പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി എൻസിസി കേഡറ്റുകൾ, എൻഎസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികൾ, ടാബ്ലോ കലാകാരർ എന്നിവരുമായി ആശയവിനിമയം നടത്തി


നൂതനമായ രീതിയിൽ സംവദിച്ച പ്രധാനമന്ത്രി, പങ്കെടുക്കുന്നവരുമായി വ്യക്തിപരമായി ആശയവിനിമയം നടത്തി

‘ഏകഭാരതം ശ്രേഷ്ഠഭാരത’മെന്ന സന്ദേശം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ചർച്ചയിൽ പങ്കെടുത്തവരെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ജനങ്ങളുമായി സംവദിക്കാൻ പ്രേരിപ്പിച്ചു

രാഷ്ട്രനിർമാണത്തിനായി യുവാക്കളോട് ആഹ്വാനംചെയ്ത പ്രധാനമന്ത്രി, വികസിത ഭാരതമെന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന മാർഗമായി കടമകൾ നിറവേറ്റേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി

Posted On: 24 JAN 2025 7:57PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലോക് കല്യാൺ മാർഗിലെ വസതിയിൽ, വരുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന എൻസിസി കേഡറ്റുകൾ, എൻഎസ്എസ് സന്നദ്ധപ്രവർത്തകർ, ഗോത്രവർഗ അതിഥികൾ, ടാബ്ലോ കലാകാരർ എന്നിവരുമായി സംവദിച്ചു. ആശയവിനിമയത്തിനുശേഷം, ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും വൈവിധ്യവും പ്രദർശിപ്പിക്കുന്ന ഊർജസ്വലമായ സാംസ്കാരിക പ്രകടനങ്ങളും നടന്നു.

മുൻകാലങ്ങളിൽനിന്നു വിഭിന്നമായി, പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി നൂതനമായ രീതിയിലാണു സംവദിച്ചത്. അനൗപചാരികവും വ്യക്തിപരവുമായി പരസ്പരം സംവദിക്കുന്ന രീതിയിൽ അദ്ദേഹം ആശയവിനിമയം നടത്തി.

ദേശീയ ഐക്യത്തിന്റെയും വൈവിധ്യത്തിന്റെയും പ്രാധാന്യത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ‘ഏകഭാരതം ശ്രേഷ്ഠഭാരത’മെന്ന മനോഭാവത്തിനു കരുത്തേകുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വ്യക്തികളുമായി സംവദിക്കാൻ ഏവരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ വിവേകവും ഐക്യവും വളർത്തിയെടുക്കാൻ ഇത്തരം ഇടപെടലുകൾ സഹായിക്കുന്നതെങ്ങനെയെന്നും അദ്ദേഹം എടുത്തുകാട്ടി.

ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ കടമകൾ നിറവേറ്റുക എന്നതാണു വികസിത ഭാരതം എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നതിനുള്ള താക്കോലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കൂട്ടായ പരിശ്രമത്തിലൂടെ രാഷ്ട്രത്തിനു കരുത്തേകുന്നതിൽ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘മൈ ഭാരത്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനും രാഷ്ട്രനിർമാണത്തിനായി സംഭാവനയേകുന്ന പ്രവർത്തനങ്ങളിൽ സജീവമായി വ്യാപൃതരാകാനും അദ്ദേഹം യുവാക്കൾക്കു പ്രോത്സാഹനമേകി. അച്ചടക്കം, കൃത്യനിഷ്ഠ, നേരത്തെ ഉണരുക തുടങ്ങിയ നല്ല ശീലങ്ങൾ സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡയറി എഴുത്തിനെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

സംഭാഷണത്തിനിടെ, ജനജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഗവണ്മെന്റിന്റെ ചില പ്രധാന സംരംഭങ്ങളെക്കുറിച്ചു പ്രധാനമന്ത്രി ചർച്ച ചെയ്തു. മൂന്നുകോടി “ലഖ്പതി ദീദികളെ” സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭങ്ങളിലൂടെ സ്ത്രീശാക്തീകരണത്തിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം എടുത്തുകാട്ടി. പദ്ധതിയിൽനിന്നു തന്റെ അമ്മ പ്രയോജനം നേടിയതായും അവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ അതു സഹായകമായതായും ആശയവിനിമയത്തിൽ പങ്കെടുത്ത വ്യക്തി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ താങ്ങാനാകുന്ന നിരക്കിൽ ഡേറ്റ ലഭ്യമാകുന്നതു വിനിമയക്ഷമതയെ പരിവർത്തനം ചെയ്തതെങ്ങനെയെന്നും ഡിജിറ്റൽ ഇന്ത്യക്കു കരുത്തേകിയതെങ്ങനെയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇതു ജനങ്ങളുടെ പരസ്പരബന്ധം മെച്ചപ്പെടുത്തിയെന്നും അവസരങ്ങൾ വർധിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശുചിത്വത്തിന്റെ പ്രാധാന്യം ചർച്ചചെയ്യവേ, 140 കോടി ഇന്ത്യക്കാർ ശുചിത്വം പാലിക്കുമെന്നു ദൃഢനിശ്ചയം ചെയ്താൽ ഇന്ത്യ എപ്പോഴും ശുചിത്വപൂർണമായിരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘ഏക് പേഡ് മാ കേ നാം’ സംരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏവരും അമ്മമാർക്കുള്ള സമർപ്പണമായി മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ‘ഫിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തെക്കുറിച്ചു പറയവേ, യോഗ ചെയ്യുന്നതിനു സമയം കണ്ടെത്താനും കരുത്തുറ്റതും ആരോഗ്യകരവുമായ രാഷ്ട്രത്തിന് അത്യന്താപേക്ഷിതമായ ശാരീരികക്ഷമതയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ഏവരോടും ആവശ്യപ്പെട്ടു.

വിദേശത്തുനിന്നുള്ളവരുമായും പ്രധാനമന്ത്രി സംവദിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച അവർ, ഇന്ത്യയുടെ ആതിഥ്യമര്യാദയെ പ്രശംസിക്കുകയും അവരുടെ സന്ദർശനത്തിലെ മികച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

 

-NK-


(Release ID: 2096052) Visitor Counter : 12