ട ചെറുകിട സംരംഭങ്ങൾ സ്ഥാപിക്കുന്നതിൽ യുവജനങ്ങളെ പിന്തുണയ്ക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് ബിഹാറിൽ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിയോടൊപ്പം മത്സ്യബന്ധനത്തിലും ബിഹാർ സ്ഥിരമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും, കർഷകർക്കൊപ്പം മത്സ്യത്തൊഴിലാളികൾക്കും ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പ്രകാരം, ബിഹാറിൽ നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നിരപരാധികളായ സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തിയതിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ച ശ്രീ മോദി, മുഴുവൻ രാജ്യവും വേദനയിലാണെന്നും ദുഃഖിതരായ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരുടെ വേഗത്തിലുള്ള സൗഖ്യം ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. കുടുംബങ്ങൾ അനുഭവിച്ച അഗാധമായ നഷ്ടം അദ്ദേഹം എടുത്തുകാട്ടി, ഇരകൾ വ്യത്യസ്ത ഭാഷാ, പ്രാദേശിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്നും - ചിലർ ബംഗാളി, കന്നഡ, മറാത്തി, ഒഡിയ, ഗുജറാത്തി, ചിലർ ബിഹാറിൽ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഗിൽ മുതൽ കന്യാകുമാരി വരെ, ഈ ആക്രമണത്തിലെ ദുഃഖവും രോഷവും രാജ്യമെമ്പാടും ഒരുപോലെ പങ്കിടുന്നുണ്ടെന്ന് അടിവരയിട്ട ശ്രീ മോദി, ഈ ആക്രമണം നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെ മാത്രമല്ല, ഇന്ത്യയുടെ ആത്മാവിനു നേരെയുമുള്ള ഒരു ധിക്കാരപരമായ ആക്രമണമാണെന്നും അഭിപ്രായപ്പെട്ടു. "ഈ ആക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളും, ഗൂഢാലോചന നടത്തിയവരും, അവർ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നേരിടേണ്ടിവരും", തീവ്രവാദത്തിന്റെ ശേഷിക്കുന്ന ശക്തികേന്ദ്രങ്ങൾ ഇല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമായി പ്രഖ്യാപിച്ചു. "140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഇപ്പോൾ ഭീകരവാദികളെ ഉന്മൂലനം ചെയ്യും", അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യ എല്ലാ തീവ്രവാദികളെയും, അവരെ നയിക്കുന്നവരെയും, പിന്തുണയ്ക്കുന്നവരെയും തിരിച്ചറിയുകയും, കണ്ടെത്തുകയും, ശിക്ഷിക്കുകയും ചെയ്യുമെന്ന് ബിഹാറിന്റെ മണ്ണിൽ നിന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭൂമിയുടെ ഏതറ്റം വരെയും ഇന്ത്യ അവരെ പിന്തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഭീകരത ഇന്ത്യയുടെ ആത്മാവിനെ ഒരിക്കലും തകർക്കില്ല, ഭീകരത ശിക്ഷിക്കപ്പെടാതെ പോകില്ല. നീതി ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും, ഭീകരതയ്‌ക്കെതിരായ ഈ ദൃഢനിശ്ചയത്തിൽ മുഴുവൻ രാഷ്ട്രവും ഉറച്ചുനിൽക്കുമെന്നും" അദ്ദേഹം ഊന്നിപ്പറഞ്ഞു. മാനവികതയിൽ വിശ്വസിക്കുന്ന എല്ലാവരും ഈ സമയത്ത് ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ നിമിഷങ്ങളിൽ ഇന്ത്യയെ പിന്തുണച്ച വിവിധ രാജ്യങ്ങളിലെ ജനങ്ങളോടും നേതാക്കളോടും അദ്ദേഹം നന്ദി അറിയിച്ചു.
"സമാധാനവും സുരക്ഷയുമാണ് ദ്രുത വികസനത്തിന് ഏറ്റവും നിർണായകം", വികസിത ഇന്ത്യയ്ക്ക് വികസിത ബിഹാർ അനിവാര്യമാണെന്ന് ശ്രീ മോദി പറഞ്ഞു. ബിഹാറിൽ വികസനം ഉറപ്പാക്കാനും പുരോഗതിയുടെ നേട്ടങ്ങൾ സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലേക്കും എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം തൻ്റെ പ്രസംഗം ഉപസംഹരിച്ചു. പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
ബിഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ രാജീവ് രഞ്ജൻ സിംഗ്, ശ്രീ ജിതൻ റാം മഞ്ചി, ശ്രീ ഗിരിരാജ് സിംഗ്, ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ നിത്യാനന്ദ് റായ്, ശ്രീ രാം നാഥ് ഠാക്കൂർ, ഡോ. രാജ് ഭൂഷൺ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ബിഹാറിലെ മധുബനിയിൽ നടന്ന ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ച പഞ്ചായത്തുകളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളും അദ്ദേഹം സമ്മാനിച്ചു.
ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ ഹഥുവയിൽ ഏകദേശം 340 കോടി രൂപയുടെ റെയിൽ അൺലോഡിംഗ് സൗകര്യമുള്ള എൽപിജി ബോട്ട്ലിംഗ് പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഇത് വിതരണ ശൃംഖല സുഗമമാക്കുന്നതിനും വലിയ അളവിലുള്ള എൽപിജി ഗതാഗതത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
മേഖലയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, 1,170 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും നവീകരിച്ച വിതരണ മേഖല പദ്ധതി പ്രകാരം ബിഹാറിലെ വൈദ്യുതി മേഖലയിൽ 5,030 കോടിയിലധികം രൂപയുടെ ഒന്നിലധികം പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
രാജ്യത്തുടനീളമുള്ള റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, സഹർസയ്ക്കും മുംബൈയ്ക്കുമിടയിലുള്ള അമൃത് ഭാരത് എക്സ്പ്രസ്, ജയ്നഗറിനും പട്നയ്ക്കും ഇടയിലുള്ള നമോ ഭാരത് റാപ്പിഡ് റെയിൽ, പിപരയ്ക്കും സഹർസയ്ക്കും സഹർസയ്ക്കും സമസ്തിപൂരിനും ഇടയിലുള്ള ട്രെയിനുകൾ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സുപോൽ പിപര റെയിൽ ലൈൻ, ഹസൻപൂർ ബിഥാൻ റെയിൽ ലൈൻ, ഛപരയിലും ബഗഹയിലും രണ്ട് 2-ലെയ്ൻ റെയിൽ ഓവർ ബ്രിഡ്ജുകൾ എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഖഗടിയ-അലൗലി റെയിൽ ലൈൻ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. ഈ പദ്ധതികൾ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് കാരണമാവുകയും ചെയ്യും.
ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY- NRLM) പ്രകാരം ബിഹാറിൽ നിന്നുള്ള 2 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങൾക്ക് കമ്മ്യൂണിറ്റി നിക്ഷേപ ഫണ്ടിന്റെ കീഴിൽ ഏകദേശം 930 കോടി രൂപയുടെ ആനുകൂല്യങ്ങൾ പ്രധാനമന്ത്രി വിതരണം ചെയ്തു.
പ്രധാനമന്ത്രി പിഎംഎവൈ-ഗ്രാമീണിന്റെ 15 ലക്ഷം പുതിയ ഗുണഭോക്താക്കൾക്ക് അനുമതി പത്രങ്ങൾ കൈമാറി, രാജ്യത്തുടനീളമുള്ള 10 ലക്ഷം പിഎംഎവൈ-ജി ഗുണഭോക്താക്കൾക്ക് ഗഡുക്കളായി അനുവദിച്ചു. ബിഹാറിൽ ഒരു ലക്ഷം പിഎംഎവൈ-ജി വീടുകളുടെയും 54,000 പിഎംഎവൈ-യു വീടുകളുടെയും ഗൃഹപ്രവേശനത്തോടനുബന്ധിച്ച് അദ്ദേഹം ചില ഗുണഭോക്താക്കൾക്ക് താക്കോലുകൾ കൈമാറി.
***
SK
(Release ID: 2124053)
Visitor Counter : 33
Read this release in:
English
,
Urdu
,
Hindi
,
Nepali
,
Marathi
,
Manipuri
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada