പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
പിഎം സൂര്യഘർ: ഇന്ത്യയുടെ സൗരവിപ്ലവം
10 ലക്ഷം വീടുകളെന്ന നാഴികക്കല്ല് പിന്നിട്ട് മുഫ്ത് ബിജ്ലി യോജന
Posted On:
13 MAR 2025 11:52AM by PIB Thiruvananthpuram
ആമുഖം

ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര പുരപ്പുറ സൗരോര്‍ജ സംരംഭമായ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജന (പിഎംഎസ്ജിഎംബിവൈ) 2025 മാർച്ച് 10 വരെ പത്തുലക്ഷം വീടുകളില്‍ സൗരോർജം ലഭ്യമാക്കി ചരിത്ര നാഴികക്കല്ല് പിന്നിട്ടു. 2024 ഫെബ്രുവരി 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കംകുറിച്ച ഈ പരിവർത്തനാത്മക പദ്ധതി ഇന്ത്യയുടെ ഊർജമേഖലയെ അതിവേഗം പുനരാവിഷ്ക്കരിക്കുന്നു. ലഭിച്ച 47.3 ലക്ഷം അപേക്ഷകളില്‍ ഇതിനകം 6.13 ലക്ഷം ഗുണഭോക്താക്കൾക്ക് 4,770 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തതിലൂടെ ഈ സംരംഭം സൗരോര്‍ജത്തെ എന്നത്തേക്കാളുമധികം പ്രാപ്യമാക്കുന്നു. 12 പൊതുമേഖലാ ബാങ്കുകൾ വഴി 6.75% സബ്‌സിഡി പലിശ നിരക്കിൽ രണ്ടുലക്ഷം രൂപ വരെ ഈടുരഹിത വായ്പകൾ ഉൾപ്പെടെ സുഗമമായ ധനസഹായ പദ്ധതികള്‍ ജനങ്ങളെ കൂടുതലായി ഇതിലേക്കാകര്‍ഷിച്ചു. എല്ലാവർക്കും സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ ഉറപ്പാക്കുന്ന സംരംഭത്തില്‍ ഇതുവരെ ലഭിച്ച 3.10 ലക്ഷം വായ്പാ അപേക്ഷകളില്‍ 1.58 ലക്ഷം അനുവദിക്കുകയും 1.28 ലക്ഷം വിതരണം ചെയ്യുകയും ചെയ്തു. 15 ദിവസത്തെ സുഗമമായ സബ്‌സിഡി കൈമാറ്റ പ്രക്രിയയ്ക്കൊപ്പം നിരവധി ഗുണഭോക്താക്കൾക്ക് വൈദ്യുതി ബില്ലുകള്‍ ഇല്ലാതാക്കുന്നതുവഴി പദ്ധതി വീടുകൾക്ക് വൈദ്യുതി നൽകുന്നതിനൊപ്പം ജനങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു. പിഎംജിഎംബിവൈ-യ്ക്ക് കീഴിലെ ഓരോ പുരപ്പുറ സൗരോര്‍ജ കേന്ദ്രവും 100 മരങ്ങൾ നടുന്നതിന് തുല്യമായ കാർബൺ ബഹിര്‍ഗമനം കുറയ്ക്കുന്നതുവഴി ശുചിത്വപൂര്‍ണവും ഹരിതാഭവും സ്വയംപര്യാപ്തവുമായ ഭാവിയിലേക്ക് രാജ്യത്തെ നയിക്കുന്നു.

നിരവധി സംസ്ഥാനങ്ങളിൽ ശ്രദ്ധേയമായ പുരോഗതി
പല സംസ്ഥാനങ്ങളിലും പദ്ധതി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ചണ്ഡീഗഢിലും ദാമൻ & ദിയുവിലും സർക്കാർ കെട്ടിടങ്ങളിലെ മേൽക്കൂര സൗരോര്‍ജ ലക്ഷ്യം പൂര്‍ണതോതില്‍ കൈവരിച്ച ശ്രദ്ധേയ നേട്ടം സംശുദ്ധ ഊർജ ഉപഭോഗത്തിലേക്ക് രാജ്യത്തെ നയിച്ചു. ആകെ സ്ഥാപിത കണക്കുകളിൽ ഗണ്യമായ സംഭാവന നൽകുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും അസാധാരണ പ്രകടനം കാഴ്ചവെയ്ക്കുന്നു. 2026-27-ഓടെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോര്‍ജമെന്ന ലക്ഷ്യവുമായി പദ്ധതിയുടെ സുഗമവും സമയബന്ധിതവുമായ നിർവഹണം ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും പുരോഗതി സർക്കാർ സജീവമായി നിരീക്ഷിച്ചുവരികയാണ്.
പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന പ്രകാരം ഏറ്റവുമധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന മികച്ച 5 സംസ്ഥാനങ്ങൾ.
പ്രധാന നേട്ടങ്ങൾ
പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയുടെ ഭാഗമാകുന്ന വീടുകള്‍ക്ക് നിരവധി സവിശേഷ ആനുകൂല്യങ്ങൾ:
-
വീടുകൾക്ക് സൗജന്യ വൈദ്യുതി: പദ്ധതിയില്‍ സബ്‌സിഡി വഴി പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ വീടുകൾക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കി ഊർജ ചെലവ് ഗണ്യമായി കുറയ്ക്കുന്നു.
-
സർക്കാരിന് കുറഞ്ഞ വൈദ്യുതി ചെലവ്: വ്യാപക സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പദ്ധതി വഴി സർക്കാരിന് പ്രതിവർഷം ഏകദേശം 75,000 കോടി രൂപ വൈദ്യുതി ചെലവിൽ ലാഭിക്കാമെന്ന് പ്രതീക്ഷിക്കുന്നു.
-
പുനരുപയോഗ ഊർജത്തിന്റെ വർധിച്ച ഉപയോഗം: പുനരുപയോഗ ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ഇന്ത്യയിൽ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഊർജ മിശ്രണത്തിന് സംഭാവന നൽകുന്നു.
-
കുറഞ്ഞ കാർബൺ ബഹിര്‍ഗമനം: പദ്ധതിയുടെ ഭാഗമായി സൗരോർജത്തിലേക്കുള്ള മാറ്റം കാർബൺ ബഹിര്‍ഗമനം കുറയ്ക്കാൻ സഹായിക്കുംകയും ഇതിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
സബ്സിഡി വിശദാംശങ്ങൾ
പദ്ധതിയുടെ ഭാഗമായി നൽകുന്ന സബ്സിഡി കുടുംബത്തിന്റെ ശരാശരി പ്രതിമാസ വൈദ്യുതി ഉപഭോഗത്തിന്റെയും അനുയോജ്യമായ പുരപ്പുറ സൗരോര്‍ജ ശേഷിയുടെയും അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടുന്നു:

Average Monthly Electricity Consumption (units)
|
Suitable Rooftop Solar Plant Capacity
|
Subsidy Support
|
0-150
|
1-2 kW
|
₹ 30,000/- to ₹ 60,000/-
|
150-300
|
2-3 kW
|
₹ 60,000/- to ₹ 78,000/-
|
> 300
|
Above 3 kW
|
₹ 78,000/-
|
സബ്സിഡി അപേക്ഷയും വില്പനക്കാരനെ തിരഞ്ഞെടുക്കലും: ദേശീയ പോർട്ടൽ വഴി സബ്സിഡിക്ക് അപേക്ഷിക്കുന്നതിനൊപ്പം വീട്ടില്‍ സൗരോര്‍ജ സംവിധാനം സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഒരു വില്പനക്കാരനെ തിരഞ്ഞെടുക്കുകയും ചെയ്യാം. സൗരോര്‍ജ സംവിധാനത്തിന്റെ അനുയോജ്യമായ വലുപ്പം, ലഭിക്കുന്ന ആനുകൂല്യത്തിന്റെ കണക്കുകള്‍, വില്പനക്കാരന്റെ റേറ്റിങ്, മറ്റ് പ്രസക്ത വിശദാംശങ്ങൾ എന്നിവ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഈ ദേശീയ പോർട്ടൽ സഹായിക്കുന്നു. ദേശീയ പോർട്ടലിൽ എല്ലാ വിവരങ്ങളും ശരിയായി നൽകിയ ഉപഭോക്താവിന് അപേക്ഷ നല്‍കിയ ശേഷം സിഎഫ്എ നടപടിക്രമത്തിനെടുക്കുന്ന ശരാശരി സമയം 15 ദിവസമാണ്.
ഈടുരഹിത വായ്പകള്‍: 3 കിലോവാട്ട് വരെ ശേഷിയില്‍ വീടുകളില്‍ പുരപ്പുറ സൗരോര്‍ജ (ആര്‍ടിഎസ്) സംവിധാനം സ്ഥാപിക്കുന്നതിന് ഏകദേശം 7% പലിശയ്ക്ക് ഈടുരഹിത വായ്പ ലഭ്യമാകും.
