വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രഥമ ലോക ദൃശ്യ ശ്രവ്യ & വിനോദ ഉച്ചകോടിക്ക് മുന്നോടിയായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇൻഫ്ലുവൻസർമാർ, പോഡ്കാസ്റ്റർമാർ, ആനിമേഷൻ നിർമ്മാതാക്കൾ, ഗെയിം ഡെവലപ്പർമാർ തുടങ്ങിയ ഉള്ളടക്ക സ്രഷ്ടാക്കൾക്ക് പുരസ്കാരങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചു
Posted On:
27 JAN 2025 7:22PM by PIB Thiruvananthpuram
ലോക ദൃശ്യ ശ്രവ്യ& വിനോദ ഉച്ചകോടിക്ക് (WAVES) മുന്നോടിയായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ ഈ മേഖലയിലെ നിർണായക നാഴികക്കല്ല് കുറിയ്ക്കുന്ന സുപ്രധാന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, റെയിൽവേ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്, കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ. ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു, സാംസ്കാരിക മന്ത്രാലയം സെക്രട്ടറി ശ്രീ. അരുണിഷ് ചൗള, ചലച്ചിത്ര സംവിധായകൻ ശ്രീ. ശേഖർ കപൂർ, പ്രസാർ ഭാരതി സിഇഒ ശ്രീ. ഗൗരവ് ദ്വിവേദി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയെ സർഗാത്മക സമ്പദ്വ്യവസ്ഥയുടെ ആഗോള തലസ്ഥാനമാക്കി മാറ്റുന്നു
ദാവോസ് സാമ്പത്തിക ഫോറത്തിന് സമാനമായി, ലോക ദൃശ്യ ശ്രവ്യ& വിനോദ ഉച്ചകോടിയെ (WAVES) ആഗോള പ്രശസ്തമായ ഒരു ഉച്ചകോടിയായി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന് അനുസൃതമായി ഇന്ത്യയുടെ സമ്പന്നമായ സർഗാത്മക സമ്പദ് വ്യവസ്ഥയെ ഉയർത്തിക്കാട്ടുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ ശ്രമങ്ങൾ എന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി പറഞ്ഞു.ആഗോളതലത്തിൽ 'ഓറഞ്ച് സമ്പദ്വ്യവസ്ഥ' എന്നറിയപ്പെടുന്ന സർഗാത്മക സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളായ പാരമ്പര്യം, കഥപറച്ചിൽ, സാംസ്കാരിക പ്രാധാന്യം എന്നിവയാൽ സമ്പന്നമാണ് ഇന്ത്യൻ സർഗാത്മക സമ്പദ് വ്യവസ്ഥ എന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പരാമർശിച്ചു.
"ഒരുകാലത്ത് സ്വാമി വിവേകാനന്ദനിലൂടെ ചിക്കാഗോ ലോക സമ്മേളനത്തിന്റെ വേദിയിൽ പ്രതിധ്വനിച്ച നമ്മുടെ സമ്പന്നമായ സംസ്കാരം, ഇന്ന് നമ്മുടെ പ്രധാനമന്ത്രി യോഗ, സംസ്കാരം, സർഗ്ഗാത്മകത, ആയുർവേദം തുടങ്ങിയ സംരംഭങ്ങളിലൂടെ ആഗോള വേദിയിൽ മുന്നോട്ട് കൊണ്ടുപോകുന്നു" ശ്രീ. അശ്വിനി വൈഷ്ണവ് പറഞ്ഞു. "വേവ്സ് ഈ ശ്രമങ്ങളുടെ ഒരു വിപുലീകരണമാണ് എന്നും ഇന്ത്യയെ സ്രഷ്ടാക്കളുടെ സമ്പദ്വ്യവസ്ഥയുടെ ആഗോള തലസ്ഥാനമാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേവ്സ് ബസാർ, 3 ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകൾ, WAVES പുരസ്കാരങ്ങൾ എന്നിവ കേന്ദ്ര മന്ത്രിമാർ ചേർന്ന് ഉദ്ഘാടനം ചെയ്യുകയും മറ്റൊരു മത്സരം പ്രഖ്യാപിക്കുകയും ചെയ്തു.
വേവ്സ് ബസാർ: സർഗാത്മക സമ്പദ്വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തൽ
ഇന്ത്യയുടെ വിപുലമായ സർഗ്ഗ പ്രതിഭകളെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു ഉജ്ജ്വല വേദിയായ വേവ്സ് ബസാർ - ഗ്ലോബൽ ഇ-മാർക്കറ്റ്പ്ലേസിന്റെ ഉദ്ഘാടനത്തിന് ചടങ്ങ് സാക്ഷ്യം വഹിച്ചു. അനുയോജ്യമായ സൗകര്യങ്ങളും വിഭവങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഇത് ആഗോള ബിസിനസ്സ് ഇടപെടലുകൾ ലളിതമാക്കുന്നു.
വളർച്ചയ്ക്കും വിജയത്തിനുമുള്ള പുതിയ അവസരങ്ങൾ കണ്ടെത്തിക്കൊണ്ട് ബിസിനസുകൾക്കും സ്രഷ്ടാക്കൾക്കും അവരുടെ സാധ്യതകൾ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു.
സിനിമ, ടിവി, സംഗീതം, ഇ-സ്പോർട്സ്, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ് തുടങ്ങി
വിവിധ വിനോദ മേഖലകളിൽ നിന്നുള്ള സ്രഷ്ടാക്കൾ, ഉപഭോക്താക്കൾ, സഹകാരികൾ എന്നിവരെ ഒന്നിപ്പിക്കുന്ന ഒരു പരിവർത്തനാത്മക പ്ലാറ്റ്ഫോമാണ് വേവ്സ് ബസാർ എന്ന് സെക്രട്ടറി പരാമർശിച്ചു. ഇത് ഭൂമിശാസ്ത്രപരമായ അകലങ്ങൾ ഇല്ലാതാക്കുകയും, സർഗ്ഗ പ്രതിഭകൾക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും അർത്ഥവത്തായ ബി2ബി ഇടപെടലുകളിൽ ഏർപ്പെടാനും അവസരം ഒരുക്കുകയും ചെയ്യും.
ബ്രാൻഡ് സഹകരണം, ധനസഹായം, വിതരണം, എന്നിവയ്ക്ക് പുറമേ സ്രഷ്ടാക്കൾക്ക് അവരുടെ ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനും വേവ്സ് ബസാർ സഹായിക്കും. ഉള്ളടക്ക സ്രഷ്ടാക്കളെ അവരുടെ ഉൽപ്പന്നങ്ങൾ, ആശയങ്ങൾ, കഴിവുകൾ എന്നിവ വിപണനം ചെയ്യാൻ ഈ പ്ലാറ്റ്ഫോം പ്രാപ്തമാക്കും
വേവ്സ് പുരസ്കാരങ്ങൾ
2025 ഫെബ്രുവരി 15 ന് അപേക്ഷകൾ സമർപ്പിക്കാൻ ആരംഭിക്കുന്നതോടെ വേവ്സ് പുരസ്കാരങ്ങൾക്ക് തുടക്കമാവും. സൃഷ്ടിപരമായി വ്യത്യസ്തമായ മേഖലകളിലെ മികവ് ആഘോഷിക്കുന്ന WAVES പുരസ്കാരങ്ങളിൽ ഗെയിം ഓഫ് ദി ഇയർ, ഫിലിം ഓഫ് ദി ഇയർ, അഡ്വർടൈസിംഗ് കാമ്പെയ്ൻ ഓഫ് ദി ഇയർ തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്നു. ആജീവനാന്ത നേട്ടങ്ങളെ ആദരിക്കുന്നതിനും ; സാങ്കേതികവിദ്യ, സാമൂഹിക സ്വാധീനം തുടങ്ങിയ മേഖലകളിലെ ഗണ്യമായ സ്വാധീനങ്ങളെ ആദരിക്കുന്നതിനും പ്രത്യേക പുരസ്കാരങ്ങളും നൽകും.
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന് കീഴിൽ മൂന്ന് പുതിയ മത്സരങ്ങൾ
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന് കീഴിൽ 'റെസൊണേറ്റ് : ദി ഇ ഡി എം ചലഞ്ച്', 'മേക്ക് ദ വേൾഡ് വെയർ ഖാദി', 'വാഹ് ഉസ്താദ് ' എന്നീ
മൂന്ന് പുതിയ മത്സരങ്ങൾ ആരംഭിച്ചതാണ് മറ്റൊരു സവിശേഷത
വാഹ് ഉസ്താദ് - ക്ലാസിക്കൽ പരിശീലനം ലഭിച്ച യുവഗായകർക്ക് അവരുടെ അസാധാരണമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദി. വിദേശരാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ 18 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് ഇതിൽ മത്സരിക്കാം.രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മത്സരമാണിത്. WAVES 2025-ൽ നടക്കുന്ന ഗ്രാൻഡ് നാഷണൽ ഫിനാലെയോടെ മത്സരം സമാപിക്കും. ഇന്ന് പ്രസാർ ഭാരതിയുടെ വെബ്സൈറ്റിൽ (https://prasarbharati.gov.in/wah-ustad/) ഇതിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.
മേക്ക് ദി വേൾഡ് വെയർ ഖാദി - ഇന്ത്യയിലും അന്തർദേശീയ തലത്തിലും ഖാദിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അന്താരാഷ്ട്ര മത്സരാർത്ഥികൾക്കും പങ്കാളിത്തത്തിന് അവസരം നൽകുന്ന ഈ ചലഞ്ചിന്റെ ലക്ഷ്യം. പങ്കെടുക്കുന്നവർ വിവിധ ഫോർമാറ്റുകളിൽ (ഉദാ. ഡിജിറ്റൽ, പ്രിന്റ്, വീഡിയോ, എക്സ്പീരിയൻഷ്യൽ) നൂതനമായ രൂപകൽപ്പന ആശയങ്ങൾ അവതരിപ്പിക്കണം. "മേക്ക് ദി വേൾഡ് വെയർ ഖാദി"- ഖാദിയുടെ ബ്രാൻഡ് മൂല്യം ഉയർത്തുന്നതിനും ഉപഭോക്തൃ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനുമുള്ള സർഗാത്മക ചിന്തയെയും തന്ത്രപരമായ സമീപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.
റെസൊണേറ്റ്: ദി ഇഡിഎം ചലഞ്ച്: ഇന്ത്യൻ മ്യൂസിക് അസോസിയേഷൻ (ഐഎംഎ) ആതിഥേയത്വം വഹിക്കുന്ന 'റെസൊണേറ്റ്, ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (ഇഡിഎം)' മത്സരത്തിൽ ലോകമെമ്പാടുമുള്ള കലാകാരന്മാർ, സംഗീതസംവിധായകർ, സംഗീതജ്ഞർ, കലാകാരന്മാർ എന്നിവരെ അവരുടെ അസാധാരണ കഴിവുകൾ പ്രദർശിപ്പിക്കാൻ ക്ഷണിക്കുന്നു. ഈ മത്സരത്തിൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം .
ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ മത്സരം
ഇന്ത്യയുടെ സമ്പന്നമായ വിനോദസഞ്ചാരവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പുതിയ മത്സരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക ഭൂമികയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അതിന്റെ പ്രൗഢി ദേശീയ, അന്തർദേശീയ പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഈ മത്സരസംരംഭം ചലച്ചിത്ര സംവിധായകർക്ക് അവസരം നൽകുന്നു. സർഗ്ഗാത്മകത, നൂതനാശയം, ആഗോള പങ്കാളിത്തം എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഈ മത്സരങ്ങളുടെ ലക്ഷ്യം.
വേവ്സ് : ആഗോളതലത്തിൽ ഇന്ത്യയുടെ സാംസ്കാരിക വൈഭവം പ്രദർശിപ്പിക്കുന്നു
കഥാകാരന്മാർ, സംഗീതജ്ഞർ, ഉള്ളടക്ക സ്രഷ്ടാക്കൾ, മത വൈവിധ്യമുള്ളവർ എന്നിവരുടെ ഊർജ്ജസ്വലമായ ഒരു തട്ടകമാണ് ഇന്ത്യയെന്ന് കേന്ദ്ര സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് വിശേഷിപ്പിച്ചു.
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്
കേന്ദ്ര സർക്കാരിന്റെ വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഒരു പ്രധാന സംരംഭമായ ലോക ദൃശ്യ ശ്രവ്യ& വിനോദ (WAVES) ഉച്ചകോടിയുടെ പ്രധാന ആകർഷണമാണ് ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളും തൽപരരുമായ സ്രഷ്ടാക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ മത്സരത്തിന് ലഭിച്ചത്. ഊർജ്ജസ്വലമായ സർഗ്ഗാത്മകതയ്ക്കും നൂതനാശയത്തിനും ആയി ഒരു സമഗ്രമായ ആവാസവ്യവസ്ഥയെ വളർത്തിയെടുക്കാൻ ഇത് ലക്ഷ്യമിടുന്നു. ഇതുവരെ 70,000-ത്തിലധികം രജിസ്ട്രേഷനുകളുമായി മുന്നോട്ടുപോകുന്ന ഈ ചലഞ്ച്, വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും ഭാവനകളെ കലാരൂപത്തിൽ സാക്ഷാത്കരിക്കുന്നു. ഇതുവരെ, 31 ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകൾ ആരംഭിച്ചു. അതിൽ 25 എണ്ണത്തിൽ ഇപ്പോഴും രജിസ്ട്രേഷനായി അവസരമുണ്ട്. 22 എണ്ണം ആഗോള പങ്കാളിത്തത്തെ ആകർഷിക്കുന്നു.
ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു അവസരം
ലോകമെമ്പാടുമുള്ള സ്രഷ്ടാക്കൾക്ക് പരസ്പരം സഹകരിക്കാനും അവരുടെ സൃഷ്ടിപരമായ കഴിവ് പ്രകടിപ്പിക്കാനുമുള്ള ഒരു സവിശേഷ അവസരം നൽകിക്കൊണ്ട്,ദൃശ്യ, ശ്രവ്യ, വിനോദ മേഖലകളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഈ ഉച്ചകോടി. എല്ലാ ഉള്ളടക്ക സ്രഷ്ടാക്കളും WAVES-ൽ സജീവമായി പങ്കെടുക്കണമെന്ന് ശ്രീ. വൈഷ്ണവ് ആഹ്വാനം ചെയ്തു. ഇത് ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒരു മികച്ച അവസരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
(Release ID: 2096871)
Visitor Counter : 32
Read this release in:
Kannada
,
English
,
Urdu
,
Nepali
,
Marathi
,
Hindi
,
Bengali-TR
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu