പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു
നവകർ മഹാമന്ത്രം വെറുമൊരു മന്ത്രമല്ല, അത് നമ്മുടെ വിശ്വാസത്തിൻ്റെ കാതലാണ്: പ്രധാനമന്ത്രി
നവകർ മഹാമന്ത്രം വിനയവും സമാധാനവും സാർവത്രിക ഐക്യവും ഉൾക്കൊള്ളുന്നു: പ്രധാനമന്ത്രി
നവകർ മഹാമന്ത്രത്തോടൊപ്പം പഞ്ച പരമേഷ്ഠിയുടെ ആരാധനയും ശരിയായ അറിവ്, ധാരണ, പെരുമാറ്റം, മോക്ഷത്തിലേക്കുള്ള പാത എന്നിവയെ പ്രതീകപ്പെടുത്തുന്നു: പ്രധാനമന്ത്രി
ജൈന സാഹിത്യം ഇന്ത്യയുടെ ബൗദ്ധിക മഹത്വത്തിൻ്റെ നട്ടെല്ലാണ്: പ്രധാനമന്ത്രി
കാലാവസ്ഥാ വ്യതിയാനമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി, അതിൻ്റെ പരിഹാരം സുസ്ഥിരമായ ഒരു ജീവിതശൈലിയാണ്, അത് ജൈന സമൂഹം നൂറ്റാണ്ടുകളായി പരിശീലിക്കുകയും ഇന്ത്യയുടെ മിഷൻ ലൈഫുമായി സമ്പൂർണ്ണമായി യോജിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
നവകർ മഹാമന്ത്ര ദിവസ് സംബന്ധിച്ച് 9 പ്രമേയങ്ങൾ നിർദ്ദേശിച്ച് പ്രധാനമന്ത്രി
Posted On:
09 APR 2025 11:06AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നവകർ മഹാമന്ത്ര ദിവസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ അഗാധമായ ആത്മീയ അനുഭവം അദ്ദേഹം എടുത്തുപറഞ്ഞു, മനസ്സിന് സമാധാനവും സ്ഥിരതയും കൊണ്ടുവരാനുള്ള അതിൻ്റെ കഴിവ് അദ്ദേഹം ഊന്നിപ്പറഞ്ഞു. വാക്കുകൾക്കും ചിന്തകൾക്കും അതീതമായി മനസ്സിലും ബോധത്തിലും ആഴത്തിൽ പ്രതിധ്വനിക്കുന്ന ശാന്തതയുടെ അസാധാരണമായ അനുഭൂതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. നവകർ മന്ത്രത്തിൻ്റെ പ്രാധാന്യം അടിവരയിട്ട്, അതിൻ്റെ പവിത്രമായ ശ്ലോകങ്ങൾ പാരായണം ചെയ്ത ശ്രീ മോദി , സ്ഥിരത, സമചിത്തത, ബോധത്തിൻ്റെയും ആന്തരിക പ്രകാശത്തിൻ്റെയും ശ്രുതി മധുരമായ താളം എന്നിവ ഉൾക്കൊള്ളുന്ന മന്ത്രത്തെ ഊർജത്തിൻ്റെ ഏകീകൃത പ്രവാഹമായി വിശേഷിപ്പിച്ചു. തൻ്റെ വ്യക്തിപരമായ അനുഭവം പ്രതിഫലിപ്പിച്ചുകൊണ്ട്, നവകർ മന്ത്രത്തിൻ്റെ ആത്മീയ ശക്തി തനിക്കുള്ളിൽ തുടരുന്നത് എങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ചു. വർഷങ്ങൾക്ക് മുമ്പ് ബംഗളൂരുവിൽ സമാനമായ ഒരു കൂട്ടായ ഗാനാലാപന പരിപാടിക്ക് സാക്ഷ്യം വഹിച്ചത് അദ്ദേഹം അനുസ്മരിച്ചു, അത് തന്നിൽ ശാശ്വതമായ മതിപ്പാണ് സൃഷ്ടിച്ചത്. രാജ്യത്തും വിദേശത്തുമുള്ള ദശലക്ഷക്കണക്കിന് പുണ്യാത്മാക്കൾ ഒരു ഏകീകൃത ബോധത്തിൽ ഒത്തുചേരുന്നതിൻ്റെ സമാനതകളില്ലാത്ത അനുഭവം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കൂട്ടായ ഊർജ്ജത്തേയും സമന്വയിപ്പിച്ച വാക്കുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അത് യഥാർത്ഥത്തിൽ അസാധാരണവും അഭൂതപൂർവവുമാണെന്ന് വിശേഷിപ്പിച്ചു.
എല്ലാ തെരുവുകളിലും ജൈനമതത്തിൻ്റെ സ്വാധീനം പ്രകടമായ ഗുജറാത്തിൽ തൻ്റെ വേരുകളേക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ചെറുപ്പം മുതലേ ജൈന ആചാര്യന്മാരുടെ കൂട്ടത്തിലിരിക്കാനുള്ള സവിശേഷ ഭാഗ്യം തനിക്ക് എങ്ങനെ ലഭിച്ചുവെന്ന് എടുത്തുപറഞ്ഞു. "നവകർ മന്ത്രം വെറുമൊരു മന്ത്രമല്ല, മറിച്ച് വിശ്വാസത്തിൻ്റെ കാതലും ജീവിതത്തിൻ്റെ സത്തയുമാണ്", അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ നയിക്കുന്ന ആത്മീയതയ്‌ക്കപ്പുറം വ്യാപിക്കുന്ന അതിൻ്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു. നവകർ മന്ത്രത്തിലെ ഓരോ ശ്ലോകവും ഓരോ അക്ഷരവും പോലും അഗാധമായ അർത്ഥം ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം എടുത്തുകാട്ടി. മന്ത്രം ചൊല്ലുമ്പോൾ പഞ്ചപരമേഷ്ടിയെ വണങ്ങുകയും അതേക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കേവല ജ്ഞാനം" നേടുകയും "ഭവ്യ ജീവനെ" നയിക്കുകയും ചെയ്ത അരിഹന്തുകൾ 12 ദൈവിക ഗുണങ്ങൾ ഉൾക്കൊള്ളുന്നു, അതേസമയം എട്ട് കർമ്മങ്ങളെ ഉന്മൂലനം ചെയ്ത സിദ്ധന്മാർ മോക്ഷം നേടുകയും എട്ട് ശുദ്ധമായ ഗുണങ്ങൾ ആർജിച്ചിട്ടുള്ളവരാണെന്നും ശ്രീ മോദി പറഞ്ഞു. ആചാര്യന്മാർ മഹാവ്രതം പിന്തുടരുകയും 36 ഗുണങ്ങൾ ഉൾക്കൊള്ളുകയും വഴികാട്ടികളായി പ്രവർത്തിക്കുകയും ചെയ്യുന്നു, അതേസമയം ഉപാധ്യായന്മാർ 25 ഗുണങ്ങളാൽ സമ്പന്നമായ മോക്ഷപാതയെക്കുറിച്ചുള്ള അറിവ് നൽകുന്നു. 27 മഹത്തായ ഗുണങ്ങളുള്ള സാധുക്കൾ തപസ്സുചെയ്ത് മോക്ഷത്തിലേക്കുള്ള പുരോഗതിയിലൂടെ സ്വയം പരിഷ്കരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുണ്യാത്മാക്കളുമായി ബന്ധപ്പെട്ട ആത്മീയ ആഴവും ഗുണങ്ങളും അദ്ദേഹം എടുത്തുകാട്ടി.
“നവകർ മന്ത്രം ചൊല്ലുമ്പോൾ ഒരാൾ 108 ദൈവിക ഗുണങ്ങളെ വണങ്ങുകയും മനുഷ്യരാശിയുടെ ക്ഷേമത്തെ സ്മരിക്കുകയും ചെയ്യുന്നു”, അറിവും പ്രവർത്തനവുമാണ് ജീവിതത്തിൻ്റെ യഥാർത്ഥ ദിശകളെന്നും ഗുരു വഴികാട്ടിയായും ഉള്ളിൽ നിന്ന് ഉയർന്നുവരുന്ന പാതയാണെന്നും മന്ത്രം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ആത്മവിശ്വാസത്തെ പ്രചോദിപ്പിക്കുകയും സ്വന്തം യാത്രയ്ക്ക് തുടക്കമിടുകയും ചെയ്യുന്ന നവകർ മന്ത്രത്തിൻ്റെ പഠിപ്പിക്കലുകൾക്ക് അദ്ദേഹം ഊന്നൽ നൽകി. ഉള്ളിലുള്ള യഥാർത്ഥ ശത്രു- നിഷേധാത്മക ചിന്തകൾ, അവിശ്വാസം, ശത്രുത, സ്വാർത്ഥത എന്നിവയാണെന്നും ഇവയെ കീഴടക്കുന്നതാണ് യഥാർത്ഥ വിജയമെന്നും അദ്ദേഹം പ്രസ്താവിച്ചു. ബാഹ്യലോകത്തെക്കാൾ ജൈനമതം വ്യക്തികളെ സ്വയം കീഴടക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. "സ്വയം വിജയം ഒരാളെ അരിഹിന്തിലേക്ക് നയിക്കുന്നു", നവകർ മന്ത്രം ഒരു ആവശ്യമല്ല, മറിച്ച് ഒരു പാതയാണ് - വ്യക്തികളെ ഉള്ളിൽ നിന്ന് ശുദ്ധീകരിക്കുകയും ഐക്യത്തിലേക്കും സൗഹാർദ്ദത്തിലേക്കും നയിക്കുന്ന ഒരു പാതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"നവകർ മന്ത്രം യഥാർത്ഥത്തിൽ മനുഷ്യൻ്റെ ധ്യാനത്തിൻ്റെയും പരിശീലനത്തിൻ്റെയും സ്വയം ശുദ്ധീകരണത്തിൻ്റെയും മന്ത്രമാണ്", മറ്റ് ഇന്ത്യൻ വാമൊഴി, വേദപാരമ്പര്യങ്ങൾ പോലെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അതിൻ്റെ ആഗോള കാഴ്ചപ്പാടും അതിൻ്റെ കാലാതീതമായ സ്വഭാവവും ഉയർത്തിക്കാട്ടി പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു. "നവകർ മന്ത്രം, പഞ്ച് പരമേഷ്ഠിയെ ആരാധിക്കുന്നതോടൊപ്പം, ശരിയായ അറിവ്, ശരിയായ ധാരണ, ശരിയായ പെരുമാറ്റം എന്നിവ ഉൾക്കൊള്ളുന്നു, ഇത് വിമോചനത്തിലേക്കുള്ള പാതയായി വർത്തിക്കുന്നു", അദ്ദേഹം ഊന്നിപ്പറഞ്ഞു. സമ്പൂർണ്ണതയിലേക്ക് നയിക്കുന്ന ജീവിതത്തിൻ്റെ ഒമ്പത് ഘടകങ്ങളുടെ പ്രാധാന്യത്തിന് അടിവരയിട്ടുകൊണ്ട്, ഇന്ത്യൻ സംസ്കാരത്തിൽ ഒമ്പത് എന്ന സംഖ്യയുടെ സവിശേഷമായ പ്രാധാന്യം ശ്രീ മോദി ചൂണ്ടിക്കാട്ടി. നവകർ മന്ത്രം, ഒമ്പത് ഘടകങ്ങൾ, ഒമ്പത് ഗുണങ്ങൾ, ഒമ്പത് നിധികൾ, ഒമ്പത് കവാടങ്ങൾ, ഒമ്പത് ഗ്രഹങ്ങൾ, ദുർഗ്ഗയുടെ ഒമ്പത് രൂപങ്ങൾ, നവധ ഭക്തി തുടങ്ങിയ മറ്റ് പാരമ്പര്യങ്ങളിൽ അതിൻ്റെ സാന്നിധ്യവും പരാമർശിച്ച് ജൈനമതത്തിലെ ഒമ്പത് എന്ന സംഖ്യയുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. മന്ത്രങ്ങളുടെ ആവർത്തനം-ഒമ്പത് തവണയോ അല്ലെങ്കിൽ 27, 54, അല്ലെങ്കിൽ 108 എന്നിങ്ങനെ ഒമ്പതിൻ്റെ ഗുണിതങ്ങളായോ-ഒമ്പത് എന്ന സംഖ്യ പ്രതിനിധീകരിക്കുന്ന സമ്പൂർണ്ണതയെ പ്രതീകപ്പെടുത്തുന്നുവെന്ന് അദ്ദേഹം എടുത്തുകാണിച്ചു. ഒമ്പത് എന്ന സംഖ്യ കേവലം ഗണിതം മാത്രമല്ല, ഒരു തത്ത്വചിന്തയാണെന്നും അത് സമ്പൂർണ്ണതയെ പ്രതിനിധീകരിക്കുന്നുവെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. സമ്പൂർണ്ണത കൈവരിച്ചതിന് ശേഷം, മനസ്സും ബുദ്ധിയും സ്ഥിരത കൈവരിക്കുകയും പുതിയ കാര്യങ്ങൾക്കുള്ള ആഗ്രഹത്തിൽ നിന്ന് മുക്തമാവുകയും ചെയ്യുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുരോഗതിക്ക് ശേഷവും ഒരാൾ അവയുടെ സത്തയിൽ വേരൂന്നിയിരിക്കുന്നു, ഇതാണ് നവകർ മന്ത്രത്തിൻ്റെ സത്ത, അദ്ദേഹം പ്രസ്താവിച്ചു.
നവകർ മന്ത്രത്തിൻ്റെ തത്ത്വചിന്ത വികസിത ഇന്ത്യയുടെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നതാണെന്ന് അടിവരയിട്ട്, പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്നുള്ള തൻ്റെ പ്രസ്താവന ആവർത്തിച്ചു, വികസിത ഇന്ത്യ പുരോഗതിയെയും പൈതൃകത്തെയും സൂചിപ്പിക്കുന്നു-ഒരു രാഷ്ട്രം പുതിയ ഉയരങ്ങളിൽ എത്തും. വികസിത ഇന്ത്യ അതിൻ്റെ സംസ്കാരത്തിൽ അഭിമാനിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. തീർത്ഥങ്കരന്മാരുടെ ഉപദേശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് അദ്ദേഹം ഊന്നൽ നൽകി. മഹാവീരൻ്റെ 2550-ാമത് നിർവാണ മഹോത്സവത്തിൻ്റെ രാജ്യവ്യാപകമായ ആഘോഷം അനുസ്മരിച്ചുകൊണ്ട്, വിദേശത്ത് നിന്ന് തീർത്ഥങ്കരന്മാരുടേതുൾപ്പെടെയുള്ള പുരാതന വിഗ്രഹങ്ങൾ തിരിച്ചെത്തിയതായി ശ്രീ മോദി പരാമർശിച്ചു. സമീപ വർഷങ്ങളിൽ 20-ലധികം തീർത്ഥങ്കര വിഗ്രഹങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന കാര്യം അദ്ദേഹം അഭിമാനപൂർവ്വം പങ്കുവെച്ചു. ഇന്ത്യയുടെ സ്വത്വം രൂപപ്പെടുത്തുന്നതിൽ ജൈനമതത്തിൻ്റെ സമാനതകളില്ലാത്ത പങ്ക് അദ്ദേഹം ഉയർത്തിക്കാട്ടുകയും ഈ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ന്യൂഡൽഹിയിലെ പുതിയ പാർലമെൻ്റ് മന്ദിരത്തെ പരാമർശിച്ച് ജനാധിപത്യത്തിൻ്റെ ക്ഷേത്രമെന്ന് വിശേഷിപ്പിച്ച അദ്ദേഹം ജൈനമതത്തിൻ്റെ പ്രകടമായ സ്വാധീനം ചൂണ്ടിക്കാട്ടി. ശാർദുൽ ഗേറ്റ് പ്രവേശന കവാടത്തിലെ വാസ്തുവിദ്യാ ഗാലറിയിലെ സമദ് ശിഖറിൻ്റെ ചിത്രവും ഓസ്‌ട്രേലിയയിൽ നിന്ന് തിരിച്ചെത്തിച്ച ലോക്‌സഭാ കവാടത്തിലെ തീർത്ഥങ്കര വിഗ്രഹവും ഭരണഘടനാ ഗാലറിയുടെ സീലിംഗിൽ മഹാവീരൻ്റെ ഗംഭീരമായ ചിത്രവും സൗത്ത് ബിൽഡിംഗിൻ്റെ ഭിത്തിയിൽ 24 തീർത്ഥങ്കരന്മാരും ഒരുമിച്ച് ചിത്രീകരിച്ചിരിക്കുന്നതും അദ്ദേഹം പരാമർശിച്ചു. ഈ തത്ത്വചിന്തകൾ ഇന്ത്യയുടെ ജനാധിപത്യത്തെ നയിക്കുകയും ശരിയായ പാത നൽകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുരാതന ആഗമ ഗ്രന്ഥങ്ങളായ "വത്തു സഹവോ ധമ്മോ", "ചരിതം ഖലു ധമ്മോ", "ജീവന രക്ഷണം ധമ്മോ" എന്നിങ്ങനെയുള്ള ജൈനമതത്തിൻ്റെ ഗഹനമായ നിർവചനങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ഈ മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് "സബ്കാ സാത്ത്, സബ്കാ വികാസ്" എന്ന മന്ത്രവുമായാണ് ഗവൺമെന്റ് മുന്നേറുന്നതെന്ന് അദ്ദേഹം ആവർത്തിച്ച് ഉറപ്പിച്ചു.
