വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേള 2025: 233 കുടിവെള്ള എടിഎമ്മുകൾ മുഖേന 40 ലക്ഷത്തിലധികം തീർത്ഥാടകർക്ക് 24/7 ശുദ്ധജല വിതരണം

Posted On: 05 FEB 2025 7:14PM by PIB Thiruvananthpuram

പ്രയാഗ്‌രാജിൽ നടക്കുന്ന 2025 ലെ മഹാകുംഭമേളയിൽ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും വിദേശത്തുനിന്നും എത്തിച്ചേരുന്ന കോടിക്കണക്കിന് തീർത്ഥാടകർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുംഭമേള നടക്കുന്ന പ്രദേശത്ത് 233 കുടിവെള്ള എടിഎമ്മുകൾ സ്ഥാപിച്ചു. ഇവ 24 മണിക്കൂറും തടസ്സരഹിതമായി പ്രവർത്തിക്കുന്നു. ഈ കുടിവെള്ള എടിഎമ്മുകൾ വഴി തീർത്ഥാടകർക്ക് എല്ലാ ദിവസവും ശുദ്ധമായ RO (റിവേഴ്സ് ഓസ്മോസിസ്) ജലം ലഭിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2025 ജനുവരി 21 നും 2025 ഫെബ്രുവരി 1 നും മധ്യേ 40 ലക്ഷത്തിലധികം തീർത്ഥാടകർക്ക് കുടിവെള്ള എടിഎമ്മുകൾ പ്രയോജനപ്പെട്ടു.

 

തീർത്ഥാടകരുടെ സൗകര്യാർത്ഥമാണ് കുടിവെള്ള എടിഎമ്മുകൾ വഴി സൗജന്യ കുടിവെള്ള വിതരണം ഭരണകൂടം ഉറപ്പാക്കിയിരിക്കുന്നത്. തുടക്കത്തിൽ, ലിറ്ററിന് ഒരു രൂപ നിരക്കിലാണ് ഈ സേവനം ലഭ്യമായിരുന്നത്. നാണയങ്ങൾ ഇടുകയോ UPI സ്കാനിംഗ് ഉപയോഗിച്ചോ തീർത്ഥാടകർക്ക് RO ജലത്തിന് പണം നൽകാമായിരുന്നു. എന്നാൽ, തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ശുദ്ധജലം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ ഇപ്പോൾ ഈ സേവനം പൂർണ്ണമായും സൗജന്യമാക്കിയിരിക്കുന്നു. ഓരോ കുടിവെള്ള എടിഎമ്മിലും ഓരോ ഓപ്പറേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. ബട്ടൺ അമർത്തുമ്പോൾ തീർത്ഥാടകർക്ക് ശുദ്ധജലം ലഭ്യമാകുന്നുവെന്ന് അവർ ഉറപ്പാക്കുന്നു. കുടിവെള്ളം ലഭിക്കുന്നതിൽ തീർത്ഥാടകർക്ക് പ്രയാസമുണ്ടാകില്ലെന്നും ജലവിതരണം തടസ്സരഹിതമായി തുടരുമെന്നും ഇതിലൂടെ ഉറപ്പാക്കുന്നു.

 

 

മഹാ കുംഭമേളയിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള എടിഎമ്മുകളിൽ ആധുനിക സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തനം പൂർണ്ണമായും യന്ത്രവത്കൃതവും സുഗമവുമായി തുടരുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. സാങ്കേതിക തകരാറുകൾ ഉടനടി കണ്ടെത്താനാകുന്ന സെൻസർ അധിഷ്ഠിത നിരീക്ഷണ സംവിധാനമാണ് മെഷീനുകളിലുള്ളത്. എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായാൽ, വാട്ടർ കോർപ്പറേഷൻ ടെക്‌നീഷ്യൻമാർ അവ വേഗത്തിൽ പരിഹരിച്ച് തീർത്ഥാടകർക്ക് തടസ്സരഹിത ജലവിതരണം ഉറപ്പാക്കുന്നു. മഹാ കുംഭമേളയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്ത്, ഓരോ കുടിവെള്ള എടിഎമ്മും പ്രതിദിനം 12,000 മുതൽ 15,000 ലിറ്റർ വരെ RO ജലം വിതരണം ചെയ്യുന്നു. എല്ലാ കുടിവെള്ള എടിഎമ്മുകളിലും സിം അധിഷ്ഠിത സാങ്കേതികവിദ്യ സജ്ജീകരിച്ചിട്ടുണ്ട്. അവ ഭരണസംവിധാനത്തിന്റെ കേന്ദ്ര ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

 

ഈ സാങ്കേതികവിദ്യയിലൂടെ മൊത്തം ജല ഉപഭോഗം, ജലനിരപ്പ് മാനേജ്മെന്റ്, ജലത്തിന്റെ ഗുണനിലവാരം, വിതരണ തോത് എന്നിവ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. തീർത്ഥാടകർ ഓരോ തവണ കുടിവെള്ള എടിഎം ഉപയോഗിക്കുമ്പോഴും, ഓരോ ലിറ്റർ ശുദ്ധജലം ലഭിക്കും. ഇത് നിർഗ്ഗമനമാർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്ന കുപ്പിയിൽ നിറയ്ക്കാൻ കഴിയും. മുൻ കുംഭമേളകളിൽ, ത്രിവേണി സംഗമത്തിനും ഘാട്ടുകൾക്കും ചുറ്റും കുന്നുകൂടിയ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും മൂലമുള്ള പ്രശ്നം രൂക്ഷമായിരുന്നു. ഇത്തവണ, പരിസ്ഥിതി സംരക്ഷണത്തിൽ ശ്രദ്ധയൂന്നിയുള്ള ശുദ്ധജല വിതരണത്തിന് ഭരണകൂടം ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

 

 

മഹാകുംഭമേളയുടെ ഭരണനിർവ്വഹണ വിഭാഗം കുടിവെള്ള എടിഎമ്മുകൾ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പ്രശ്നങ്ങളുണ്ടായാൽ കൈകാര്യം ചെയ്യുന്നതിനും കുടിവെള്ള എടിഎമ്മുകൾ പതിവായി നിരീക്ഷിക്കുന്നതിനും പ്രത്യേക സാങ്കേതിക സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഭാവിയിലെ കുംഭമേളകളിലും ആത്മീയ സംഗമങ്ങളിലും തീർത്ഥാടകർക്ക് ശുദ്ധമായ കുടിവെള്ളം സുഗമമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ സമാനമായ സംരംഭങ്ങൾ ഭരണകൂടം പരിഗണിക്കുന്നുണ്ട്. ഈ സംരംഭം മഹാകുംഭമേള 2025 നെ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാക്കുകയും ഭാവിയിലെ മഹാമേളകൾക്കായി ചരിത്രപരവും മാതൃകാപരവുമായ ഒരു മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്തു.

************


(Release ID: 2100155) Visitor Counter : 12