വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് ബസാർ
ആഗോള പര്യവേക്ഷണം, സമ്പർക്കം, വ്യാപാരം
Posted On:
01 APR 2025 6:44PM by PIB Thiruvananthpuram

ആഗോള വിനോദ വ്യവസായ വിദഗ്ധരെയും വ്യാപാര സംരംഭങ്ങളെയും സർഗാത്മക ഉള്ളടക്ക നിർമാതാക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന നൂതന ഓൺലൈൻ വിപണിയാണ് വേവ്സ് ബസാർ. 2025 ജനുവരി 27 ന് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപ, റെയിൽവേ, ഇലക്ട്രോണിക്സ് & ഐടി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും കേന്ദ്ര സാംസ്കാരിക - ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്തും ചേർന്നാണ് ഈ സംരംഭം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടി എന്നറിയപ്പെടുന്ന വേവ്സ് ഉച്ചകോടിയുടെ സുപ്രധാന ഭാഗമാണ് വേവ്സ് ബസാർ. പുതിയ വ്യാപാര അവസരങ്ങൾ കണ്ടെത്താനും സഹകരിക്കാനും പരസ്പര സമ്പർക്കത്തിനുമായി വ്യവസായ രംഗത്തെ വിദഗ്ധർ ഒത്തുചേരുന്ന പ്രത്യേക വേദിയാണിത്. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലും ജിയോ വേൾഡ് ഗാർഡൻസിലും നടക്കുന്ന ഉച്ചകോടി വേവ്സ് ബസാറിനെ ആഗോള വിനോദ വിനിമയത്തിൻ്റെ പ്രധാന കേന്ദ്രമാക്കി മാറ്റും.
വേവ്സ് ബസാർ: ഒരു ആഗോള വിപണി
സിനിമ, ടെലിവിഷൻ, ആനിമേഷൻ, ഗെയിമിംഗ്, പരസ്യം, എക്സ്ആർ, സംഗീതം, ശബ്ദ രൂപകല്പന, റേഡിയോ തുടങ്ങി നിരവധി മേഖലകളിലെ പങ്കാളികളെ ഒരുമിച്ചുകൊണ്ടുവരുന്ന സവിശേഷ ഇലക്ട്രോണിക് വിപണിയാണ് വേവ്സ് ബസാർ.
സഹകാരികളെ അന്വേഷിക്കുന്ന സർഗാത്മക ഉള്ളടക്ക നിർമാതാക്കള്‍ക്കും ശരിയായ വേദിയന്വേഷിക്കുന്ന വ്യാപാര സംരംഭകർക്കും നിക്ഷേപകരെ തേടുന്ന ഡെവലപ്പർക്കും ആഗോള പ്രേക്ഷകർക്ക് മുന്നിൽ സർഗസൃഷ്ടികൾ പ്രദർശിപ്പിക്കാനാഗ്രഹിക്കുന്ന കലാകാരന്മാര്‍ക്കുമെല്ലാം പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും സ്വന്തം സംരഭം വളർത്താനും വേവ്സ് ബസാർ ഒരു ചലനാത്മക ഇടമൊരുക്കുന്നു. തുടക്കം മുതൽ ഇന്നുവരെ, മാധ്യമ വിനോദ മേഖലയിലെ വിവിധ തലങ്ങളിൽനിന്ന് 5500 ഉപഭോക്താക്കളും 2000-ലധികം വിൽപ്പനക്കാരും, ഏകദേശം 1000 പ്രോജക്റ്റുകളും പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വേവ്സ് ബസാറിലെ വ്യത്യസ്ത വിഭാഗങ്ങൾ
വിവിധ മേഖലകളിലായി ക്രമീകരിച്ചിരിക്കുന്ന വേവ്സ് ബസാറിലെ ഓരോ തലങ്ങളും മാധ്യമ - വിനോദ വ്യവസായത്തിലെ പ്രത്യേക വിഭാഗത്തെ തൃപ്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇവയിൽ ചിലത്:
- സിനിമ, ടിവി, വെബ് സീരീസ്: നിങ്ങളുടെ ഉള്ളടക്കം പ്രദർശിപ്പിക്കുന്നതിന് ആഗോള വിതരണക്കാരുമായും ഒടിടി സംവിധാനങ്ങളുമായും വിവിധ മേളകളുടെ ആസൂത്രകരുമായും ബന്ധപ്പെടാൻ അവസരം.
- ഗെയിമിംഗും ഇ-സ്‌പോർട്‌സും: നിക്ഷേപകർ, ഉപഭോക്താക്കൾ, പ്രസാധക വേദികൾ എന്നിവർക്കുമുന്നിൽ ഗെയിം ആശയങ്ങൾ, ഐപികൾ, ആസ്തികൾ എന്നിവ അവതരിപ്പിക്കാം.
- ആനിമേഷനും വിഎഫ്‌എക്‌സും: വൈവിധ്യമാർന്ന സർഗാത്മക പ്രോജക്റ്റുകൾക്കായി ഉന്നത നിലവാരമുള്ള ആനിമേഷനും വിഎഫ്‌എക്‌സ് സേവനങ്ങളും വാഗ്ദാനം ചെയ്യുക.
- ഹാസ്യ/ഇ-ബുക്കുകൾ: കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിനായി സ്റ്റോറിബോഡുകൾ, പ്രസിദ്ധീകരണങ്ങൾ, ഉള്ളടക്ക സൃഷ്ടി എന്നിവയുടെ വിപണനം.
- റേഡിയോയും പോഡ്‌കാസ്റ്റും: പ്രായോചകരെ നേടാനും വ്യാപ്തി വിപുലീകരിക്കാനും സ്വതന്ത്ര സർഗാത്മക ഓഡിയോ നിർമാതാക്കളെ ശാക്തീകരിക്കുക.
- സംഗീതവും ശബ്ദവും: ലൈസൻസിംഗ് അവസരങ്ങൾ നേടി സംഗീത നിർമാണം, ശബ്ദ രൂപകൽപ്പന തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുക.
- തത്സമയ പരിപാടികളും സ്വാധീനം ചെലുത്തുന്നവർ വഴി വിപണിയൊരുക്കലും: തത്സമയ പരിപാടികളിലൂടെ പ്രയോചകരെ കണ്ടെത്തുകയും ബ്രാൻഡ് പങ്കാളിത്തവും, പ്രേക്ഷക ഇടപെടലും വർധിപ്പിക്കുകയും ചെയ്യുക.
വേവ്സ് ബസാർ എങ്ങനെ പ്രവർത്തിക്കുന്നു
വേവ്സ് ബസാർ വെബ്‌സൈറ്റ് സന്ദർശിക്കുക: www.wavesbazaar.com വെബ്സൈറ്റിൽ പ്രവേശിച്ച് ഈ വേദിയെ അടുത്തറിയുക.
സൈൻ-അപ്പ് ചെയ്‌ത് നിങ്ങളുടെ പ്രൊഫൈൽ തയ്യാറാക്കുക; മുഴുവൻ അവസരങ്ങളും ലഭിക്കുന്നതിന് ഉപഭോക്താവയോ വിൽപ്പനക്കാരനായോ നിക്ഷേപകനായോ രജിസ്റ്റർ ചെയ്യുക.
നിങ്ങളുടെ സേവനങ്ങളോ പ്രോജക്റ്റ് ആവശ്യങ്ങളോ പട്ടികപ്പെടുത്തുക: നിങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുകയോ വ്യാപാര താൽപ്പര്യങ്ങൾക്ക് അനുയോജ്യമായവ ലഭ്യമായ പട്ടികകളിൽനിന്ന് കണ്ടെത്തുകയോ ചെയ്യുക.
സമ്പർക്കവും സഹകരണവും: വ്യാവസായിക വിദഗ്ധരുമായി ശൃംഖലകൾ രൂപീകരിക്കുകയും യോഗങ്ങൾ ചേരുകയും വിജയകരമായ സഹകരണങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുക.
നിങ്ങളുടെ വ്യാപാര സംരംഭം വളർത്തുക: വിപണി വികസിപ്പിക്കുകയും പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുകയും ദീർഘകാല പങ്കാളിത്തങ്ങൾ സ്ഥാപിക്കുകയും ചെയ്യുക.
യോഗ്യത: വേവ്സ് ബസാർ സേവനങ്ങൾ രജിസ്റ്റർ ചെയ്യാനും ഉപയോഗിക്കാനും കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
വിവിധ മേഖലകളിലെ വിദഗ്ധർക്കായി വേവ്സ് ബസാർ
സര്‍ഗാത്മക വ്യവസായ മേഖലകളിലെ ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കുമായി തുറന്നിരിക്കുകയാണ് വേവ്സ് ബസാർ. നൂതന ഉള്ളടക്കവും സേവനങ്ങളും തേടുന്ന വ്യാപാരസംരംഭങ്ങള്‍ക്കും വ്യക്തികൾക്കും ഈ സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കളുമായി ബന്ധപ്പെടുന്നതിനാായി രജിസ്റ്റർ ചെയ്യാം. വേവ്സ് ബസാറിൽ ചേരുന്നതിന് രജിസ്ട്രേഷൻ ഫീ ഇല്ല.

വിൽപ്പനക്കാർക്കുള്ള മാർഗനിർദേശങ്ങൾ
വില്പനക്കാരനായി രജിസ്റ്റർ ചെയ്യുന്നതിന് വേവ്സ് ബസാർ വെബ്‌സൈറ്റിലെ വേവ് സെല്ലര്‍ സൈന്‍-അപ്പ് പേജ് സന്ദർശിക്കുക. നിങ്ങളെയും നിങ്ങളുടെ സേവനങ്ങളെയും കുറിച്ച് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ സൃഷ്ടികള്‍ പ്രദർശിപ്പിക്കാനും അവ വാങ്ങാന്‍ താല്പര്യമുള്ളവരുമായി ബന്ധപ്പെടാനുമായി ഒരു പ്രൊഫൈൽ തയ്യാറാക്കാം.
ഒരു ഉപഭോക്താവായി വേവ്സ് ബസാറില്‍ ചേരാം
ഒരു ഉപഭോക്താവായി രജിസ്റ്റർ ചെയ്യുന്നതിന്, വേവ്സ് ബസാര്‍ വെബ്‌സൈറ്റിലെ വേവ്സ് ബയര്‍ സൈന്‍-അപ്പ് പേജില്‍ പ്രവേശിച്ച ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കി സൈൻ അപ്പ് ചെയ്യാം. രജിസ്ട്രേഷന് ശേഷം വൈവിധ്യമാർന്ന സര്‍ഗാത്മക പ്രോജക്റ്റുകളും സേവനങ്ങളും കാണാനാവും. ഇതുവഴി വില്പനക്കാരുമായി നേരിട്ട് ബന്ധപ്പെടാം.

വ്യൂവിംഗ് റൂമും മാർക്കറ്റ് സ്‌ക്രീനിംഗുകളും
വിപുലമായ വ്യൂവിംഗ് റൂം & മാർക്കറ്റ് സ്‌ക്രീനിംഗ്സ് സേവനങ്ങള്‍ വേവ്സ് ബസാറിന്റെ സവിശേഷതയാണ്. അവതരിപ്പിക്കുന്ന ഉള്ളടക്കം ശരിയായ പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് ഇതുവഴി ഉറപ്പാക്കുന്നു.
വ്യൂവിംഗ് റൂം ഒരു ഉള്ളടക്കം വാങ്ങുന്നതിനോ പദ്ധതികളില്‍ പങ്കാളിത്ത തീരുമാനം എടുക്കുന്നതിനോ മുന്‍പ് ഉപഭോക്താക്കള്‍ക്ക് ചലച്ചിത്രങ്ങള്‍, ആനിമേഷനുകൾ, ഗെയിമിംഗ് ഐപികൾ എന്നിവ കാണാന്‍ സുരക്ഷിത ഡിജിറ്റൽ ഇടമൊരുക്കുന്നു.
മാർക്കറ്റ് സ്‌ക്രീനിംഗുകളിൽ ഉയർന്ന സാധ്യതയുള്ള പ്രോജക്റ്റുകൾ എടുത്തുകാണിക്കുന്നതിനും നിക്ഷേപകരെയും വിതരണക്കാരെയും ആകർഷിക്കുന്നതിനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന പ്രത്യേക വ്യക്തിഗത വെർച്വൽ പ്രദര്‍ശനങ്ങള്‍ ഉൾപ്പെടുന്നു.
ഉപസംഹാരം
ആഗോള മാധ്യമ - വിനോദ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് വേവ്സ് ബസാർ. ഈ രംഗങ്ങളിലെ വിദഗ്ധര്‍ക്കും വ്യാപാരസംരംഭകര്‍ക്കും സര്‍ഗാത്മക ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും സമ്പര്‍ക്കത്തിനും സഹകരണത്തിനും വളര്‍ച്ചയ്ക്കും വേവ്സ് ബസാര്‍ ചലനാത്മക ഡിജിറ്റൽ വിപണി വാഗ്ദാനം ചെയ്യുന്നു. സിനിമ, ഗെയിമിംഗ് മേഖലകള്‍ മുതൽ സംഗീതം, പരസ്യ രംഗങ്ങള്‍ വരെ വൈവിധ്യമാർന്ന മേഖലകളിലുടനീളം അവസരങ്ങള്‍ നല്‍കുന്ന ഈ വേദി തടസ്സമില്ലാത്ത സംരംഭ ശൃംഖലകള്‍ രൂപീകരിക്കാനും വ്യാപാര ഇടപാടുകള്‍ക്കും വഴിയൊരുക്കുന്നു. ഉപഭോക്താക്കള്‍ക്കും വില്പനക്കാര്‍ക്കും സേവനം നൽകിക്കൊണ്ട് ആഗോള വിനോദ വിനിമയത്തിന്റെയും സര്‍ഗാത്മക സഹകരണത്തിന്റെയും പുതുയുഗത്തിന് വേവ്സ് ബസാർ വേദിയൊരുക്കുന്നു.
അവലംബം:
https://pib.gov.in/PressReleasePage.aspx?PRID=2107781
https://www.wavesbazaar.com/
https://x.com/WAVESummitIndia/status/1899452396822041044
(Release ID: 2117883)
Visitor Counter : 9