വിദ്യാഭ്യാസ മന്ത്രാലയം
സ്മാർട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഏഴാം പതിപ്പിന് 2024 ഡിസംബർ 11നു തുടക്കമാകും
സ്ഥാപനതല ആഭ്യന്തര ഹാക്കത്തോണുകളുടെ എണ്ണത്തിലെ 150% വർധന ഈ വർഷത്തെ ഹാക്കത്തോണിനെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പതിപ്പാക്കി മാറ്റി
Posted On:
06 DEC 2024 1:33PM by PIB Thiruvananthpuram
സ്മാർട്ട് ഇന്ത്യ ഹാക്കത്തണിന്റെ (SIH) ഏഴാം പതിപ്പ് 2024 ഡിസംബർ 11ന് രാജ്യവ്യാപകമായി 51 കേന്ദ്രങ്ങളിൽ ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ പരിപാടി വെർച്വലായി ഉദ്ഘാടനം ചെയ്യും. ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വേദി വിദ്യാർഥികൾക്ക് പ്രദാനം ചെയ്യുന്നതിനും അതുവഴി ഉൽപ്പന്ന നവീകരണത്തിന്റെയും പ്രശ്‌നപരിഹാര മനോഭാവത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുമുള്ള ദേശീയ സംരംഭമാണ് SIH. മുൻപതിപ്പുകൾപോലെ, വിദ്യാർഥി നൂതനാശയ വിഭാഗത്തിൽ ദേശീയ പ്രാധാന്യമുള്ള മേഖലകളുമായി ബന്ധിപ്പിച്ചിട്ടുള്ള 17 വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ മന്ത്രാലയങ്ങളോ വകുപ്പുകളോ വ്യവസായങ്ങളോ നൽകുന്ന പ്രശ്നപ്രസ്താവനകളിൽ വിദ്യാർഥികളുടെ ടീമുകൾ പ്രവർത്തിച്ച്, ആശയങ്ങൾ സമർപ്പിക്കും.
SIH 2024ന്, ഈ വർഷം 54 മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാന ഗവണ്മെന്റുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽനിന്ന് 250-ലധികം പ്രശ്നപ്രസ്താവനകൾ സമർപ്പിച്ചു. ഈ വർഷം, സ്ഥാപനതലത്തിൽ ആഭ്യന്തര ഹാക്കത്തണുകളിൽ 150% വർധന രേഖപ്പെടുത്തി. SIH 2023ലെ 900ൽനിന്ന് SIH 2024ൽ ഏകദേശം 2247 ആയി ഉയർന്നത്, ഇതുവരെയുള്ള ഏറ്റവും വലിയ പതിപ്പായി ഇതിനെ മാറ്റി. SIH 2024ൽ സ്ഥാപനതലത്തിൽ 86,000-ലധികം സംഘങ്ങൾ പങ്കെടുത്തു. കൂടാതെ ഏകദേശം 49,000 വിദ്യാർഥിസംഘങ്ങളെ (ഓരോന്നിലും ആറു വിദ്യാർഥികളും രണ്ടു മാർഗദർശികളും അടങ്ങുന്നു) ദേശീയതലത്തിലേക്ക് ഈ സ്ഥാപനങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്. SIH ഗ്രാൻഡ് ഫിനാലെ വിവിധ മന്ത്രാലയങ്ങളിലെയും ഗവണ്മെന്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരും വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും തമ്മിലുള്ള തുറന്ന ആശയവിനിമയത്തിനുള്ള വേദിയായി വർത്തിക്കുന്നു. ഇത് ഏറെ സവിശേഷവും വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രോത്സാഹജനകവുമാണ്.
ദേശീയ പ്രാധാന്യമുള്ള മേഖലകളുമായും ദേശീയ മുൻഗണനകളുമായും ബന്ധപ്പെട്ടിരിക്കുന്ന 17 പ്രധാന മേഖലകൾ/വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് കഴിവു പരീക്ഷിക്കുന്ന ഈ വേദി. ആരോഗ്യസംരക്ഷണം, വിതരണശൃംഖലയും ലോജിസ്റ്റിക്സും, സ്മാർട്ട് ടെക്നോളജീസ്, പൈതൃകവും സംസ്കാരവും, സുസ്ഥിരത, വിദ്യാഭ്യാസവും നൈപുണ്യവികസനവും, ജലം, കൃഷിയും ഭക്ഷണവും, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, ദുരന്തനിവാരണം എന്നിവയാണ് ഈ മേഖലകൾ.
ലോകത്ത് നിലവിലുള്ള സുപ്രധാന പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ വിദ്യാർഥികളെയും പ്രൊഫഷണലുകളെയും ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥയെ SIH ആഴത്തിൽ സ്വാധീനിച്ചു. ഈ വിജയം ഉറപ്പാക്കുന്ന സുപ്രധാന ഘടകം SIH അലൂമ്‌നി ശൃംഖലയാണ്. മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത പോർട്ടലിലൂടെ (https://alumni.mic.gov.in/) അത് വിജയഗാഥകൾ പരിധികളില്ലാതെ രേഖപ്പെടുത്തുകയും പരിവർത്തന ഫലങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഇന്നുവരെ, SIHൽ പങ്കെടുത്ത മുൻവിദ്യാർഥികൾ, നൂറിലധികം സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയിൽ പലതും കരുത്തുറ്റ സാമൂഹ്യമാനങ്ങളുള്ളവയാണ്.
(Release ID: 2083028)
Visitor Counter : 7
Read this release in:
Odia
,
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada