പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​മൗറീഷ്യസിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി ഉദ്ഘാടനം ചെയ്തു

Posted On: 12 MAR 2025 3:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ നവീൻചന്ദ്ര രാംഗൂലവും സംയുക്തമായി മൗറീഷ്യസിലെ റെഡ്യൂട്ടിൽ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ-മൗറീഷ്യസ് വികസനപങ്കാളിത്തത്തിന് കീഴിൽ ​നടപ്പിലാക്കിയ നാഴികക്കല്ലായ ഈ പദ്ധതി, മൗറീഷ്യസിലെ ശേഷിവികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.

2017 ലെ ധാരണാപത്രപ്രകാരം 4.74 ദശലക്ഷം അമേരിക്കൻ ഡോളർ ധനസഹായം ലഭിച്ച ഈ അത്യാധുനിക സ്ഥാപനം, മന്ത്രാലയങ്ങൾ, പൊതു ഓഫീസുകൾ, സമാന്തര ഗവണ്മെന്റ് സ്ഥാപനങ്ങൾ, ഗവണ്മെന്റ് സംരംഭങ്ങൾ എന്നിവയിലുടനീളം മൗറീഷ്യസ് സിവിൽ സർവീസുകാരുടെ പരിശീലന ആവശ്യങ്ങൾ നിറവേറ്റും. പരിശീലനത്തിനപ്പുറം, പൊതുഭരണത്തിലും ഗവേഷണം, ഭരണ പഠനങ്ങൾ, ഇന്ത്യയുമായുള്ള സ്ഥാപനപരമായ ബന്ധങ്ങൾ എന്നിവയിലും മികവിന്റെ കേന്ദ്രമായി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കും.

ഇന്ത്യയിൽ മുമ്പ് പരിശീലനവും വിദ്യാഭ്യാസവും നേടിയ ഐടിഇസി, ജിഒഐ സ്‌കോളർഷിപ്പ് പൂർവ വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. ഈ ശേഷിവികസന കൈമാറ്റങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ജനങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്തിന് ആഴം വർധിപ്പിച്ചു.

ഗ്ലോബൽ സൗത്തിനോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുയോജ്യമായ ഈ സ്ഥാപനം, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിശ്വസ്ത പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പങ്കിനെയും സമഗ്രമായ ഇന്ത്യ-മൗറീഷ്യസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അതിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.

***

NK


(Release ID: 2110834) Visitor Counter : 18