"ജൈന സാഹിത്യം ഇന്ത്യയുടെ ബൗദ്ധിക പൈതൃകത്തിൻ്റെ നട്ടെല്ലാണ്, ഈ അറിവ് സംരക്ഷിക്കേണ്ടത് ഒരു കടമയാണ്", ജൈന സാഹിത്യത്തെക്കുറിച്ചുള്ള കൂടുതൽ ഗവേഷണം സാധ്യമാക്കിക്കൊണ്ട് പ്രാകൃതിനും പാലിക്കും ക്ലാസിക്കൽ ഭാഷാ പദവി നൽകാനുള്ള ഗവൺമെന്റിന്റെ തീരുമാനത്തെ എടുത്തുകാണിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ഭാഷയെ സംരക്ഷിക്കുന്നത് അറിവിൻ്റെ നിലനിൽപ്പ് ഉറപ്പാക്കുമെന്നും ഭാഷ വിപുലീകരിക്കുന്നത് ജ്ഞാനത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈന കൈയെഴുത്തുപ്രതികൾ ഇന്ത്യയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, ഓരോ പേജും ചരിത്രത്തിൻ്റെ കണ്ണാടിയും അറിവിൻ്റെ മഹാസമുദ്രവുമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഗഹനമായ ജൈന പഠിപ്പിക്കലുകൾ ഉദ്ധരിച്ചു. പല സുപ്രധാന ഗ്രന്ഥങ്ങളും ക്രമേണ അപ്രത്യക്ഷമാകുന്നതിൽ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിക്കുകയും ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച "ജ്ഞാൻ ഭാരതം മിഷൻ്റെ" സമാരംഭത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കൈയെഴുത്തുപ്രതികൾ സർവേ ചെയ്യാനും പുരാതന പൈതൃകത്തെ ഡിജിറ്റൈസ് ചെയ്യാനും പുരാതനതയെ ആധുനികതയുമായി ബന്ധിപ്പിക്കാനുമുള്ള പദ്ധതികൾ അദ്ദേഹം പങ്കുവെച്ചു. ‘അമൃത് സങ്കൽപ്’ എന്നാണ് അദ്ദേഹം ഈ സംരംഭത്തെ വിശേഷിപ്പിച്ചത്. "ആദ്ധ്യാത്മികതയിലൂടെ ലോകത്തെ നയിക്കുമ്പോൾ പുതിയ ഇന്ത്യ AI വഴി സാധ്യതകൾ അന്വേഷിക്കും", അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജൈനമതം ശാസ്ത്രീയവും സചേതനവുമാണ്, യുദ്ധം, ഭീകരത, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികൾക്ക് അതിൻ്റെ അടിസ്ഥാന തത്വങ്ങളിലൂടെ പരിഹാരം വാഗ്ദാനം ചെയ്യുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു, "പരസ്പരോപഗ്രഹോ ജീവൻ" എന്ന് പറയുന്ന ജൈന പാരമ്പര്യത്തിൻ്റെ ചിഹ്നം എല്ലാ ജീവജാലങ്ങളുടെയും പരസ്പരാശ്രിതത്വത്തെ ഊന്നിപ്പറയുന്നു. പരിസ്ഥിതി സംരക്ഷണം, പരസ്പര സൗഹാർദ്ദം, സമാധാനം എന്നിവയുടെ അഗാധമായ സന്ദേശമായി, ഏറ്റവും സൂക്ഷ്മമായ തലങ്ങളിൽ പോലും, അഹിംസയോടുള്ള ജൈനമതത്തിൻ്റെ പ്രതിബദ്ധത അദ്ദേഹം അടിവരയിട്ടു. ജൈനമതത്തിൻ്റെ അഞ്ച് പ്രധാന തത്ത്വങ്ങൾ അദ്ദേഹം അംഗീകരിക്കുകയും ഇന്നത്തെ കാലഘട്ടത്തിൽ അനേകാന്തവാദ തത്വശാസ്ത്രത്തിൻ്റെ പ്രസക്തി ഊന്നിപ്പറയുകയും ചെയ്തു. അനേകാന്തവാദത്തിലുള്ള വിശ്വാസം യുദ്ധത്തിൻ്റെയും സംഘട്ടനത്തിൻ്റെയും സാഹചര്യങ്ങളെ തടയുകയും മറ്റുള്ളവരുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. അനേകാന്തവാദത്തിൻ്റെ തത്വശാസ്ത്രം ലോകം ഉൾക്കൊള്ളേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ ശ്രമങ്ങളും ഫലങ്ങളും പ്രചോദനത്തിൻ്റെ സ്രോതസ്സായി മാറുന്നതോടെ, ഇന്ത്യയിലുള്ള ലോകത്തിൻ്റെ വിശ്വാസം ആഴമേറിയതാണെന്ന് അടിവരയിട്ടു പറഞ്ഞ ശ്രീ മോദി, ആഗോള സ്ഥാപനങ്ങൾ ഇപ്പോൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത് അതിൻ്റെ പുരോഗതി മുലമാണെന്നും അത് മറ്റുള്ളവർക്ക് വഴിതുറക്കുന്നതാണെന്നും എടുത്തുപറഞ്ഞു. പരസ്പര സഹകരണത്തിലാണ് ജീവിതം വളരുന്നതെന്ന് ഊന്നിപ്പറയുന്ന "പരസ്പരോപഗ്രഹോ ജീവനം" എന്ന ജൈന തത്ത്വചിന്തയുമായി അദ്ദേഹം ഇതിനെ ബന്ധപ്പെടുത്തി. ഈ വീക്ഷണം ഇന്ത്യയിൽ നിന്നും ആഗോള പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ടെന്നും രാഷ്ട്രം അതിൻ്റെ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രധാന പ്രശ്‌നത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സുസ്ഥിരമായ ജീവിതശൈലി പരിഹാരമായി അദ്ദേഹം തിരിച്ചറിയുകയും മിഷൻ ലൈഫ് ഇന്ത്യയുടെ സമാരംഭം എടുത്തുകാട്ടുകയും ചെയ്തു. ജൈന സമൂഹം നൂറ്റാണ്ടുകളായി ലാളിത്യം, സംയമനം, സുസ്ഥിരത എന്നിവയുടെ തത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അപരിഗ്രഹത്തിൻ്റെ ജൈന തത്വത്തെ പരാമർശിച്ചുകൊണ്ട്, ഈ മൂല്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ഥലം നോക്കാതെ എല്ലാവരോടും മിഷൻ ലൈഫിൻ്റെ പതാകവാഹകരാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്നത്തെ വിവരങ്ങളുടെ ലോകത്ത് അറിവ് ധാരാളമുണ്ടെന്നും എന്നാൽ ജ്ഞാനമില്ലാതെ അതിന് ആഴമില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശരിയായ പാത കണ്ടെത്താനുള്ള അറിവിൻ്റെയും ജ്ഞാനത്തിൻ്റെയും സന്തുലിതാവസ്ഥയാണ് ജൈനമതം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവാക്കൾക്ക് ഈ സന്തുലിതാവസ്ഥയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു, അവിടെ സാങ്കേതികവിദ്യ മാനുഷിക സ്പർശനത്താൽ പൂരകമാകണം, കഴിവുകൾ ആത്മാവിനൊപ്പം ഉണ്ടായിരിക്കണം. നവകർ മഹാമന്ത്രത്തിന് പുതിയ തലമുറയ്ക്ക് ജ്ഞാനത്തിൻ്റെയും ദിശാബോധത്തിൻ്റെയും ഉറവിടമായി പ്രവർത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
നവകർ മന്ത്രത്തിൻ്റെ കൂട്ടായ ജപത്തിന് ശേഷം ഒമ്പത് പ്രമേയങ്ങൾ എടുക്കാൻ ശ്രീ മോദി എല്ലാവരോടും അഭ്യർത്ഥിച്ചു. 'ജലസംരക്ഷണം' എന്നതായിരുന്നു ആദ്യത്തെ പ്രമേയം, കടകളിൽ വെള്ളം വിൽക്കുമെന്ന് 100 വർഷം മുമ്പ് പ്രവചിച്ച ബുദ്ധി സാഗർ മഹാരാജ് ജിയുടെ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു. ഓരോ തുള്ളി വെള്ളത്തെയും വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘അമ്മയുടെ പേരിൽ ഒരു മരം നടുക’ എന്നതാണ് രണ്ടാമത്തെ പ്രമേയം. കഴിഞ്ഞ മാസങ്ങളിൽ 100 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച കാര്യം എടുത്തുകാണിച്ച അദ്ദേഹം, അമ്മയുടെ പേരിൽ ഒരു മരം നട്ടുപിടിപ്പിക്കാനും അവളുടെ അനുഗ്രഹം പോലെ അതിനെ പരിപാലിക്കാനും എല്ലാവരോടും അഭ്യർത്ഥിച്ചു. 