പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈത്തിൽ നടന്ന ‘ഹലാ മോദി’ പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ സ്നേഹവും ഊഷ്മളതയും അസാധാരണമാണ്: പ്രധാനമന്ത്രി
43 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്: പ്രധാനമന്ത്രി
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം സംസ്കാരങ്ങളുടെയും സമുദ്രങ്ങളുടെയും വാണിജ്യത്തിന്റെയുമാണ്: പ്രധാനമന്ത്രി
ഇന്ത്യയും കുവൈറ്റും നിരന്തരം ഒന്നിച്ചു നിൽക്കുന്നു: പ്രധാനമന്ത്രി
വൈദഗ്ധ്യമുള്ള പ്രതിഭകൾക്കായുള്ള ലോകത്തിന്റെ ആവശ്യം നിറവേറ്റാൻ ഇന്ത്യ സുസജ്ജമാണ്: പ്രധാനമന്ത്രി
ഇന്ത്യയിൽ, സ്മാർട്ട് ഡിജിറ്റൽ സംവിധാനങ്ങൾ ഇപ്പോൾ ആഡംബരമല്ല; മറിച്ച് സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമാണ്: പ്രധാനമന്ത്രി
ഭാവിയിലെ ഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമായിരിക്കും; ലോകത്തിന്റെ വളർച്ചായന്ത്രവും: പ്രധാനമന്ത്രി
വിശ്വമിത്രമെന്ന നിലയിൽ, ലോകത്തിന്റെ നന്മയ്‌ക്കായുള്ള കാഴ്ചപ്പാടോടെയാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്: പ്രധാനമന്ത്രി
Posted On:
21 DEC 2024 8:09PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കുവൈറ്റിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല ഇൻഡോർ കായിക സമുച്ചയത്തിൽ നടന്ന ‘ഹലാ മോദി’ പ്രത്യേക പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ പരിച്ഛേദത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യൻ പൗരന്മാർ പരിപാടിയിൽ പങ്കെടുത്തു.
അതുല്യമായ ഊഷ്മളതയോടെയും ആവേശത്തോടെയുമാണ് പ്രധാനമന്ത്രിയെ സമൂഹം സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇന്ത്യൻ സമൂഹം ഇന്ത്യ-കുവൈറ്റ് ബന്ധം ആഴത്തിൽ സമ്പന്നമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈറ്റ് അമീറിന്റെ ഹൃദ്യമായ ക്ഷണത്തിന് നന്ദി പറഞ്ഞ അദ്ദേഹം, ചിരപുരാതനമായ സൗഹൃദം ഊട്ടിയുറപ്പിക്കാനും ദൃഢമാക്കാനുമായി 43 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത് എന്നും ചൂണ്ടിക്കാട്ടി.
കുവൈറ്റിന്റെ വികസനത്തിന് ഇന്ത്യൻ സമൂഹം നൽകിയ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും സംഭാവനകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് പ്രാദേശിക ഭരണകൂടവും സമൂഹവും പരക്കെ അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി കുവൈറ്റ് നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിച്ചു. കുവൈറ്റിലെയും ഗൾഫിലെ മറ്റിടങ്ങളിലെയും ഇന്ത്യൻ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ കരുത്തുറ്റ പ്രതിബദ്ധത പ്രതിഫലിപ്പിച്ച്, ഇ-മൈഗ്രേറ്റ് പോർട്ടൽ പോലെ ഗവൺമെന്റ് നടപ്പാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ലോകത്തിന്റെ സുഹൃത്തായ ‘വിശ്വബന്ധു’ എന്ന നിലയിലുള്ള ഇന്ത്യയുടെ സമീപനം പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയും പരിവർത്തനവും, പ്രത്യേകിച്ച് സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം, സുസ്ഥിരത എന്നീ മേഖലകളിൽ, അദ്ദേഹം വിശദീകരിച്ചു. ആഗോളതലത്തിൽ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്നതിനു പുറമേ ഫിൻടെക്കിലെ ആഗോള നേതൃസ്ഥാനവും ആഗോള സ്റ്റാർട്ട്-അപ്പ് മേഖലയിലെ മൂന്നാമത്തെ വലിയ രാജ്യം എന്ന നിലയും ഇന്ത്യക്കാണെന്നും ഡിജിറ്റലായി ഏറ്റവുമധികം സമ്പർക്കംപുലർത്തുന്ന സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തിക ഉൾപ്പെടുത്തൽ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച തുടങ്ങിയ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. വികസിതഭാരതം, നവ കുവൈറ്റ് എന്നിങ്ങനെ ഇരു രാജ്യങ്ങളുടെയും പൊതുവായ അഭിലാഷങ്ങളെ സൂചിപ്പിച്ച അദ്ദേഹം ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്നു പറഞ്ഞു. ഇന്ത്യയുടെ നൈപുണ്യശേഷിയും നൂതനാശയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ പങ്കാളിത്തം വളർത്തിയെടുക്കും.
2025 ജനുവരിയിൽ ഇന്ത്യയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലും മഹാ കുംഭ മേളയിലും പങ്കെടുക്കാൻ പ്രവാസി അംഗങ്ങളെ പ്രധാനമന്ത്രി ക്ഷണിച്ചു.
-SK-
(Release ID: 2086930)
Visitor Counter : 33