പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബജറ്റാനന്തര വെബിനാറുകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു


നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ എം എസ് എം ഇകൾ പരിവർത്തനപരമായ പങ്ക് വഹിക്കുന്നു, ഈ മേഖലയെ പരിപോഷിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി

കഴിഞ്ഞ 10 വർഷങ്ങളിൽ, പരിഷ്‌കാരങ്ങൾ, സാമ്പത്തിക അച്ചടക്കം, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയിൽ ഇന്ത്യ സ്ഥിരമായി പ്രതിബദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്: പ്രധാനമന്ത്രി

പരിഷ്കാരങ്ങളുടെ സ്ഥിരതയും ഉറപ്പും, അത്തരമൊരു മാറ്റമാണ് നമ്മുടെ വ്യവസായത്തിൽ പുതിയ ആത്മവിശ്വാസം കൊണ്ടുവന്നത്: പ്രധാനമന്ത്രി

ഇന്ന് ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇന്ത്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി

ഈ പങ്കാളിത്തം പരമാവധി പ്രയോജനപ്പെടുത്താൻ നമ്മുടെ നിർമ്മാണ മേഖല മുന്നോട്ട് വരണം: പ്രധാനമന്ത്രി

സ്വാശ്രയ ഇന്ത്യ എന്ന കാഴ്ചപ്പാട് ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും നമ്മുടെ പരിഷ്കാരങ്ങളുടെ വേഗത കൂടുതൽ ത്വരിതപ്പെടുത്തുകയും ചെയ്തു: പ്രധാനമന്ത്രി

ഞങ്ങളുടെ ശ്രമങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയിൽ കൊവിഡ് ഏൽപ്പിച്ച ആഘാതം കുറച്ചു, അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറാൻ ഇന്ത്യയെ ഇത് സഹായിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയുടെ ഉൽപ്പാദന യാത്രയിൽ R&D ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്, അത് മുന്നോട്ട് കൊണ്ടുപോകേണ്ടതും ത്വരിതപ്പെടുത്തേണ്ടതും ആവശ്യമാണ്: പ്രധാനമന്ത്രി

ഗവേഷണ-വികസനത്തിലൂടെ നമുക്ക് നൂതന ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉൽപ്പന്നങ്ങൾക്ക് മൂല്യം കൂട്ടാനും കഴിയും: പ്രധാനമന്ത്രി

ഇന്ത്യയുടെ ഉൽപ്പാദനത്തിൻ്റെയും വ്യാവസായിക വളർച്ചയുടെയും നട്ടെല്ലാണ് എംഎസ്എംഇ മേഖല: പ്രധാനമന്ത്രി

Posted On: 04 MAR 2025 1:36PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബജറ്റാനന്തര വെബ്‌നാറുകളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. വളർച്ചയുടെ ഒരു എഞ്ചിൻ എന്ന നിലയിൽ എം എസ് എം ഇ; നിർമ്മാണം, കയറ്റുമതി, ആണവോർജ്ജ ദൗത്യങ്ങൾ; റെഗുലേറ്ററി, നിക്ഷേപം, ബിസിനസ് സുഗമമാക്കാനുള്ള പരിഷ്കാരങ്ങൾ  എന്നീ വിഷയങ്ങളിലാണ് വെബിനാറുകൾ നടന്നത്. ബജറ്റിന് ശേഷമുള്ള ഉൽപ്പാദനവും കയറ്റുമതിയും സംബന്ധിച്ച വെബിനാറുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ബജറ്റ് ​ഗവൺമെന്റിന്റെ മൂന്നാം ടേമിലെ ആദ്യത്തെ സമ്പൂർണ ബജറ്റാണെന്ന് പരാമർശിച്ച അദ്ദേഹം, ഈ ബജറ്റിൻ്റെ ഏറ്റവും ശ്രദ്ധേയമായ വശം അത് പ്രദാനം ചെയ്യുന്ന കാര്യങ്ങളാണെന്നും പ്രതീക്ഷക്കും അപ്പുറമാണതെന്നും വിവിധ മേഖലകളിൽ വിദഗ്ധർ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള നടപടികളാണ് ​ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഈ ബജറ്റിൽ ഉൽപ്പാദനവും കയറ്റുമതിയും സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി സ്ഥിരതയാർന്ന ​ഗവൺമെന്റ് നയങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ 10 വർഷമായി പരിഷ്‌കാരങ്ങൾ, സാമ്പത്തിക അച്ചടക്കം, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയിൽ ഇന്ത്യ പ്രതിബദ്ധത പ്രകടിപ്പിച്ചതായി എടുത്തുപറഞ്ഞു. സ്ഥിരതയുടെയും പരിഷ്കാരങ്ങളുടെയും ഉറപ്പ് വ്യവസായ മേഖലയിൽ പുതിയ ആത്മവിശ്വാസം കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും വർഷങ്ങളിലും ഈ സ്ഥിരത തുടരുമെന്ന് ഉൽപ്പാദനത്തിലെയും കയറ്റുമതിയിലെയും എല്ലാ പങ്കാളികൾക്കും അദ്ദേഹം ഉറപ്പ് നൽകി. ധീരമായ നടപടികൾ കൈക്കൊള്ളാനും രാജ്യത്തിന് ഉൽപ്പാദനത്തിനും കയറ്റുമതിക്കും പുതിയ വഴികൾ തുറക്കാനും പങ്കാളികളെ പ്രോത്സാഹിപ്പിച്ച ശ്രീ മോദി, ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇന്ത്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് എടുത്തുപറഞ്ഞു. ഈ പങ്കാളിത്തം പൂർണമായി പ്രയോജനപ്പെടുത്താൻ ഉൽപ്പാദന മേഖലയോട് അദ്ദേഹം അഭ്യർത്ഥിച്ചു.

"ഏതൊരു രാജ്യത്തിൻ്റെയും വികസനത്തിന് സുസ്ഥിരമായ നയവും മികച്ച ബിസിനസ് അന്തരീക്ഷവും നിർണായകമാണ്", കുറച്ച് വർഷങ്ങൾക്ക് മുമ്പ് ​ഗവൺമെന്റ് ജൻ വിശ്വാസ് നിയമം കൊണ്ടുവരികയും നിയമാനുസൃതം പാലിക്കേണ്ട കാര്യങ്ങൾ (കംപ്ലയൻസുകൾ) കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന തലങ്ങളിൽ 40,000-ലധികം കംപ്ലയൻസുകൾ ഒഴിവാക്കിക്കൊണ്ട്, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നത് പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ തുടരണമെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ​ആദായനികുതി വ്യവസ്ഥകൾ ലളിതമാക്കിയ ഗവൺമെന്റ്  ജൻ വിശ്വാസ് 2.0 ബില്ലിൽ  ഇടപെടുന്നുണ്ടെന്നും പരാമർശിച്ചു. സാമ്പത്തികേതര മേഖലയിലെ നിയന്ത്രണങ്ങൾ അവലോകനം ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്, അവ ആധുനികവും വഴക്കമുള്ളതും ജനസൗഹൃദവും വിശ്വാസാധിഷ്ഠിതവുമാക്കാൻ ലക്ഷ്യമിടുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു, ഈ പ്രക്രിയയിൽ വ്യവസായത്തിൻ്റെ പ്രധാന പങ്ക് എടുത്തുപറയുകയും ചെയ്തു. പരിഹരിക്കാൻ കൂടുതൽ സമയമെടുക്കുന്ന പ്രശ്‌നങ്ങൾ തിരിച്ചറിയാനും പ്രക്രിയകൾ ലളിതമാക്കാനുള്ള വഴികൾ നിർദ്ദേശിക്കാനും വേഗത്തിലും മികച്ച ഫലങ്ങൾ നേടുന്നതിന് സാങ്കേതികവിദ്യ എവിടെയൊക്കെ ഉപയോഗിക്കാമെന്ന് മാർ​ഗനിർദ്ദേശം നൽകാനും അദ്ദേഹം ​ഗുണഭോക്താക്കളെ പ്രോത്സാഹിപ്പിച്ചു.

"ലോകം നിലവിൽ രാഷ്ട്രീയ അനിശ്ചിതത്വം അനുഭവിക്കുകയാണ്, ലോകം മുഴുവൻ ഇന്ത്യയെ ഒരു വളർച്ചാ കേന്ദ്രമായാണ് കാണുന്നത്", കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായപ്പോൾ ഇന്ത്യ ആഗോള വളർച്ചയെ ത്വരിതപ്പെടുത്തിയെന്ന് ശ്രീ മോദി എടുത്തു പറഞ്ഞു. ആത്മനിർഭർ ഭാരത് എന്ന കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുകയും പരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് ഇത് നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ കൊവിഡിൻ്റെ ആഘാതം കുറയ്ക്കുകയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ എഞ്ചിനായി ഇന്ത്യ തുടരുന്നുവെന്നും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പൂർവസ്ഥിതിയിലേക്ക് എത്താനുള്ള ശേഷി തെളിയിച്ചതായും" അദ്ദേഹം പറഞ്ഞു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുവെന്നും ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയും വിശ്വസനീയമായ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന വിശ്വസനീയ പങ്കാളികളെ ലോകത്തിന് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആവശ്യം നിറവേറ്റാൻ ഇന്ത്യക്ക് കഴിയുമെന്ന് പറഞ്ഞ അദ്ദേഹം,  കേവലം കാഴ്ചക്കാരാകാതെ അവരുടെ പങ്ക് സജീവമായി അന്വേഷിക്കാനും അവസരങ്ങൾ സൃഷ്ടിക്കാനും വ്യവസായ ലോകത്തോട് അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്തിന് സൗഹൃദപരമായ നയങ്ങളുള്ളതിനാലും വ്യവസായവുമായി ​ഗവൺമെന്റ് തോളോട് തോൾ ചേർന്ന് നിൽക്കുന്നതിനാലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഇക്കാര്യങ്ങൾ എളുപ്പമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ ദൃഢനിശ്ചയത്തിനും, ആഗോള വിതരണ ശൃംഖലയിൽ അവസരങ്ങൾ തേടുന്നതിലും വെല്ലുവിളികൾ സ്വീകരിക്കുന്നതിലും  വസ്തുനിഷ്ഠത പുലർത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എല്ലാ വ്യവസായങ്ങളും കൂട്ടായി ഒരു പടി മുന്നോട്ട് വെച്ചാൽ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിലവിൽ 14 മേഖലകൾക്ക് പിഎൽഐ സ്കീമിൽ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പദ്ധതിക്ക് കീഴിൽ 750 ലധികം യൂണിറ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും, തൽഫലമായി 1.5 ലക്ഷം കോടിയിലേറെ നിക്ഷേപവും ₹ 13 ലക്ഷം കോടിയിലേറെ വിലവരുന്ന ഉൽപ്പാദനവും ₹ 5 ലക്ഷം കോടിയിലധികം കയറ്റുമതിയും ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അവസരങ്ങൾ ലഭിക്കുമ്പോൾ പുതിയ മേഖലകളിൽ സംരംഭകർക്ക് എങ്ങനെ മുന്നേറാനാകുമെന്നതിന്റെ തെളിവാണതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഉൽപ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് ദൗത്യങ്ങൾ ആരംഭിക്കാനുള്ള തീരുമാനം ശ്രീ മോദി പ്രഖ്യാപിച്ചു. മെച്ചപ്പെട്ട സാങ്കേതികവിദ്യയിലും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കുന്നതിനുള്ള വൈദഗ്ധ്യത്തിന് ഊന്നൽ നൽകുന്നതും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുന്ന ആഗോളതലത്തിൽ ഡിമാൻഡുള്ള പുതിയ ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ എല്ലാ പങ്കാളികളോടും അദ്ദേഹം അഭ്യർത്ഥിക്കുകയും കയറ്റുമതി സാധ്യതയുള്ള രാജ്യങ്ങളെ തന്ത്രപരമായി സമീപിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

“ഇന്ത്യയുടെ ഉൽപ്പാദന യാത്രയിൽ ​ഗവേഷണ വികസന പ്രവർത്തനങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, ഇതിൽ കൂടുതൽ പുരോഗതിയും ത്വരിതപ്പെടുത്തലും ആവശ്യമാണ്”, എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗവേഷണ-വികസനത്തിലൂടെ, നൂതന ഉൽപ്പന്നങ്ങളിലും നിലവിലുള്ള ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, തുകൽ വ്യവസായങ്ങൾ എന്നിവയുടെ സാധ്യതകൾ ലോകം തിരിച്ചറിയുന്നുണ്ടെന്നും പരമ്പരാഗത കരകൗശല വസ്തുക്കളും ആധുനിക സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് കാര്യമായ വിജയം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ മേഖലകളിൽ ഇന്ത്യക്ക് ആഗോള ചാമ്പ്യനാകാൻ കഴിയുമെന്നും, ഇത് കയറ്റുമതിയിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി, ഈ വളർച്ച തൊഴിൽ കേന്ദ്രീകൃത മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സംരംഭകത്വം പ്രോത്സാഹിപ്പിക്കുമെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി വിശ്വകർമ യോജന പരമ്പരാഗത കരകൗശല തൊഴിലാളികൾക്ക് എല്ലാ തരത്തിലും പിന്തുണ നൽകുന്നുവെന്ന് പരാമർശിച്ച അദ്ദേഹം, ഈ കരകൗശല വിദഗ്ധരെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഈ മേഖലകളിലെ മറഞ്ഞിരിക്കുന്ന സാധ്യതകൾ വിപുലീകരിക്കാൻ എല്ലാ പങ്കാളികളോടും ആവശ്യപ്പെടുകയും ചെയ്തു.

"ഇന്ത്യയുടെ ഉൽപ്പാദനത്തിൻ്റെയും വ്യാവസായിക വളർച്ചയുടെയും നട്ടെല്ലാണ് എംഎസ്എംഇ മേഖല", പ്രധാനമന്ത്രി പറഞ്ഞു. 14 വർഷത്തിന് ശേഷം എംഎസ്എംഇകളുടെ നിർവചനം പരിഷ്കരിക്കാനുള്ള സുപ്രധാന തീരുമാനമാണ് 2020ൽ ​ഗവൺമെന്റ് എടുത്തതെന്നും ഇത് വളർന്നാൽ ​ഗവൺമെന്റ് ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന എംഎസ്എംഇകൾക്കിടയിലെ ഭയം ഇല്ലാതാക്കിയെന്നും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ എംഎസ്എംഇകളുടെ എണ്ണം 6 കോടിയിലേറെയായി വർധിച്ചിട്ടുണ്ടെന്നും ഇത് കോടിക്കണക്കിന് പേർക്ക് തൊഴിലവസരങ്ങൾ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബജറ്റിൽ, എംഎസ്എംഇകളുടെ തുടർച്ചയായ വളർച്ചയിൽ ആത്മവിശ്വാസം പകരുന്നതിനായി അവയുടെ നിർവചനം കൂടുതൽ വിപുലീകരിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇത് യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു, എംഎസ്എംഇകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വായ്പ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ്. പത്ത് വർഷം മുമ്പ്, എംഎസ്എംഇകൾക്ക് ഏകദേശം 12 ലക്ഷം കോടി രൂപയുടെ വായ്പ ലഭിച്ചിരുന്നു, അത് ഇപ്പോൾ ഏകദേശം 30 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ഈ ബജറ്റിൽ എംഎസ്എംഇ വായ്പകൾക്കുള്ള ഗ്യാരൻ്റി പരിരക്ഷ ഇരട്ടിയാക്കി 20 കോടി രൂപയായി ഉയർത്തിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 5 ലക്ഷം രൂപ പരിധിയുള്ള ഇഷ്‌ടാനുസൃത ക്രെഡിറ്റ് കാർഡുകൾ നൽകും.