24 തീർത്ഥങ്കരന്മാരുമായി ബന്ധപ്പെട്ട 24 മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഗുജറാത്തിൽ നടത്തിയ ശ്രമങ്ങൾ അദ്ദേഹം അനുസ്മരിച്ചു, കുറച്ച് മരങ്ങൾ ലഭ്യമല്ലാത്തതിനാൽ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. എല്ലാ തെരുവുകളിലും പരിസരങ്ങളിലും നഗരങ്ങളിലും ശുചിത്വത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഈ ദൗത്യത്തിലേക്ക് എല്ലാവരേയും സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ചുകൊണ്ട്, മൂന്നാമത്തെ പ്രമേയമായി ശ്രീ മോദി ‘ശുചിത്വ ദൗത്യം’ പരാമർശിച്ചു. 'വോക്കൽ ഫോർ ലോക്കൽ' എന്ന നാലാമത്തെ പ്രമേയം, പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവയെ ആഗോളതലത്തിലേക്ക് മാറ്റുന്നതിനും ഇന്ത്യൻ മണ്ണിൻ്റെ സത്തയും ഇന്ത്യൻ തൊഴിലാളികളുടെ വിയർപ്പും വഹിക്കുന്ന ഇനങ്ങളെ പിന്തുണയ്ക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അഞ്ചാമത്തെ പ്രമേയം 'ഇന്ത്യയെ പര്യവേക്ഷണം ചെയ്യുക' എന്നതാണ്, കൂടാതെ രാജ്യത്തിൻ്റെ എല്ലാ കോണുകളുടെയും പ്രത്യേകതയും മൂല്യവും ഊന്നിപ്പറഞ്ഞുകൊണ്ട് വിദേശ യാത്രയ്ക്ക് മുമ്പ് ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്ഥാനങ്ങളും സംസ്കാരങ്ങളും പ്രദേശങ്ങളും പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം ആളുകളെ അഭ്യർത്ഥിച്ചു. 'സ്വാഭാവിക കൃഷി സ്വീകരിക്കുക' എന്ന ആറാമത്തെ പ്രമേയമായി, ഒരു ജീവി മറ്റൊന്നിനെ ഉപദ്രവിക്കരുത് എന്ന ജൈന തത്വത്തെ പരാമർശിച്ച പ്രധാനമന്ത്രി, ഭൂമിയെ രാസവസ്തുക്കളിൽ നിന്ന് മോചിപ്പിക്കാനും കർഷകരെ പിന്തുണയ്ക്കാനും പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്തു. അദ്ദേഹം ഏഴാമത്തെ പ്രമേയമായി 'ആരോഗ്യകരമായ ജീവിതശൈലി' നിർദ്ദേശിക്കുകയും മില്ലറ്റ് (ശ്രീ അന്ന), എണ്ണ ഉപഭോഗം 10% കുറയ്ക്കുക, മിതത്വത്തിലൂടെയും സംയമനത്തിലൂടെയും ആരോഗ്യം നിലനിർത്തുന്നതിനും ഉൾപ്പെടെയുള്ള ഇന്ത്യൻ ഭക്ഷണപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി വാദിച്ചു. എട്ടാമത്തെ പ്രമേയമായി 'യോഗയും സ്‌പോർട്‌സും ഉൾപ്പെടുത്തൽ' അദ്ദേഹം നിർദ്ദേശിച്ചു, ശാരീരിക ആരോഗ്യവും മാനസിക സമാധാനവും ഉറപ്പാക്കാൻ യോഗയും സ്‌പോർട്‌സും വീട്ടിലോ ജോലിസ്ഥലത്തോ സ്‌കൂളിലോ പാർക്കുകളിലോ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കാൻ ഊന്നൽ നൽകി. സേവനത്തിൻ്റെ യഥാർത്ഥ സത്തയായി കൈത്താങ്ങായോ ഭക്ഷണപാത്രം നിറച്ചോ അധഃസ്ഥിതരെ സഹായിക്കേണ്ടതിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടിയ അദ്ദേഹം ഒമ്പതാമത്തെയും അവസാനത്തെയും പ്രമേയമായി ‘ദരിദ്രരെ സഹായിക്കുക’ നിർദ്ദേശിച്ചു. ഈ പ്രമേയങ്ങൾ ജൈനമത തത്വങ്ങളുമായും സുസ്ഥിരവും യോജിപ്പുള്ളതുമായ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമായും യോജിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഈ ഒമ്പത് പ്രമേയങ്ങൾ വ്യക്തികളിലേക്ക് പുതിയ ഊർജ്ജം പകരുകയും യുവതലമുറയ്ക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യും. അവ നടപ്പിലാക്കുന്നത് സമൂഹത്തിൽ സമാധാനവും ഐക്യവും അനുകമ്പയും വളർത്തും", അദ്ദേഹം കൂട്ടിച്ചേർത്തു.
