ധനകാര്യ മന്ത്രാലയം
കൃഷിയാണ് ഇന്ത്യയുടെ വികസനയാത്രയിലെ ആദ്യ എൻജിൻ: ബജറ്റ് 2025-26
ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കും
ഉയർന്ന വിളവു നൽകുന്ന വിത്തുകളെക്കുറിച്ചുള്ള ദേശീയ ദൗത്യത്തിനു തുടക്കം കുറിക്കും
10 ലക്ഷം ബീജദ്രവ്യ (ജെംപ്ലാസം) ശേഖരങ്ങളുള്ള രണ്ടാമത്തെ ജീൻ ബാങ്ക് സ്ഥാപിക്കും
പരുത്തി ഉൽപ്പാദനക്ഷമതയ്ക്കായുള്ള അഞ്ചുവർഷദൗത്യം പ്രഖ്യാപിച്ചു
കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാപരിധി 3 ലക്ഷം രൂപയിൽനിന്ന് 5 ലക്ഷം രൂപയായി ഉയർത്തി
അസമിലെ നാംരൂപിൽ 12.7 ലക്ഷം മെട്രിക് ടൺ യൂറിയ നിലയം സ്ഥാപിക്കും
ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾ മത്സ്യബന്ധനത്തിന്റെ സുസ്ഥിര ഉപയോഗത്തിനായുള്ള പുതിയ ചട്ടക്കൂടിന്റെ പ്രത്യേക കേന്ദ്രമാകും
Posted On:
01 FEB 2025 1:27PM by PIB Thiruvananthpuram
ഇന്ത്യയുടെ വികസനയാത്രയിലെ ‘ആദ്യ എൻജിൻ കൃഷിയാണ്’ എന്നതിന് ഊന്നൽ നൽകി, 2025-26ലെ കേന്ദ്ര ബജറ്റ്, കേന്ദ്രധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിച്ചു. കാർഷികവളർച്ചയും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും അതുവഴി അന്നദാതാക്കൾക്കു (കർഷകർക്ക്) പ്രയോജനം ലഭിക്കുന്നതിനുമുള്ള നിരവധി നടപടികൾ ധനമന്ത്രി പ്രഖ്യാപിച്ചു.
ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനം പ്രഖ്യാപിച്ച ശ്രീമതി നിർമല സീതാരാമൻ, മഖാന ഉൽപ്പാദനം, സംസ്കരണം, മൂല്യവർധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം ഈ പ്രവർത്തനങ്ങളിൽ വ്യാപൃതരായവരെ കർഷക ഉൽപ്പാദക സംഘടനകളായി (FPO) സംഘടിപ്പിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. മഖാന കർഷകർക്കു കൈത്താങ്ങും പരിശീലനപിന്തുണയും നൽകാൻ ബോർഡിനാകുമെന്നും പ്രസക്തമായ എല്ലാ ഗവണ്മെന്റ് പദ്ധതികളുടെയും ആനുകൂല്യങ്ങൾ അവർക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗവേഷണ ആവാസവ്യവസ്ഥയ്ക്കു കരുത്തേകൽ, ഉയർന്ന വിളവു ലഭിക്കുന്ന വിത്തുകളുടെ വികസനവും പ്രചാരണവും ലക്ഷ്യമിട്ടുള്ള ദേശീയ ദൗത്യം, വിളനാശിനികളായ കീടങ്ങളെയും കാലാവസ്ഥാപ്രതിസന്ധികളെയും പ്രതിരോധിക്കൽ, 2024 ജൂലൈ മുതൽ പുറത്തിറക്കിയ നൂറിലധികം വിത്തിനങ്ങളുടെ വാണിജ്യ ലഭ്യത എന്നിവ ലക്ഷ്യമിട്ട്, ഉയർന്ന വിളവു ലഭിക്കുന്ന വിത്തുകൾക്കായുള്ള ദൗത്യം ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.
പൊതു-സ്വകാര്യ മേഖലകൾക്കു ജനിതക വിഭവങ്ങൾക്കായി സംരക്ഷണപിന്തുണ നൽകുന്നതിനും ഭാവിയിലെ ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിനും, 10 ലക്ഷം ബീജദ്രവ്യ (ജെംപ്ലാസം) ശേഖരമുള്ള രണ്ടാമത്തെ ജീൻ ബാങ്ക് സ്ഥാപിക്കുമെന്നു മന്ത്രി പറഞ്ഞു.
‘പരുത്തി ഉൽപ്പാദനക്ഷമതയ്ക്കുള്ള ദൗത്യം’ പ്രഖ്യാപിച്ച ശ്രീമതി നിർമല സീതാരാമൻ, അഞ്ചുവർഷത്തെ ദൗത്യം പരുത്തിക്കൃഷിയുടെ ഉൽപ്പാദനക്ഷമതയിലും സുസ്ഥിരതയിലും ഗണ്യമായ പുരോഗതി സാധ്യമാക്കുമെന്നും അധിക ദൈർഘ്യമുള്ള പ്രധാന പരുത്തി ഇനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും എടുത്തുപറഞ്ഞു. കർഷകർക്കു ശാസ്ത്ര-സാങ്കേതിക പിന്തുണ നൽകുന്നതിനാൽ, ലക്ഷക്കണക്കിനു പരുത്തിക്കർഷകർക്ക് ഈ ദൗത്യം പ്രയോജനപ്പെടുമെന്ന് അവർ പറഞ്ഞു. തുണിത്തര മേഖലയ്ക്കായുള്ള ഗവണ്മെന്റിന്റെ സംയോജിത ‘5 എഫ്’ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന ഈ ദൗത്യം, കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഇന്ത്യയുടെ പരമ്പരാഗത തുണിത്തര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനു ഗുണനിലവാരമുള്ള പരുത്തിയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
7.7 കോടി കർഷകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവർക്കു ഹ്രസ്വകാല വായ്പകൾ സുഗമമാക്കുന്നതിൽ കിസാൻ ക്രെഡിറ്റ് കാർഡുകളുടെ (കെസിസി) പ്രാധാന്യം ചൂണ്ടിക്കാട്ടിയ മന്ത്രി, കെസിസിവഴി എടുക്കുന്ന വായ്പകൾക്കു പരിഷ്കരിച്ച പലിശ ഇളവു പദ്ധതിപ്രകാരം വായ്പാപരിധി 3 ലക്ഷം രൂപയിൽനിന്ന് 5 ലക്ഷം രൂപയായി ഉയർത്തുന്നതായി പ്രഖ്യാപിച്ചു.
അസമിലെ നാംരൂപിൽ 12.7 ലക്ഷം മെട്രിക് ടൺ വാർഷികശേഷിയുള്ള യൂറിയ നിലയം സ്ഥാപിക്കുമെന്നു ശ്രീമതി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇതു യൂറിയ വിതരണം കൂടുതൽ മെച്ചപ്പെടുത്തും. കിഴക്കൻ മേഖലയിൽ അടുത്തിടെ വീണ്ടും തുറന്ന, പ്രവർത്തനരഹിതമായിരുന്ന മൂന്നു യൂറിയ നിലയങ്ങൾക്കൊപ്പം യൂറിയ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇതു സഹായകമാകുമെന്നും അവർ പറഞ്ഞു.
60,000 കോടി രൂപയുടെ സമുദ്രോൽപ്പന്ന കയറ്റുമതിയുമായി മത്സ്യോൽപ്പാദനത്തിലും മത്സ്യക്കൃഷിയിലും ലോകത്തു രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്ന് എടുത്തു പറഞ്ഞ കേന്ദ്രമന്ത്രി, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽനിന്നും സ്വതന്ത്ര സമുദ്രമേഖലയിൽ നിന്നുമുള്ള മത്സ്യബന്ധനത്തിന്റെ സുസ്ഥിരമായ ഉപയോഗത്തിനായി ഗവണ്മെന്റ് ചട്ടക്കൂടു കൊണ്ടുവരുമെന്ന് അഭിപ്രായപ്പെട്ടു. ആൻഡമാൻ-നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സമുദ്രമേഖലയുടെ അനാവരണം ചെയ്യപ്പെടാത്ത സാധ്യതകൾ തുറന്നുകിട്ടുമെന്നും മന്ത്രി പറഞ്ഞു.
***
NK
(Release ID: 2098550)
Visitor Counter : 26
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada