പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ രത്തൻ ടാറ്റയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശുചിത്വം, മൃഗസംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ മുൻനിരയിലായിരുന്നു ശ്രീ ടാറ്റ: പ്രധാനമന്ത്രി

വലിയ സ്വപ്‌നങ്ങൾ കാണാനും സമൂഹത്തിനതു തിരികെ നൽകാനുമുള്ള ശ്രീ ടാറ്റയുടെ അഭിനിവേശം അതുല്യമായിരുന്നു: പ്രധാനമന്ത്രി


Posted On: 10 OCT 2024 5:38AM by PIB Thiruvananthpuram

ശ്രീ രത്തൻ ടാറ്റയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. വിനയം, ദയ, നമ്മുടെ സമൂഹത്തെ മികച്ചതാക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ നിരവധി പേർക്ക്  പ്രിയങ്കരനായ ദീർഘവീക്ഷണമുള്ള വ്യവസായപ്രമുഖനും അനുകമ്പയുള്ള മനോഭാവമുള്ള അസാധാരണ മനുഷ്യനുമായിരുന്നു ശ്രീ ടാറ്റയെന്ന് ശ്രീ മോദി പറഞ്ഞു.

എക്‌സിലെ ത്രെഡ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“ശ്രീ രത്തൻ ടാറ്റ ജി ദീർഘവീക്ഷണമുള്ള ഒരു വ്യവസായപ്രമുഖനും അനുകമ്പ മനോഭാവമുള്ള ഒരു അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സുസ്ഥിര നേതൃത്വം നൽകി. അതോടൊപ്പം, അദ്ദേഹത്തിന്റെ സംഭാവനകൾ അതിനുമപ്പുറത്തേക്ക് പോയി. അദ്ദേഹത്തിന്റെ വിനയം ദയ എന്നീ ഗുണങ്ങളും നമ്മുടെ സമൂഹത്തെ മികച്ചതാക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയാലും അദ്ദേഹം നിരവധി പേർക്ക് പ്രിയങ്കരനായി.”

“ശ്രീ രത്തൻ ടാറ്റ ജിയുടെ ഏറ്റവും സവിശേഷമായ ഗുണങ്ങളിലൊന്ന് വലിയ സ്വപ്‌നങ്ങൾ കാണാനും അവ ജനങ്ങൾക്ക് തിരികെ നൽകാനുമുള്ള അദ്ദേഹത്തിന്റെ അഭിനിവേശമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, മൃഗസംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം മുൻനിരയിലായിരുന്നു.”

“ശ്രീ രത്തൻ ടാറ്റാ ജിയുമായുള്ള അസംഖ്യം  ഇടപെടലുകളാൽ എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു. ഞാൻ മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽവച്ച് അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദർശിക്കുമായിരുന്നു . വിവിധങ്ങളായ വിഷയങ്ങളിൽ ഞങ്ങൾ കാഴ്ചപ്പാടുകൾ കൈമാറി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വളരെ സമ്പന്നമാണെന്ന് ഞാൻ കണ്ടെത്തി. ഞാൻ ഡൽഹിയിൽ വന്നതിന് ശേഷവും ഈ ഇടപെടലുകൾ തുടർന്നു. അദ്ദേഹത്തിന്റെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി.”

-NK-

(Release ID: 2063709) Visitor Counter : 36