പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി അമേരിക്കയുടെ വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആതിഥ്യമരുളി
Posted On:
21 APR 2025 8:50PM by PIB Thiruvananthpuram
ഫെബ്രുവരിയിൽ വാഷിങ്ടൺ ഡിസിയിലേക്കു നടത്തിയ വിജയകരമായ സന്ദർശനവും പ്രസിഡന്റ് ട്രംപുമായുള്ള ചർച്ചകളും പ്രധാനമന്ത്രി അനുസ്മരിച്ചു
ഈ വർഷം ഫെബ്രുവരിയിൽ പാരിസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം, പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റ് വാൻസും ഉഭയകക്ഷിബന്ധത്തിലെ പുരോഗതി അവലോകനം ചെയ്തു
ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരകരാറിലെ പുരോഗതിയും ഊർജം, പ്രതിരോധം, തന്ത്രപരമായ സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അവർ സ്വാഗതം ചെയ്തു
പരസ്പരതാൽപ്പര്യമുള്ള വിവിധ പ്രാദേശിക-ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായങ്ങൾ കൈമാറി
വൈസ് പ്രസിഡന്റിനും കുടുംബത്തിനും സന്തോഷകരമായ വാസത്തിനു പ്രധാനമന്ത്രി ആശംസകൾ നേർന്നു
പ്രസിഡന്റ് ട്രംപിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി, ഈ വർഷാവസാനം ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. രണ്ടാം വനിത ഉഷ വാൻസും കുട്ടികളും അമേരിക്കൻ ഭരണസംവിധാനത്തിലെ മുതിർന്ന അംഗങ്ങളും വൈസ് പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
ഫെബ്രുവരിയിൽ വാഷിങ്ടൺ ഡിസി സന്ദർശിച്ചതും പ്രസിഡന്റ് ട്രംപുമായി നടത്തിയ ഫലപ്രദമായ ചർച്ചകളും പ്രധാനമന്ത്രി സ്നേഹപൂർവം അനുസ്മരിച്ചു. ‘അമേരിക്ക വീണ്ടും മഹത്തരമാക്കുക (Make America Great Again - MAGA)’ എന്നതിന്റെയും ‘വികസിത ഇന്ത്യ 2047’ന്റെയും കരുത്തു പ്രയോജനപ്പെടുത്തി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വളരെയടുത്ത സഹകരണത്തിനുള്ള രൂപരേഖ തയ്യാറാക്കാൻ ആ ചർച്ചകൾക്കായിരുന്നു.
ഉഭയകക്ഷിസഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി അവലോകനം ചെയ്ത പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റ് വാൻസും അവ ക്രിയാത്മകമായി വിലയിരുത്തുകയും ചെയ്തു.
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരസ്പരപ്രയോജനകരമായ ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാരകരാറിനായുള്ള ചർച്ചകളിലെ ഗണ്യമായ പുരോഗതി അവർ സ്വാഗതം ചെയ്തു. ഊർജം, പ്രതിരോധം, തന്ത്രപരമായ സാങ്കേതികവിദ്യകൾ, മറ്റു മേഖലകൾ എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളും അവർ വിലയിരുത്തി.
പരസ്പരതാൽപ്പര്യമുള്ള വിവിധ പ്രാദേശിക-ആഗോള വിഷയങ്ങളിൽ ഇരുനേതാക്കളും കാഴ്ചപ്പാടുകൾ കൈമാറുകയും മുന്നോട്ടുള്ള വഴിയായി സംഭാഷണവും നയതന്ത്രവും ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിൽ സന്തോഷകരവും ഫലപ്രദവുമായ താമസത്തിനായി വൈസ് പ്രസിഡന്റിനും രണ്ടാം വനിതയ്ക്കും കുട്ടികൾക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.
SK
***
(Release ID: 2123333)
Visitor Counter : 18