പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 09 OCT 2024 3:36PM by PIB Thiruvananthpuram

നമസ്‌കാരം!

മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ജി, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാര്‍, ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, ശ്രീ അജിത് പവാര്‍ ജി, മറ്റെല്ലാ പ്രമുഖ വ്യക്തിത്വങ്ങളേ, മഹാരാഷ്ട്രയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ...

മഹാരാഷ്ട്രയിലെ എല്ലാ ശിവസ്നേഹികളായ സഹോദരീസഹോദരന്മാരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

10 പുതിയ മെഡിക്കല്‍ കോളേജുകളുടെ സമ്മാനമാണ് ഇന്ന് മഹാരാഷ്ട്രയ്ക്ക് ലഭിക്കുന്നത്. ഇതോടൊപ്പം, രണ്ട് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആരംഭിച്ചു: നാഗ്പൂര്‍ വിമാനത്താവളത്തിന്റെ നവീകരണവും വിപുലീകരണവും ഷിര്‍ദി വിമാനത്താവളത്തില്‍ ഒരു പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണവും. ഈ വികസന പദ്ധതികളില്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. മെട്രോ ലൈന്‍ പദ്ധതിയടക്കം 30,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ച താനെയിലും മുംബൈയിലും കഴിഞ്ഞയാഴ്ച ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അതിന് മുന്നോടിയായി ആയിരക്കണക്കിന് കോടിയുടെ വികസന പദ്ധതികള്‍ വിവിധ ജില്ലകളില്‍ ആവിഷ്‌കരിച്ചിരുന്നു. പല നഗരങ്ങളിലും മെട്രോ വികസിപ്പിക്കുന്നുണ്ട്. ചില വിമാനത്താവളങ്ങള്‍ നവീകരിക്കപ്പെടുന്നു, റോഡ്, ഹൈവേ പദ്ധതികള്‍ അതിവേഗം പുരോഗമിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, സൗരോര്‍ജ്ജം, ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആരംഭിച്ചു. കര്‍ഷകരുടെയും കന്നുകാലി സംരക്ഷകരുടെയും താല്‍പര്യം മുന്‍നിര്‍ത്തി പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖമായ വാധവന്‍ തുറമുഖത്തിന് മഹാരാഷ്ട്രയില്‍ തറക്കല്ലിട്ടു. വിവിധ മേഖലകളില്‍ ഇത്രയും വേഗത്തിലുള്ളതും വലുതുമായ വികസനം മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അതെ, കോണ്‍ഗ്രസ് ഭരണകാലത്ത് വിവിധ മേഖലകളില്‍ ഒരേ വേഗത്തിലും തോതിലും അഴിമതി നടന്നുവെന്നത് വേറെ കാര്യം.

സഹോദരീ സഹോദരന്മാരേ,

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഞങ്ങള്‍ മറാത്തി ഭാഷയ്ക്ക് ' ശ്രേഷ്ഠ ഭാഷ' പദവി നല്‍കി. ഒരു ഭാഷയ്ക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുമ്പോള്‍, അത് വാക്കുകള്‍ മാത്രമല്ല, ഒരു തലമുറയ്ക്കാകെ പുതിയ ഭാവം കൈവരുകയാണ്. കോടിക്കണക്കിന് മറാത്തി ജനതയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്നമാണ് സഫലമായത്. മഹാരാഷ്ട്രയിലുടനീളമുള്ള ആളുകള്‍ ഇത് ആഘോഷിച്ചു, ഇന്ന് മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ നിന്ന് എനിക്ക് സന്തോഷത്തിന്റെ സന്ദേശങ്ങള്‍ ലഭിക്കുന്നു. ഈ സന്ദേശങ്ങളില്‍, മറാത്തിക്ക് ശ്രേഷ്ഠ ഭാഷാ പദവി അനുവദിച്ചതിന് ആളുകള്‍ എനിക്ക് നന്ദി പറയുന്നു. എന്നിരുന്നാലും, ഇത് ഞാന്‍ ഒറ്റയ്ക്കല്ല ചെയ്തതെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; നിങ്ങളുടെ അനുഗ്രഹത്താലാണ് അത് സാധിച്ചത്. ഛത്രപതി ശിവാജി മഹാരാജ്, ബാബാസാഹേബ് അംബേദ്കര്‍, ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ തുടങ്ങിയ മഹാരഥന്മാരുടെ അനുഗ്രഹത്തോടെയാണ് മഹാരാഷ്ട്രയിലെ എല്ലാ വികസന ശ്രമങ്ങളും സാക്ഷാത്കരിക്കപ്പെടുന്നത്.

സുഹൃത്തുക്കളേ,

ഇന്നലെയാണ് ഹരിയാനയിലെയും ജമ്മു കശ്മീരിലെയും തിരഞ്ഞെടുപ്പ് ഫലം വന്നത്. ഹരിയാനയുടെ മാനസികാവസ്ഥ എന്താണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തു! രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ചത് ചരിത്രപരമാണ്. അര്‍ബന്‍ നക്സല്‍ സംഘം ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുഴുവന്‍ ആവാസവ്യവസ്ഥയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തിരക്കിലായിരുന്നു, എന്നാല്‍ കോണ്‍ഗ്രസിന്റെ എല്ലാ ഗൂഢാലോചനകളും തകര്‍ന്നു. അവര്‍ ദലിതര്‍ക്കിടയില്‍ നുണ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷേ ദലിത് സമൂഹം അവരുടെ അപകടകരമായ ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കി. തങ്ങളുടെ സംവരണം തട്ടിയെടുത്ത് സ്വന്തം വോട്ടുബാങ്കിനായി വിതരണം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ദളിതര്‍ തിരിച്ചറിഞ്ഞു. ഇന്ന് ഹരിയാനയിലെ ദളിത് സമൂഹം ബി.ജെ.പിക്ക് റെക്കോഡ് പിന്തുണയാണ് നല്‍കിയത്. ഹരിയാനയിലെ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കുന്നു. കോണ്‍ഗ്രസ് കര്‍ഷകരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചു, എന്നാല്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് MSP നല്‍കിയത് ആരാണെന്ന് കര്‍ഷകര്‍ക്ക് അറിയാം. ബിജെപിയുടെ ക്ഷേമപദ്ധതികളില്‍ ഹരിയാനയിലെ കര്‍ഷകര്‍ സന്തുഷ്ടരാണ്. കോണ്‍ഗ്രസ് യുവാക്കളെ ലക്ഷ്യമിട്ട് പലതരത്തില്‍ അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നിരുന്നാലും, ഹരിയാനയിലെ യുവാക്കളും സ്ത്രീകളും പെണ്‍മക്കളും അവരുടെ ശോഭനമായ ഭാവിക്കായി ബിജെപിയെ വിശ്വസിക്കുന്നു. കോണ്‍ഗ്രസ് എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചു, എന്നാല്‍ ഹരിയാനയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെയും അര്‍ബന്‍ നക്സല്‍ ഗൂഢാലോചനകളിലും ഇനി വീഴില്ലെന്ന് കാണിച്ചു കൊടുത്തു.

സുഹൃത്തുക്കളേ,

കോണ്‍ഗ്രസ് എല്ലായ്പ്പോഴും 'വിഭജിച്ച് ഭരിക്കുക' എന്ന സൂത്രവാക്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നിരുത്തരവാദപരമായ പാര്‍ട്ടിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു. രാജ്യത്തെ വിഭജിക്കാന്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നു. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നത് കോണ്‍ഗ്രസ് ഒരിക്കലും അവസാനിപ്പിക്കില്ല. അവരുടെ ഫോര്‍മുല വ്യക്തമാണ്: മുസ്ലീങ്ങളെ ഭയത്തില്‍ നിര്‍ത്തുക, അവരെ വോട്ട് ബാങ്കാക്കി മാറ്റുക, ആ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുക. മുസ്ലീങ്ങള്‍ക്കിടയിലെ ജാതി വേര്‍തിരിവിനെക്കുറിച്ച് ഒരു കോണ്‍ഗ്രസ് നേതാവും ഇതുവരെ സംസാരിച്ചിട്ടില്ല. മുസ്ലീം ജാതികളുടെ പ്രശ്നം ഉയര്‍ന്നുവരുമ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വായ് മൂടിക്കെട്ടുന്നു. ഹിന്ദു സമൂഹത്തെക്കുറിച്ച് ഒരു ചര്‍ച്ച നടക്കുന്ന നിമിഷം, കോണ്‍ഗ്രസ് ഉടന്‍ തന്നെ ജാതി ഉയര്‍ത്തുന്നു. ഒരു ജാതി ഹിന്ദുവിനെ മറ്റൊരു ജാതിക്കെതിരെ മത്സരിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. ഹിന്ദുക്കള്‍ എത്രത്തോളം വിഭജിക്കപ്പെടുന്നുവോ അത്രയും നേട്ടം അവര്‍ക്കറിയാം. രാഷ്ട്രീയ നേട്ടത്തിനായി ഹിന്ദു സമൂഹത്തെ കലുഷിതമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഭാരതത്തില്‍ എവിടെ തിരഞ്ഞെടുപ്പ് നടന്നാലും ഈ ഫോര്‍മുല പ്രയോഗിക്കുന്നു. തങ്ങളുടെ വോട്ട് ബാങ്ക് ഉറപ്പാക്കാന്‍ സമൂഹത്തില്‍ വിഷം പടര്‍ത്താന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും കോണ്‍ഗ്രസ് ഉപയോഗിക്കുന്നു. വര്‍ഗീയ, ജാതി അധിഷ്ഠിത രാഷ്ട്രീയത്തിലാണ് കോണ്‍ഗ്രസ് പൂര്‍ണമായും ഏര്‍പ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാന്‍ ഹിന്ദു സമൂഹത്തെ വിഭജിക്കുക എന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറയായി മാറിയിരിക്കുന്നു. 'സര്‍വ ജന്‍ ഹിതായ, സര്‍വ ജന്‍ സുഖായ' (എല്ലാവരുടെയും ക്ഷേമം), സനാതന്‍ പാരമ്പര്യം എന്നിവയെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുകയാണ്. ഇത്രയും വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള വ്യഗ്രതയിലാണ്, അത് ദിവസവും വിദ്വേഷ രാഷ്ട്രീയത്തില്‍ മുഴുകുകയാണ്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും തങ്ങളുടെ പാര്‍ട്ടിയുടെ അവസ്ഥയില്‍ നിസ്സഹായരും നിരാശരുമാണ്. വിദ്വേഷത്തിന്റെ ഏറ്റവും വലിയ ഫാക്ടറിയായി കോണ്‍ഗ്രസ് മാറുകയാണ്. സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധി ഇത് തിരിച്ചറിഞ്ഞു, അതുകൊണ്ടാണ് കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് പിരിച്ചുവിട്ടിട്ടില്ല, എന്നാല്‍ ഇന്ന് അത് രാജ്യത്തെ നശിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനാല്‍, നാം ജാഗ്രതയും അവധാനതയും പുലര്‍ത്തണം.

സുഹൃത്തുക്കളേ,

സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും മഹാരാഷ്ട്രയിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ദേശീയ വികസനം തങ്ങളുടെ പ്രഥമ പരിഗണനയായി നിലനിര്‍ത്തിക്കൊണ്ട്, മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഒന്നിച്ച് ബി ജെ പിക്കും മഹായുതി സഖ്യത്തിനും വോട്ട് ചെയ്യണം. 

ഹരിയാനയില്‍ ബി ജെ പി വിജയിച്ചതിന് ശേഷം മഹാരാഷ്ട്രയില്‍ ഇതിലും വലിയ വിജയം നേടണം.

സുഹൃത്തുക്കളേ

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, രാജ്യത്തിന്റെ വികസനത്തിനായി ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു മഹത്തായ ദൗത്യം ഞങ്ങള്‍ ആരംഭിച്ചു. ഇന്ന് നമ്മള്‍ കെട്ടിടങ്ങള്‍ പണിയുക മാത്രമല്ല ചെയ്യുന്നത്; ആരോഗ്യകരവും സമൃദ്ധവുമായ മഹാരാഷ്ട്രയ്ക്ക് ഞങ്ങള്‍ അടിത്തറയിടുകയാണ്. 10 പുതിയ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ ഒരേസമയം ഉദ്ഘാടനം ചെയ്യുക എന്നത് പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക മാത്രമല്ല, ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള 'മഹായജ്ഞം' കൂടിയാണ്. താനെ-അംബര്‍നാഥ്, മുംബൈ, നാസിക്, ജല്‍ന, ബുല്‍ധാന, ഹിംഗോലി, വാഷിം, അമരാവതി, ഭണ്ഡാര, ഗഡ്ചിരോളി എന്നിവിടങ്ങളിലെ ഈ മെഡിക്കല്‍ കോളേജുകള്‍ ഈ ജില്ലകളിലും സമീപ പ്രദേശങ്ങളിലുമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സേവനം നല്‍കും. ഇതിന്റെ ഫലമായി മഹാരാഷ്ട്രയില്‍ 900 പുതിയ മെഡിക്കല്‍ സീറ്റുകള്‍ കൂടി വരുന്നു. ഇപ്പോള്‍ മഹാരാഷ്ട്രയിലെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം ഏകദേശം 6,000 ആകും. ഈ വര്‍ഷം ചെങ്കോട്ടയില്‍ നിന്ന് മെഡിക്കല്‍ മേഖലയില്‍ 75,000 പുതിയ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. ഇന്നത്തെ പരിപാടിയും ആ വഴിക്കുള്ള ഒരു സുപ്രധാന ചുവടുവയ്പാണ്.

സുഹൃത്തുക്കളേ,

ഞങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസം കൂടുതല്‍ പ്രാപ്യമാക്കിയിട്ടുണ്ട്. ഇത് മഹാരാഷ്ട്രയിലെ യുവാക്കള്‍ക്ക് അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറന്നു. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങളില്‍ നിന്നുള്ള കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ ഡോക്ടര്‍മാരാകുകയും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്യുക എന്നത് നമ്മുടെ സര്‍ക്കാരിന്റെ മുന്‍ഗണനയാണ്. ഒരു കാലത്ത് ഇത്തരം പഠനങ്ങള്‍ക്ക് മാതൃഭാഷയില്‍ പാഠപുസ്തകങ്ങളുടെ അഭാവം വലിയ വെല്ലുവിളിയായിരുന്നു. മഹാരാഷ്ട്രയിലെ യുവാക്കളുടെ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ഞങ്ങള്‍ ഈ അസമത്വവും നീക്കി. ഇപ്പോള്‍, മഹാരാഷ്ട്രയിലെ നമ്മുടെ യുവാക്കള്‍ക്ക് മറാത്തി ഭാഷയില്‍ മെഡിസിന്‍ പഠിക്കാം. മറാത്തി ഭാഷയില്‍ പഠിക്കുന്നതിലൂടെ ഡോക്ടര്‍മാരാകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകും.

സുഹൃത്തുക്കളേ,

ജീവിതം ലളിതമാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലെ ഒരു പ്രധാന ഉപകരണമാണ്. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയത്തിന് ദാരിദ്ര്യം ഇന്ധനമായി ഉപയോഗിച്ചു. അതുകൊണ്ടാണ് അവര്‍ പാവപ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ ദശകത്തിനുള്ളില്‍ നമ്മുടെ സര്‍ക്കാര്‍ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. രാജ്യത്തെ ആതുരസേവനരംഗത്തെ പരിവര്‍ത്തനം ഇതില്‍ ഒരു പ്രധാന ഘടകമാണ്. ഇന്ന് എല്ലാ പാവപ്പെട്ടവര്‍ക്കും സൗജന്യ ചികിത്സയ്ക്കായി ആയുഷ്മാന്‍ കാര്‍ഡ് ഉണ്ട്. ഇപ്പോള്‍, 70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷയും ലഭിക്കുന്നു. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ അവശ്യമരുന്നുകള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഹൃദ്രോഗികള്‍ക്ക് സ്റ്റെന്റുകളുടെ വില 80-85% കുറഞ്ഞു. കാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ വിലയും ഞങ്ങള്‍ കുറച്ചിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടേയും ആശുപത്രികളുടേയും എണ്ണം വര്‍ധിച്ചതോടെ ചികിത്സ താങ്ങാനാവുന്ന തരത്തിലേക്ക് മാറി. ഇന്ന്, പാവപ്പെട്ട പൗരന്് പോലും ശക്തമായ സാമൂഹിക സുരക്ഷാ പരിരക്ഷയുണ്ട്, മോദി സര്‍ക്കാരിന് നന്ദി.

സുഹൃത്തുക്കളേ,

യുവാക്കള്‍ ആത്മവിശ്വാസം ഉള്ളവരായിരിക്കുമ്പോള്‍ മാത്രമാണ് ലോകം ഒരു രാജ്യത്തെ വിശ്വസിക്കുന്നത്. ഇന്ന്, ഭാരതത്തിലെ യുവാക്കളുടെ ആത്മവിശ്വാസം രാജ്യത്തിന്റെ ശോഭനമായ ഭാവിയുടെ പുതിയ കഥ പറയുന്നു. പ്രധാന രാജ്യങ്ങള്‍ ഇപ്പോള്‍ ഭാരതത്തെ മനുഷ്യവിഭവശേഷിയുടെ ഒരു പ്രധാന കേന്ദ്രമായി കാണുന്നു. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസം, ആരോഗ്യം, സോഫ്റ്റ്വെയര്‍ തുടങ്ങി എല്ലാ മേഖലകളിലും നമ്മുടെ യുവജനങ്ങള്‍ക്ക് വലിയ അവസരങ്ങളുണ്ട്. അതുകൊണ്ടാണ് നാം നമ്മുടെ യുവാക്കളെ ആഗോള നിലവാരത്തിനനുസരിച്ച് നൈപുണ്യമുള്ളവരാക്കുന്നത്. ഇന്ന് ഞങ്ങള്‍ മഹാരാഷ്ട്രയില്‍ വിദ്യാ സമീക്ഷ കേന്ദ്രം പോലുള്ള സംരംഭങ്ങള്‍ ആരംഭിക്കുകയാണ്. ഞങ്ങള്‍ ഇന്ന് മുംബൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് ഉദ്ഘാടനം ചെയ്തു. ഇവിടെ, യുവാക്കള്‍ക്ക് ഭാവിയെ അടിസ്ഥാനമാക്കിയുള്ള പരിശീലനം ലഭിക്കും. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവരുടെ കഴിവുകള്‍ വികസിപ്പിക്കും. നമ്മുടെ ഗവണ്‍മെന്റ് യുവാക്കള്‍ക്ക് ശമ്പളത്തോടുകൂടിയ ഇന്റേണ്‍ഷിപ്പ് നല്‍കാനും തുടങ്ങി. ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ഇപ്പോള്‍ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അലവന്‍സായി 5,000 രൂപ ലഭിക്കും. ഈ സംരംഭത്തെ പിന്തുണയ്ക്കാനും യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനും ആയിരക്കണക്കിന് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ ശ്രമം യുവാക്കളുടെ അടിത്തറ ശക്തിപ്പെടുത്തുകയും അവര്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുകയും പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യും.

സഹോദരീ സഹോദരന്മാരേ,

ഭാരതം അതിന്റെ യുവത്വത്തിനായി നടത്തുന്ന ശ്രമങ്ങള്‍ തുടര്‍ച്ചയായി ഫലം നല്‍കുന്നു. ഇന്ന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഇന്നലെയാണ് ലോക സര്‍വകലാശാല റാങ്കിംഗ് പ്രഖ്യാപിച്ചത്. ഈ റാങ്കിംഗ് അനുസരിച്ച്, ഭാരതത്തിലെ യുവജനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുന്നു.

സുഹൃത്തുക്കളേ,

ഇന്ന് ലോകം ഭാരതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറി. ആഗോള സമ്പദ്വ്യവസ്ഥയുടെ ഭാവി ഇപ്പോള്‍ ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നു! ഭാരതത്തിന്റെ ഈ സാമ്പത്തിക പുരോഗതി പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് അവഗണിച്ച മേഖലകള്‍ ഇപ്പോള്‍ വലിയ അവസരങ്ങളുടെ ഉറവിടമായി മാറുകയാണ്. ഉദാഹരണത്തിന് ടൂറിസം അത്തരത്തിലുള്ള ഒരു മേഖലയാണ്. അമൂല്യമായ പൈതൃകത്തിന്റെ നാടാണ് മഹാരാഷ്ട്ര! മനോഹരമായ പ്രകൃതിദത്തമായ സ്ഥലങ്ങളും ആത്മീയ കേന്ദ്രങ്ങളുമുണ്ട്. ഈ സൈറ്റുകള്‍ക്ക് ചുറ്റും ഒരു മള്‍ട്ടിബില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാമായിരുന്നു. എന്നാല്‍ ഈ അവസരങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. കോണ്‍ഗ്രസിന് 'വികാസി'ലോ (വികസനത്തിലോ) 'വിരാസത്തിലോ' (പൈതൃകം) താല്‍പ്പര്യമില്ലായിരുന്നു. നമ്മുടെ ഗവണ്‍മെന്റില്‍ പൈതൃകത്തിന്റെ വികസനവും സംരക്ഷണവുമുണ്ട്. നമ്മുടെ സമ്പന്നമായ ഭൂതകാലത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഞങ്ങള്‍ ശോഭനമായ ഭാവി കെട്ടിപ്പടുക്കുകയാണ്. അതുകൊണ്ടാണ് ഇന്ന് ഞങ്ങള്‍ ഷിര്‍ദി എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്, നാഗ്പൂര്‍ വിമാനത്താവളം നവീകരിച്ചു, കൂടാതെ മഹാരാഷ്ട്രയിലുടനീളം തുടര്‍ച്ചയായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഷിര്‍ദി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ സായി ബാബയുടെ ഭക്തര്‍ക്ക് വലിയ സൗകര്യമൊരുക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താനാകും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച സോളാപൂര്‍ എയര്‍പോര്‍ട്ടും ഞാന്‍ ഉദ്ഘാടനം ചെയ്തു. ഭക്തര്‍ ഒരിടം സന്ദര്‍ശിക്കുമ്പോള്‍, അവര്‍ തീര്‍ച്ചയായും അടുത്തുള്ള സ്ഥലങ്ങളായ ശനി ഷിംഗ്നാപൂര്‍, തുല്‍ജാ ഭവാനി, കൈലാസ ക്ഷേത്രം എന്നിവയും സന്ദര്‍ശിക്കും. ഇത് മഹാരാഷ്ട്രയുടെ ടൂറിസം സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

നമ്മുടെ ഗവണ്‍മെന്റിന്റെ എല്ലാ തീരുമാനങ്ങളും നയങ്ങളും ഒരു ലക്ഷ്യത്തിനായി മാത്രം സമര്‍പ്പിക്കപ്പെട്ടതാണ് 'വികസിത് ഭാരത്' (വികസിത ഇന്ത്യ)! ഇതിനായി, പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമമാണ് ഞങ്ങളുടെ കാഴ്ചപ്പാട്. അതുകൊണ്ട് എല്ലാ വികസന പദ്ധതികളും ഗ്രാമങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. ഷിര്‍ദി വിമാനത്താവളത്തില്‍ നിര്‍മിക്കുന്ന പ്രത്യേക കാര്‍ഗോ കോംപ്ലക്സ് കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകും. ഈ സമുച്ചയത്തിലൂടെ വിവിധ കാര്‍ഷിക ഉല്‍പന്നങ്ങള്‍ രാജ്യത്തിനകത്തും പുറത്തും എത്തിക്കും. ഷിര്‍ദി, ലസല്‍ഗാവ്, അഹല്യനഗര്‍, നാസിക് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. ഈ കര്‍ഷകര്‍ക്ക് ഉള്ളി, മുന്തിരി, മുരിങ്ങ, പേരക്ക, മാതളനാരങ്ങ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വലിയ വിപണികളിലേക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയും.

സഹോദരീ സഹോദരന്മാരേ,

നമ്മുടെ ഗവണ്‍മെന്റ് കര്‍ഷകരുടെ താല്‍പര്യത്തിന് ആവശ്യമായ നടപടികള്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരികയാണ്. ബസുമതി അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില ഞങ്ങള്‍ എടുത്തുകളഞ്ഞു. ബസുമതി ഇതര അരി കയറ്റുമതിക്കുള്ള നിരോധനവും നീക്കി. വേവിച്ച അരിയുടെ കയറ്റുമതി തീരുവ പകുതിയായി കുറച്ചു. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലാഭം വര്‍ധിപ്പിക്കാന്‍ ഉള്ളിയുടെ കയറ്റുമതി നികുതി ഞങ്ങള്‍ പകുതിയായി കുറച്ചു. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് 20% നികുതി ചുമത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ശുദ്ധീകരിച്ച സോയാബീന്‍, സൂര്യകാന്തി, പാം ഓയില്‍ എന്നിവയുടെ കസ്റ്റംസ് തീരുവയും ഞങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ആര്‍ക്കാണ് ഇതില്‍ നിന്ന് പ്രയോജനം ലഭിക്കുക? ഇത് നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. കടുക്, സോയാബീന്‍, സൂര്യകാന്തി തുടങ്ങിയ വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കും. തുണി വ്യവസായത്തിന് ഗവണ്‍മെന്റ് നല്‍കുന്ന പിന്തുണ മഹാരാഷ്ട്രയിലെ പരുത്തി കര്‍ഷകര്‍ക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്.

സുഹൃത്തുക്കളേ,

നിങ്ങള്‍ എപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യം: മഹാഅഘാഡി അധികാരം നേടുന്നതിനായി മഹാരാഷ്ട്രയെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു, അതേസമയം മഹായുതിയുടെ ദൃഢനിശ്ചയം മഹാരാഷ്ട്രയെ ശക്തമാക്കുക എന്നതാണ്. ഇന്ന് മഹാരാഷ്ട്ര വീണ്ടും രാജ്യത്തിന്റെ പുരോഗതിയിലേക്ക് മുന്നേറുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരിക്കല്‍ കൂടി, ഈ വികസന സംരംഭങ്ങളിലെല്ലാം മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

വളരെ നന്ദി!

***


(Release ID: 2064290) Visitor Counter : 31