യോഗ്യത

അപേക്ഷാ പ്രക്രിയ
സൗരോര്‍ജ പാനൽ സ്ഥാപിക്കുന്നതിന് അപേക്ഷാ സമര്‍പ്പണവും അംഗീകാരവും സുഗമവും കാര്യക്ഷമവുമായി ഉറപ്പാക്കാൻ അപേക്ഷാ പ്രക്രിയയിൽ ഒമ്പത് നിർദിഷ്ട ഘട്ടങ്ങൾ ഉൾപ്പെടുന്നു.

അനന്തരഫലം
പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന വ്യക്തിഗത കുടുംബങ്ങൾക്കും രാജ്യത്തിനാകെയും ദൂരവ്യാപക ഗുണഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു:
-
ഗാർഹിക സമ്പാദ്യവും വരുമാന ഉൽപാദനവും: പദ്ധതിവഴി കുടുംബങ്ങൾക്ക് വൈദ്യുതി ബില്ലുകളിൽ ഗണ്യമായ ലാഭം ലഭിക്കും. കൂടാതെ പുരപ്പുറ സൗരോര്‍ജ സംവിധാനത്തിലൂടെ ഉൽപാദിപ്പിക്കുന്ന മിച്ച വൈദ്യുതി ഡിസ്കോമുകൾക്ക് വിൽക്കുന്നതിലൂടെ അധിക വരുമാനം നേടാനും അവസരം ലഭിക്കും. ഉദാഹരണത്തിന് 3 കിലോവാട്ട് ശേഷിയുള്ള സംവിധാനത്തില്‍ പ്രതിമാസം ശരാശരി 300 യൂണിറ്റിലധികം സൗരോര്‍ജ വൈദ്യുതി ഉല്പാദിപ്പിക്കാം. ഇത് വിശ്വസനീയ ഊർജസ്രോതസ്സും വരുമാന സാധ്യതയും ഉറപ്പാക്കുന്നു.
-
സൗരോർജ്ജ ശേഷി വികാസം: ഭവനമേഖലയിലെ പുരപ്പുറ സൗരോര്‍ജ സംവിധാനങ്ങള്‍ വഴി 30 ജിഗാവാട്ട് സൗരോർജ ശേഷി കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഇന്ത്യയുടെ പുനരുപയോഗ ഊർജ ലക്ഷ്യങ്ങളിൽ ഗണ്യമായ സംഭാവന നൽകുന്നു.
-
പാരിസ്ഥിതിക നേട്ടങ്ങൾ: പുരപ്പുറ സൗരോര്‍ജ സംവിധാനങ്ങളുടെ 25 വർഷക്കാലയളവില്‍ 1000 ബിയു വൈദ്യുതി ഉൽപാദിപ്പിക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം 720 ദശലക്ഷം ടൺ കുറയ്ക്കുകയും ഇതുവഴി പരിസ്ഥിതിയിൽ മികച്ച സ്വാധീനം ചെലുത്തുകയും ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.
-
തൊഴിൽ സൃഷ്ടി: ഉല്പാദനം, ചരക്കുനീക്കം, വിതരണ ശൃംഖല, വിൽപ്പന, സ്ഥാപനപ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണി, മറ്റ് സേവനങ്ങൾ എന്നിവയടക്കം വിവിധ മേഖലകളിലായി ഏകദേശം 17 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതുവഴി രാജ്യത്തെ തൊഴിലും സാമ്പത്തിക വളർച്ചയും മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആത്മനിർഭർ ഭാരത് സംരംഭവുമായി ചേര്‍ന്ന് പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയ്ക്കായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന സൗരോര്‍ജ മൊഡ്യൂളുകളുടെയും സെല്ലുകളുടെയും ഉപയോഗം നിർബന്ധമാക്കിയത് ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നു. പദ്ധതിയുടെ ഭാഗമായി 2025 മാർച്ച് 10 വരെ 3 ജിഗാവാട്ടിലധികം പുരപ്പുറ സോളാർ ശേഷി കൈവരിച്ചു. 2027 മാർച്ചോടെ 27 ജിഗാവാട്ട് കൂടി ലക്ഷ്യമിടുന്നു. ഇൻവെർട്ടറുകളുടെയും ബാലൻസ് ഓഫ് പ്ലാന്റ് (ബിഒപി) ഘടകങ്ങളുടെയും പ്രാദേശിക ഉൽപ്പാദനത്തെ മുന്നോട്ടുനയിക്കുന്ന ഈ സംരംഭം ഇന്ത്യയുടെ പുനരുപയോഗ ഊർജ ആവാസവ്യവസ്ഥയെയും മെയ്ക്ക് ഇൻ ഇന്ത്യ കാഴ്ചപ്പാടിനെയും ശക്തിപ്പെടുത്തുന്നു.
മാതൃകാ സൗരോര്‍ജ ഗ്രാമം
പദ്ധതിയിലെ ‘മാതൃകാ സൗരോര്‍ജ ഗ്രാമം’ ഘടകം ഇന്ത്യയിലുടനീളം ഒരു ജില്ലയിൽ ഒരു മാതൃകാ സൗരോര്‍ജ ഗ്രാമം സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൗരോർജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഊർജ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുമാണ് സംരംഭം ലക്ഷ്യമിടുന്നത്. തിരഞ്ഞെടുത്ത ഓരോ മാതൃകാ സൗരോര്‍ജ ഗ്രാമത്തിനും ഒരുകോടി രൂപ നൽകുന്ന പദ്ധതിയില്‍ ഈ ഘടകത്തിനായി 800 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
5,000-ത്തിലധികം ജനസംഖ്യയുള്ള (പ്രത്യേക വിഭാഗ സംസ്ഥാനങ്ങളിൽ 2,000) റവന്യൂ ഗ്രാമങ്ങളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. ജില്ലാതല കമ്മിറ്റി (ഡിഎല്‍സി) തിരിച്ചറിഞ്ഞ് ആറ് മാസത്തിന് ശേഷം ഗ്രാമത്തിലെ ആകെ പുനരുപയോഗ ഊർജ്ജ (ആര്‍ഇ) ശേഷി വിലയിരുത്തി ഒരു മത്സരാധിഷ്ഠിത പ്രക്രിയയിലൂടെയാണ് ഗ്രാമങ്ങളെ തിരഞ്ഞെടുക്കുന്നത്.
ഏറ്റവും ഉയർന്ന പുനരുപയോഗ ഊര്‍ജശേഷിയുള്ള ഓരോ ജില്ലയിലെയും ഗ്രാമത്തിന് ഒരുകോടി രൂപയുടെ കേന്ദ്ര ധനസഹായം ലഭിക്കും. ഡിഎല്‍സിയുടെ മേൽനോട്ടത്തിൽ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ പുനരുപയോഗ ഊർജ വികസന ഏജൻസി മാതൃകാ ഗ്രാമങ്ങൾ സൗരോർജ ഉപഭോഗത്തിലേക്ക് വിജയകരമായി മാറുന്നുവെന്ന് ഉറപ്പാക്കുകയും രാജ്യത്തുടനീളം മറ്റുള്ളവർക്ക് ഒരു മാനദണ്ഡം നിര്‍ണയിക്കുകയും ചെയ്യും.
ഉപസംഹാരം
ഇന്ത്യയുടെ പുനരുപയോഗ ഊർജ പ്രയാണത്തിലെ പരിവർത്തനാത്മക സംരംഭമായി നിലകൊള്ളുന്ന പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സൗരോർജം പ്രാപ്യവും താങ്ങാവുന്നതും ഫലപ്രദവുമാക്കുന്നു. 10 ലക്ഷം വീടുകളില്‍ ഇതിനകം പദ്ധതി പൂര്‍ത്തീകരിച്ചതോടെ ഒരു കോടി സൗരോർജ വീടുകൾ എന്ന അഭിലഷണീയ ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് ഈ സംരംഭം. ഗണ്യമായ സബ്‌സിഡികൾ, സുഗമമായ ധനസഹായ പദ്ധതികള്‍, കാര്യക്ഷമമായ ഡിജിറ്റൽ സംവിധാനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ രാജ്യത്തെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുടുംബങ്ങൾക്ക് കുറഞ്ഞ സാമ്പത്തിക ബാധ്യതയില്‍ സംശുദ്ധ ഊർജത്തിലേക്ക് മാറാനാകുന്നുവെന്ന് പദ്ധതി ഉറപ്പാക്കുന്നു. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനപ്പുറം ഊർജ സ്വാശ്രയത്വം, പരിസ്ഥിതി സുസ്ഥിരത, സാമ്പത്തിക വളർച്ച എന്നിവ വളർത്തിയെടുക്കുന്ന പദ്ധതി സംശുദ്ധ ഊർജപരിവർത്തനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ ഒരു പ്രധാന സ്തംഭമായി നിലകൊള്ളുന്നു.
References:
PM Surya Ghar: India’s Solar Revolution
*****
(Release ID: 2111380)
Visitor Counter : 11