വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഔദ്യോഗിക ഭാഷയ്ക്കായുള്ള പാര്‍ലമെന്ററി സമിതി ദേശീയ ചലച്ചിത്ര മ്യൂസിയം സന്ദര്‍ശിച്ചു

Posted On: 23 APR 2025 11:27AM by PIB Thiruvananthpuram
ഔദ്യോഗിക ഭാഷയ്ക്കായുള്ള പാര്‍ലമെന്ററി സമിതി അംഗങ്ങള്‍, 2025 ഏപ്രില്‍ 22 ചൊവ്വാഴ്ച, മുംബൈയിലെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനും (NFDC) ഇന്ത്യന്‍ സിനിമയുടെ ദേശിയ മ്യൂസിയവും (NMIC) സന്ദര്‍ശിച്ചു.
 
പാര്‍ലമെന്റ് അംഗങ്ങളായ ശ്രീ ശങ്കര്‍ ലാല്‍വാനി (ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലം), ഹരിഭായി പട്ടേല്‍ (മെഹ്‌സാനാ ലോക്‌സഭാ മണ്ഡലം), ശ്രീ കുല്‍ദീവ് ഇന്‍ഡോറ (ഗംഗാനഗര്‍ ലോക്‌സഭാ മണ്ഡലം), ഡോ. സുമേര്‍ സിംഗ് സോളങ്കി (രാജ്യസഭ), ശ്രീ സിയ ഉര്‍ റഹ്മാന്‍ (സംഭാല്‍ ലോക്‌സഭാ മണ്ഡലം), സെക്രട്ടറി (കമ്മിറ്റി) ശ്രീ പ്രേം നരേന്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു പ്രതിനിധി സംഘം.
 
പാര്‍ലമെന്ററി സമിതി അംഗങ്ങളെ NFDC ജനറല്‍ മാനേജര്‍ ശ്രീ ഡി. രാമകൃഷ്ണനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു. കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ശ്രീ രവീന്ദ്ര കുമാര്‍ ജെയിനും സന്നിഹിതനായിരുന്നു.
 
NMIC മാര്‍ക്കറ്റിംഗ് & പബ്ലിക് റിലേഷന്‍സ് മാനേജര്‍ ശ്രീമതി ജയിത ഘോഷും ഡെപ്യൂട്ടി ജനറല്‍ മാനേജരും ക്യൂറേറ്ററുമായ ശ്രീ സത്യജിത് മണ്ട്‌ലെയും ചേര്‍ന്നാണ് മ്യൂസിയം ടൂര്‍ ആസൂത്രണം ചെയ്തത്. ഔദ്യോഗിക ഭാഷാ സമിതി അംഗങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയുടെ ചരിത്രം, സാങ്കേതിക പുരോഗതി, അപൂര്‍വ്വ പോസ്റ്ററുകള്‍, ക്യൂറേറ്റഡ് ശേഖരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച ലഭിച്ചു.
 
പ്രദര്‍ശന വസ്തുക്കളെക്കുറിച്ച് അംഗങ്ങള്‍ വളരെയധികം മതിപ്പു രേഖപ്പെടുത്തുകയും ഇന്ത്യന്‍ സിനിമയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിലും പ്രദര്‍ശിപ്പിക്കുന്നതിലും മ്യൂസിയം നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവര്‍ പ്രശംസിക്കുകയും ചെയ്തു.
 
വിജ്ഞാനപ്രദം മാത്രമായിരുന്നില്ല, ഇന്ത്യന്‍ സിനിമയുടെ ആത്മാവുമായി ഒരു വൈകാരിക അനുഭവം പ്രദാനം ചെയ്യുന്നതു കൂടിയായിരുന്നു സന്ദര്‍ശനമെന്ന് അവര്‍ പങ്കുവച്ചു. ഭാവിയില്‍ മ്യൂസിയം വീണ്ടും സന്ദര്‍ശിക്കുന്നതിനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു.
 
ഇന്ത്യന്‍ സിനിമയുടെ ഈടുറ്റ പൈതൃകം രാജ്യത്തെ പ്രധാന നയരൂപകര്‍ത്താക്കള്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ഈ അവസരം NMIC- ക്കും NFDC- ക്കും അഭിമാനത്തിന്റെ ഒരു മുഹൂര്‍ത്തം കൂടിയായിരുന്നു.
 
*****

(Release ID: 2123771) Visitor Counter : 21