ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സാമ്പത്തിക സർവേ 2024-25: ആമുഖം

Posted On: 31 JAN 2025 2:18PM by PIB Thiruvananthpuram
സാമ്പത്തിക സർവേ 2024-25: ആമുഖം
 
അഭൂതപൂർവമായ ആഗോള വെല്ലുവിളികൾക്കിടയിലും സാമ്പത്തിക വളർച്ചയും തൊഴിലും ത്വരിതപ്പെടുത്താൻ നിയന്ത്രണങ്ങൾ ഗണ്യമായി പിൻവലിച്ചുകൊണ്ട് ഭരണ നിർവഹണത്തോട് ഒരു ദാർശനിക സമീപനം സ്വീകരിക്കണമെന്ന് കേന്ദ്ര ധന - കോർപ്പറേറ്റ്കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിലവതരിപ്പിച്ച 2024-25 സാമ്പത്തിക സർവേയുടെ ആമുഖം വാദിക്കുന്നു. 
 
ലോകം പ്രതീക്ഷിച്ചതിലും വേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും യൂറോപ്പിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും രാഷ്ട്രീയ - സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും ഇന്ത്യ, യുഎസ്എ, ഇന്തോനേഷ്യ എന്നീ മൂന്ന് വലിയ ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കും 2024 സാക്ഷ്യം വഹിച്ചതായും സർവേയുടെ ആമുഖം നിരീക്ഷിക്കുന്നു.
 
 
നിയന്ത്രണങ്ങൾ നീക്കാൻ പ്രചോദനം
 
വ്യാപാര സംരംഭങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകാതെ പ്രധാന ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് വഴിയൊരുക്കുക എന്നതാണ് നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും മത്സരശേഷി വർധിപ്പിക്കാനും രാജ്യത്തുടനീളം സർക്കാർ സംവിധാനങ്ങൾക്ക് നൽകാനാവുന്ന സുപ്രധാന സംഭാവനയെന്ന് സാമ്പത്തിക സർവേ വാദിക്കുന്നു.
 
അടുത്ത രണ്ട് ദശകങ്ങളിൽ ജനസംഖ്യാപരമായ ആളോഹരി വിഹിതം മെച്ചപ്പെടുത്താനായി വളർച്ചാ ശരാശരി ഉയർത്തുന്നതിന് നിയന്ത്രണങ്ങൾ എടുത്തുകളയാൻ പ്രചോദിപ്പിക്കുന്ന നിർദേശങ്ങൾ സർവേ മുന്നോട്ടുവെക്കുന്നു.
 
വെല്ലുവിളികളെ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും നിയന്ത്രണങ്ങളുടെ പ്രവർത്തന തത്വം 'നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരൻ' എന്നതിൽ നിന്ന് 'കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധി’ എന്നതിലേക്ക് മാറണമെന്നും സർവേ വാദിക്കുന്നു. ദുരുപയോഗം തടയുന്നതിനുള്ള നയങ്ങളിൽ പ്രവർത്തന സാഹചര്യങ്ങളുടെ തലങ്ങൾ ചേർക്കുന്നത് അവയെ മനസ്സിലാക്കാൻ കഴിയാത്തതാക്കുകയും നിയന്ത്രണങ്ങൾ അനാവശ്യമായി സങ്കീർണ്ണമാക്കുകയും ചെയ്യുന്നതിനൊപ്പം അവയുടെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്നും ഉദ്ദേശ്യങ്ങളിൽ നിന്നും കൂടുതൽ അകറ്റുന്നു. 
 
തൊണ്ണൂറുകളിൽ ബെംഗലൂരുവിൽ ഉയർന്നുവന്ന വിവരസാങ്കേതിക മേഖലയ്ക്കും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കും സമാനമായി മികച്ച സമ്പദ്‌വ്യവസ്ഥ കൈവരിക്കാന്‍ വിശ്വാസാധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും സർവേ സാധ്യത തേടുന്നു. 2047-ഓടെ ഇന്ത്യൻ ജനത വെല്ലുവിളികളെ അതിജീവിച്ച് അവയെ വികസിത ഭാരതത്തിലേക്കുള്ള പാതയിലെ മികച്ച അവസരങ്ങളാക്കി മാറ്റുമെന്നതിൽ തർക്കമില്ലെന്നും സർവേ പ്രസ്താവിക്കുന്നു.
 
 
തന്ത്രപരമായ നിക്ഷേപങ്ങൾക്ക് സൗകര്യമൊരുക്കൽ
 
വികസ്വരവും വികസിതവും വളർന്നുവരുന്നതുമായ വിപണി സമ്പദ്‌വ്യവസ്ഥകളുടെ പശ്ചാത്തലത്തിൽ ദ്രുതഗതിയിലുള്ള ലോക വ്യാപാര വളർച്ചയുടെ യുഗം അവസാനിച്ചെന്നും നൂതനവും മത്സരാധിഷ്ഠിതവുമായ ഒരു സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനായി കൂടുതൽ ആഭ്യന്തര, വിദേശ നിക്ഷേപം ആകർഷിക്കാനും പ്രോത്സാഹിപ്പിക്കാനും സുഗമമാക്കാനും ഇന്ത്യ പരമാവധി ശ്രമിക്കേണ്ടതുണ്ടെന്നും സർവേ പ്രസ്താവിക്കുന്നു. ആഭ്യന്തര വിതരണ ശൃംഖലയുടെ ശേഷിയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിൽ സ്വകാര്യമേഖലയുടെ തന്ത്രപരമായ നിക്ഷേപങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ സഹായിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.
 
 
വരും വർഷങ്ങളിൽ ആഭ്യന്തര വളർച്ചാ സ്വാധീനം ബാഹ്യ വളർച്ചയെക്കാൾ താരതമ്യേന പ്രധാനമായിരിക്കുമെന്ന് ആഗോള വെല്ലുവിളികളുടെ യാഥാർത്ഥ്യം പരാമർശിച്ചുകൊണ്ട് സർവേയുടെ ആമുഖത്തിൽ പറയുന്നു.
 
 
കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും
 
കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തിൽ മത്സരശേഷി വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമായി ഊർജ സുരക്ഷയിലും താങ്ങാവുന്ന നിരക്കിലുള്ള ഊർജ ലഭ്യതയിലും പൊതുനയത്തിന്റെ പങ്കിന് സർവേ വലിയ ഊന്നൽ നൽകുന്നു. സമൃദ്ധമായ പുനരുപയോഗ ഊർജത്തിന്റെയും കൽക്കരിയുടെയും ലഭ്യത മൂലം വൈദ്യുതി അധിഷ്ഠിത ഗതാഗതം സാമ്പത്തികമായി ലാഭകരമായതിനാല്‍ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാറി ഊർജപരിവർത്തനത്തിലേക്കും വൈവിധ്യവൽക്കരണത്തിലേക്കും ഇന്ത്യ സ്വന്തം പാത രൂപപ്പെടുത്തണമെന്ന് സർവേ ആവശ്യപ്പെടുന്നു. ഇന്ത്യയുടെ വിസ്തൃതിയും പരിമിതമായ ഭൂമി ലഭ്യതയും കണക്കിലെടുക്കുമ്പോൾ പ്രായോഗിക ഊർജ പരിവർത്തനത്തിന് പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമായ ബദലാണെന്ന് സർവേ വാദിക്കുന്നു.
 
ഇന്ത്യയുടെ ഊർജ പരിവർത്തന പദ്ധതികൾ ഭൂമിശാസ്ത്രപരമായ ദുർബലതകൾ പരിഗണിച്ചുകൊണ്ടാവണമെന്നും നിർണായക ഇറക്കുമതികൾക്ക് ബാഹ്യ സ്രോതസ്സുകളെ വന്‍തോതില്‍ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും സർവേ അഭിപ്രായപ്പെടുന്നു. ഊര്‍ജ ബഹിര്‍ഗമനം കുറയ്ക്കുന്നതിലുപരി ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സർവേ വാദിക്കുന്നു.
 
നൈപുണ്യ വികസനവും വിദ്യാഭ്യാസവും
 
നിര്‍മിതബുദ്ധി പോലുള്ള സാങ്കേതിക പുരോഗതി ഇന്ത്യയിലെ യുവതയ്ക്ക് പ്രയോജനപ്പെടുത്താനും തൊഴില്‍രംഗത്തെ പ്രതികൂല സ്വാധീനം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനും നൈപുണ്യ വികസനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും യുവതയെ സാങ്കേതിക വികസനങ്ങളിൽ ഒരു പടി മുന്നിലെത്തിക്കണമെന്ന് സർവേ പറയുന്നു. ഒരുപക്ഷേ തൊഴിലവസരങ്ങള്‍ വർധിപ്പിക്കാനും ഇത് സഹായിച്ചേക്കാം. സ്വകാര്യ മേഖലയിലെ നവീകരണവും ഗവേഷണ വികസനവും ഉത്തേജിപ്പിക്കുന്നതിന് ഒരുലക്ഷം കോടി രൂപയുടെ ധനസഹായത്തോടെ ഇന്ത്യയിലുടനീളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിര്‍മിതബുദ്ധി മികവിന്റെ കേന്ദ്രങ്ങള്‍ (CoE) സ്ഥാപിക്കണമെന്നും സർവേ നിർദേശിക്കുന്നു.
 
 
നിര്‍മിതബുദ്ധി
 
നിര്‍മിതബുദ്ധി (AI) സംബന്ധിച്ച് ഒരു സമതുലിത കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ എഐ എല്ലാത്തിനും ഒരേയൊരു പരിഹാരമായി കാണാനാവില്ലെന്നും എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള തൊഴിൽ സമ്പന്ന രാജ്യത്തിന് ഇത് ഒരുപോലെ പ്രായോഗികമല്ലെന്നും സർവേ വാദിക്കുന്നു. 
 
ആരോഗ്യകരമായ ഭക്ഷണം: ആരോഗ്യകരമായ ജീവിതം
 
പാകംചെയ്ത ഭക്ഷണങ്ങളുടെ (കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളവ) ഉപഭോഗം ഇന്ത്യയിൽ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ യുവാക്കളുടെ മാനസികവും വൈകാരികവും ശാരീരികവുമായ ആവശ്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ വിശാലമായ കഴിവുകൾ പുറത്തെടുക്കുന്നതിനും ഭക്ഷണപായ്ക്കിന്റെ മുന്‍ഭാഗത്ത് കുറിപ്പുകള്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് നിയമങ്ങൾ നടപ്പാക്കുന്നതിനും സർവേ അംഗീകാരം നൽകുന്നു. ആഗോളതലത്തിൽ ഈ പ്രതിഭാസം നിയന്ത്രിക്കുന്നതിന് സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. 
 
സ്ത്രീകൾക്കും കർഷകർക്കും യുവതയ്ക്കും ദരിദ്രർക്കും നയ മുൻഗണനകൾ
 
സാമ്പത്തിക പ്രവർത്തനങ്ങളിൽ സ്ത്രീകൾ, കർഷകർ, യുവാക്കൾ, ദരിദ്രർ എന്നിവരുടെ ഉൽപ്പാദനപരമായ മെച്ചപ്പെട്ട പങ്കാളിത്തം സാധ്യമാക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന നയത്തിന്റെ തിരിച്ചറിയല്‍ പരിശോധനയാണെന്ന് സർവേ വാദിക്കുന്നു. വിദ്യാഭ്യാസം, വൈദഗ്ധ്യം, ശാരീരിക - മാനസികാരോഗ്യം എന്നിവയിലെ നിക്ഷേപത്തില്‍ യുവാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർവേ പറയുന്നു. ദരിദ്രരുടെ ശാക്തീകരണത്തിലൂടെ അവരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുകയും സാമ്പത്തിക പ്രവർത്തനങ്ങളുടെ കേന്ദ്രത്തിലേക്ക് അവരെ കൊണ്ടുവരികയും ചെയ്യാന്‍ അവരുടെ ഉപജീവനമാർഗവും അവസരങ്ങളും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പിന്തുണ നൽകണമെന്ന് സർവേ വാദിക്കുന്നു. സ്ത്രീകൾക്കുവേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിൽരംഗത്തെ അവരുടെ പങ്കാളിത്തം തടയുന്ന നിയമപരവും നിയന്ത്രണപരവുമായ തടസ്സങ്ങൾ നീക്കണമെന്നും സൗകര്യപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സർവേ ആവശ്യപ്പെടുന്നു. 
 
 
വ്യാവസായിക പ്രവർത്തനം
 
‘ബിസിനസ്സ് സുഗമമാക്കൽ’ മാനദണ്ഡങ്ങളിൽ ഉയർന്ന സ്കോർ നേടുന്ന സംസ്ഥാനങ്ങളും വ്യാവസായിക പ്രവർത്തന നിലവാരവും തമ്മിലെ മികച്ച പരസ്പരബന്ധം രേഖപ്പെടുത്തിയ സര്‍വേ അഭിലഷണീയ സംസ്ഥാനങ്ങൾ അവരുടെ വ്യാവസായികവൽക്കരണ അനുപാതം ഉയർത്തേണ്ടതുണ്ടെന്നും പ്രസ്താവിക്കുന്നു. 
 
എയർ കണ്ടീഷണറുകളിൽ സർക്കാർ ഇടപെടലിലൂടെ ഉൽപ്പാദന-ബന്ധിത പ്രോത്സാഹന പദ്ധതി തദ്ദേശീയവൽക്കരിച്ചതിന്റെ വിജയഗാഥയും സർവേ ആഘോഷരൂപേണ അടയാളപ്പെടുത്തുന്നു. 
 
 
ബാഹ്യ മേഖലയിലെ വെല്ലുവിളികൾ 
 
 
ഇന്ത്യയുടെ കയറ്റുമതി കുറയ്ക്കുന്നതിനും നിലവിലെ മൂലധനകമ്മി വർധിപ്പിക്കുന്നതിനും കാരണമായേക്കാവുന്ന നിയന്ത്രിത വ്യാപാര നയങ്ങളുടെ ഭീഷണി ഉള്‍പ്പെടെ സമീപഭാവിയിൽ ഇന്ത്യ നേരിടാന്‍പോകുന്ന വെല്ലുവിളികളും സർവേ പ്രതീക്ഷിക്കുന്നു.
 
 
*****

(Release ID: 2098283) Visitor Counter : 10