ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

യൂണിയൻ ബജറ്റ് 2025-26: ഷിപ്പിംഗ്, വ്യോമയാന മേഖലയ്ക്ക് ഉത്തേജനം


സമുദ്ര വികസനത്തിന് 25,000 കോടി രൂപയുടെ ഫണ്ടിന് നിർദ്ദേശം

അടുത്ത 10 വർഷത്തിനുള്ളിൽ 120 പുതിയ ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനും 4 കോടി യാത്രക്കാരെ വഹിക്കുന്നതിനുമായി പരിഷ്‌കരിച്ച ഉഡാൻ പദ്ധതി

ബീഹാറിന് ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും പടിഞ്ഞാറൻ കോശി കനാൽ പദ്ധതിയും

Posted On: 01 FEB 2025 1:11PM by PIB Thiruvananthpuram

സമുദ്ര വ്യവസായത്തിനുള്ള ദീർഘകാല സഹായത്തിനായി 25,000 കോടി രൂപ കോർപ്പസോടെ ഒരു സമുദ്ര വികസന ഫണ്ട് രൂപീകരിക്കുന്നതിനുള്ള നിർദ്ദേശം കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ മുന്നോട്ടുവച്ചു. സമുദ്ര വ്യവസായമേഖലയിലെ മത്സരത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിരിക്കും ഈ കോർപ്പസ് വിതരണം ചെയ്യുന്നതെന്ന് ഇന്ന് പാർലമെന്റിലെ തന്റെ ബജറ്റ് പ്രസംഗത്തിൽ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു. ഫണ്ടിൽ 49 ശതമാനം വരെ ഗവൺമെന്റ് സംഭാവന ചെയ്യും. തുറമുഖങ്ങളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും ബാക്കി തുക സമാഹരിക്കും.

പ്രതികൂല ചെലവുകളെ അഭിസംബോധന ചെയ്യുന്നതിന് കപ്പൽ നിർമ്മാണ സാമ്പത്തിക സഹായനയം പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ചാക്രിക സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ യാർഡുകളിലെ ഷിപ്പ് ബ്രേക്കിംഗിനുള്ള (കപ്പൽ തകർക്കൽ, കപ്പൽ പുനരുപയോഗം) ക്രെഡിറ്റ് നോട്ടുകളും ഇതിൽ ഉൾപ്പെടും. അതിനുപുറമെ, ഒരു നിശ്ചിത വലിപ്പത്തിന് മുകളിലുള്ള വലിയ കപ്പലുകളെ ഇൻഫ്രാസ്ട്രക്ചർ ഹാർമോണൈസ്ഡ് മാസ്റ്റർ പട്ടികയിൽ (എച്ച്.എം.എൽ) ഉൾപ്പെടുത്താനുള്ള നിർദ്ദേശവും ഇതിലുണ്ട്. കപ്പലുകളുടെ ശ്രേണി, വിഭാഗങ്ങൾ, ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിന് കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ നടപ്പാക്കാനും കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു. മേഖലയാകെ വികസിപ്പിക്കുന്നതിനുള്ള അധിക അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ദ്ധ്യം, സാങ്കേതികവിദ്യ എന്നിവയും ഇതിൽ ഉൾപ്പെടും. കപ്പൽ നിർമ്മാണത്തിന് ദീർഘകാലം വേണ്ടിവരുമെന്നത് അംഗീകരിച്ച ധനമന്ത്രി, അതുകൊണ്ടുതന്നെ അതിന് വേണ്ട അസംസ്‌കൃത വസ്തുക്കൾ, ഘടകങ്ങൾ, ഉപഭോഗവസ്തുക്കൾ അല്ലെങ്കിൽ കപ്പലുകളുടെ നിർമ്മാണത്തിനുള്ള ഭാഗങ്ങൾ എന്നിവയ്ക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയത് അടുത്ത പത്ത് വർഷത്തേക്ക് കൂടി തുടരുമെന്നും നിർദ്ദേശിച്ചു. കപ്പൽ പൊളിക്കൽ അല്ലെങ്കിൽ പുനരുപയോഗം (ഷിപ്പ് ബ്രേക്കിംഗ്) കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനായി അതിനും ഇതേ ഇളവ് അവർ നിർദ്ദേശിച്ചു.

പ്രാദേശിക ബന്ധിപ്പിക്കൽ പദ്ധതി (റീജിയണൽ കണക്റ്റിവിറ്റി സ്‌കീമിനെ) യായ ഉഡാനെ തന്റെ പ്രസംഗത്തിൽ പ്രശംസിച്ച ശ്രീമതി.നിർമ്മല സീതാരാമൻ, മദ്ധ്യവർഗക്കാരായ 1.5 കോടി ആളുകൾക്ക് വേഗത്തിലുള്ള യാത്രയെന്ന അവരുടെ അഭിലാഷം നിറവേറ്റാൻ ഉഡാൻ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഈ പദ്ധതി 88 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുകയും 619 റൂട്ടുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. ആ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അടുത്ത 10 വർഷത്തിനുള്ളിൽ 120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രാദേശിക ബന്ധിപ്പിക്കൽ വർദ്ധിപ്പിക്കുന്നതിനും 4 കോടി യാത്രക്കാരെ വഹിക്കുന്നതിനുമായി പരിഷ്‌കരിച്ച ഉഡാൻ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി പ്രസ്താവിച്ചു. കൂടാതെ മലയോര മേഖല, വികസനംകാംഷിക്കുന്ന മേഖലകൾ, വടക്കുകിഴക്കൻ മേഖലകളിലെ ജില്ലകൾ എന്നിവിടങ്ങളിലെ ഹെലിപാഡുകളേയും ചെറിയ വിമാനത്താവളങ്ങളേയും ഈ പദ്ധതി പിന്തുണയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഉയർന്ന മൂല്യമുള്ളതും വേഗത്തിൽ നശിച്ചുപോകുന്നതുമായ പഴം, പച്ചക്കറി ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കുവേണ്ട എയർ കാർഗോ അടിസ്ഥാന സൗകര്യങ്ങളുടെയും വെയർഹൗസിംഗിന്റെയും നവീകരണം ഗവൺമെന്റ് നടപ്പിലാക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. കാർഗോ സ്‌ക്രീനിംഗും (ചരക്ക് പരിശോധന) കസ്റ്റംസ് പ്രോട്ടോക്കോളുകളും കാര്യക്ഷമവും ഉപയോക്തൃ സൗഹൃദമാക്കുകയും ചെയ്യും.

ബിഹാർ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രോത്സാഹനം നൽകിക്കൊണ്ട്, സംസ്ഥാനത്തിന്റെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബീഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർദ്ദേശിച്ചു. പട്‌ന വിമാനത്താവളത്തിന്റെയും ബിഹ്തയിലെ ബ്രൗൺഫീൽഡ് വിമാനത്താവളത്തിന്റെയും ശേഷി വർദ്ധിപ്പിക്കുന്നതിന് പുറമേയാണിത്. ബീഹാറിലെ മിഥിലാഞ്ചൽ മേഖലയിൽ 50,000 ഹെക്ടറിലധികം ഭൂമിയിൽ കൃഷി ചെയ്യുന്ന അനവധി കർഷകർക്ക് ഗുണകരമാകുന്ന വെസേ്റ്റൺ കോശി കനാൽ ഇ.ആർ.എം. പദ്ധതിക്കും സാമ്പത്തിക സഹായം നൽകും.

***

SK


(Release ID: 2098546) Visitor Counter : 27