വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് 2025 ന് മുന്നോടിയായി കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വാർത്താ മാധ്യമ സ്ഥാപനങ്ങളുമായി കൂടിയാലോചനകൾ നടത്തി
മാധ്യമ വ്യവസായമാണ് വേവ്സിനെ നയിക്കുന്നത്; സർക്കാർ അതിനുള്ള ഒരു ഉത്തേജകമാണ്- ശ്രീ അശ്വിനി വൈഷ്ണവ്
ഇന്ത്യയുടെ സർഗാത്മക സാമ്പത്തിക മുന്നേറ്റത്തോടുള്ള മികച്ച പ്രതികരണം: ഒരു ലക്ഷത്തിലധികം രജിസ്ട്രേഷനുകൾ, ഏറ്റവും മികച്ച 750 ഓളം പ്രതിഭകൾ അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കും
സർഗാത്മക സൃഷ്ടികളെയും ആഗോളതലത്തിലെ സ്രഷ്ടാക്കൾ, വാങ്ങുന്നവർ, വിപണികൾ എന്നിവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി വേവ്സ് മാറിയിരിക്കുന്നു: കേന്ദ്രമന്ത്രി
Posted On:
19 APR 2025 7:03PM
|
Location:
PIB Thiruvananthpuram
സർഗാത്മക സ്രഷ്ടാക്കളുടെ ലോകവും അനുബന്ധ സമ്പദ്വ്യവസ്ഥയും അടിസ്ഥാനപരമായ ഒരു മാറ്റത്തിലൂടെ കടന്നുപോകുന്നതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ്. മെയ് 1 മുതൽ 4 വരെ മുംബൈയിൽ സംഘടിപ്പിച്ചിട്ടുള്ള പ്രഥമ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ന് വാർത്താ മാധ്യമങ്ങളുമായി അദ്ദേഹം സംവദിച്ചു. ദേശീയ, പ്രാദേശിക തലത്തിലെ ഏകദേശം 20ഓളം വാർത്താ മാധ്യമ സ്ഥാപനങ്ങൾ ആശയവിനിമയത്തിൽ പങ്കെടുത്തു. സാങ്കേതികവിദ്യയുടെ ആവിർഭാവത്തോടെ, പഴയ രീതികൾ നൂതന മാതൃകകൾക്ക് വഴിമാറിയതായും അതോടെ അവസരങ്ങളും ഒപ്പം വെല്ലുവിളികളും സൃഷ്ടിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമ ലോകത്തിന്റെ രൂപം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം എന്ന നിലയിൽ പുതിയ മാതൃകയോട് പ്രതികരിക്കേണ്ടതിന്റെ കൂട്ടായ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ഒരു വലിയ സ്റ്റുഡിയോ ആവശ്യമായിരുന്ന കാലം കഴിഞ്ഞു എന്നും,ഇന്ന് ജാർഖണ്ഡിലെയോ, കേരളത്തിലെയോ ഉൾനാടൻ ഗ്രാമത്തിൽ നിന്നുള്ള ഒരു ഉള്ളടക്ക സ്രഷ്ടാവിന് പോലും മികച്ച നിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കാനും ദശലക്ഷക്കണക്കിന് പ്രേക്ഷകരെ നേടാനും കഴിയുമെന്ന് മന്ത്രി ഉദാഹരണമായി പറഞ്ഞു.
സർഗാത്മക സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് അദ്ദേഹം പരാമർശിച്ചു. ആഗോളതലത്തിൽ രാജ്യത്തിന്റെ മൃദുശക്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്രഷ്ടാക്കളുടെ പ്രവർത്തനത്തെയും സമ്പദ്വ്യവസ്ഥയിൽ അവരുടെ സംഭാവനയെയും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന നമ്മുടെ പ്രധാനമന്ത്രി അംഗീകരിച്ചതായി മന്ത്രി പറഞ്ഞു. സാമ്പത്തിക നയങ്ങൾക്കായുള്ള ഒരു ആഗോള പ്ലാറ്റ്ഫോമായി ദാവോസ് പ്രവർത്തിക്കുന്നതുപോലെ, മാധ്യമങ്ങൾക്കും വിനോദത്തിനുമുള്ള ഒരു ആഗോള പ്ലാറ്റ്ഫോമായി സ്വയം പരിണമിക്കാൻ വേവ്സ് ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വേവ്സ് 2025-ൽ ഒരു ലക്ഷത്തിലധികം രജിസ്ട്രേഷനുകളോടെ ഇന്ത്യയുടെ സർഗാത്മക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം ലഭിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള മാധ്യമ, വിനോദ മേഖലയിലേക്കുള്ള സംഭാവനകളെ അംഗീകരിച്ചുകൊണ്ട് മികച്ച നൂതനാശയ വിദഗ്ധർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കും. നമ്മുടെ സർഗ്ഗ പ്രതിഭകളെ ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗം ഞങ്ങൾ കണ്ടെത്തുകയാണെന്ന് ശ്രീ വൈഷ്ണവ് പറഞ്ഞു. വിപുലമായ സർഗ്ഗാത്മക പരിഹാരങ്ങൾക്കായി സ്രഷ്ടാക്കൾ, വാങ്ങുന്നവർ, വിപണികൾ എന്നിവയ്ക്കിടയിൽ ഒരു ആഗോള കണ്ണിയായി വേവ്സ് ഉയർന്നുവരുന്നുവെന്ന് മന്ത്രി പറഞ്ഞു. സർഗാത്മക സൃഷ്ടികൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വേവ്സ് വഴി ഒരു വേദി ലഭിക്കുന്നു. അവിടെ സ്രഷ്ടാക്കൾക്ക് അവരുടെ ഉള്ളടക്കം വാഗ്ദാനം ചെയ്യാനും സ്ഥാപനങ്ങൾക്ക് ഗുണനിലവാരമുള്ള സർഗ്ഗാത്മക സൃഷ്ടികൾ കണ്ടെത്താനും കഴിയും.
നയരൂപകർത്താക്കൾ, സ്രഷ്ടാക്കൾ, വ്യവസായ പ്രമുഖർ, ടെക് ഭീമന്മാർ, മാധ്യമ,വിനോദ മേഖലയിലെ സ്റ്റാർട്ടപ്പുകൾ എന്നിവരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നതിനായി 'വേവ്സ്' എന്ന ഒരു നൂതന ആശയം ആവിഷ്കരിച്ചതിന് ആശയവിനിമയത്തിൽ പങ്കെടുത്ത വിവിധ മാധ്യമ സ്ഥാപന മേധാവികൾ സർക്കാരിനെ അഭിനന്ദിച്ചു.
കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു എല്ലാ പങ്കാളികളെയും വിശിഷ്ട വ്യക്തികളെയും സ്വാഗതം ചെയ്തു. മാധ്യമ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ കൂട്ടായ സംഭാഷണത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു . വിവിധ പ്ലാറ്റ്ഫോമുകളിലെ പങ്കാളികളുമായി യോജിച്ചു പ്രവർത്തിക്കുന്നതിൽ മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ അദ്ദേഹം, വേവ്സ് 2025 ന് മുന്നോടിയായുള്ള യോഗത്തിൽ മാധ്യമ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ചെയ്തു
**********************
Release ID:
(Release ID: 2122978)
| Visitor Counter:
40
Read this release in:
Odia
,
English
,
Gujarati
,
Urdu
,
Marathi
,
Hindi
,
Nepali
,
Assamese
,
Punjabi
,
Tamil
,
Telugu
,
Kannada