പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ഡൽഹിയിലെ ശുചീകരണ പരിപാടിയിൽ യുവാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിൻ്റെ പരിഭാഷ

Posted On: 02 OCT 2024 9:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി: ശുചിത്വം പാലിക്കുന്നതിൻ്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

വിദ്യാർത്ഥി: സർ, ഇത് രോഗങ്ങൾ തടയാൻ സഹായിക്കുന്നു, ഞങ്ങൾ എപ്പോഴും വൃത്തിയായി തുടരും. കൂടാതെ, നമ്മുടെ രാജ്യം വൃത്തിയായി തുടരുകയാണെങ്കിൽ, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാകും.

പ്രധാനമന്ത്രി: ശൗചാലയം ഇല്ലെങ്കിൽ എന്ത് സംഭവിക്കും?

വിദ്യാർത്ഥി: സർ, രോഗങ്ങൾ പടർന്നു.

പ്രധാനമന്ത്രി: തീർച്ചയായും രോഗങ്ങൾ പടരുന്നു. 100ൽ 60 വീടുകളിലും ശൗചാലയങ്ങൾ ഇല്ലാതിരുന്ന ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുക. ആളുകൾ വെളിയിട വിസർജ്ജനം നടത്തുന്നു, ഇത് രോഗങ്ങളുടെ ഒരു പ്രധാന കാരണമായി മാറി. സ്ത്രീകൾ, പ്രത്യേകിച്ച് അമ്മമാർ, സഹോദരിമാർ, പെൺമക്കൾ എന്നിവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാൻ ആരംഭിച്ചതു മുതൽ, പെൺകുട്ടികൾക്ക് പ്രത്യേക സൗകര്യങ്ങളോടെ സ്‌കൂളുകളിൽ ശൗചാലയങ്ങൾ നിർമ്മിക്കുമെന്ന് ഞങ്ങൾ ആദ്യം ഉറപ്പുവരുത്തി. തത്ഫലമായി, പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു, അവർ ഇപ്പോൾ വിദ്യാഭ്യാസം തുടരുകയാണ്. അപ്പോൾ, ശുചിത്വം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടില്ലേ?

വിദ്യാർത്ഥി: അതെ, സർ.

പ്രധാനമന്ത്രി: ആരുടെ ജന്മവാർഷികമാണ് നാം ഇന്ന് അനുസ്മരിക്കുന്നത്?

വിദ്യാർത്ഥി: ഗാന്ധിജിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും, സർ.

പ്രധാനമന്ത്രി: ശരി, നിങ്ങളിൽ ആരെങ്കിലും യോഗ പരിശീലിക്കുന്നുണ്ടോ?... ഓ, അത്ഭുതം, നിങ്ങളിൽ പലരും ചെയ്യുന്നു. യോ​ഗാസനങ്ങൾ പരിശീലിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

വിദ്യാർത്ഥി: സർ, ഇത് നമ്മുടെ ശരീരത്തെ കൂടുതൽ വഴക്കമുള്ളതാക്കുന്നു.

പ്രധാനമന്ത്രി: വഴക്കമുള്ളത്, ഒപ്പം?

വിദ്യാർത്ഥി: സർ, ഇത് രോഗങ്ങൾ തടയുന്നതിനും നല്ല രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

പ്രധാനമന്ത്രി: കൊള്ളാം. ഇപ്പോൾ, നിങ്ങൾക്ക് വീട്ടിൽ എന്താണ് കഴിക്കാൻ ഇഷ്ടം? നിങ്ങളുടെ അമ്മ നിങ്ങളോട് പച്ചക്കറികൾ കഴിക്കാനും പാൽ കുടിക്കാനും ആവശ്യപ്പെടുമ്പോൾ, നിങ്ങളിൽ എത്രപേർ അതിനെ എതിർക്കുകയോ തർക്കിക്കുകയോ ചെയ്യും?

വിദ്യാർത്ഥി: ഞങ്ങൾ എല്ലാ പച്ചക്കറികളും കഴിക്കുന്നു.

പ്രധാനമന്ത്രി: പാവയ്ക്ക ഉൾപ്പെടെ എല്ലാ പച്ചക്കറികളും എല്ലാവരും കഴിക്കാറുണ്ടോ?

വിദ്യാർത്ഥി: അതെ, പാവയ്ക്ക ഒഴികെ

പ്രധാനമന്ത്രി: ഓ, പാവയ്ക്ക ഒഴികെ.

പ്രധാനമന്ത്രി: സുകന്യ സമൃദ്ധി യോജന എന്താണെന്ന് നിങ്ങൾക്കറിയാമോ?

വിദ്യാർത്ഥി: അറിയാം, സർ.

പ്രധാനമന്ത്രി: എന്താണത്?

വിദ്യാർത്ഥി: സർ, താങ്കൾ അവതരിപ്പിച്ച ഒരു പദ്ധതിയാണിത്, ഇത് നിരവധി പെൺകുട്ടികൾക്ക് പ്രയോജനം ചെയ്യുന്നു. 10 വയസ്സ് വരെ ഈ പദ്ധതിക്ക് കീഴിൽ ഒരു അക്കൗണ്ട് തുറക്കാം. നമുക്ക് 18 വയസ്സ് തികയുമ്പോൾ, അത് നമ്മുടെ വിദ്യാഭ്യാസത്തിന് വളരെയധികം സഹായിക്കുന്നു. ഈ അക്കൗണ്ടിൽ നിന്ന് നമുക്ക് തുക പിൻവലിക്കാം.

പ്രധാനമന്ത്രി: തീർച്ചയായും. ഒരു പെൺകുട്ടി ജനിച്ചാൽ ഉടൻ തന്നെ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാം. രക്ഷിതാക്കൾക്ക്  ഓരോ വർഷവും 1,000 രൂപ നിക്ഷേപിക്കാം. ഇത്  പ്രതിമാസം ഏകദേശം 80-90 രൂപയ്ക്ക് തുല്യമാണ്. 18 വർഷത്തിനുശേഷം അവൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് പണം ആവശ്യമാണെന്ന് കരുതുക-ആ തുകയുടെ പകുതി തുക പിൻവലിക്കാം. കൂടാതെ, അവൾ 21-ാം വയസ്സിൽ വിവാഹം കഴിക്കുകയാണെങ്കിൽ, അതിനായി പണം പിൻവലിക്കാനും കഴിയും. 1,000 രൂപ സ്ഥിരമായി നിക്ഷേപിക്കുന്നുവെങ്കിൽ, പിൻവലിക്കുമ്പോൾ അവൾക്ക് ഏകദേശം 50,000 രൂപ ലഭിക്കും, പലിശയായി ഏകദേശം 30,000-35,000 രൂപ വരെ ലഭിക്കും. പെൺമക്കൾക്കായുളള പലിശ നിരക്ക് 8.2% ആണ്, ഇത് സാധാരണ നിരക്കിനേക്കാൾ കൂടുതലാണ്.

വിദ്യാർത്ഥി: ഞങ്ങൾ സ്കൂൾ വൃത്തിയാക്കണമെന്ന് നിർദ്ദേശിക്കുന്ന ഒരു ചാർട്ട് ഉണ്ട്, അത് ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ കാണിക്കുന്നു.

പ്രധാനമന്ത്രി: ഒരിക്കൽ, ഞാൻ ഗുജറാത്തിലായിരുന്നപ്പോൾ, ഒരു സ്‌കൂളിൽ ശ്രദ്ധേയമായ എന്തെങ്കിലും ചെയ്‌ത ഒരു അധ്യാപകനുണ്ടായിരുന്നു. വെള്ളത്തിന് ഉപ്പുരസവും മരങ്ങളും പച്ചപ്പും ഇല്ലാതെ തരിശായിക്കിടക്കുന്ന തീരപ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ടീച്ചർ എന്താണ് ചെയ്തത്? ഓരോ വിദ്യാർത്ഥിക്കും ഒരു ഒഴിഞ്ഞ കുപ്പിയും  വൃത്തിയാക്കിയ ഓയിൽ ക്യാനുകളും നൽകി. ഭക്ഷണം കഴിഞ്ഞ് അമ്മമാർ പാത്രം കഴുകുന്ന വെള്ളം ശേഖരിച്ച് ആ കുപ്പികളിൽ സ്‌കൂളിൽ എത്തിക്കാൻ അദ്ദേഹം കുട്ടികളോട് നിർദ്ദേശിച്ചു. ഓരോ കുട്ടിക്കും ഓരോ വൃക്ഷം നൽകുകയും അവർ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന വെള്ളം അവരുടെ വൃക്ഷത്തെ പരിപാലിക്കാൻ ഉപയോഗിക്കണമെന്ന് അവരോട് പറയുകയും ചെയ്തു. 5-6 വർഷങ്ങൾക്ക് ശേഷം ഞാൻ സ്കൂൾ സന്ദർശിച്ചപ്പോൾ, ആർക്കും സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായി സ്കൂൾ മുഴുവൻ ഹരിതാഭ നിറഞ്ഞിരുന്നു.

വിദ്യാർത്ഥി: ഇത് ഉണങ്ങിയ മാലിന്യമാണ്. ഉണങ്ങിയതും നനഞ്ഞതുമായ മാലിന്യങ്ങൾ ഇങ്ങനെ വേർതിരിച്ചാൽ കമ്പോസ്റ്റ് ഉണ്ടാക്കാൻ സഹായിക്കും.

പ്രധാനമന്ത്രി: അപ്പോൾ നിങ്ങൾ എല്ലാവരും വീട്ടിൽ ഈ രീതി പിന്തുടരുന്നുണ്ടോ?

പ്രധാനമന്ത്രി: നിങ്ങളുടെ അമ്മ പച്ചക്കറികൾ വാങ്ങാൻ പോകുമ്പോൾ വെറുംകൈയോടെ പോയിട്ട് പച്ചക്കറികൾ പ്ലാസ്റ്റിക് കവറിൽ വാങ്ങി തിരികെ കൊണ്ടുവരുമോ? നിങ്ങളിൽ ആരെങ്കിലും അവരോട് "അമ്മേ, വീട്ടിൽ നിന്ന് ഒരു ബാഗ് എടുക്കൂ, നിങ്ങൾ എന്തിനാണ് പ്ലാസ്റ്റിക് വീട്ടിൽ കൊണ്ടുവരുന്നത്? എന്തിനാണ് ഇത്തരം മാലിന്യങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുന്നത്?" നിങ്ങളിൽ ആരെങ്കിലും അമ്മയെ ഇത് ഓർമ്മിപ്പിക്കുന്നുണ്ടോ?

വിദ്യാർത്ഥി: (അതെ, ഞങ്ങൾ അവരെ തുണി സഞ്ചികൾ കൊണ്ടുപോകാൻ പ്രോത്സാഹിപ്പിക്കുന്നു), സർ.

പ്രധാനമന്ത്രി: അപ്പോൾ നിങ്ങൾ അവരോട് പറയുമോ?

വിദ്യാർത്ഥി: അതെ, സർ.

പ്രധാനമന്ത്രി: അപ്പോൾ ശരി.

പ്രധാനമന്ത്രി:  ഇത് എന്താണ്? ഇത് ഗാന്ധിജിയുടെ കണ്ണടയാണ്, നിങ്ങൾ ശുചിത്വം പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഗാന്ധിജി നിരീക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ ഓർക്കണം, ഗാന്ധിജി തൻ്റെ ജീവിതം മുഴുവൻ ശുചിത്വത്തിനായി സമർപ്പിച്ചു. ആരാണ് കാര്യങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതെന്നും അല്ലാത്തതെന്നും അദ്ദേഹം എപ്പോഴും നിരീക്ഷിക്കുന്നു. സ്വാതന്ത്ര്യവും വൃത്തിയും തിരഞ്ഞെടുക്കേണ്ടി വന്നാൽ താൻ ശുചിത്വം തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. സ്വാതന്ത്ര്യത്തിനുമുപരിയായി അദ്ദേഹം ശുചിത്വത്തിന് എത്രമാത്രം പ്രാധാന്യം നൽകിയിരുന്നുവെന്ന് ഇത് കാണിക്കുന്നു. ഇനി പറയൂ, നമ്മുടെ ശുചിത്വ ക്യാമ്പയിൻ മുന്നോട്ട് പോകണോ?

വിദ്യാർത്ഥി: അതെ സർ, നാം അത് മുന്നോട്ട് കൊണ്ടുപോകണം.

പ്രധാനമന്ത്രി: അപ്പോൾ, ശുചിത്വം ഒരു പരിപാടി മാത്രമായിരിക്കണമോ അതോ അതൊരു ശീലമാക്കണമോ, എന്താണ് നിങ്ങൾ കരുതുന്നത്?

വിദ്യാർത്ഥി: ഇത് ഒരു ശീലമായി മാറണം.

പ്രധാനമന്ത്രി: നന്നായി. ഈ ശുചീകരണ യജ്ഞം മോദിജിയുടെ പരിപാടിയാണെന്ന് ചിലർ വിശ്വസിക്കുന്നു, എന്നാൽ ശുചിത്വം ഒരു ദിവസത്തെ ദൗത്യമല്ല, ഒരു വ്യക്തിയുടെയോ ഒരു കുടുംബത്തിൻ്റെയോ മാത്രം ഉത്തരവാദിത്തമല്ല എന്നതാണ് സത്യം. ഇത് ആജീവനാന്ത പ്രതിബദ്ധതയാണ്-വർഷത്തിൽ 365 ദിവസവും, നമ്മൾ ജീവിക്കുന്നിടത്തോളം. ഇതിന് നമുക്ക് എന്താണ് വേണ്ടത്? നമുക്ക് ഒരു ചിന്താഗതി വേണം, ഒരു മന്ത്രം. രാജ്യത്തെ ഓരോ പൗരനും മാലിന്യങ്ങൾ സൃഷ്ടിക്കില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക. എന്ത് സംഭവിക്കും?

വിദ്യാർത്ഥി: അപ്പോൾ ശുചിത്വം സ്ഥാപിക്കപ്പെടും.

പ്രധാനമന്ത്രി: തീർച്ചയായും. അതിനാൽ, നിങ്ങൾ ഇപ്പോൾ എന്ത് ശീലം വളർത്തിയെടുക്കണം? മാലിന്യം സൃഷ്ടിക്കാത്ത ശീലം-ഇതാണ് ആദ്യപടി. മനസ്സിലായോ?

വിദ്യാർത്ഥി: അതെ, സർ.

***



(Release ID: 2061515) Visitor Counter : 11