രത്‌നത്രയ, ദശലക്ഷണം, സോള കരൺ എന്നിവയുൾപ്പെടെയുള്ള ജൈനമത തത്വങ്ങളും പരയൂഷൺ പോലുള്ള ഉത്സവങ്ങളും സ്വയം ക്ഷേമത്തിന് വഴിയൊരുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, ലോക നവകർ മന്ത്ര ദിനം ആഗോളതലത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും തുടർച്ചയായി വർദ്ധിപ്പിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പരിപാടിയിൽ നാല് വിഭാഗങ്ങളും ഒന്നിച്ചു ചേർന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി, ഐക്യത്തിൻ്റെ പ്രതീകമായി ഇതിനെ വിശേഷിപ്പിച്ചു, ഐക്യത്തിൻ്റെ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. "ഭാരത് മാതാ കീ ജയ്" എന്ന് വിളിക്കുന്ന ആരെയും ആശ്ലേഷിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പ്രസ്താവിച്ചു, ഈ ഊർജ്ജം ഒരു വികസിത ഇന്ത്യയുടെ അടിത്തറയെ ശക്തിപ്പെടുത്തുന്നു.
രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഗുരു ഭഗവാൻമാരുടെ അനുഗ്രഹം ലഭിച്ചതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഈ ആഗോള പരിപാടി സംഘടിപ്പിച്ചതിന് മുഴുവൻ ജൈന സമൂഹത്തേയും അദ്ദേഹം ആദരവ് അറിയിച്ചു. ആചാര്യ ഭഗവന്ത്മാർ, മുനി മഹാരാജന്മാർ, ശ്രാവക്-ശ്രാവികമാർ, കൂടാതെ ഇന്ത്യയിലും വിദേശത്തുനിന്നും പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും അദ്ദേഹം തൻ്റെ അഭിവാദനങ്ങൾ അർപ്പിച്ചു. ഈ ചരിത്രപരമായ ഇവൻ്റ് സംഘടിപ്പിക്കുന്നതിനുള്ള ജിറ്റോയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ഗുജറാത്ത് ആഭ്യന്തര മന്ത്രി ശ്രീ ഹർഷ് സംഘവി, ജിറ്റോ അപെക്‌സ് ചെയർമാൻ ശ്രീ പൃഥ്വിരാജ് കോത്താരി, പ്രസിഡൻ്റ് ശ്രീ വിജയ് ഭണ്ഡാരി, മറ്റ് ജിറ്റോ ഉദ്യോഗസ്ഥർ, ലോകമെമ്പാടുമുള്ള പ്രമുഖർ എന്നിവരുടെ സാന്നിധ്യവും അംഗീകരിക്കുകയും ചെയ്തു.
പശ്ചാത്തലം
ജൈനമതത്തിലെ ഏറ്റവും ആദരണീയവും സാർവത്രികവുമായ മന്ത്രമായ നവകർ മഹാമന്ത്രത്തിൻ്റെ കൂട്ടായ ജപത്തിലൂടെ ആളുകളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ആത്മീയ ഐക്യത്തിൻ്റെയും ധാർമ്മിക ബോധത്തിൻ്റെയും സുപ്രധാനമായ ആഘോഷമാണ് നവകർ മഹാമന്ത്ര ദിവസ്. അഹിംസ, വിനയം, ആത്മീയ ഉയർച്ച എന്നിവയുടെ തത്വങ്ങളിൽ വേരൂന്നിയ മന്ത്രം പ്രബുദ്ധരായ ജീവികളുടെ സദ്ഗുണങ്ങൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ആന്തരിക പരിവർത്തനത്തിന് പ്രചോദനം നൽകുകയും ചെയ്യുന്നു. സ്വയം ശുദ്ധീകരണം, സഹിഷ്ണുത, കൂട്ടായ ക്ഷേമം എന്നിവയുടെ മൂല്യങ്ങളെക്കുറിച്ച് പ്രതിഫലിപ്പിക്കാൻ ദിവസ് എല്ലാ വ്യക്തികളെയും പ്രോത്സാഹിപ്പിക്കുന്നു.
108-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ആഗോള മന്ത്രത്തിൽ ചേർന്നു. പവിത്രമായ ജൈനമന്ത്രത്തിലൂടെ സമാധാനം, ആത്മീയ ഉണർവ്, സാർവത്രിക ഐക്യം എന്നിവ വളർത്തിയെടുക്കാനായാണ് അവർ പങ്കെടുത്തത്.
***
SK
(Release ID: 2120822)
Visitor Counter : 15
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada