ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2024 മാർച്ച് വരെയുള്ള കണക്ക് പ്രകാരം 7.75 കോടി കിസാൻ ക്രെഡിറ്റ് കാർഡുകൾ പ്രവർത്തനക്ഷമം: സാമ്പത്തിക സർവേ 2024-25

Posted On: 31 JAN 2025 1:44PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 31 ജനുവരി 2025 
 
കാർഷിക ഉൽപ്പാദനക്ഷമതയും വരുമാനവും മെച്ചപ്പെടുത്തുന്നതിന് എല്ലാ കർഷകർക്കും, പ്രത്യേകിച്ച് ചെറുകിട, നാമമാത്ര കർഷകർക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും ആവശ്യമായ വായ്പാ പിന്തുണ നൽകുന്നത് നിർണായകമാണെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്തു വെച്ച 2024-25 ലെ സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു.
 
2024 മാർച്ച് വരെ, രാജ്യത്ത് പ്രവർത്തനക്ഷമമായ 7.75 കോടി  കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) അക്കൗണ്ടുകളുണ്ടെന്നും അവയ്ക്ക് 9.81 ലക്ഷം കോടി രൂപയുടെ വായ്പ കുടിശ്ശികയുണ്ടെന്നും സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു. 2024 മാർച്ച് 31 വരെ, മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലയിൽ യഥാക്രമം 1.24 ലക്ഷം കെസിസിയും 44.40 ലക്ഷം കെസിസിയും വിതരണം ചെയ്തു.
 
 പരിഷ്കരിച്ച പലിശ ഇളവ് പദ്ധതി (Modified Interest Subvention Scheme-MISS)
 
2025 സാമ്പത്തിക വർഷം മുതൽ, MISS ക്ലെയിമുകൾ വേഗത്തിലും കാര്യക്ഷമമായും തിരിച്ചെടുക്കുന്നതിനും തീർപ്പാക്കുന്നതിനുമായി ഈ പദ്ധതി പ്രകാരമുള്ള ക്ലെയിം ഇടപാടുകൾ കിസാൻ റിൻ പോർട്ടൽ (കെആർപി) വഴി ഡിജിറ്റൽ ആക്കി . 2024 ഡിസംബർ 31 ആയപ്പോഴേക്കും ഒരു ലക്ഷം കോടിയിലധികം ക്ലെയിമുകളുടെ നടപടികൾ പൂർത്തിയാക്കി . എംഐ എസ്എസ് -കെസിസി പദ്ധതിക്ക് കീഴിൽ നിലവിൽ പ്രയോജനം ലഭിക്കുന്ന ഏകദേശം 5.9 കോടി കർഷകരെ കെആർപി വഴി തിരിച്ചറിഞ്ഞിട്ടുണ്ട്.
 
അടിസ്ഥാന തല വായ്പ (Ground-level credit- GLC)
 
കൃഷിക്കുള്ള അടിസ്ഥാന തല വായ്പ 2014-15 മുതൽ 2024-25 വരെയുള്ള കാലയളവിൽ 12.98 % സിഎജിആറുമായി ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 2014-15 ലെ 8.45 ലക്ഷം കോടിരൂപയിൽ നിന്ന് ജിഎൽസി 2023-24 ൽ 25.48 ലക്ഷം കോടിരൂപയായി ഉയർന്നു. ഇതിൽ, ചെറുകിട, നാമമാത്ര കർഷകരുടെ വിഹിതം 2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ 3.46 ലക്ഷം കോടിരൂപയിൽ നിന്ന് (41 ശതമാനം) 14.39 ലക്ഷം കോടിരൂപയായി (57 ശതമാനം) ഗണ്യമായി വർദ്ധിച്ചു.
 
പ്രധാനമന്ത്രി ഫസൽ ബീമ യോജന
 
സംസ്ഥാന സർക്കാരുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പങ്കാളിത്തം 2020-21 ൽ യഥാക്രമം 20 ഉം 11 ഉം ആയിരുന്നതിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ അത് യഥാക്രമം 24 ഉം 15 ഉം ആയി വർദ്ധിച്ചു. കൂടാതെ, ഈ ഇടപെടലുകൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രീമിയം നിരക്കുകളിൽ 32 ശതമാനം കുറവുണ്ടാകാൻ കാരണമായി. തൽഫലമായി, 2024 സാമ്പത്തിക വർഷ കാലയളവിൽ അംഗമായ കർഷകരുടെ എണ്ണം 4കോടിയിലെത്തി.അതായത് 2023സാമ്പത്തിക വർഷ കാലയളവിലെ 3.17 കോടിയിൽ നിന്ന് 26 ശതമാനം വർധന. ഇൻഷ്വർ ചെയ്ത പ്രദേശം 2024 സാമ്പത്തിക വർഷത്തിൽ 600 ലക്ഷം ഹെക്ടറായി വർധിച്ചു. ഇത് 2023 സാമ്പത്തിക വർഷത്തിലെ 500 ലക്ഷം ഹെക്ടറിൽ നിന്ന് 19% വർധനയാണ്.
 
 പിഎം-കിസാൻ, പ്രധാൻ മന്ത്രി കിസാൻ മാൻധൻ യോജന
 
പിഎം-കിസാൻ, പ്രധാൻ മന്ത്രി കിസാൻ മാൻധൻ യോജന (പിഎംകെഎംവൈ) പോലുള്ള സർക്കാർ സംരംഭങ്ങൾ,കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും അവരുടെ സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിജയകരമായി സംഭാവന നൽകിയിട്ടുണ്ട്. 2024 ഒക്ടോബർ 31 വരെ പിഎം-കിസാൻ പ്രകാരം 11 കോടിയിലധികം കർഷകർക്ക് പ്രയോജനം ലഭിച്ചു. 23.61 ലക്ഷം കർഷകർ പിഎംകെഎംവൈയിൽ അംഗമായി.
Chapter 9-02.jpg
 
ഭക്ഷ്യ പരിപാലനം: ഭക്ഷ്യ സുരക്ഷ പ്രാപ്തമാക്കുന്നു
 
പൊതുവിതരണ സംവിധാനം (പിഡിഎസ്), നിശ്ചിത പൊതുവിതരണ സംവിധാനം (ടിപിഡിഎസ്) എന്നിവയിലൂടെ ഗാർഹിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ വളരെക്കാലമായി പ്രവർത്തനം നടത്തുന്നതായുംദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) 2013, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) എന്നിവ ഭക്ഷ്യസുരക്ഷയോടുള്ള സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം വരുത്തിയതായും സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ, അഞ്ച് വർഷത്തേക്ക് കൂടി PMGKAY പ്രകാരം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുന്നത്, ദേശീയ ഭക്ഷ്യ-പോഷകാഹാര സുരക്ഷയെ അഭിസംബോധന ചെയ്യുന്നതിനുള്ള സർക്കാരിന്റെ ദീർഘകാല പ്രതിബദ്ധതയും കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നു.
 
കാർഷിക മേഖലയുടെ യന്ത്രവൽക്കരണം:
 
കാർഷിക മേഖലയുടെ യന്ത്രവൽക്കരണത്തിനുള്ള സബ് മിഷന്‍
 
കാർഷിക യന്ത്രവൽക്കരണത്തിനായുള്ള സബ് മിഷൻ (SMAM), കർഷകർക്ക് 
കാർഷിക യന്ത്രങ്ങളുമായി ബന്ധപ്പെട്ട പരിശീലനവും പ്രവർത്തന വിശദീകരണവും നൽകുന്നതിനും , കസ്റ്റം ഹയറിംഗ് സെന്ററുകൾ (CHC-കൾ) സ്ഥാപിക്കുന്നതിനും വിവിധ കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിൽ കർഷകരെ സഹായിക്കുന്നതിനും സംസ്ഥാന സർക്കാരുകളെ പിന്തുണയ്ക്കുന്നതായി സാമ്പത്തിക സർവേ പറയുന്നു. ഡിസംബർ 31 വരെ, ഈ സംരംഭത്തിന് കീഴിൽ 26,662 CHC-കൾ സ്ഥാപിച്ചു. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 138 CHC-കൾ സ്ഥാപിച്ചു.
 
വനിതാ സ്വയം സഹായ ഗ്രൂപ്പുകൾക്ക് ഡ്രോണുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നു
 
വളങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നത് ഉൾപ്പെടെ കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് വാടക സേവനങ്ങൾ നൽകുന്നതിന് ഈ സംരംഭത്തിലൂടെ 15,000 വനിതാ സ്വയം സഹായ സംഘങ്ങളെ ചുമതലപ്പെടുത്താൻ ലക്ഷ്യമിടുന്നു . വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോൺ വാങ്ങുന്നതിന് ഡ്രോണിന്റെ വിലയുടെ 80 ശതമാനവും അനുബന്ധ ചാർജുകളും കേന്ദ്ര ധനസഹായമായി (പരമാവധി ₹8 ലക്ഷം രൂപ വരെ) നൽകും.
 
 *കാർഷിക വിപണന അടിസ്ഥാന സൗകര്യങ്ങൾ
 
കാർഷിക വിപണന അടിസ്ഥാന സൗകര്യ ഉപ പദ്ധതി
 
2024 ഒക്ടോബർ 31 വരെ കാർഷിക വിപണന അടിസ്ഥാന സൗകര്യ ഉപ പദ്ധതി പ്രകാരം 48,611 സംഭരണ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും, 4,795.47 കോടി രൂപ സബ്‌സിഡിയായി വിതരണം ചെയ്തിട്ടുണ്ടെന്നും സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു. കൂടാതെ, എഎംഐ പദ്ധതിയ്ക്ക് കീഴിൽ മറ്റ് തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട 21,004 പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇവയ്ക്ക് 2,125.76 കോടി രൂപ സബ്‌സിഡി നൽകുന്നു.
 
ഇ-നാം
 
ഗുണനിലവാര പരിശോധന ഉപകരണങ്ങൾ;കാർഷിക ഉൽപ്പന്നങ്ങളുടെ വൃത്തിയാക്കൽ, ഗ്രേഡിംഗ്, തരംതിരിക്കൽ, പാക്കേജിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ അവശ്യ സംവിധാനങ്ങൾക്കായി കാർഷിക ഉൽ‌പന്ന വിപണി കമ്മിറ്റി (എപി‌എം‌സി) മാൺഡിക്ക് 75 ലക്ഷംരൂപ നിരക്കിൽ സൗജന്യ സോഫ്റ്റ്‌വെയറും സാമ്പത്തിക സഹായവും ഈ സംരംഭം നൽകുന്നുണ്ടെന്ന് സാമ്പത്തിക സർവേ പ്രസ്താവിക്കുന്നു. 2024 ഒക്ടോബർ 31 വരെ, 1.78 കോടിയിലധികം കർഷകരും 2.62 ലക്ഷം വ്യാപാരികളും ഇ-നാം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേ തീയതി വരെ, 9,204 എഫ്‌പി‌ഒകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൂടാതെ ഇവയിൽ 4,490 എഫ്‌പി‌ഒകൾക്ക് 237 കോടിരൂപ മൂല്യമുള്ള സാമ്പത്തിക വിഹിതം ലഭിച്ചു.
 
: *ഭക്ഷ്യധാന്യ സംഭരണ അടിസ്ഥാന സൗകര്യങ്ങൾ* 
 
ഭക്ഷ്യധാന്യങ്ങൾക്കായുള്ള സംഭരണ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനും നവീകരിക്കുന്നതിനും രാജ്യത്തെ വിള സംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി, പി‌പി‌പി പ്രകാരം സ്റ്റീൽ സംഭരണ ശാലകൾ നിർമ്മിക്കുന്നതായി സാമ്പത്തിക സർവേ എടുത്തുകാണിക്കുന്നു.
 
ഹബ് & സ്‌പോക്ക് മാതൃക സംഭരണ ശാലകൾ
 
ഹബ്& സ്‌പോക്ക് മാതൃകയിലുള്ള സംഭരണ ശാലകൾക്ക് കീഴിൽ സർക്കാർ സംഭരണശേഷി സൃഷ്ടിക്കുന്നു. “ഹബ്” സംഭരണ ശാലകൾക്ക് ഒരു പ്രത്യേക റെയിൽവേ പാതയും കണ്ടെയ്‌നർ ഡിപ്പോ സൗകര്യവുമുണ്ട്. “സ്‌പോക്ക്” സംഭരണ ശാലയിൽ നിന്ന് “ഹബ്” സംഭരണ ശാലയിലേക്ക് ഗതാഗതം റോഡ് മാർഗമായിരിക്കും. എന്നാൽ ഹബ്ബിൽ നിന്ന് ഹബ്ബിലേക്കുള്ള ഗതാഗതം റെയിൽ വഴിയാണ്.
 
ഫ്ലോസ്‌പാൻ: മൊബൈൽ സംഭരണ യൂണിറ്റ്
 
പ്രത്യേകിച്ച് പർവത പ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും ഭക്ഷ്യധാന്യ സംഭരണം മെച്ചപ്പെടുത്തുന്നതിന്, വേൾഡ് ഫുഡ് പ്രോഗ്രാമുമായി (ഡബ്ല്യുഎഫ്‌പി) സഹകരിച്ച് ഫ്ലോസ്പാൻ എന്ന ഒരു തരം മൊബൈൽ സംഭരണ യൂണിറ്റ് (എം‌എസ്‌യു) ഉപയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നു . ഈ യൂണിറ്റുകൾ വേഗത്തിൽ സ്ഥാപിക്കാൻ കഴിയുകയും 400 മെട്രിക് ടൺ സംഭരണ ശേഷിയുള്ളവയുമാണ് . ഒരു പൈലറ്റ് പ്രോജക്റ്റായി, ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മിസോറാം, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ ആറ് സംസ്ഥാനങ്ങളിൽ ഡബ്ല്യുഎഫ്‌പി ഫ്ലോസ്പാൻ സ്ഥാപിച്ചിട്ടുണ്ട്.
 
 സ്മാർട്ട് ഗോഡൗൺ 
 
 ധാന്യ ഗോഡൗണുകൾ ആധുനികവൽക്കരിക്കുന്നതിനായി, 'സ്മാർട്ട് വെയർഹൗസ്' എന്ന സംരംഭ പരീക്ഷണം നടത്തുന്നതിനായി WFP, IGMRI എന്നിവയുടെ പങ്കാളിത്തത്തോടെ സർക്കാർ ശ്രമങ്ങൾ നടത്തുന്നു . ഊഷ്മാവ്, ഈർപ്പം, വായുപ്രവാഹം,എലികൾ ഉൾപ്പെടെയുള്ള ജീവി ശല്യം എന്നിവ നിരീക്ഷിക്കാൻ ഇവിടെ പ്രത്യേക സെൻസറുകൾ ഉപയോഗിക്കുന്നു.ഈ സംവിധാനം തത്സമയ ഡാറ്റ നൽകുകയും സംഭരണം മെച്ചപ്പെടുത്തുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും സഹായിക്കുകയും ചെയ്യും
 
***********

(Release ID: 2098029) Visitor Counter : 12