പ്രധാനമന്ത്രിയുടെ ഓഫീസ്
ചിലി പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
Posted On:
20 NOV 2024 8:36PM by PIB Thiruvananthpuram
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ച് ഫോണ്ടുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഇരുനേതാക്കളും ഉഭയകക്ഷിബന്ധങ്ങൾ ചർച്ച ചെയ്യുകയും സഹകരണത്തിനു കരുത്തേകുന്നതിനുള്ള നിരവധി സംരംഭങ്ങൾ വിലയിരുത്തുകയും ചെയ്തു. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, ആരോഗ്യപരിപാലനം, വിവരസാങ്കേതികവിദ്യ, ശാസ്ത്രവും സാങ്കേതികവിദ്യയും, ബഹിരാകാശം, പുനരുപയോഗ ഊർജം, പ്രതിരോധം എന്നീ മേഖലകളിലെ ഇന്ത്യയുടെ മികവ് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ മേഖലകളിൽ ചിലിയുമായി അനുഭവം പങ്കുവയ്ക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു.
നിർണായക ധാതുക്കളുടെ മേഖലയിൽ സഹകരണം വർധിപ്പിക്കാനും പരസ്പരപ്രയോജനത്തിനായി ഒരുമിച്ചു പ്രവർത്തിക്കാനും ഇരുപക്ഷവും ധാരണയായി. ഇന്ത്യ-ചിലി മുൻഗണനാ വ്യാപാര കരാർ (പിടിഎ) വിപുലീകരിച്ചതിനെത്തുടർന്നുള്ള വ്യാപാരബന്ധങ്ങളിലെ തുടർച്ചയായ വളർച്ചയിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. കരാർ കൂടുതൽ വിപുലീകരിക്കാനുള്ള അവസരങ്ങൾ പരിശോധിക്കാൻ ധാരണയാകുകയും ചെയ്തു. ചിലിയൻ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി ഉയർന്ന നിലവാരമുള്ളതും താങ്ങാനാകുന്ന നിരക്കിലുള്ളതുമായ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, എൻജിനിയറിങ് ഉൽപ്പന്നങ്ങൾ, വാഹനങ്ങൾ, രാസവസ്തുക്കൾ എന്നിവ വിതരണം ചെയ്യുന്നതിൽ ഇന്ത്യയുടെ തുടർച്ചയായ താൽപ്പര്യവും പ്രധാനമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസം, സാംസ്കാരികം, പരമ്പരാഗത വിജ്ഞാനം എന്നീ മേഖലകളിലെ സഹകരണത്തിന്റെ സാധ്യതകളും നേതാക്കൾ ചർച്ച ചെയ്തു. വളരെയടുത്ത ബന്ധം നിലനിർത്താനും നിലവിലുള്ള ഉഭയകക്ഷി സഹകരണത്തിനു കൂടുതൽ കരുത്തേകാനും നേതാക്കൾ ധാരണയായി.
****
SK
(Release ID: 2075259)
Visitor Counter : 14