പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഝാര്‍ഖണ്ഡിലെ ടാറ്റാനഗറില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍/ സമര്‍പ്പണ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 15 SEP 2024 1:21PM by PIB Thiruvananthpuram

ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീ സന്തോഷ് ഗാങ്വാര്‍ ജി, എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശിവരാജ് സിംഗ് ചൗഹാന്‍ ജി, അന്നപൂര്‍ണാ ദേവി ജി, സഞ്ജയ് സേത്ത് ജി, എംപി വിദ്യുത് മഹ്‌തോ ജി, സംസ്ഥാന മന്ത്രി ഇര്‍ഫാന്‍ അന്‍സാരി ജി, ഝാര്‍ഖണ്ഡ് ബിജെപി പ്രസിഡന്റ് ബാബുലാല്‍ മറാണ്ഡി ജി, ഓള്‍ ഝാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സുദേഷ് മഹ്‌തോ ജി, എം എല്‍ എമാര്‍, മറ്റ് വിശിഷ്ടാതിഥികളേ, സഹോദരീ സഹോദരന്മാരേ,

ബാബ ബൈദ്യനാഥിന്റെയും ബാബ ബസുകിനാഥിന്റെയും പാദങ്ങളില്‍ ഞാന്‍ വണങ്ങുന്നു. ധീരനായ ബിര്‍സ മുണ്ടയുടെ നാടിനും ഞാന്‍ ആദരങ്ങള്‍  അര്‍പ്പിക്കുന്നു. ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. നിലവില്‍, ഝാര്‍ഖണ്ഡ് പ്രകൃതിയെ ആരാധിക്കുന്ന കര്‍മ്മ ഉത്സവം ആഘോഷിക്കുകയാണ്. ഇന്ന് രാവിലെ റാഞ്ചി വിമാനത്താവളത്തിൽ എത്തിയപ്പോള്‍ കര്‍മ്മ ഉത്സവത്തിന്റെ പ്രതീകമായ ജാവ നല്‍കി ഒരു സഹോദരി എന്നെ സ്വീകരിച്ചു. ഈ വിശേഷനാളില്‍ സഹോദരിമാര്‍ തങ്ങളുടെ സഹോദരങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നു. കര്‍മ്മ ഉത്സവത്തോടനുബന്ധിച്ച് ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. ഈ ശുഭദിനത്തില്‍ ഝാര്‍ഖണ്ഡിന് വികസനത്തിന്റെ പുതിയ അനുഗ്രഹം ലഭിച്ചു. ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍, 650 കോടിയിലധികം രൂപയുടെ റെയില്‍വേ പദ്ധതികള്‍, കണക്റ്റിവിറ്റി, യാത്രാ സൗകര്യങ്ങളുടെ വിപുലീകരണം, ഇതിനെല്ലാം പുറമേ, ഝാര്‍ഖണ്ഡിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ സ്വന്തം പക്ക വീടുകള്‍ ലഭിക്കും. ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഝാര്‍ഖണ്ഡിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ വന്ദേഭാരത് ട്രെയിനുകളുമായി ബന്ധിപ്പിക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ആധുനിക സൗകര്യങ്ങളും വികസനവും രാജ്യത്തെ ചില നഗരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങള്‍ ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിലും പിന്നിലാണ്. എന്നിരുന്നാലും, 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രം രാജ്യത്തിന്റെ ചിന്താഗതിയെയും മുന്‍ഗണനകളെയും മാറ്റിമറിച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ മുന്‍ഗണന പാവപ്പെട്ടവര്‍ക്കാണ്. ഇപ്പോള്‍ രാജ്യത്തിന്റെ മുന്‍ഗണന ആദിവാസി സമൂഹങ്ങള്‍ക്കാണ്. ഇപ്പോള്‍, രാജ്യത്തിന്റെ മുന്‍ഗണന ദളിതര്‍, അധഃസ്ഥിതര്‍, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കാണ്. ഇപ്പോള്‍, രാജ്യത്തിന്റെ മുന്‍ഗണന സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഝാര്‍ഖണ്ഡിനും വന്ദേ ഭാരത് പോലുള്ള ഹൈടെക് ട്രെയിനുകളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നത്.

സുഹൃത്തുക്കളേ,

ഇന്ന്, എല്ലാ സംസ്ഥാനങ്ങളും നഗരങ്ങളും ദ്രുതഗതിയിലുള്ള വികസനത്തിന് വന്ദേ ഭാരത് പോലുള്ള അതിവേഗ ട്രെയിനുകള്‍ ആഗ്രഹിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, വടക്കന്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള 3 പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഞാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ന് ടാറ്റാനഗറില്‍ നിന്ന് പട്ന, ടാറ്റാനഗര്‍ മുതല്‍ ഒഡീഷയിലെ ബ്രഹ്‌മപൂര്‍, റൂര്‍ക്കേല മുതല്‍ ടാറ്റാനഗര്‍ വരെ ഹൗറ, ഭഗല്‍പൂരില്‍ നിന്ന് ദുംകയില്‍ നിന്ന് ഹൗറയിലേക്ക്, ദിയോഘറില്‍ നിന്ന് ഗയയിലേക്ക് വാരണാസിയിലേക്കും, ഗയയില്‍ നിന്ന് കോഡെര്‍മ-പരസ്നാഥ്-ധന്‍ബാദില്‍ നിന്ന് ഹൗറയിലേക്കും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സര്‍വീസുകള്‍ ആരംഭിച്ചു. . ഭവന വിതരണ പരിപാടി സ്റ്റേജില്‍ നടക്കുന്നതിനിടെ, ഞാന്‍ ഈ വന്ദേ ഭാരത് ട്രെയിനുകളും ഫ്‌ളാഗ് ഓഫ് ചെയ്തു, അവ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു. കിഴക്കന്‍ ഇന്ത്യയില്‍ റെയില്‍ കണക്റ്റിവിറ്റി വിപുലീകരിക്കുന്നത് ഈ പ്രദേശത്തിന്റെ മുഴുവന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും. ഈ ട്രെയിനുകള്‍ വ്യാപാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യും. ഇത് ഇവിടുത്തെ സാമ്പത്തിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യും. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദശലക്ഷക്കണക്കിന് ഭക്തര്‍ രാജ്യത്തിന്റെയും ലോകത്തിന്റേയും വിവിധ ഭാഗങ്ങളില്‍ നിന്നും കാശിയിലേക്ക് വരുന്നു. വന്ദേ ഭാരത് ട്രെയിനുകള്‍ കാശിയില്‍ നിന്ന് ദിയോഘറിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനാല്‍, അവരില്‍ പലരും ബാബ ബൈദ്യനാഥിനെ സന്ദര്‍ശിക്കുകയും ചെയ്യും. ഇത് ഇവിടെ ടൂറിസം പ്രോത്സാഹിപ്പിക്കും. രാജ്യത്തെ ഒരു പ്രധാന വ്യവസായ കേന്ദ്രമാണ് ടാറ്റാനഗര്‍. നല്ല ഗതാഗത സൗകര്യങ്ങള്‍ അതിന്റെ വ്യാവസായിക വികസനം കൂടുതല്‍ ത്വരിതപ്പെടുത്തും. ടൂറിസവും വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നതോടെ ഝാര്‍ഖണ്ഡിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും വര്‍ധിക്കും.

സുഹൃത്തുക്കളേ,

ദ്രുതഗതിയിലുള്ള വികസനത്തിന് ആധുനിക റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ടാണ് നിരവധി പുതിയ പദ്ധതികളും ഇന്ന് ഇവിടെ ആരംഭിച്ചിരിക്കുന്നത്. മധുപൂര്‍ ബൈപാസ് ലൈനിന് തറക്കല്ലിട്ടു. പൂര്‍ത്തിയായാല്‍, ഹൗറ-ഡല്‍ഹി മെയിന്‍ ലൈനില്‍ ട്രെയിനുകള്‍ നിര്‍ത്തേണ്ട ആവശ്യമില്ല. ബൈപാസ് ലൈന്‍ ഗിരിദിഹിനും ജസിദിഹിനുമിടയിലുള്ള യാത്രാ സമയം കുറയ്ക്കും. ഇന്ന് ഹസാരിബാഗ് ടൗണ്‍ കോച്ചിംഗ് ഡിപ്പോയ്ക്കും തറക്കല്ലിട്ടു. നിരവധി പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇത് സഹായിക്കും. കുര്‍കുരിയ മുതല്‍ കനാരോന്‍ വരെയുള്ള റെയില്‍ പാത ഇരട്ടിപ്പിക്കുന്നത് ജാര്‍ഖണ്ഡിലെ റെയില്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്തും. ഈ വിഭാഗത്തിന്റെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കുന്നത് സ്റ്റീല്‍ വ്യവസായവുമായി ബന്ധപ്പെട്ട ചരക്കുകളുടെ ഗതാഗതം എളുപ്പമാക്കും.

സുഹൃത്തുക്കളേ,

ഝാര്‍ഖണ്ഡിന്റെ വികസനത്തിനായി കേന്ദ്ര ഗവൺമെൻ്റ് നിക്ഷേപം വര്‍ധിപ്പിക്കുകയും പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വര്‍ഷം 7,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 10 വര്‍ഷം മുമ്പ് വകയിരുത്തിയ ബജറ്റിനെ അപേക്ഷിച്ച് ഇത് 16 മടങ്ങ് കൂടുതലാണ്. വര്‍ധിച്ച റെയില്‍വേ ബജറ്റിന്റെ ഫലം കാണാം; ഇന്ന്, പുതിയ റെയില്‍ പാതകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള ലൈനുകള്‍ ഇരട്ടിപ്പിക്കുന്നതിനും സംസ്ഥാനത്തെ സ്റ്റേഷനുകളില്‍ ആധുനിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. റെയില്‍വേ ശൃംഖലയുടെ 100 ശതമാനവും വൈദ്യുതീകരിച്ച സംസ്ഥാനങ്ങളില്‍ ഇന്ന് ഝാര്‍ഖണ്ഡും ചേര്‍ന്നു. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമിന് കീഴില്‍, ഝാര്‍ഖണ്ഡിലെ 50 ലധികം റെയില്‍വേ സ്റ്റേഷനുകളും നവീകരിക്കുന്നു.

സുഹൃത്തുക്കളേ,

ഝാര്‍ഖണ്ഡിലെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് പക്കാ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ഗഡുവാണ് ഇന്ന് അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് പക്കാ വീടും നല്‍കിയിട്ടുണ്ട്. വീടുകള്‍ക്കൊപ്പം ശൗചാലയം, വെള്ളം, വൈദ്യുതി, ഗ്യാസ് കണക്ഷനുകള്‍ തുടങ്ങിയ സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. നാം ഓര്‍ക്കണം... ഒരു കുടുംബത്തിന് സ്വന്തമായി വീട് ലഭിക്കുമ്പോള്‍ അവരുടെ ആത്മാഭിമാനം ഉയരുന്നു... അവര്‍ തങ്ങളുടെ വര്‍ത്തമാനകാലത്തെ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മാത്രമല്ല, നല്ല ഭാവിയെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങുന്നു. ഏത് പ്രതിസന്ധിയിലും തങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുണ്ടാകുമെന്ന് അവര്‍ കരുതുന്നു. കൂടാതെ, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ, ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് സ്ഥിരമായ വീടുകള്‍ ലഭിക്കുന്നു മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

2014 മുതല്‍, രാജ്യത്തെ ദരിദ്രര്‍, ദളിതര്‍, അധഃസ്ഥിതര്‍, ആദിവാസി കുടുംബങ്ങള്‍ എന്നിവരെ ശാക്തീകരിക്കുന്നതിന് നിരവധി പ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഝാര്‍ഖണ്ഡ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ആദിവാസി സഹോദരങ്ങള്‍ക്കായി പ്രധാനമന്ത്രി ജന്‍മന്‍ പദ്ധതി നടപ്പാക്കുന്നു. ഈ പദ്ധതി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്രങ്ങളില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നു. ഈ കുടുംബങ്ങള്‍ക്ക് വീടും റോഡും വൈദ്യുതിയും വെള്ളവും വിദ്യാഭ്യാസവും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ എത്തുന്നു. ഈ ശ്രമങ്ങള്‍ ഒരു 'വികസിത് ഝാര്‍ഖണ്ഡ്' (വികസിത ഝാര്‍ഖണ്ഡ്) എന്ന ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്. എല്ലാവരുടെയും അനുഗ്രഹത്തോടെ, ഈ പ്രതിബദ്ധത തീര്‍ച്ചയായും നിറവേറ്റപ്പെടുമെന്നും ഝാര്‍ഖണ്ഡിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ പരിപാടിക്ക് ശേഷം ഞാന്‍ മറ്റൊരു വലിയ പൊതുയോഗത്തിലേക്ക് പോകുകയാണ്. 5-10 മിനിറ്റിനുള്ളില്‍ ഞാന്‍ അവിടെ എത്തും. അവിടെ ഒരു വലിയ കൂട്ടം ആളുകള്‍ എന്നെ കാത്തു നില്‍പ്പുണ്ട്. ഝാര്‍ഖണ്ഡുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ ഞാന്‍ അവിടെ വിശദമായി ചര്‍ച്ച ചെയ്യും. ഞാന്‍ ഝാര്‍ഖണ്ഡിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു, കാരണം ഞാന്‍ റാഞ്ചിയില്‍ എത്തിയെങ്കിലും പ്രകൃതി സഹകരിച്ചില്ല, അതിനാല്‍ ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ പുറപ്പെടാന്‍ എനിക്ക് കഴിയില്ല. എനിക്ക് അവിടെ എത്താന്‍ കഴിയുന്നില്ല, ഇക്കാരണത്താല്‍, ഈ പരിപാടികളെല്ലാം ഇന്ന് ഞാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്യുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഞാന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഒരിക്കല്‍ കൂടി, ഇവിടെ വന്നതിന് എല്ലാവര്‍ക്കും നന്ദി. നമസ്‌കാരം.

****



(Release ID: 2059840) Visitor Counter : 20