ഗവൺമെൻ്റ് വായ്പാ ലഭ്യത സുഗമമാക്കുകയും ഒരു പുതിയ തരം വായ്പ അവതരിപ്പിക്കുകയും ചെയ്തുവെന്ന് അടിവരയിട്ടു പറഞ്ഞ ശ്രീ മോദി, ആളുകൾക്ക് ഗ്യാരണ്ടികളില്ലാതെയാണ് ഇപ്പോൾ വായ്പ ലഭിക്കുന്നതെന്നും, അവർ മുമ്പൊരിക്കലും സങ്കൽപ്പിക്കാത്ത ഒന്നാണ് ഇതെന്നും എടുത്തുപറഞ്ഞു. കഴിഞ്ഞ 10 വർഷമായി, ഗ്യാരൻ്റി ഇല്ലാതെ വായ്പ നൽകുന്ന മുദ്ര പോലുള്ള പദ്ധതികളും ചെറുകിട വ്യവസായങ്ങളെ പിന്തുണച്ചിട്ടുണ്ട്, ട്രേഡ്സ് പോർട്ടൽ വായ്പയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ എംഎസ്എംഇക്കും കുറഞ്ഞ നിരക്കിലും സമയബന്ധിതമായും വായ്‌പ ലഭിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് പുതിയ ക്രെഡിറ്റ് ഡെലിവറി മോഡുകൾ വികസിപ്പിക്കേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വനിതകൾ, എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്ന് ആദ്യമായി സംരംഭകരാകുന്ന അഞ്ച് ലക്ഷം സംരംഭകർക്ക് 2 കോടി രൂപ വായ്പ നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആദ്യമായി സംരംഭകരാകുന്നവർക്ക് ക്രെഡിറ്റ് പിന്തുണ മാത്രമല്ല മാർഗ്ഗനിർദ്ദേശവും ആവശ്യമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു, ഈ വ്യക്തികളെ സഹായിക്കുന്നതിന് ഒരു മെൻ്റർഷിപ്പ് പ്രോഗ്രാം സൃഷ്ടിക്കാൻ വ്യവസായ മേഖലയോട് അഭ്യർഥിച്ചു.

നിക്ഷേപം വർധിപ്പിക്കുന്നതിൽ സംസ്ഥാനങ്ങളുടെ പങ്ക് നിർണായകമാണെന്ന് അടിവരയിട്ടു പറഞ്ഞ ശ്രീ മോദി, കൂടുതൽ സംസ്ഥാനങ്ങൾ ബിസിനസ്സ് സു​ഗമമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതനുസരിച്ച് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നും ഊന്നിപ്പറഞ്ഞു. ഇത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് അതത് സംസ്ഥാനങ്ങൾക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബജറ്റ് ആർക്കൊക്കെ പരമാവധി പ്രയോജനപ്പെടുത്താനാകുമെന്നറിയാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പുരോഗമന നയങ്ങളുള്ള സംസ്ഥാനങ്ങൾ അവരുടെ പ്രദേശങ്ങളിൽ നിക്ഷേപം നടത്താൻ കമ്പനികളെ ആകർഷിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പങ്കെടുക്കുന്നവരെല്ലാം ഈ വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, പ്രവർത്തനക്ഷമമായ പരിഹാരങ്ങൾ നിർണ്ണയിക്കുകയാണ് വെബിനാർ ലക്ഷ്യമിടുന്നതെന്ന് ഊന്നിപ്പറഞ്ഞു. നയങ്ങളും പദ്ധതികളും മാർഗനിർദേശങ്ങളും തയ്യാറാക്കുന്നതിൽ പങ്കാളികളുടെ സഹകരണത്തിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. ബജറ്റിന് ശേഷമുള്ള നടപ്പാക്കൽ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പങ്കെടുക്കുന്നവരുടെ സംഭാവനകൾ വളരെ ഉപകാരപ്രദമാകുമെന്ന് തൻ്റെ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിൽ നിരവധി കേന്ദ്രമന്ത്രിമാർ, മറ്റ് പ്രമുഖർ എന്നിവർ പങ്കെടുത്തു.

പശ്ചാത്തലം

ഇന്ത്യയുടെ വ്യാവസായിക, വ്യാപാര, ഊർജ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, വ്യാപാര വിദഗ്ധർ എന്നിവർക്ക് വെബിനാറുകൾ ഒരു സഹകരണ പ്ലാറ്റ്ഫോം നൽകും. ബജറ്റിൻ്റെ പരിവർത്തന നടപടികൾ തടസ്സങ്ങളില്ലാതെ നടപ്പാക്കുന്നത് ഉറപ്പാക്കുന്ന നയം നടപ്പാക്കൽ, നിക്ഷേപ സൗകര്യം, സാങ്കേതികവിദ്യ സ്വീകരിക്കൽ എന്നിവയിൽ ചർച്ചകൾ ഊന്നൽ നൽകും. സ്വകാര്യ മേഖലയിലെ വിദഗ്ധർ, വ്യവസായ പ്രതിനിധികൾ, വിഷയ വിദഗ്ധർ എന്നിവരെ യോജിപ്പിക്കുന്നതിനും ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും വെബിനാറുകൾ സജീവ ശ്രദ്ധ ചെലുത്തും.

 

 

***

SK


(Release ID: 2108295) Visitor Counter : 40