പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന10 ലക്ഷം വീടുകളിൽ സൗരോർജ സംവിധാനം സ്ഥാപിച്ച് നാഴികക്കല്ല് സൃഷ്ടിച്ചു .

Posted On: 11 MAR 2025 4:49PM by PIB Thiruvananthpuram

ലോകത്തിലെ ഏറ്റവും വലിയ ഗാർഹിക പുരപ്പുറ സൗരോർജ്ജ സംരംഭമായ പി എം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന (PMSGMBY), 2025 മാർച്ച് 10 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തുടനീളം 10.09 ലക്ഷം വീടുകളിൽ സ്ഥാപിച്ചുകൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 2024 ഫെബ്രുവരി 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച ഈ അഭിലാഷ പദ്ധതി, പുരപ്പുറ സൗരോർജ്ജ സംവിധാനങ്ങൾ വഴി ഒരുകോടി വീടുകളിൽ സൗജന്യ വൈദ്യുതി നൽകാൻ ലക്ഷ്യമിടുന്നു. കൂടാതെ,പരമ്പരാഗത വൈദ്യുതി സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പൗരന്മാരെ ഊർജ്ജ ഉൽപ്പാദകരാക്കാനും പദ്ധതി വഴി ഉദ്ദേശിക്കുന്നു . 100 മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ കാർബൺ ബഹിർഗമനം കുറച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിന് സംഭാവന നൽകാൻ ഈ പദ്ധതി ഓരോ വീടിനെയും പ്രാപ്തമാക്കുന്നു.

 

സബ്‌സിഡികളും കിഴിവുകളും നൽകി കുടുംബങ്ങളെ ശാക്തീകരിക്കൽ

നവീന, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) നടപ്പിലാക്കിയ പദ്ധതിക്ക് 47.3 ലക്ഷം അപേക്ഷകൾ ലഭിച്ചു. 6.13 ലക്ഷം ഗുണഭോക്താക്കൾക്ക് മൊത്തം 4,770 കോടി രൂപ വിജയകരമായി സബ്‌സിഡിയായി നൽകി. പൂർണ്ണമായും ഓട്ടോമേറ്റഡ് ആപ്ലിക്കേഷൻ വഴി,www.pmsuryaghar.gov.in വഴി വെണ്ടർമാരെ തിരഞ്ഞെടുക്കുകയും സബ്സിഡി കിഴിവ് തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ 15 ദിവസത്തിനുള്ളിൽ കൈമാറ്റപ്പെടുകയും ചെയ്യുന്നു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയുടെ ഒരു പ്രധാന സവിശേഷത, 2 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 6.75% സബ്‌സിഡി നിരക്കിൽ 12 പൊതുമേഖലാ ബാങ്കുകൾ (പി‌എസ്‌ബി) വഴി ഈട് രഹിത വായ്പകൾ നൽകുന്നു എന്നതാണ്. ഇത് സാധാരണക്കാർക്ക് പുരപ്പുറ സൗരോർജ്ജ സംവിധാനം സ്ഥാപിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നു.ഈ വായ്പാ സൗകര്യം ഉപയോഗിച്ച്, 15,000/-രൂപ വരെ കുറഞ്ഞ നിക്ഷേപത്തിൽ 3 കിലോവാട്ട് ശേഷിയുള്ള പുരപ്പുറ സൗരോർജ്ജ സംവിധാനം സ്ഥാപിക്കാൻ കഴിയും. ഇത് 25 വർഷത്തിനുള്ളിൽ 15 ലക്ഷം രൂപ വരെ തിരികെ ലഭിക്കാൻ പ്രാപ്തമാക്കുന്നു. വായ്പാ അപേക്ഷാ പ്രക്രിയ പൂർണ്ണമായും ഓട്ടോമേറ്റഡും ഓൺലൈൻ രീതിയിലും ആണ്. ഇത് അർഹതയുള്ള ഗുണഭോക്താക്കൾക്ക് കൂടുതൽ പ്രവേശനക്ഷമത ഉറപ്പാക്കുന്നു.ഇതുവരെ, 3.10 ലക്ഷം വായ്പാ അപേക്ഷകൾ ലഭിച്ചു.1.58 ലക്ഷം വായ്പകൾ അനുവദിക്കുകയും 1.28 ലക്ഷം വിതരണം ചെയ്യുകയും ചെയ്തു. . 3KW വരെയുള്ള മേൽക്കൂര സൗരോർജ പദ്ധതി സ്ഥാപിക്കുന്നതിന് ഗുണഭോക്താക്കൾക്ക് 78,000 രൂപ വരെ സബ്‌സിഡി ലഭിക്കും, ഇത് ചെലവ് ഗണ്യമായി കുറയ്ക്കുന്നു.

 

നിരവധി സംസ്ഥാനങ്ങളിൽ ശ്രദ്ധേയമായ പുരോഗതി

പല സംസ്ഥാനങ്ങളും പദ്ധതിയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഗവൺമെന്റ് കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സൗരോർജ്ജ പദ്ധതി സ്ഥാപിക്കുന്ന ലക്ഷ്യത്തിന്റെ 100% ചണ്ഡീഗഢും ദാമൻ & ദിയുവും കൈവരിച്ചു എന്നത് ശ്രദ്ധേയമാണ്.ഇത് ശുദ്ധമായ ഊർജ്ജ ഇന്ധനത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ സഹായിക്കുന്നു . രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.ഈ സംസ്ഥാനങ്ങൾ പദ്ധതിയുടെ മൊത്തത്തിലുള്ള സ്ഥാപിത കണക്കുകളിൽ ഗണ്യമായ സംഭാവന നൽകുന്നു. 2026-27 ഓടെ ഒരു കോടി വീടുകളിൽ സൗരോർജ്ജ സംവിധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ സുഗമവും സമയബന്ധിതവുമായ നടത്തിപ്പ് ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെന്റ് എല്ലാ സംസ്ഥാനങ്ങളുടെയും പുരോഗതി സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

 

ഇന്ത്യയുടെ പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് ആക്കം 

പദ്ധതിയുടെ ആകെ വിഹിതം ₹75,021 കോടിയാണ്. എളുപ്പത്തിലുള്ള ധനസഹായം സാധ്യമാക്കുന്നതിനായി, കേന്ദ്ര നവീന, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി അടുത്തിടെ പുനരുപയോഗ ഊർജ്ജത്തിനായുള്ള ധനസഹായം എന്ന വിഷയത്തിൽ മുംബൈയിൽ നടന്ന ഒരു ശിൽപ്പശാലയിൽ ഉന്നത തലത്തിലെ ബാങ്കർമാരുമായി ഒരു യോഗം നടത്തി. ഈ പദ്ധതിക്ക് കീഴിൽ തടസ്സങ്ങൾ ഇല്ലാതെ വായ്പ ലഭ്യമാക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. കുറഞ്ഞ പലിശ നിരക്കിൽ ഉള്ള വായ്പാ ധനസഹായത്തിന്റെ ആവശ്യകത, നൂതന ധനസഹായ മാതൃകകൾ, ആഗോള കാലാവസ്ഥാ ഫണ്ടുകളുടെ മെച്ചപ്പെട്ട ലഭ്യത, പുതിയ സാങ്കേതികവിദ്യകൾക്കായുള്ള അപകട സാധ്യത -പങ്കിടൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ധനസഹായത്തിലേക്കുള്ള പരമാവധി സാധ്യതകൾ കണ്ടെത്തുന്നതിന് നിരവധി തീരുമാനങ്ങൾ ചർച്ചയിൽ ഉണ്ടായി . ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെയും ഹരിത സാമ്പത്തിക സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്റെയും പ്രാധാന്യം യോഗം എടുത്തുപറഞ്ഞു.

 

ഗവൺമെന്റ് കെട്ടിടങ്ങളിൽ സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, പുരപ്പുറ സൗരോർജ്ജ സംരംഭം പൊതു അടിസ്ഥാന സൗകര്യങ്ങളിലേക്കും കൂടി ഗവൺമെന്റ് വ്യാപിപ്പിക്കുന്നു. ഈ ശ്രമം പ്രവർത്തന ഊർജ്ജ ചെലവ് കുറയ്ക്കുക മാത്രമല്ല, വാണിജ്യ, വ്യാവസായിക മേഖലകൾക്ക് ഒരു മാതൃകയായി വർത്തിക്കുകയും രാജ്യത്തുടനീളം സൗരോർജ്ജ സംവിധാനങ്ങളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിന് അനുസൃതമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, പ്രധാനമന്ത്രി സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന സൗര മൊഡ്യൂളുകളുടെയും സെല്ലുകളുടെയും ഉപയോഗം നിർബന്ധമാക്കിക്കൊണ്ട് ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നു. 2025 മാർച്ച് 10 വരെ, ഈ പദ്ധതി പ്രകാരം 3 ജിഗാവാട്ടിൽ കൂടുതൽ പുരപ്പുറ സൗരോർജ്ജ പദ്ധതി സ്ഥാപിച്ചിട്ടുണ്ട്. 2027 മാർച്ചോടെ 27 ജിഗാവാട്ട് കൂടി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഇൻവെർട്ടറുകളുടെയും ബാലൻസ് ഓഫ് പ്ലാന്റ് (ബിഒപി) ഘടകങ്ങളുടെയും പ്രാദേശിക ഉൽപ്പാദനത്തിലെ പ്രോത്സാഹനത്തിനും ഈ സംരംഭം ലക്ഷ്യമിടുന്നു. ഇത് ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയും മേക്ക് ഇൻ ഇന്ത്യ എന്ന കാഴ്ചപ്പാട് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

 

കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷിയുടെ മാർഗനിർദേശപ്രകാരം, പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നതിനും, അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും, സബ്‌സിഡി വിതരണം കാര്യക്ഷമമായി ഉറപ്പാക്കുന്നതിനും വിപുലമായ ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുന്നതിനും ലക്ഷ്യമിട്ട് എംഎൻആർഇ പ്രവർത്തിച്ചുവരുന്നു. പൊതുജനങ്ങളിൽ നിന്നും ഗവൺമെന്റ്ൽ നിന്നും ഈ പദ്ധതിക്ക് വൻ പിന്തുണ ലഭിക്കുന്നു.ഇത് രാജ്യത്തിന്റെ ശുദ്ധവും ഹരിതവും, ഊർജ്ജ സുരക്ഷിതവുമായ ഭാവിയിലേക്കുള്ള ഒരു പരിവർത്തനാത്മക ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നു.

**************


(Release ID: 2110528) Visitor Counter : 15