റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

മഹാ ശിവരാത്രിക്ക് പ്രത്യേക ക്രമീകരണങ്ങളുമായി ഇന്ത്യൻ റെയിൽവേ

പ്രയാഗ്‌രാജിൽ നിന്ന് 350-ലധികം പ്രത്യേക ട്രെയിനുകൾ; പ്രധാന സ്റ്റേഷനുകളിൽ കൂടുതൽ ജാഗ്രത

മഹാ കുംഭ തീർത്ഥാടകർക്കായി 42 ദിവസത്തിനുള്ളിൽ 15,000-ത്തിലധികം ട്രെയിനുകൾ സർവീസ് നടത്തി ഇന്ത്യൻ റെയിൽവേ റെക്കോർഡ് സൃഷ്ടിച്ചു

Posted On: 25 FEB 2025 7:47PM by PIB Thiruvananthpuram

2025 ലെ മഹാ കുംഭമേളയുടെ അവസാന അമൃത് സ്നാനം ഫെബ്രുവരി 26 ന് നടക്കും . ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, ഝാർഖണ്ഡ്‌, ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം തീർത്ഥാടകർ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമത്തിൽ സ്നാനം ചെയ്യാൻ പ്രയാഗ്‌രാജിൽ ഒത്തുകൂടി. ഞായറാഴ്ചയും തിങ്കളാഴ്ചയും ബീഹാറിലെ പട്‌ന, ദനാപൂർ, മുസാഫർപൂർ, ഗയ, സസാരം, കതിഹാർ, ഖഗരിയ, സഹർസ, ജയനഗർ, ദർഭംഗ തുടങ്ങിയ സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണം കൂടുതലായിരുന്നു. അതുപോലെ, ഉത്തർപ്രദേശിലെ ഗോരഖ്പൂർ, ലഖ്‌നൗ, അയോധ്യ, വാരണാസി, കാൺപൂർ, ഗോണ്ട, ദീൻ ദയാൽ ഉപാധ്യായ, ഝാൻസി തുടങ്ങിയ സ്റ്റേഷനുകളിലും തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായി. മധ്യപ്രദേശിലെ ചിത്രകൂട്, ജബൽപൂർ, സത്‌ന, ഖജുരാഹോ തുടങ്ങിയ സ്റ്റേഷനുകളിലും തിരക്ക് കൂടുതലായിരുന്നു. അതേസമയം ഝാർഖണ്ഡിലെ ധൻബാദ്, ബൊക്കാറോ, റാഞ്ചി, ഗർവ, മേദിനിനഗർ സ്റ്റേഷനുകളിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ധാരാളം ഭക്തർ യാത്ര ചെയ്തു.

അമൃത് സ്നാനത്തിന് ശേഷം, ധാരാളം പേർ സ്വന്തം നാടുകളിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് റെയിൽവേ സ്റ്റേഷനുകളിൽ വലിയ തിരക്കിന് കാരണമാകും. ഇത് മുന്നിൽ കണ്ടു കൊണ്ട് , നോർത്ത് സെൻട്രൽ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ, നോർത്തേൺ റെയിൽവേ എന്നിവ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും അവരുടെ സ്റ്റേഷനുകളിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മൗനി അമാവാസിയോടനുബന്ധിച്ച്, 360-ലധികം ട്രെയിനുകൾ സർവീസ് നടത്തി. ഇതിലൂടെ 20 ലക്ഷത്തിലധികം പേരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ വിജയകരമായി എത്തിച്ചു. അതുപോലെ, മഹാ ശിവരാത്രി സ്നാനത്തിന് ശേഷം അധിക ട്രെയിനുകൾ സർവീസ് നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ആവശ്യാനുസരണം ഉപയോഗിക്കുന്നതിനായി പ്രയാഗ്‌രാജിന് സമീപം അധിക റേക്കുകൾ സജ്ജമാക്കി. തുടക്കത്തിൽ, മഹാ കുംഭമേളയ്ക്കായി ഏകദേശം 13,500 ട്രെയിനുകൾ സർവീസ് നടത്താനാണ് റെയിൽവേ പദ്ധതിയിട്ടിരുന്നത്. എന്നാൽ , 42-ാം ദിവസം വരെ, നിരവധി പ്രത്യേക ട്രെയിനുകൾ ഉൾപ്പെടെ 15,000-ത്തിലധികം ട്രെയിനുകൾ സർവീസ് നടത്തിയിട്ടുണ്ട്.

കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, റെയിൽവേയുടെ എല്ലാ പ്രവർത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ സതീഷ് കുമാർ ട്രെയിൻ ഗതാഗത സംവിധാനങ്ങളുടെ സജീവമായി മേൽനോട്ടം വഹിക്കുന്നു. മൂന്ന് സോണൽ റെയിൽവേകളുടെയും ജനറൽ മാനേജർമാർ അവരുടെ സംഘങ്ങൾക്കൊപ്പം റെയിൽവേ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നു. മഹാ കുംഭമേള യാത്രക്കാർക്ക് പരമാവധി സൗകര്യം ഉറപ്പാക്കാനും ആവശ്യമെങ്കിൽ കൂടുതൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്താനും റെയിൽവേ ബോർഡ് ചെയർമാനോടും എല്ലാ സോണൽ ജനറൽ മാനേജർമാരോടും റെയിൽവേ മന്ത്രി നിർദ്ദേശിച്ചു.

മഹാ ശിവരാത്രി ദിനത്തിൽ തീർത്ഥാടകരുടെ എണ്ണം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, യാത്രക്കാരുടെ സൗകര്യത്തിനായി കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുന്നതിനൊപ്പം സുരക്ഷ, സംരക്ഷണം , സുഗമമായ ടിക്കറ്റിംഗ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ റെയിൽവേ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പ്രയാഗ്‌രാജ് മേഖലയിലെ എല്ലാ സ്റ്റേഷനുകളിലും 1,500-ലധികം വാണിജ്യ വകുപ്പ് ജീവനക്കാരെയും 3,000 റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ, റെയിൽവേ പ്രത്യേക സംരക്ഷണ സേനയുടെ 29 സ്ക്വാഡുകൾ, റെയിൽവേ പ്രത്യേക സംരക്ഷണ വനിതാ സേനയുടെ 2 സ്ക്വാഡുകൾ, 22 ഡോഗ് സ്ക്വാഡുകൾ, 2 ബോംബ് നിർമാർജന സ്ക്വാഡുകൾ എന്നിവ പ്രയാഗ്‌രാജിൽ സുസജ്ജമായി രംഗത്തുണ്ട്. തീർത്ഥാടകർക്ക് മികച്ച യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സ്കൗട്ട്സ് & ഗൈഡ്സ്, സിവിൽ ഡിഫൻസ്, മറ്റ് വകുപ്പുകൾ എന്നിവയിൽ നിന്നുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നു.

തീർത്ഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി, പ്രയാഗ്‌രാജ് മേഖലയിലെ എല്ലാ സ്റ്റേഷനുകളിലും ആഭ്യന്തര യാത്രാ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. തീർത്ഥാടകരെ പ്രത്യേക ട്രെയിനുകൾ വഴി അവരുടെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. പ്രയാഗ്‌രാജ് ജംഗ്ഷനിൽ, യാത്രക്കാരെ അവർക്ക് പോകേണ്ട സ്ഥലത്തെ അടിസ്ഥാനമാക്കി പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റുകയും,തുടർന്ന് പ്രത്യേക ട്രെയിനുകളിൽ അവരവരുടെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്തു. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചപ്പോൾ, ഖുസ്രോ ബാഗിൽ യാത്രക്കാരെ താൽക്കാലികമായി തടഞ്ഞുകൊണ്ട് റെയിൽവേ അടിയന്തര പദ്ധതി നടപ്പിലാക്കി. തുടർന്ന് ട്രെയിനുകളിൽ കയറുന്നതിനായി നിയുക്ത ഷെൽട്ടറുകളിലൂടെ സുരക്ഷിതമായി സ്റ്റേഷനിൽ പ്രവേശിക്കാൻ യാത്രക്കാരോട് നിർദ്ദേശിച്ചു. പ്രയാഗ്‌രാജ് ജംഗ്ഷനിലെ കൺട്രോൾ ടവറിൽ നിന്ന് പ്രയാഗ്‌രാജ് ഡിവിഷനിലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിച്ചു. ട്രെയിൻ സർവീസുകളിലെ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും പ്രത്യേക ട്രെയിനുകളിൽ തീർത്ഥാടകരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും സമയബന്ധിതമായ തീരുമാനങ്ങൾ എടുത്തു.


വിവിധ സ്റ്റേഷനുകളിൽ മെഡിക്കൽ സൗകര്യങ്ങളും ലഭ്യമായിരുന്നു. ശാരീരിക അവസ്ഥ ഗുരുതരമായ തീർത്ഥാടകരെ നിരീക്ഷണ മുറികളിൽ ചികിത്സിച്ചു. 2025 ലെ മഹാകുംഭമേളയിൽ, നിരവധി തീർത്ഥാടകർ റെയിൽവേ വാഗ്ദാനം ചെയ്ത ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിച്ചു. ദശലക്ഷക്കണക്കിന് യാത്രക്കാർ അവരുടെ യാത്രാ ആവശ്യങ്ങൾക്കായി വെബ്‌സൈറ്റും കുംഭ് ആപ്പും ഉപയോഗിച്ചു. മഹാകുംഭത്തിന്റെ അവസാന വാരാന്ത്യത്തിൽ, സാധാരണ, പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഞായറാഴ്ച, 335 ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തി. ഇതിലൂടെ 16 ലക്ഷത്തിലധികം പേരെ അവരുടെ സ്ഥലത്തേക്ക് എത്തിച്ചു.

*********************


(Release ID: 2106367) Visitor Counter : 24