ധനകാര്യ മന്ത്രാലയം
ആഗോള പ്രതിസന്ധികൾ, ആഗോള മത്സരങ്ങൾ, വർധിച്ചുവരുന്ന സംരക്ഷണവാദം എന്നിവയെ ചരക്ക്-സേവന കയറ്റുമതി മറികടന്നതിനാൽ ഇന്ത്യയുടെ കയറ്റുമതി 6 ശതമാനം വളർച്ച കൈവരിച്ചു: സാമ്പത്തിക സർവേ 2024-25
ആഗോള സേവന കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം 2005ലെ 1.9 ശതമാനത്തിൽനിന്ന് 2023-ൽ 4.3 ശതമാനമെന്ന നിലയിൽ ഇരട്ടിയായി
2025 സാമ്പത്തിക വർഷത്തിലെ ആദ്യ എട്ടു മാസങ്ങളിൽ നേരിട്ടുള്ള മൊത്തം വിദേശ നിക്ഷേപം 2024 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിലെ 47.2 ശതകോടി ഡോളറിൽ നിന്ന് 55.6 ശതകോടി ഡോളറായി വർധിച്ചു
2024 ഡിസംബർ അവസാനത്തോടെ ഇന്ത്യയുടെ വിദേശ വിനിമയ കരുതൽ ശേഖരം 640.3 ശതകോടി ഡോളറെന്ന നിലയിൽ
ഇന്ത്യയുടെ ബാഹ്യ കടം സുസ്ഥിരമായി തുടരുന്നു; 2024 സെപ്റ്റംബർ അവസാനത്തോടെ ബാഹ്യകടം-ജിഡിപി അനുപാതം 19.4 ശതമാനമായി
Posted On:
31 JAN 2025 2:11PM by PIB Thiruvananthpuram
സാമ്പത്തിക, വ്യാപാര നയ അനിശ്ചിതത്വങ്ങളുടെ ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ വിദേശ മേഖല അതിജീവനശേഷി പ്രകടിപ്പിക്കുന്നത് തുടരുകയാണെന്നു കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2024-25ലെ സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ വ്യാപാരപ്രകടനം
2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും) 6 ശതമാനം സുസ്ഥിര വളർച്ച രേഖപ്പെടുത്തിയതായി സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. പെട്രോളിയം, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ ഒഴികെയുള്ള സേവനങ്ങളുടെയും ചരക്കുകളുടെയും കയറ്റുമതിയിലെ വളർച്ച 10.4 ശതമാനമാണ്. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ ഉൽപ്പാദനം, കൃഷി, സേവന കയറ്റുമതി എന്നിവയ്ക്ക് ആഗോളതലത്തിൽ മത്സരക്ഷമമാകാൻ കഴിഞ്ഞു എന്നാണ്. ഇതേ കാലയളവിൽ മൊത്തം ഇറക്കുമതി 6.9 ശതമാനം വളർച്ച രേഖപ്പെടുത്തി.
ചെങ്കടൽ പ്രതിസന്ധി, യുക്രൈൻ യുദ്ധം, പനാമ കനാലിലെ സമീപകാല വരൾച്ച എന്നിവ കാരണം ആഗോള വ്യാപാരത്തിൽ ഉണ്ടായ തടസ്സങ്ങൾ, പല രാജ്യങ്ങളും കാണിക്കുന്ന വർധിച്ചുവരുന്ന സംരക്ഷണവാദ പ്രവണതകൾ എന്നിവ അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ചു. അന്താരാഷ്ട്ര വ്യാപാരത്തെ നിയന്ത്രിക്കുന്ന താരിഫ് ഇതര നടപടികളുടെ (NTM) എണ്ണവും കഴിഞ്ഞ കുറച്ചു വർഷങ്ങളായി വർധിച്ചിട്ടുണ്ട്. വ്യാപാരത്തിലേക്കുള്ള സാങ്കേതിക തടസ്സങ്ങൾ (TBT) ഉൽപ്പന്ന ലൈനുകളുടെ 31.6 ശതമാനത്തെയും ബാധിക്കുന്നു. ഇത് 2024 ഡിസംബർ വരെയുള്ള ആഗോള വ്യാപാരത്തിന്റെ 67.1 ശതമാനത്തെയും ഉൾക്കൊള്ളുന്നതാണ്. ഇതിനെത്തുടർന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടികൾ ഉൽപ്പന്ന ലൈനുകളുടെ 19.3 ശതമാനത്തെ ബാധിക്കുകയും ആഗോള വ്യാപാരത്തിന്റെ 31.2 ശതമാനത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നു. കൃഷി, ഉൽപ്പാദനം, പ്രകൃതി വിഭവങ്ങൾ എന്നിവയാണ് എൻടിഎമ്മുകൾ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകൾ.
സ്വതന്ത്ര വ്യാപാര കരാറുകൾ
ഇന്ത്യ സ്ഥിതിഗതികൾ വിലയിരുത്തുകയും അതിന്റെ കരുത്തു പ്രയോജനപ്പെടുത്തുന്ന ഭാവിയിലേക്കുള്ള തന്ത്രപരമായ വ്യാപാര മാർഗരേഖ വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് സർവേ പറയുന്നു. രാജ്യങ്ങളുമായും വ്യാപാര ബ്ലോക്കുകളുമായും നിരവധി സ്വതന്ത്ര വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്ന പ്രക്രിയയിലാണ് ഇന്ത്യ. ഉദാഹരണത്തിന്, തുണിത്തര മേഖലയിൽ, യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) (2022) ഇന്ത്യയുടെ ടെക്സ്റ്റൈൽ താരിഫ് കുറയ്ക്കാനും ഗണ്യമായ വിപണി ലഭിക്കാനും സഹായിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ തുടങ്ങിയ മുൻനിര ഇറക്കുമതിക്കാരുമായി വ്യാപാര ഇടപാടുകൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നു. കയറ്റുമതി സഞ്ചയം വൈവിധ്യവൽക്കരിക്കാനും പുതിയ വിപണികൾ ലക്ഷ്യമിടുന്നതിനുമുള്ള തന്ത്രവും ഇന്ത്യ സ്വീകരിക്കുന്നുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു.
സേവന കയറ്റുമതി
ആഗോള കയറ്റുമതിയിൽ ഇന്ത്യയിൽ നിന്നുള്ള സേവന കയറ്റുമതി ബഹുമേഖലാ സാന്നിധ്യം പ്രകടമാക്കുകയും നിരവധി മേഖലകളിലായി ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. ആഗോള സേവന കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് ഇരട്ടിയിലധികമായി. 2005-ലെ 1.9 ശതമാനത്തിൽനിന്ന് 2023-ൽ ഏകദേശം 4.3 ശതമാനത്തിലെത്തി. 'ടെലികമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സർവീസസ്' എന്നിവയിൽ, ആഗോള കയറ്റുമതി വിപണിയുടെ 10.2 ശതമാനം ഇന്ത്യക്കാണ് (ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി രാജ്യം). ഇത് ഐടി ഔട്ട്സോഴ്സിങ്, സോഫ്റ്റ്വെയർ വികസനം, ഡിജിറ്റൽ സേവനങ്ങൾ എന്നിവയിൽ അതിന്റെ കരുത്തുറ്റ സ്ഥാനം പ്രതിഫലിപ്പിക്കുന്നു. ആഗോള ശേഷികെട്ടിപ്പടുക്കൽ കേന്ദ്രങ്ങളുടെ ആസ്ഥാനമായി രാജ്യം മാറുകയും നവീകരണം തുടരുകയും ചെയ്യുമ്പോൾ, നൈപുണ്യ വികസനത്തിലും തന്ത്രപരമായ നയ ഇടപെടലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ ആക്കം നിലനിർത്തുന്നതിന് പ്രധാനമാണെന്ന് സർവേ പറയുന്നു.
പ്രൊഫഷണൽ, കൺസൾട്ടിങ് സേവനങ്ങളിലെ വൈദഗ്ധ്യത്താൽ നയിക്കപ്പെടുന്ന ലോക വിഹിതത്തിന്റെ 7.2 ശതമാനം (ലോകത്തിലെ മൂന്നാമത്തെ വലിയ കയറ്റുമതി രാഷ്ട്രമായ) ഇന്ത്യ കൈവശം വച്ചിരിക്കുന്നതിനാൽ ‘മറ്റു വ്യവസായ സേവന മേഖല’കളും നിർണായക പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര വിനോദസഞ്ചാരത്തിലും ആഗോള ഗതാഗത ശൃംഖലകളിലും വളർച്ചയ്ക്കുള്ള അവസരങ്ങളുണ്ട്. ഇന്ത്യയുടെ ഇ-കൊമേഴ്സ് കയറ്റുമതി ഗണ്യമായി വളരാനും രാജ്യത്തിന്റെ ജിഡിപിയിൽ പ്രധാന സംഭാവനയായി മാറാനുമുള്ള സാധ്യതകൾ വളരെ വലുതാണ്. ഓൺലൈൻ പണമിടപാടുകൾ, പ്രാദേശിക വിതരണ സേവനങ്ങൾ, ഉപഭോക്താക്കളുമായുള്ള ഡേറ്റാധിഷ്ഠിത ഇടപെടലുകൾ, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ സാങ്കേതികവിദ്യാധിഷ്ഠിത മുന്നേറ്റങ്ങളുടെ ഉയർച്ചയാണ് ഇതിന് കാരണം.
കയറ്റുമതിക്കു കരുത്തേകുന്നതിനുള്ള നടപടികൾ
ലോജിസ്റ്റിക്സ് ഹബ്ബുകളുടെ വികസനം, അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപങ്ങൾ, വിതരണശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള നയ പരിഷ്കാരങ്ങൾ എന്നിവ ഇന്ത്യൻ കയറ്റുമതി മേഖലയെ മുന്നോട്ട് നയിക്കുന്ന നടപടികളാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ‘ട്രേഡ് കണക്റ്റ് ഇ-പ്ലാറ്റ്ഫോം’ ആരംഭിച്ചു. ഇത് കയറ്റുമതിക്കാരെ പുതിയ വിപണികൾ ചേർക്കാൻ പ്രാപ്തമാക്കുന്ന ഏകജാലക സംരംഭമാണ്. ഇന്ത്യയിലെ കയറ്റുമതിക്കാർക്ക്, പ്രത്യേകിച്ച് എംഎസ്എംഇകൾക്ക്, അന്താരാഷ്ട്ര വ്യാപാരമേഖലയെ പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് ഇ-പ്ലാറ്റ്ഫോം. എംഎസ്എംഇ മന്ത്രാലയം, എക്സിം ബാങ്ക്, ധനകാര്യ സേവന വകുപ്പ്, വിദേശകാര്യ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള പ്രധാന പങ്കാളികളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോം, കയറ്റുമതിക്കാർക്ക് സമഗ്രമായ പിന്തുണ, വിഭവങ്ങൾ, വ്യാപാരസംബന്ധമായ നിർണായക വിവരങ്ങളിലേക്ക് തത്സമയ പ്രവേശനം എന്നിവ വാഗ്ദാനം ചെയ്ത് വിവര അസമത്വം പരിഹരിക്കും.
നേരിട്ടുള്ള വിദേശ നിക്ഷേപം (FDI)
2025 സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ FDI പ്രവാഹം പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുവെങ്കിലും, പ്രവാസികളുടെ പുനരധിവാസ/ഓഹരിവിറ്റഴിക്കൽ വർധനയാൽ 2023 ഏപ്രിൽ-നവംബർ മാസങ്ങളെ അപേക്ഷിച്ച് അറ്റ FDI പ്രവാഹം കുറഞ്ഞു. സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിലെ 47.2 ശതകോടി അമേരിക്കൻ ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിലെ അതേ കാലയളവിൽ 55.6 ശതകോടി അമേരിക്കൻ ഡോളറായി മൊത്ത FDI പ്രവാഹം വർധിച്ചതായി സാമ്പത്തിക സർവേ പറയുന്നു. ഇത് 17.9 ശതമാനം വാർഷിക വളർച്ചയാണ്. ദീർഘകാലാടിസ്ഥാനത്തിൽ, ഇന്ത്യയിലേക്കുള്ള FDI പ്രവാഹം 2000 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെ ഒരു ട്രില്യൺ അമേരിക്കൻ ഡോളർ കവിഞ്ഞു. ഇത് സുരക്ഷിതവും പ്രധാനപ്പെട്ടതുമായ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിച്ചുവെന്ന് സർവേ എടുത്തുകാണിക്കുന്നു.
2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സേവന മേഖലയാണ് ഏറ്റവും കൂടുതൽ FDI സ്വീകരിച്ചത്. മൊത്തം ഇക്വിറ്റി വരവിന്റെ 19.1 ശതമാനം സേവന മേഖലയുടേതാണെന്നും, വിദേശ നിക്ഷേപം ആകർഷിക്കുന്ന മറ്റ് പ്രധാന മേഖലകളിൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ഹാർഡ്വെയർ (14.1 ശതമാനം), വ്യാപാരം (9.1 ശതമാനം), പാരമ്പര്യേതര ഊർജം (7 ശതമാനം), സിമന്റും ജിപ്സം ഉൽപ്പന്നങ്ങളും (6.1 ശതമാനം) എന്നിവ ഉൾപ്പെടുന്നുവെന്നും സർവേ പറയുന്നു. പണപ്പെരുപ്പ സമ്മർദങ്ങൾ, വികസിത സമ്പദ്വ്യവസ്ഥകളിലെ വർധിച്ചുവരുന്ന പലിശനിരക്കുകൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ ഘടകങ്ങൾ കാരണമുണ്ടാകുന്ന ആഗോള വിപണികളിലെ ഹ്രസ്വകാല ചാഞ്ചാട്ടം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിൽ FDI-യുടെ ദീർഘകാല വീക്ഷണം അനുകൂലമായി തുടരുന്നുവെന്ന് സർവേ പറയുന്നു. ഇന്ത്യയുടെ കരുത്തുറ്റ സാമ്പത്തിക അടിത്തറ, നിലവിലുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ, വളരുന്ന ഉപഭോക്തൃ വിപണി സ്ഥാനം എന്നിവ വിദേശ നിക്ഷേപത്തിനുള്ള പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നുവെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലേക്കുള്ള FDI കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ സമീപകാല പരിശോധനകളിലുണ്ടായിരുന്നു. സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വർധിച്ചുവരുന്ന വായ്പാ ചെലവുകൾ എന്നിവ ആഗോളതലത്തിൽ FDI പ്രവാഹത്തിനു വിഘാതമായിട്ടുണ്ടെന്ന് ഒരു വിശാലമായ വിശകലനം വെളിപ്പെടുത്തിയത് ഈ ആശങ്കകൾ ഇല്ലാതാക്കിയെന്നു സർവേ പറയുന്നു. ഇന്ത്യയുടെ കരുത്തുറ്റ ഓഹരി വിപണി ദ്വിതീയ വിൽപ്പനയിലൂടെയും പ്രാരംഭ പൊതു വിൽപ്പനകളിലൂടെയും അന്താരാഷ്ട്ര കമ്പനിനിക്ഷേപങ്ങളിൽ നിന്ന് വരുമാനം നേടുകയും വിദേശ കമ്പനികളുടെ തിരിച്ചുവരവിൽ വർധനനവുണ്ടാവുകയും ചെയ്തതോടെ, മൊത്തം FDI വരവുവർധിച്ചു. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസമുയർന്നതിന്റെയും സൂചനയാണ്. ഇന്ത്യൻ മൂലധന വിപണിയുടെ ആഴവും അതിജീവനശേഷിയും നേരിട്ടുള്ള നിക്ഷേപകർക്ക് ലാഭകരമായ ‘എക്സിറ്റു’കൾ വാഗ്ദാനം ചെയ്യുന്നുവെന്ന് സർവേ പറയുന്നു. ഇത് ഭാവി നിക്ഷേപങ്ങൾക്ക് ആദായകരമായ മാർഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കറന്റ് അക്കൗണ്ട് കമ്മി (സിഎഡി)
സമ്പദ്വ്യവസ്ഥയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ ഇന്ത്യ ഒരു സിഎഡി നടത്തുന്നുണ്ടെന്നും അതിന്റെ നിക്ഷേപ ആവശ്യങ്ങൾ വളരെ വലുതാണെന്നും ചൂണ്ടിക്കാട്ടിയ സർവേ, ആഭ്യന്തര സമ്പാദ്യത്തെ ന്യായമായ വലിയ വിദേശ സമ്പാദ്യവുമായി ബന്ധിപ്പിക്കുന്നത് മൂലധന രൂപീകരണത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് നിർദേശിക്കുന്നു. വികസിത രാജ്യങ്ങളും നിക്ഷേപങ്ങളെ ആകർഷിക്കുന്നുണ്ടെന്നും ഇന്ത്യ വളർന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളുമായി മാത്രം മത്സരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി, FDI ആകർഷിക്കുന്നതിനും വിദേശ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കുന്നതിനും ഇന്ത്യ എല്ലാ തടസ്സങ്ങളും ഒഴിവാക്കണമെന്നും സർവേ നിർദേശിക്കുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിലൂടെയും വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിലൂടെയും ഇന്ത്യയുടെ നിക്ഷേപ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ ലഭ്യമായതും നിലവിലുള്ളതുമായ നിക്ഷേപങ്ങൾ കൂടുതൽ ലഭ്യമാക്കണമെന്നും സർവേ നിർദേശിക്കുന്നു.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപം (FPI)
FPI കളെ സംബന്ധിച്ചിടത്തോളം, 2025 സാമ്പത്തിക വർഷത്തിൽ ഇതുവരെ സമ്മിശ്ര പ്രവണതയാണ് കാണിക്കുന്നതെന്ന് സാമ്പത്തിക സർവേ പറയുന്നു. വരുമാന വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്ക, ഉയർന്ന മൂല്യനിർണയം, വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ചൈനയിലെ സമീപകാല സംഭവവികാസങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഇന്ത്യൻ ഓഹരികളിൽ നിന്ന് ഗണ്യമായ തുക പിൻവലിക്കാൻ FPI-കളെ പ്രേരിപ്പിച്ചുവെന്ന് സർവേ വിശദീകരിക്കുന്നു. കൂടാതെ, ഇന്ത്യയുടെ കരുത്തുറ്റ സ്ഥൂലസാമ്പത്തിക അടിത്തറകൾ, അനുകൂലമായ വ്യവസായ അന്തരീക്ഷം, കരുത്തുറ്റ സാമ്പത്തിക വളർച്ച തുടങ്ങിയ ഘടകങ്ങൾ നിക്ഷേപകരെ പുറത്തേക്കുള്ള പ്രവാഹത്തിനുള്ള പ്രവണത മാറ്റാൻ പ്രേരിപ്പിച്ചതായി സർവേ പറയുന്നു.
വിദേശ വിനിമയ കരുതൽ ധനം
ഇന്ത്യയുടെ വിദേശ വിനിമയ കരുതൽ ധനം 2024 ഡിസംബർ അവസാനത്തോടെ 640.3 ശതകോടി അമേരിക്കൻ ഡോളറായിരുന്നുവെന്ന് സാമ്പത്തിക സർവേ പറയുന്നു. 2024 സെപ്റ്റംബർ വരെ രാജ്യത്തിന്റെ വിദേശ കടമായ 711.8 ശതകോടി അമേരിക്കൻ ഡോളറിന്റെ ഏകദേശം 90 ശതമാനവും നികത്താൻ കരുതൽ ധനം പര്യാപ്തമായിരുന്നുവെന്നും ഇത് ബാഹ്യ ദുർബലതകൾക്കെതിരായ ശക്തമായ ബഫറിനെ പ്രതിഫലിപ്പിക്കുന്നുവെന്നും സർവേ കൂട്ടിച്ചേർക്കുന്നു.
ബാഹ്യ കടം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ ബാഹ്യ കടം സുസ്ഥിരമായി തുടരുന്നുവെന്ന് എടുത്തുകാട്ടി, ലോകത്തിന്റെ മറ്റു ഭാഗങ്ങൾ ഭൗമരാഷ്ട്രീയ പ്രതിസന്ധികളാൽ ബാധിക്കപ്പെട്ട സമയത്ത് ബാഹ്യ മേഖലയുടെ സ്ഥിരത നിലനിർത്താൻ ഇത് സഹായിച്ചിട്ടുണ്ടെന്ന് സാമ്പത്തിക സർവേ പറയുന്നു. 2024 ജൂൺ അവസാനത്തോടെ ജിഡിപിയുടെ 18.8 ശതമാനമായിരുന്ന ബാഹ്യ കടം-ജിഡിപി അനുപാതം 2024 സെപ്റ്റംബർ അവസാനത്തോടെ 19.4 ശതമാനമായി നേരിയ തോതിൽ ഉയർന്നതായും വിദേശനാണ്യ കരുതൽ ശേഖരവുമായുള്ള അതിന്റെ അനുപാതം 2024 ജൂൺ അവസാനത്തോടെ 20.3 ശതമാനത്തിൽ നിന്ന് 2024 സെപ്റ്റംബർ അവസാനത്തോടെ 18.9 ശതമാനമായി കുറഞ്ഞതായും സർവേ സൂചിപ്പിക്കുന്നു.
****
NK
(Release ID: 2098159)
Visitor Counter : 13