പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വാരണാസിയിലെ ആർജെ ശങ്കര നേത്രാലയത്തിൻ്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണ്ണരൂപം

Posted On: 20 OCT 2024 6:13PM by PIB Thiruvananthpuram

ഹര ഹര മഹാദേവാ!

ശ്രീ കാഞ്ചി കാമകോടി പീഠത്തിലെ ശങ്കരാചാര്യർ, ബഹുമാനപ്പെട്ട ജഗത്ഗുരു ശ്രീ ശങ്കർ വിജയേന്ദ്ര സരസ്വതി; ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രി, ബ്രജേഷ് പഥക് ജി; ശങ്കര ഐ ഫൗണ്ടേഷൻ്റെ ആർ.വി.രമണി; ഡോ. എസ് വി ബാലസുബ്രഹ്മണ്യം; ശ്രീ മുരളി കൃഷ്ണമൂർത്തി; രേഖ ജുൻജുൻവാല; കൂടാതെ സംഘടനയിലെ മറ്റെല്ലാ വിശിഷ്ട അംഗങ്ങളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

ഈ പുണ്യമാസത്തിൽ കാശി സന്ദർശിക്കുന്നത് ഒരു ആഴത്തിലുള്ള ആത്മീയ അനുഭവമാണ്. കാശി നിവാസികൾ മാത്രമല്ല, സന്യാസിമാരും മനുഷ്യസ്‌നേഹികളും ഇവിടെയുണ്ട്, അവർ ഈ അവസരത്തെ ശരിക്കും അനുഗ്രഹീതമായ ഒത്തുചേരലാക്കി മാറ്റുന്നു! ബഹുമാനപ്പെട്ട ശങ്കരാചാര്യ ജിയെ കാണാൻ സാധിച്ചത്തിലും അദ്ദേഹത്തിൽ നിന്ന് പ്രസാദവും അനുഗ്രഹവും ലഭിച്ചതിലും ഞാൻ ഭാഗ്യവാനാണ്. അദ്ദേഹത്തിൻ്റെ അനുഗ്രഹത്താൽ കാശിക്കും പൂർവാഞ്ചൽ മേഖലയ്ക്കും ഇന്ന് മറ്റൊരു ആധുനിക ആശുപത്രി കൂടി ലഭിച്ചിരിക്കുന്നു. ഭഗവാൻ ശങ്കരൻ്റെ ഈ ദിവ്യനഗരിയിൽ ആർജെ ശങ്കര കണ്ണാശുപത്രി ഇന്ന് മുതൽ ജനങ്ങൾക്കായി സമർപ്പിക്കുന്നു. കാശിയിലെയും പൂർവാഞ്ചലിലെയും എല്ലാ കുടുംബങ്ങൾക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സുഹൃത്തുക്കളെ,
നമ്മുടെ വേദങ്ങൾ ഉദ്ഘോഷിക്കുന്നു: "तमसो मा ज्योतिर्गमय:" അതായത് അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നമ്മെ നയിക്കുക. ഈ ആർജെ ശങ്കര നേത്രാലയം വാരണാസിയിലെയും ഈ പ്രദേശത്തെയും അസംഖ്യം  ജനങ്ങളുടെയും ജീവിതത്തിൽ നിന്ന് ഇരുട്ട് അകറ്റുകയും അവരെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യും. ഈ നേത്രാശുപത്രി സന്ദർശിച്ച് ഞാൻ ഇപ്പോൾ തിരിച്ചെത്തിയതേയുള്ളൂ, എല്ലാ അർത്ഥത്തിലും അത് ആത്മീയതയുടെയും ആധുനികതയുടെയും സമന്വയത്തെ പ്രതിനിധീകരിക്കുന്നു. ഈ ആശുപത്രി പ്രായമായവർക്ക് സേവനം നൽകുകയും കുട്ടികൾക്ക് പുതിയ കാഴ്ച നൽകുകയും ചെയ്യും. ഗണ്യമായ ഒരു വിഭാഗം പാവപ്പെട്ട ജനങ്ങൾക്ക് ഇവിടെ സൗജന്യ ചികിത്സ ലഭിക്കും. മാത്രമല്ല, ഈ കണ്ണാശുപത്രി യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇവിടെ ഇൻ്റേൺഷിപ്പുകളും പരിശീലനവും ചെയ്യാൻ കഴിയും, കൂടാതെ നിരവധി വ്യക്തികൾക്ക് കീഴ്ജീവനക്കാരായി ജോലി കണ്ടെത്താനും സാധിക്കും.


സുഹൃത്തുക്കളെ,

ശങ്കരാ ഐ ഫൗണ്ടേഷൻ്റെ ശ്രേഷ്ഠമായ ഉദ്യമങ്ങളിൽ പങ്കാളിയാകാനുള്ള ഭാഗ്യം എനിക്ക് മുമ്പും ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെയുള്ള ശങ്കര കണ്ണാശുപത്രിയുടെ ഉദ്ഘാടനത്തിൽ ഞാൻ പങ്കാളിയായിരുന്നു. താങ്കളുടെ ഗുരുജിയുടെ മാർഗനിർദേശപ്രകാരം ആ ജോലി ഏറ്റെടുക്കാനുള്ള ബഹുമതി എനിക്കുണ്ടായി. ഇന്ന്,  താങ്കളുടെ നേതൃത്വത്തിന് കീഴിൽ സംഭാവന ചെയ്യാൻ എനിക്ക് ഒരിക്കൽ കൂടി അവസരം ലഭിച്ചു, ഇത് എന്നിൽ അപാരമായ സംതൃപ്തി നിറയ്ക്കുന്നു. വാസ്തവത്തിൽ, ‌‌ആദരണീയനായ സ്വാമി ജി എന്നെ ഓർമ്മിപ്പിച്ചു, ഞാൻ മറ്റൊരു വിധത്തിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന്. ശ്രീ കാഞ്ചി കാമകോടി പീഠാധിപതി ജഗത്ഗുരു ശങ്കരാചാര്യ ചന്ദ്രശേഖരേന്ദ്ര സരസ്വതി മഹാസ്വാമികളുടെ അനുഗ്രഹം ലഭിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. പല അവസരങ്ങളിലും പരമ ആചാര്യ ജിയുടെ പാദാരവിന്ദങ്ങളിൽ ഇരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു, കൂടാതെ ആദരണീയനായ ജഗത്ഗുരു ശങ്കരാചാര്യ ശ്രീ ജയേന്ദ്ര സരസ്വതി സ്വാമികൾ ജിയിൽ നിന്ന് അളവറ്റ വാത്സല്യവും എനിക്ക് ലഭിച്ചു. അദ്ദേഹത്തിൻ്റെ മാർഗനിർദേശപ്രകാരം നിരവധി സുപ്രധാന പദ്ധതികൾ ഞാൻ പൂർത്തിയാക്കിയിട്ടുണ്ട്, ഇപ്പോൾ ജഗത്ഗുരു ശങ്കരാചാര്യ ശ്രീ ശങ്കർ വിജയേന്ദ്ര സരസ്വതി ജിയുടെ സൗഹൃദത്തിൽ ഞാൻ അനുഗ്രഹീതനാണ്. ഒരു തരത്തിൽ പറഞ്ഞാൽ, മൂന്ന് ഗുരു പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഇത് എനിക്ക് ആഴത്തിലുള്ള വ്യക്തിപരമായ സംതൃപ്തി നൽകുന്ന ഒന്നാണ്. ഇന്ന്, ഈ പരിപാടിക്കായി എൻ്റെ പാർലമെൻ്റ് മണ്ഡലത്തിൽ വരാൻ ജഗത്ഗുരു സമയം കണ്ടെത്തി. ഇവിടുത്തെ ജനപ്രതിനിധി എന്ന നിലയിൽ ഞാൻ നിങ്ങളെ ഹൃദയംഗമമായ സ്വാഗതം ചെയ്യുകയും എൻ്റെ അഗാധമായ നന്ദി അറിയിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

ഈ അവസരത്തിൽ എൻ്റെ പ്രിയ സുഹൃത്ത് രാകേഷ് ജുൻജുൻവാല ജിയെ ഓർക്കുന്നത് സ്വാഭാവികം മാത്രം. വ്യവസായ സമൂഹത്തിൽ അദ്ദേഹത്തിൻ്റെ പ്രശസ്തിയെക്കുറിച്ച് ലോകത്തിന് നന്നായി അറിയാം, അക്കാര്യത്തിൽ അദ്ദേഹത്തെ കുറിച്ച് ധാരാളം കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, സാമൂഹിക പ്രവർത്തനങ്ങളോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണം ഇന്ന് ഇവിടെ പ്രകടമാണ്. അദ്ദേഹത്തിൻ്റെ കുടുംബം ഇപ്പോൾ അദ്ദേഹത്തിൻ്റെ പാരമ്പര്യം തുടരുകയാണ്, രേഖ ജി ഈ മഹത്തായ പ്രവർത്തനത്തിനായി ഗണ്യമായ സമയം ചെലവഴിക്കുന്നു. ഇന്ന് രാകേഷ് ജിയുടെ മുഴുവൻ കുടുംബത്തെയും കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ശങ്കര കണ്ണാശുപത്രിയും ചിത്രകൂട് കണ്ണാശുപത്രിയും വാരണാസിയിൽ തന്നെ സ്ഥാപിക്കാൻ അഭ്യർത്ഥിച്ചത് ഞാൻ ഓർക്കുന്നു, കാശിയിലെ ജനങ്ങളുടെ ആഗ്രഹങ്ങളെ മാനിച്ചതിന് രണ്ട് സ്ഥാപനങ്ങളോടും ഞാൻ നന്ദിയുള്ളവനാണ്. മുൻപ്, എൻ്റെ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് ആയിരക്കണക്കിന് വ്യക്തികൾ ചിത്രകൂട് കണ്ണാശുപത്രിയിൽ ചികിത്സ നേടിയിട്ടുണ്ട്. ഇപ്പോൾ, ഈ പ്രദേശത്തെ ജനങ്ങൾക്ക് വാരണാസിയിൽ തന്നെയുള്ള രണ്ട് പുതിയ ആധുനിക സ്ഥാപനങ്ങൾ പ്രയോജനപ്പെടും.

സുഹൃത്തുക്കളെ,

മതത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും കേന്ദ്രമായി കാശി പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നു. ഇപ്പോൾ, ഉത്തർപ്രദേശിൻ്റെയും പൂർവാഞ്ചൽ മേഖലയുടെയും പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രമെന്ന നിലയിൽ ഇത് അംഗീകാരം നേടുന്നു. ബിഎച്ച്‌യുവിലെ ട്രോമ സെൻ്റർ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ദീൻദയാൽ ഉപാധ്യായ ഹോസ്പിറ്റൽ, കബീർചൗര ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ വർദ്ധിപ്പിച്ച സൗകര്യങ്ങൾ, വയോജനങ്ങൾക്കും ഗവണ്മെൻ്റ്  ജീവനക്കാർക്കും വേണ്ടിയുള്ള പ്രത്യേക ആശുപത്രികൾ, അല്ലെങ്കിൽ മെഡിക്കൽ കോളേജ് ഏതുമാകട്ടെ - കഴിഞ്ഞ ദശകത്തിൽ കാശിയിൽ ആരോഗ്യരംഗത്ത് നിരവധി മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന്, ബനാറസിൽ ഒരു ആധുനിക കാൻസർ ചികിത്സാ സൗകര്യവും ഉണ്ട്, ഒരിക്കൽ ഡൽഹിയിലേക്കോ മുംബൈയിലേക്കോ യാത്ര ചെയ്യേണ്ടി വന്ന രോഗികൾക്ക് പ്രാദേശികമായി ഗുണനിലവാരമുള്ള പരിചരണം ലഭിക്കാൻ ഇത് അവരെ പ്രാപ്തരാക്കുന്നു. ബീഹാർ, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, തുടങ്ങി രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങൾ ഇപ്പോൾ ചികിത്സയ്ക്കായി ഇവിടെയെത്തുന്നു. നമ്മുടെ മോക്ഷദായിനി കാശി നവ ഊർജവും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ വിഭവങ്ങളും പ്രദാനം ചെയ്യുന്ന പുതിയ ചൈതന്യത്തിൻ്റെ കേന്ദ്രമായി മാറുകയാണ്.

സുഹൃത്തുക്കളെ,

മുൻ ഗവണ്മെൻ്റുകളുടെ കാലത്ത്, വാരണാസി ഉൾപ്പെടെയുള്ള പൂർവാഞ്ചലിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ കടുത്ത അവഗണനയ്ക്ക് വിധേയമായിരുന്നു. സ്ഥിതിഗതികൾ വളരെ മോശമായിരുന്നു, 10 വർഷം മുൻപ്, പൂർവ്വാഞ്ചലിൽ മസ്തിഷ്ക ജ്വരത്തിന് ബ്ലോക്ക് തലത്തിലുള്ള ചികിത്സാ കേന്ദ്രങ്ങൾ ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ദാരുണ മരണം സംഭവിക്കും, മാധ്യമങ്ങളിൽ ഈ ദുരിതത്തിൻ്റെ റിപ്പോർട്ടുകൾ നിറയും. എന്നിട്ടും, മുൻ ഗവണ്മെൻ്റുകൾ പ്രശ്നം പരിഹരിക്കാൻ ഒന്നും ചെയ്തില്ല. കഴിഞ്ഞ ദശകത്തിൽ കാശിയിൽ മാത്രമല്ല, പൂർവാഞ്ചൽ മേഖലയിലുടനീളവും നാം ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അഭൂതപൂർവമായ വിപുലീകരണം കണ്ടതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ന്, പ്രവർത്തനക്ഷമമായ 100-ലധികം കേന്ദ്രങ്ങളിലൂടെ , പൂർവ്വാഞ്ചലിലുടനീളം മസ്തിഷ്ക ജ്വരത്തിന് ചികിത്സ നൽകുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, മേഖലയിലുടനീളമുള്ള പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ പതിനായിരത്തിലധികം പുതിയ ആശുപത്രി കിടക്കകൾ കൂട്ടിച്ചേർത്തു. ഇതേ കാലയളവിൽ പൂർവാഞ്ചലിലെ ഗ്രാമങ്ങളിൽ 5,500-ലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ട് മുമ്പ് പൂർവാഞ്ചലിലെ ജില്ലാ ആശുപത്രികളിൽ ഡയാലിസിസ് സൗകര്യം ഉണ്ടായിരുന്നില്ല. ഇന്ന്, 20 ലധികം ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു, രോഗികൾക്ക് ഈ സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

സുഹൃത്തുക്കളെ,

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഭാരതം ആരോഗ്യ സംരക്ഷണത്തോടുള്ള കാലഹരണപ്പെട്ട ചിന്തയെയും സമീപനത്തെയും മാറ്റിമറിച്ചു. ഇന്ന് ഭാരതത്തിൻ്റെ ആരോഗ്യ സംരക്ഷണ തന്ത്രം അഞ്ച് പ്രധാന സ്തംഭങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യത്തേത് പ്രതിരോധ ആരോഗ്യ പരിപാലനമാണ് - രോഗം വരുന്നതിന് മുമ്പ് അത് തടയാനുള്ള നടപടികൾ കൈക്കൊള്ളുക. രണ്ടാമത്തേത് രോഗങ്ങളുടെ സമയബന്ധിതമായ നിർണയമാണ്. മൂന്നാമത്തേത് ചെലവുകുറഞ്ഞ മരുന്നുകൾ ഉൾപ്പെടെ സൗജന്യവും താങ്ങാനാവുന്നതുമായ ചികിത്സ നൽകുന്നു. നാലാമത്തേത് ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് ചെറിയ പട്ടണങ്ങളിൽ ഗുണനിലവാരമുള്ള വൈദ്യസഹായം ഉറപ്പാക്കുകയാണ്. ആരോഗ്യരംഗത്തെ സാങ്കേതികവിദ്യയുടെ വികാസമാണ് അഞ്ചാമത്തെ സ്തംഭം.

സുഹൃത്തുക്കളെ,

രോഗങ്ങളിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുക എന്നത് ഭാരതത്തിൻ്റെ ആരോഗ്യ നയത്തിൻ്റെ മുൻഗണനയാണ്, ആരോഗ്യമേഖലയുടെ ആദ്യ സ്തംഭമാണ്. അസുഖം അവശത അനുഭവിക്കുന്നവരെ ദാരിദ്ര്യത്തിലാഴ്ത്തുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, കഴിഞ്ഞ 10 വർഷത്തിനിടെ 250 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയിട്ടുണ്ട്. എന്നിരുന്നാലും, ഗുരുതരമായ ഒരു രോഗം അവരെ ദാരിദ്ര്യത്തിൻ്റെ ആഴങ്ങളിലേക്ക് എളുപ്പത്തിൽ തള്ളിവിടും. അതുകൊണ്ടാണ് രോഗ പ്രതിരോധത്തിന് ഗവണ്മെൻ്റ് വലിയ ഊന്നൽ നൽകുന്നത്. പ്രത്യേകിച്ച് ശുചിത്വം, യോഗ, ആയുർവേദം, പോഷകാഹാരം, അനുബന്ധ മേഖലകൾ എന്നിവയിൽ നമ്മുടെ ഗവൺമെൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങൾ വാക്സിനേഷൻ കാമ്പയിൻ കഴിയുന്നത്ര വീടുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വെറും 10 വർഷം മുമ്പ്, രാജ്യത്തെ വാക്സിനേഷൻ കവറേജ് ഏകദേശം 60 ശതമാനം മാത്രമായിരുന്നു, കോടിക്കണക്കിന് കുട്ടികൾക്ക് വാക്സിനേഷൻ ലഭിക്കാതെ പോയി. കൂടാതെ, വാക്സിനേഷൻ കവറേജിലെ വർദ്ധനവ് പ്രതിവർഷം 1 മുതൽ 1.5 ശതമാനം വരെ മാത്രമായിരുന്നു. ആ വേഗതയിൽ, ഓരോ കുട്ടിക്കും ഓരോ പ്രദേശത്തിനും സാർവത്രിക വാക്സിനേഷൻ കവറേജ് നേടുന്നതിന് ഇനിയും 40 മുതൽ 50 വർഷം വരെ എടുക്കുമായിരുന്നു. ഇതിലൂടെ രാജ്യത്തിൻ്റെ യുവതലമുറയോട് ചെയ്യുന്ന വലിയ അനീതി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതിനാൽ, ഗവണ്മെൻ്റ് രൂപീകരിക്കുമ്പോൾ, കുട്ടികൾക്കുള്ള വാക്സിനേഷനും അതിൻ്റെ കവറേജ് വിപുലീകരിക്കുന്നതിനും ഞങ്ങൾ മുൻഗണന നൽകി. ഈ ശ്രമത്തിൽ ഒരേസമയം ഒന്നിലധികം മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ഞങ്ങൾ മിഷൻ ഇന്ദ്രധനുഷ് ആരംഭിച്ചു. തൽഫലമായി, വാക്സിനേഷൻ നിരക്ക് ഗണ്യമായി ഉയർന്നുവെന്ന് മാത്രമല്ല, മുമ്പ് അതിൽ നിന്ന് ഒഴിവാക്കപ്പെട്ട കോടിക്കണക്കിന് ഗർഭിണികൾക്കും കുട്ടികൾക്കും കുത്തിവയ്പ്പ് നടത്തി. പ്രതിരോധ കുത്തിവയ്പ്പിന് ഭാരതം നൽകിയ ശക്തമായ ഊന്നൽ കോവിഡ്-19 മഹാമാരി സമയത്ത് വളരെ പ്രയോജനപ്രദമായി. ഇന്ന്, വാക്സിനേഷൻ കാമ്പയിൻ രാജ്യത്തുടനീളം അതിവേഗം പുരോഗമിക്കുകയാണ്.

സുഹൃത്തുക്കളെ,

രോഗം തടയുന്നതിനു പുറമേ, രോഗങ്ങളുടെ സമയബന്ധിതമായ കണ്ടെത്തലും ഒരുപോലെ പ്രധാനമാണ്. ഇക്കാരണത്താൽ, ലക്ഷക്കണക്കിന് ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ രാജ്യവ്യാപകമായി സ്ഥാപിക്കപ്പെട്ടു, ഇത് ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്നു. ഇന്ന്, രാജ്യത്തുടനീളം ക്രിട്ടിക്കൽ കെയർ യൂണിറ്റുകളുടെയും ആധുനിക ലബോറട്ടറികളുടെയും ഒരു ശൃംഖലയും ഞങ്ങൾ നിർമ്മിക്കുന്നു. ആരോഗ്യമേഖലയുടെ ഈ രണ്ടാം സ്തംഭം ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നു.


സുഹൃത്തുക്കളെ,

ആരോഗ്യ സംരക്ഷണത്തിൻ്റെ മൂന്നാമത്തെ സ്തംഭം താങ്ങാനാവുന്ന ചികിത്സയും വിലകുറഞ്ഞ മരുന്നുകളുമാണ്. ഇന്ന് രാജ്യത്തെ ഓരോ പൗരൻ്റെയും ശരാശരി ചികിത്സാ ചെലവ് 25 ശതമാനം കുറഞ്ഞു. പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ വഴി 80 ശതമാനം വിലക്കിഴിവിൽ ജനങ്ങൾക്ക് ഇപ്പോൾ മരുന്നുകൾ വാങ്ങാനാകും. സ്റ്റെൻ്റുകളോ കാൽമുട്ട് മാറ്റിവയ്ക്കലോ ക്യാൻസർ മരുന്നുകളോ ഏതുമാകട്ടെ, ഈ അവശ്യ ചികിത്സകളുടെ വില ഗണ്യമായി കുറഞ്ഞു. പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ യോജന പലരുടെയും ജീവൻ രക്ഷിക്കാൻ സഹായകമായി. ഇതുവരെ, രാജ്യത്തുടനീളം 7.5 കോടിയിലധികം രോഗികൾക്ക് ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സയുടെ പ്രയോജനം ലഭിച്ചു. മാത്രമല്ല, ഈ സേവനം ഇപ്പോൾ രാജ്യത്തുടനീളമുള്ള എല്ലാ കുടുംബങ്ങളിലെയും പ്രായമായവർക്കും വ്യാപിപ്പിക്കുന്നു.

സുഹൃത്തുക്കളെ,

ചികിത്സയ്ക്കായി ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ആരോഗ്യ സംരക്ഷണത്തിൻ്റെ നാലാമത്തെ സ്തംഭം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദശകത്തിൽ, ഞങ്ങൾ ചെറിയ നഗരങ്ങളിൽ എയിംസ്, മെഡിക്കൽ കോളേജുകൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവ സ്ഥാപിച്ചു. രാജ്യത്തെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിനായി, കഴിഞ്ഞ ദശകത്തിൽ ആയിരക്കണക്കിന് പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർത്തു. ഭാവിയെ കരുതി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 സീറ്റുകൾ കൂടി കൂട്ടിച്ചേർക്കാൻ ഞങ്ങൾ തീരുമാനിച്ചു.

സുഹൃത്തുക്കളെ,

ആരോഗ്യ സംരക്ഷണത്തിൻ്റെ അഞ്ചാമത്തെ സ്തംഭം സാങ്കേതികവിദ്യയിലൂടെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ്. ഇന്ന്, ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡുകൾ സൃഷ്ടിക്കപ്പെടുന്നു, കൂടാതെ ഇ-സഞ്ജീവനി ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ രോഗികൾക്ക് അവരുടെ വീട്ടിലെ സൗകര്യങ്ങളിൽ നിന്ന് കൺസൾട്ടേഷനുകൾ ലഭിക്കും. ഇ-സഞ്ജീവനി ആപ്പ് വഴിയുള്ള കൺസൾട്ടേഷനുകൾ 30 കോടിയിലധികം ജനങ്ങൾ ഇതിനകം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന വിവരം പങ്കിടുന്നതിൽ എനിക്ക് സന്തോഷമുണ്ട്.  ആരോഗ്യ പരിപാലന സേവനങ്ങളുമായി ഡ്രോൺ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിലേക്കും ഞങ്ങൾ മുന്നേറുകയാണ്.


സുഹൃത്തുക്കളെ,

വികസിത ഭാരതം എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിന് ആരോഗ്യകരവും കഴിവുറ്റതുമായ ഒരു യുവതലമുറ അനിവാര്യമാണ്. ഈ ദൗത്യത്തിൽ, ആദരണീയനായ ശങ്കരാചാര്യ ജിയുടെ പിന്തുണയാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ആരോഗ്യകരവും കഴിവുറ്റതുമായ ഭാരതത്തിനായുള്ള ഈ ദൗത്യം കൂടുതൽ ശക്തമായി വളരാൻ ഞാൻ ബാബാ വിശ്വനാഥിനോട് പ്രാർത്ഥിക്കുന്നു. ഇന്ന് ആദരണീയ ശങ്കരാചാര്യ ജിയുടെ പാദാരവിന്ദങ്ങളിൽ ഇരിക്കുമ്പോൾ കുട്ടിക്കാലം മുതലുള്ള സ്മരണകൾ എനിക്ക് ഓർമ്മ വരുന്നു. എൻ്റെ ചെറുപ്പത്തിൽ, എൻ്റെ ഗ്രാമത്തിൽ നിന്നുള്ള ഒരു ഡോക്ടർ എല്ലാ വർഷവും ഒരു സംഘം സന്നദ്ധപ്രവർത്തകരുമായി ബീഹാറിലേക്ക് പോകും. അവിടെ അദ്ദേഹം വലിയ തോതിലുള്ള തിമിര ശസ്ത്രക്രിയ കാമ്പയിൻ നടത്തും, അതിനെ അദ്ദേഹം "നേത്ര യജ്ഞം" എന്ന് വിശേഷിപ്പിച്ചു. എല്ലാ വർഷവും ഒരു മാസം അദ്ദേഹം ഈ പ്രവർത്തിക്കായി നീക്കിവച്ചു, എൻ്റെ ഗ്രാമത്തിൽ നിന്നുള്ള നിരവധി ജനങ്ങൾ അദ്ദേഹത്തോടൊപ്പം സന്നദ്ധപ്രവർത്തകരായി അനുഗമിക്കും. ബീഹാറിൽ ഇത്തരം സേവനങ്ങളുടെ അപാരമായ ആവശ്യകതയെക്കുറിച്ച് കുട്ടിക്കാലത്ത് തന്നെ എനിക്ക് ബോധ്യമുണ്ടായിരുന്നു. അതിനാൽ, ബിഹാറിൽ സമാനമായ ഒരു ശങ്കര നേത്രാലയം തുറക്കുന്നത് പരിഗണിക്കണമെന്ന് ഇന്ന്, ആരാധ്യനായ ശങ്കരാചാര്യ ജിയോട് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഇത്തരമൊരു സേവനം ബീഹാറിലെ ജനങ്ങളിൽ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് കുട്ടിക്കാലം മുതലുള്ള ആ സ്മരണകൾ എന്നെ ഓർമ്മിപ്പിക്കുന്നു. മഹാരാജ് ജിക്ക് രാജ്യത്തിൻ്റെ എല്ലാ കോണുകളിലും എത്തിച്ചേരാനുള്ള ഒരു ദർശനമുണ്ട്, ബീഹാറിന് മുൻഗണന നൽകുമെന്നും താങ്കളുടെ അനുഗ്രഹം അവർക്ക് ലഭിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ബിഹാറിലെ കർമ്മോത്സുകരും കഠിനാധ്വാനികളുമായ ജനങ്ങളെ സേവിക്കുന്നത് മഹത്തായ ബഹുമതിയാണ്, അവരുടെ ക്ഷേമത്തിന് സംഭാവന ചെയ്യുന്നത് നമുക്ക് ജീവിതത്തിൽ വലിയ സംതൃപ്തി നൽകും. ഒരിക്കൽ കൂടി, നിങ്ങൾക്കെല്ലാവർക്കും, പ്രത്യേകിച്ച് നമ്മുടെ അർപ്പണബോധമുള്ള ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഈ മഹത്തായ ദൗത്യത്തിൽ പ്രവർത്തിക്കുന്ന എല്ലാ സഹോദരീസഹോദരന്മാർക്കും ഞാൻ എൻ്റെ ആശംസകൾ നേരുന്നു. അഗാധമായ ആദരവോടെ, ആരാധ്യനായ ജഗത്ഗുരു ജിയുടെ മുമ്പിൽ ഞാൻ വണങ്ങുന്നു, അദ്ദേഹത്തിൻ്റെ തുടർച്ചയായ അനുഗ്രഹങ്ങൾക്കും മാർഗനിർദേശത്തിനും വേണ്ടി എൻ്റെ ഹൃദയംഗമമായ പ്രാർത്ഥനകൾ അർപ്പിക്കുന്നു. ഹൃദയത്തിൽ നിന്നുള്ള അഗാധമായ നന്ദിയോടെ ഞാൻ എൻ്റെ പ്രസംഗം ഉപസംഹരിക്കുന്നു.

ഹര-ഹര മഹാദേവാ!

*** 

NK


(Release ID: 2088146) Visitor Counter : 11