പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹരിയാനയിലെ പാനിപ്പത്തിൽ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 09 DEC 2024 5:54PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഹരിയുടെ വാസസ്ഥലം ഹരിയാനയാണ്, ഇവിടെ എല്ലാവരും പരസ്പരം ഹൃദയംഗമമായി 'റാം റാം' എന്ന് അഭിവാദ്യം ചെയ്യുന്നു.

ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ ജി, ഈ സംസ്ഥാനത്തെ ഊർജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ ആദരണീയ സഹപ്രവർത്തക നിർമ്മല സീതാരാമൻ ജി, ഈ നാടിന്റെ പുത്രൻ, പാർലമെന്റ് അംഗവും മുൻ മുഖ്യമന്ത്രിയും, അതുപോലെ ​ഗവണ്മെൻ്റിലെ എന്റെ സഹപ്രവർത്തകൻ ശ്രീ മനോഹർ ലാൽ ജി; ഹരിയാന ​ഗവണ്മെൻ്റിലെ മന്ത്രിമാരായ ശ്രീ കൃഷ്ണ പാൽ ജി; ശ്രുതി ജി, ആരതി ജി, എംപിമാർ, എംഎൽഎമാർ, രാജ്യത്തുടനീളമുള്ള വിവിധ എൽഐസി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ സഹപ്രവർത്തകരേ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.

സ്ത്രീ ശാക്തീകരണത്തിനായുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ഇന്ന് ഭാരതം നടത്തുന്നത്. മറ്റ് നിരവധി കാരണങ്ങളാലും ഈ ദിവസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇന്ന് 9-ാം തീയതിയാണ് - നമ്മുടെ വേദങ്ങളിൽ വളരെയധികം ശുഭസൂചന നൽകുന്ന ഒരു സംഖ്യ. 9 എന്ന സംഖ്യ നവദുർഗ്ഗയുടെ ഒമ്പത് ശക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു, നവരാത്രിയിൽ, നാം ഒമ്പത് ദിവസങ്ങൾ ശക്തി ആരാധനയ്ക്കായി സമർപ്പിക്കുന്നു. ഈ ദിവസവും സ്ത്രീകളെ ബഹുമാനിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്നു.


സുഹൃത്തുക്കളേ,

ഈ ദിവസം, അതായത് ഡിസംബർ 9 ന്, ഭരണഘടനാ അസംബ്ലിയുടെ ആദ്യ യോഗം നടന്നു. രാജ്യം ഭരണഘടനയുടെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ, സമത്വത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലായി ഈ തീയതി വർത്തിക്കുന്നു.

സുഹൃത്തുക്കളേ,

ലോകത്തിന് ധാർമ്മികതയെയും മതത്തെയും കുറിച്ചുള്ള അറിവ് പകർന്നുനൽകിയ ഈ ആദരണീയമായ ഭൂമിയിൽ ഇന്ന് ഇവിടെ നിൽക്കുന്നത് തീർച്ചയായും ഒരു ബഹുമതിയാണ്. അന്താരാഷ്ട്ര ഗീതാ ജയന്തി മഹോത്സവവും ഇപ്പോൾ കുരുക്ഷേത്രയിൽ നടക്കുന്നു. ഗീതയുടെ ഈ പുണ്യഭൂമിയെ ഞാൻ വണങ്ങുന്നു, മുഴുവൻ ഹരിയാന സംസ്ഥാനത്തെയും അവിടുത്തെ ദേശസ്നേഹികളെയും സ്നേഹപൂവ്വമായ രാം റാം ഉപയോഗിച്ച് അഭിവാദ്യം ചെയ്യുന്നു. 'ഏക് ഹേ തോ സേഫ് ഹേ' (നമ്മൾ ഒരുമിച്ചാണെങ്കിൽ, നമ്മൾ സുരക്ഷിതരാണ്) എന്ന മന്ത്രം ഹരിയാന സ്വീകരിച്ച രീതി മുഴുവൻ രാജ്യത്തിനും ശ്രദ്ധേയമായ ഒരു മാതൃകയാണ്.

സുഹൃത്തുക്കളേ,

ഹരിയാനയുമായുള്ള എന്റെ ബന്ധവും ഈ നാടിനോടുള്ള എന്റെ സ്നേഹവും രഹസ്യമല്ല. നിങ്ങളുടെ വലിയ പിന്തുണയും അനുഗ്രഹവുമാണ് തുടർച്ചയായ മൂന്നാം തവണയും ബിജെപി ഇവിടെ ​ഗവണ്മെൻ്റ് രൂപീകരിക്കാൻ കാരണമായത്. ഇതിനായി, ഹരിയാനയിലെ ഓരോ കുടുംബത്തിനും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. സൈനി ജിയുടെ കീഴിലുള്ള പുതിയ ​ഗവണ്മെൻ്റ് അധികാരത്തിൽ വന്നിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ, എന്നിട്ടും രാജ്യമെമ്പാടും അത് പ്രശംസിക്കപ്പെടുന്നു. ഈ ​ഗവണ്മെൻ്റ് രൂപീകരിച്ച ഉടൻ തന്നെ ,യാതൊരു ചെലവും കൂടാതെയോ ശുപാർശകൾ ആവശ്യമില്ലാതെയോ ആയിരക്കണക്കിന് യുവജനങ്ങൾക്ക് സ്ഥിരം ജോലി ലഭിച്ചതിന് രാജ്യം മുഴുവൻ സാക്ഷ്യം വഹിച്ചു. ഇവിടുത്തെ ഇരട്ട എഞ്ചിൻ ​ഗവണ്മെൻ്റ് ഇപ്പോൾ ഇരട്ടി വേഗതയിലാണ് പ്രവർത്തിക്കുന്നത്.

സുഹൃത്തുക്കളേ,

തെരഞ്ഞെടുപ്പ് വേളയിൽ ഹരിയാനയിലെ സ്ത്രീകൾ "എൻ്റെ ഹരിയാന, തടസ്സമില്ലാത്ത ഹരിയാന" എന്ന മുദ്രാവാക്യം ഉയർത്തി. ഈ മുദ്രാവാക്യം ഞങ്ങളുടെ പ്രതിജ്ഞയായി ഞങ്ങൾ സ്വീകരിച്ചു. ഈ പ്രതിബദ്ധതയോടെയാണ് നിങ്ങളെയെല്ലാം ബന്ധപ്പെടാൻ ഞാൻ ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. ചുറ്റും നോക്കുമ്പോൾ, അമ്മമാരുടെയും സഹോദരിമാരുടെയും ഒരു വലിയ സാന്നിധ്യം ഞാൻ കാണുന്നു, അത് ശരിക്കും പ്രോത്സാഹജനകമാണ്.

സുഹൃത്തുക്കളേ,

രാജ്യത്തെ സ്ത്രീകൾക്കും പെൺമക്കൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ബീമാ സഖി പദ്ധതി ഇവിടെ ആരംഭിച്ചു. ബീമാ സഖി സംരംഭത്തിന്റെ കീഴിലുള്ള സർട്ടിഫിക്കറ്റുകൾ ഇന്ന് ഇവിടെ പെൺമക്കൾക്ക് വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള എല്ലാ സ്ത്രീകൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

സുഹൃത്തുക്കളേ,

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പാനിപ്പത്തിൽ നിന്ന് 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' കാമ്പെയ്ൻ ആരംഭിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഹരിയാനയിൽ മാത്രമല്ല, രാജ്യമെമ്പാടും അതിന്റെ നല്ല സ്വാധീനം അനുഭവപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ ഹരിയാനയിൽ മാത്രം ആയിരക്കണക്കിന് പെൺമക്കളുടെ ജീവൻ രക്ഷിക്കപ്പെട്ടു. ഇപ്പോൾ, 10 വർഷങ്ങൾക്ക് ശേഷം, നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കുമായി ബീമാ സഖി യോജന ഈ പാനിപ്പത്ത് ഭൂമിയിൽ നിന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. പല തരത്തിൽ, പാനിപ്പത്ത് സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

2047 ഓടെ ഒരു വികസിത രാഷ്ട്രമാകാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഭാരതം ഇപ്പോൾ മുന്നേറുന്നത്. 1947 മുതൽ, ഓരോ സമൂഹത്തിന്റെയും ഓരോ പ്രദേശത്തിന്റെയും കൂട്ടായ ഊർജ്ജം ഭാരതത്തെ അതിന്റെ നിലവിലെ ഉയരങ്ങളിലെത്തിച്ചു. എന്നിരുന്നാലും, 2047 ഓടെ ഒരു വികസിത ഭാരതം (വികസിത ഇന്ത്യ) എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, നാം നിരവധി പുതിയ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തണം. വടക്കുകിഴക്കൻ മേഖലയുൾപ്പെടെയുള്ള കിഴക്കൻ ഇന്ത്യയാണ് അത്തരമൊരു സ്രോതസ്സ്. മറ്റൊരു നിർണായക ഊർജ്ജ സ്രോതസ്സ് നമ്മുടെ രാജ്യത്തിന്റെ സ്ത്രീശക്തിയായ നാരി ശക്തിയാണ്. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന്, നമ്മുടെ എണ്ണമറ്റ അമ്മമാരുടെയും സഹോദരിമാരുടെയും അധിക ശക്തി നമുക്ക് ആവശ്യമാണ്, അവരുടെ സംഭാവനകൾ നമ്മുടെ ഏറ്റവും വലിയ പ്രചോദന സ്രോതസ്സായിരിക്കും. ഇന്ന്, സ്ത്രീകൾ നയിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളായ ബീമാ സഖി, ബാങ്ക് സഖി, കൃഷി സഖി എന്നിവ വികസിത ഭാരതത്തിന്റെ സുപ്രധാന സ്തംഭങ്ങളായി ഉയർന്നുവരുന്നു.


സുഹൃത്തുക്കളേ,

സ്ത്രീകളെ ശാക്തീകരിക്കുന്നതിന്, അവർക്ക് പുരോഗമിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്നും അവരുടെ പാതയിൽ നിന്ന് എല്ലാ തടസ്സങ്ങളും നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് നിർണായകമാണ്. സ്ത്രീകൾക്ക് മുന്നേറാൻ അവസരങ്ങൾ നൽകുമ്പോൾ, അവർ രാജ്യത്തിന് പുതിയ അവസരങ്ങൾ തുറക്കുന്നു. വർഷങ്ങളായി, സ്ത്രീകൾ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടിരുന്ന നിരവധി തൊഴിലുകൾ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു. നമ്മുടെ പെൺമക്കളെ തടസ്സപ്പെടുത്തുന്ന എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കാൻ നമ്മുടെ ബിജെപി ​ഗവണ്മെൻ്റ് ദൃഢനിശ്ചയം ചെയ്തു. ഇന്ന്, സൈന്യത്തിന്റെ മുൻനിരയിൽ സ്ത്രീകളെ വിന്യസിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. നമ്മുടെ പെൺമക്കളും ഗണ്യമായ അളവിൽ യുദ്ധവിമാന പൈലറ്റുമാരായി മാറുന്നുണ്ട്. നിരവധി സ്ത്രീകൾ ഇപ്പോൾ പോലീസ് സേനയിൽ ചേരുന്നു. മാത്രമല്ല, നമ്മുടെ പെൺമക്കൾ പ്രമുഖ കമ്പനികൾക്ക് നേതൃത്വം നൽകുന്നു. രാജ്യത്തുടനീളം, സ്ത്രീകൾ നയിക്കുന്ന 1,200 ഉൽ‌പാദക സംഘടനകളോ കർഷകരുടെയും കന്നുകാലി വളർത്തുന്നവരുടെയും സഹകരണ സംഘങ്ങളോ ഉണ്ട്. കായികരംഗത്തായാലും വിദ്യാഭ്യാസത്തിലായാലും, നമ്മുടെ പെൺമക്കൾ എല്ലാ മേഖലകളിലും മികവ് പുലർത്തുന്നു. കൂടാതെ, പ്രസവാവധി 26 ആഴ്ചയായി നീട്ടിയതിന്റെ പ്രയോജനം ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ലഭിച്ചിട്ടുണ്ട്.


സുഹൃത്തുക്കളേ,

പലപ്പോഴും, ഒരു കായികതാരം അഭിമാനത്തോടെ മെഡൽ പ്രദർശിപ്പിക്കുകയോ എവറസ്റ്റ് കൊടുമുടിയിൽ ത്രിവർണ്ണ പതാകയുമായി വിജയകരമായി നടക്കുകയോ ചെയ്യുമ്പോൾ, ആ വിജയം കൈവരിക്കാൻ വേണ്ടി ചെലവഴിച്ച വർഷങ്ങളുടെ സമർപ്പണത്തിന്റെയും അക്ഷീണ പരിശ്രമത്തിന്റെയും മൂല്യം നാം തിരിച്ചറിയുന്നില്ല. ഇന്ന് ഇവിടെ ആരംഭിച്ച ബീമാ സഖി പരിപാടിയുടെ അടിത്തറയും സമാനമായി വർഷങ്ങളുടെ സ്ഥിരോത്സാഹത്തിന്റെയും അക്ഷീണ പരിശ്രമത്തിന്റെയും അടിസ്ഥാനത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 60-65 വർഷങ്ങൾക്ക് ശേഷവും, ഇന്ത്യയിലെ മിക്ക സ്ത്രീകൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നില്ല. ഇതിനർത്ഥം സ്ത്രീകൾ ഔപചാരിക ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് വലിയതോതിൽ ഒഴിവാക്കപ്പെട്ടിരുന്നു എന്നാണ്. ഈ വിടവ് തിരിച്ചറിഞ്ഞുകൊണ്ട്, നമ്മുടെ ​ഗവണ്മെൻ്റ് അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് മുൻഗണന നൽകി. ഇന്ന്, 30 കോടിയിലധികം സ്ത്രീകൾക്കും പെൺമക്കൾക്കും ഇപ്പോൾ ജൻ ധൻ അക്കൗണ്ടുകൾ ഉണ്ടെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഈ ജൻ ധൻ അക്കൗണ്ടുകൾ ഇല്ലായിരുന്നെങ്കിൽ സ്ഥിതി എങ്ങനെയാകുമായിരുന്നുവെന്ന് സങ്കൽപ്പിക്കുക. അവയില്ലായിരുന്നെങ്കിൽ, ഗ്യാസ് സബ്സിഡി തുകകൾ നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമായിരുന്നില്ല. കോവിഡ്-19 മഹാമാരി സമയത്ത്, നിങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കഴിയുമായിരുന്നില്ല. കിസാൻ കല്യാൺ നിധിയിൽ നിന്നുള്ള ഫണ്ട് സ്ത്രീകളുടെ അക്കൗണ്ടുകളിൽ എത്തുമായിരുന്നില്ല, സുകന്യ സമൃദ്ധി യോജന പ്രകാരം വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശയുടെ പ്രയോജനം പെൺമക്കൾക്ക് ലഭിക്കുമായിരുന്നില്ല. വീടുകൾ നിർമ്മിക്കുന്നതിനുള്ള പണം നേരിട്ട് സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുമായിരുന്നില്ല. മാത്രമല്ല, ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കുന്ന സഹോദരിമാർക്ക് ബാങ്കുകളിലേക്ക് എത്താൻ കഴിയുമായിരുന്നില്ല, കൂടാതെ മുദ്ര യോജനയ്ക്ക് കീഴിൽ കോടിക്കണക്കിന് സ്ത്രീകൾക്ക് ഈടില്ലാത്ത വായ്പകൾ നേടുന്നത് മിക്കവാറും അസാധ്യമായിരുന്നു. സ്ത്രീകൾക്ക് ഇപ്പോൾ സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടുള്ളതിനാൽ, അവർക്ക് മുദ്ര വായ്പകൾ നേടാനും, ആദ്യമായി അവർ ഇഷ്ടപ്പെടുന്ന വ്യവസായങ്ങളും സംരംഭങ്ങളും ആരംഭിക്കാനും കഴിയും.


സുഹൃത്തുക്കളേ,

ഓരോ ഗ്രാമത്തിലേക്കും ബാങ്കിംഗ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൽ നമ്മുടെ സഹോദരിമാർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒരുകാലത്ത് ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്ത സ്ത്രീകൾ ഇപ്പോൾ മറ്റുള്ളവരെ ബാങ്ക് സഖികളായി ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്നത് കാണുന്നത് ശ്രദ്ധേയമാണ്. പണം എങ്ങനെ ലാഭിക്കാം, വായ്പ എടുക്കാം, ബാങ്കിംഗ് സൗകര്യങ്ങൾ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നിവ ഈ അമ്മമാരും സഹോദരിമാരും ജനങ്ങളെ പഠിപ്പിക്കുന്നു. ഇന്ന്, ലക്ഷക്കണക്കിന് ബാങ്ക് സഖികൾ ഗ്രാമപ്രദേശങ്ങളിൽ അവശ്യ സേവനങ്ങൾ നൽകുന്നു.

സുഹൃത്തുക്കളേ,

ഒരുകാലത്ത് സ്ത്രീകളെ ബാങ്കിംഗിൽ നിന്ന് ഒഴിവാക്കിയതുപോലെ, അവർ ഇൻഷുറൻസ് ആവാസവ്യവസ്ഥയുടെയും ഭാഗമല്ലായിരുന്നു. ഇന്ന്, ലക്ഷക്കണക്കിന് വനിതകളെ ഇൻഷുറൻസ് ഏജന്റുമാരെയോ ബീമ സഖിമാരെയോ ആക്കുന്നതിനുള്ള ഒരു കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്. ഒരുകാലത്ത് ഇൻഷുറൻസ് സേവനങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന സ്ത്രീകളെ ഈ സേവനങ്ങളുമായി മറ്റുള്ളവരെ ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കാളികളാകാൻ ഈ സംരംഭം പ്രാപ്തമാക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, ഇൻഷുറൻസ് മേഖലയുടെ വികാസത്തിനും അവർ നേതൃത്വം നൽകും. ബീമ സഖി യോജന പ്രകാരം, 2 ലക്ഷം സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നൽകുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. പത്താം ക്ലാസ് പാസായ സഹോദരിമാർക്കും പെൺമക്കൾക്കും പ്രത്യേക പരിശീലനം, മൂന്ന് വർഷത്തേക്ക് സാമ്പത്തിക സഹായം, അലവൻസുകൾ എന്നിവ ലഭിക്കും. വ്യവസായ ഡാറ്റ പ്രകാരം, ഒരു എൽഐസി ഏജന്റ് ശരാശരി പ്രതിമാസം 15,000 രൂപ വരുമാനം നേടുന്നു. അതായത്, ഞങ്ങളുടെ ബീമ സഖികൾക്ക് പ്രതിവർഷം 1.75 ലക്ഷത്തിലധികം രൂപ വരുമാനം പ്രതീക്ഷിക്കാം. ഈ വരുമാനം അവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകും.


സുഹൃത്തുക്കളേ,

ബീമ സഖികൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ പ്രാധാന്യം അവരുടെ പ്രതിമാസ വരുമാനത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നു. 'എല്ലാവർക്കും ഇൻഷുറൻസ്' എന്ന നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ അവരുടെ പങ്ക് നിർണായകമായിരിക്കും. സാമൂഹിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ദാരിദ്ര്യം വേരോടെ ഇല്ലാതാക്കുന്നതിനും ഈ ദൗത്യം നിർണായകമാണ്. ബീമ സഖി എന്ന നിലയിൽ നിങ്ങൾ ഇന്ന് വഹിക്കുന്ന പങ്ക് എല്ലാവർക്കും ഇൻഷുറൻസ് എന്ന ദൗത്യത്തെ ശക്തിപ്പെടുത്തും.

സുഹൃത്തുക്കളേ,

ഇൻഷുറൻസ് വ്യക്തികളെ എങ്ങനെ ശാക്തീകരിക്കുകയും ജീവിതത്തെ പരിവർത്തനം ചെയ്യുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങൾ നമ്മൾ കണ്ടു. വളരെ താങ്ങാനാവുന്ന പ്രീമിയങ്ങളിൽ 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന 'പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന'യും 'പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന'യും ​ഗവണ്മെൻ്റ് ആരംഭിച്ചു. രാജ്യത്തെ 20 കോടിയിലധികം ആളുകൾ, അവരിൽ പലരും ഒരിക്കലും ഇൻഷുറൻസ് ഉണ്ടെന്ന് സങ്കൽപ്പിച്ചിട്ടില്ലാത്തവർ, ഇപ്പോൾ ഈ പദ്ധതികൾക്ക് കീഴിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്. ഇന്നുവരെ, ഏകദേശം 20,000 കോടി രൂപയുടെ ക്ലെയിം സെറ്റിൽമെന്റുകൾ നൽകിയിട്ടുണ്ട്. ഒരാൾക്ക് അപകടത്തിൽപ്പെടുകയോ പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുകയോ ചെയ്താൽ, അത്തരമൊരു വെല്ലുവിളി നിറഞ്ഞ സമയത്ത് ആ 2 ലക്ഷം രൂപ എത്ര നിർണായകമാകുമെന്ന് സങ്കൽപ്പിക്കുക. ഇതിനർത്ഥം ബീമ സഖികൾ ഇൻഷുറൻസ് മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്; എണ്ണമറ്റ കുടുംബങ്ങൾക്ക് അവർ ഒരു സുപ്രധാന സാമൂഹിക സുരക്ഷാ വലയം നൽകുകയും ഏറെ സദ്‌ഗുണമുള്ള സേവനം നൽകുകയും ചെയ്യുന്നു എന്നാണ്.

സുഹൃത്തുക്കളേ,

കഴിഞ്ഞ 10 വർഷമായി ഭാരതത്തിലെ ഗ്രാമീണ സ്ത്രീകൾക്കായി നടപ്പിലാക്കിയ വിപ്ലവകരമായ നയങ്ങളും തീരുമാനങ്ങളും അംഗീകാരവും പഠനവും അർഹിക്കുന്നു. ബീമാ സഖി, ബാങ്ക് സഖി, കൃഷി സഖി, പശു സഖി, ഡ്രോൺ ദീദി, ലഖ്പതി ദീദി തുടങ്ങിയ പേരുകൾ ലളിതവും സാധാരണവുമായി തോന്നിയേക്കാം, പക്ഷേ ഈ സ്ത്രീകൾ ഇന്ത്യയുടെ വിധി പുനർനിർമ്മിക്കുന്നു. പ്രത്യേകിച്ച് സ്വയം സഹായ സംഘ (SHG) പ്രസ്ഥാനം, ചരിത്രത്തിൽ ആഘോഷിക്കപ്പെടുന്ന സ്ത്രീ ശാക്തീകരണത്തിന്റെ ശ്രദ്ധേയമായ ഒരു കഥയാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങളാക്കി ഞങ്ങൾ സ്വയം സഹായ സംഘങ്ങളെ മാറ്റി. ഇന്ന്, രാജ്യത്തുടനീളമുള്ള 10 കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവരുടെ പരിശ്രമത്തിലൂടെ ഉപജീവനമാർഗം നേടുന്നു. കഴിഞ്ഞ ദശകത്തിൽ, ​ഗവണ്മെൻ്റ് സ്വയം സഹായ സംഘങ്ങൾക്ക് 8 ലക്ഷം കോടി രൂപയിലധികം സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്, ഇത് അവരുടെ സംഭാവനകളെ ഗണ്യമായി വർദ്ധിപ്പിച്ചു.

സുഹൃത്തുക്കളേ,

രാജ്യവ്യാപകമായി സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ത്രീകൾക്കും, നിങ്ങളുടെ പങ്ക് എത്ര അസാധാരണമാണെന്നും നിങ്ങളുടെ സംഭാവന എത്ര വലുതാണെന്നും ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുന്നതിലേക്ക് ഭാരതത്തെ നയിക്കുന്നത് നിങ്ങളാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും, എല്ലാ വർഗ്ഗങ്ങളിൽ നിന്നും, എല്ലാ കുടുംബങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്, എല്ലാവരുടെയും ഉൾപ്പെടുത്തൽ ഉറപ്പാക്കുന്നു. സ്വയം സഹായ സംഘങ്ങളുടെ ഈ പ്രസ്ഥാനം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉയർത്തുക മാത്രമല്ല, സാമൂഹിക ഐക്യവും നീതിയും വളർത്തുകയും ചെയ്യുന്നു. ഒരു മകൾക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോൾ, രണ്ട് കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് നമ്മുടെ രാജ്യത്ത് പലപ്പോഴും പറയാറുണ്ട്. അതുപോലെ, സ്വയം സഹായ സംഘങ്ങൾ ഒരു സ്ത്രീയുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല, അവളുടെ മുഴുവൻ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രവർത്തനം വളരെ വലുതും വിലമതിക്കാനാവാത്തതുമാണ്.

സുഹൃത്തുക്കളേ,

ചുവപ്പ് കോട്ടയുടെ കൊത്തളത്തിൽ നിന്ന്, 3 കോടി ലഖ്പതി ദീദികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഞാൻ പ്രഖ്യാപിച്ചു. ഇതുവരെ, രാജ്യത്തുടനീളം 1 കോടി 15 ലക്ഷത്തിലധികം ലഖ്പതി ദീദികൾ ഉയർന്നുവന്നിട്ടുണ്ട്, ഓരോരുത്തരും പ്രതിവർഷം 1 ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്നു. ഹരിയാനയിൽ വ്യാപകമായ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന ​ഗവണ്മെൻ്റിൻ്റെ നമോ ഡ്രോൺ ദീദി പദ്ധതിയാണ് ലഖ്പതി ദീദി സംരംഭത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നത്. ഹരിയാന തെരഞ്ഞെടുപ്പിനിടെ, ചില സഹോദരിമാരുമായി അഭിമുഖങ്ങൾ നടത്താൻ എനിക്ക് അവസരം ലഭിച്ചു. പരിശീലനം ലഭിച്ച ഡ്രോൺ പൈലറ്റാകാനുള്ള തന്റെ യാത്ര, അവരുടെ ഗ്രൂപ്പ് ഒരു ഡ്രോൺ എങ്ങനെ സ്വന്തമാക്കി, കഴിഞ്ഞ ഖാരിഫ് സീസണിൽ വിളകൾ തളിക്കുന്നതിലൂടെ അവർ എങ്ങനെ ജോലി നേടി എന്നതിനെക്കുറിച്ച് ഒരു സഹോദരി പങ്കുവെച്ചു. ഡ്രോൺ ഉപയോഗിച്ച് ഏകദേശം 800 ഏക്കർ കൃഷിഭൂമിയിൽ അവർ കീടനാശിനി തളിച്ചു. അവർ എത്ര സമ്പാദിച്ചുവെന്ന് നിങ്ങൾക്കറിയാമോ? ഒരു സീസണിൽ അവർ 3 ലക്ഷം രൂപ സമ്പാദിച്ചു. ഈ സംരംഭം കൃഷിയെ പരിവർത്തനം ചെയ്യുക മാത്രമല്ല, സ്ത്രീകളുടെ ജീവിതത്തിൽ വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുന്നു, ഇത് സാമ്പത്തിക സ്വാതന്ത്ര്യവും സമൃദ്ധിയും കൈവരിക്കാൻ അവരെ പ്രാപ്തരാക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, രാജ്യത്തുടനീളമുള്ള ആധുനിക കൃഷിരീതികൾ, പ്രകൃതി കൃഷി, സുസ്ഥിര കാർഷിക രീതികൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ആയിരക്കണക്കിന് കൃഷി സഖികൾക്ക് പരിശീലനം നൽകുന്നു. ഇതുവരെ ഏകദേശം 70,000 കൃഷി സഖികൾക്ക് സർട്ടിഫിക്കേഷനുകൾ ലഭിച്ചു. ഈ കൃഷി സഖികൾക്ക് പ്രതിവർഷം 60,000 രൂപയിൽ കൂടുതൽ സമ്പാദിക്കാനുള്ള കഴിവുമുണ്ട്. അതുപോലെ, 1.25 ലക്ഷത്തിലധികം പശു സഖികൾ മൃഗസംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണ കാമ്പെയ്‌നുകളിൽ സജീവമായി പങ്കെടുക്കുന്നു. കൃഷി സഖികളുടെയും പശു സഖികളുടെയും പങ്ക് തൊഴിലിനപ്പുറം വളരെ വലുതാണ്; അവർ മനുഷ്യരാശിക്ക് വിലമതിക്കാനാവാത്ത സേവനം നൽകുന്നു. ജീവൻ രക്ഷിക്കുന്നതിലും പരിചരണം നൽകുന്നതിലും നഴ്‌സുമാർ നിർണായക പങ്ക് വഹിക്കുന്നതുപോലെ, കൃഷി സഖികൾ ഭാവി തലമുറകൾക്കായി ഭൂമി മാതാവിനെ സംരക്ഷിക്കുന്നു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, അവർ മണ്ണിനെയും നമ്മുടെ കർഷകരെയും ഗ്രഹത്തെയും സേവിക്കുന്നു. അതുപോലെ, പശു സഖികൾ മൃഗങ്ങളെ പരിപാലിക്കുന്നതിലൂടെ ഗണ്യമായ സംഭാവന നൽകുന്നു, അതുവഴി മനുഷ്യരാശിക്ക് തുല്യമായ ഒരു സേവനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

രാഷ്ട്രീയത്തിന്റെയും വോട്ട് ബാങ്കുകളുടെയും കണ്ണിലൂടെ എല്ലാം കാണുന്നവരുണ്ട്, ഇക്കാലത്ത് അവർ ആശയക്കുഴപ്പത്തിലും അസ്വസ്ഥതയിലുമാണ്. തെരഞ്ഞെടുപ്പിനുശേഷം തെരഞ്ഞെടുപ്പുകളിൽ മോദിയ്ക്ക് അനുകൂലമായി അമ്മമാരുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും അനുഗ്രഹങ്ങൾ വളരുന്നത് എന്തുകൊണ്ടാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. സ്ത്രീകളെ വെറും വോട്ട് ബാങ്കായി കണക്കാക്കുകയും തെരഞ്ഞെടുപ്പ് സീസണുകളിൽ നാമമാത്രമായ പ്രഖ്യാപനങ്ങളിൽ മുഴുകുകയും ചെയ്തവർക്ക് ഈ ആഴമേറിയതും യഥാർത്ഥവുമായ ബന്ധം മനസ്സിലാക്കാൻ കഴിയില്ല.

അമ്മമാരിൽ നിന്നും സഹോദരിമാരിൽ നിന്നും എനിക്ക് ലഭിക്കുന്ന അതിരറ്റ സ്നേഹവും വാത്സല്യവും മനസ്സിലാക്കാൻ, കഴിഞ്ഞ 10 വർഷത്തേക്ക് തിരിഞ്ഞുനോക്കണം. ഒരു ദശാബ്ദം മുമ്പ്, കോടിക്കണക്കിന് സ്ത്രീകൾക്ക് അടിസ്ഥാന ശുചിത്വ സൗകര്യങ്ങൾ ലഭ്യമല്ലായിരുന്നു. ഇന്ന്, രാജ്യത്തുടനീളം 12 കോടിയിലധികം ശൗചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പത്ത് വർഷം മുമ്പ്, കോടിക്കണക്കിന് സ്ത്രീകൾക്ക് ഗ്യാസ് കണക്ഷനുകൾ ഉണ്ടായിരുന്നില്ല. ഉജ്ജ്വല യോജനയിലൂടെ സൗജന്യ കണക്ഷനുകൾ നൽകി, സിലിണ്ടർ വില കൂടുതൽ താങ്ങാനാവുന്നതാക്കി. പല വീടുകളിലും വാട്ടർ ടാപ്പുകൾ ഇല്ലായിരുന്നു; എല്ലാ വീടുകളിലും പൈപ്പ് വെള്ളം ലഭ്യമാക്കാൻ ഞങ്ങൾ തുടക്കമിട്ടു. മുൻകാലങ്ങളിൽ, സ്ത്രീകൾക്ക് അപൂർവ്വമായി മാത്രമാണ് സ്വത്ത് സ്വന്തമായിരുന്നത്. ഇപ്പോൾ, കോടിക്കണക്കിന് സ്ത്രീകൾ അടച്ചുറപ്പുള്ള വീടുകളുടെ അഭിമാന ഉടമകളാണ്. പതിറ്റാണ്ടുകളായി, സ്ത്രീകൾ ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും 33% സംവരണം ആവശ്യപ്പെട്ടു. നിങ്ങളുടെ അനുഗ്രഹത്താൽ, ഈ ദീർഘകാല ആവശ്യം നിറവേറ്റാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു.  ഉദ്ദേശ ശുദ്ധിയോടെ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുമ്പോൾ, അവർക്ക് അമ്മമാരുടെയും സഹോദരിമാരുടെയും ഹൃദയംഗമമായ അനുഗ്രഹങ്ങൾ ലഭിക്കുന്നു.


സുഹൃത്തുക്കളേ,

കർഷകരുടെ ക്ഷേമത്തിനായി ഞങ്ങളുടെ ഇരട്ട എഞ്ചിൻ ​ഗവണ്മൻ്റ് പൂർണ്ണ ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നു. ആദ്യ രണ്ട് ടേമുകളിൽ, ഹരിയാനയിലെ കർഷകർക്ക് മിനിമം താങ്ങു വില (എംഎസ്പി) ആയി 1.25 ലക്ഷം കോടിയിലധികം രൂപ ലഭിച്ചു. ഈ മൂന്നാം ടേമിൽ, നെല്ല്, തിന,പയർ കർഷകർക്ക് ഇതിനകം 14,000 കോടി രൂപ എംഎസ്പി ആയി നൽകിയിട്ടുണ്ട്. കൂടാതെ, വരൾച്ച ബാധിച്ച കർഷകരെ സഹായിക്കുന്നതിനായി 800 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്. ഹരിയാനയെ ഹരിത വിപ്ലവത്തിന്റെ നേതൃ സ്ഥാനത്ത് സ്ഥാപിക്കുന്നതിൽ ചൗധരി ചരൺ സിംഗ് സർവകലാശാല വഹിച്ച നിർണായക പങ്ക് നാമെല്ലാവരും തിരിച്ചറിയുന്നു. ഇപ്പോൾ, 21-ാം നൂറ്റാണ്ടിൽ, പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തിൽ ഹരിയാനയെ ഒരു നേതാവാക്കുന്നതിൽ മഹാറാണ പ്രതാപ് ഹോർട്ടികൾച്ചർ സർവകലാശാല ഒരു പ്രധാന പങ്ക് വഹിക്കും. ഇന്ന്, മഹാറാണ പ്രതാപ് ഹോർട്ടികൾച്ചർ സർവകലാശാലയുടെ പുതിയ കാമ്പസിന് തറക്കല്ലിട്ടു, ഇത് ഈ മേഖലയിൽ പഠനം നടത്തുന്ന യുവജനങ്ങൾക്ക് ആധുനിക സൗകര്യങ്ങൾ നൽകും.

സുഹൃത്തുക്കളേ,

ഇന്ന്, നിങ്ങൾക്കെല്ലാവർക്കും, പ്രത്യേകിച്ച് ഹരിയാനയിലെ സഹോദരിമാർക്ക്, സംസ്ഥാനം ദ്രുതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഞാൻ വീണ്ടും ഉറപ്പുനൽകുന്നു. മൂന്നാം തവണ അധികാരത്തിലെത്തുന്ന ഇരട്ട എഞ്ചിൻ ​ഗവണ്മെൻ്റ് മൂന്നിരട്ടി വേഗതയിൽ പ്രവർത്തിക്കും. ഈ പുരോഗതിയിൽ സ്ത്രീ ശാക്തീകരണത്തിന്റെ പങ്ക് വികസിക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യും. നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ. ഈ പ്രതീക്ഷയോടെ, എല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും ഞാൻ അറിയിക്കുന്നു.

എന്നോടൊപ്പം പറയൂ—

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

വളരെ നന്ദി!

ഡിസ്ക്ലെയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

 

-NK-


(Release ID: 2117618) Visitor Counter : 8