പ്രധാനമന്ത്രിയുടെ ഓഫീസ്
ഒഡീഷയിലെ ഭുവനേശ്വറില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍/ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
17 SEP 2024 3:30PM by PIB Thiruvananthpuram
ജയ് ജഗന്നാഥ്!
ജയ് ജഗന്നാഥ്!
ജയ് ജഗന്നാഥ്!
ഒഡീഷ ഗവര്‍ണര്‍, രഘുബര്‍ ദാസ് ജി, ഒഡീഷയിലെ ജനപ്രിയ മുഖ്യമന്ത്രി, മോഹന്‍ മാഞ്ചി ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ജുവല്‍ ഓറം ജി, ധര്‍മേന്ദ്ര പ്രധാന്‍ ജി, അന്നപൂര്‍ണാദേവി ജി, ഒഡീഷ ഉപമുഖ്യമന്ത്രിമാരായ കെ.വി. സിംഗ്ദിയോ ജി, ശ്രീമതി. പ്രവതി പരിദാ ജി, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഞങ്ങളോടൊപ്പം ചേര്‍ന്നിട്ടുള്ള മറ്റെല്ലാ വിശിഷ്ട വ്യക്തികളേ ഒഡീഷയിലെ എന്റെ സഹോദരീസഹോദരന്മാരേ.
ഒഡീഷയിലെ പ്രിയ സഹോദരീ സഹോദരന്മാരെ,
വരാനിരിക്കുന്ന ഉത്സവ സീസണിലേക്ക് എന്റെ ആശംസകള്‍.
ഭഗവാന്‍ ജഗന്നാഥന്റെ കൃപയാല്‍ ഒരിക്കല്‍ കൂടി ഒഡീഷ എന്ന പുണ്യഭൂമിയില്‍ വരാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഭഗവാന്‍ ജഗന്നാഥന്‍ തന്റെ കൃപ ചൊരിയുമ്പോള്‍, ഭഗവാന്‍ ജഗന്നാഥന്റെ അനുഗ്രഹം നമ്മുടെ മേല്‍ വര്‍ഷിക്കുമ്പോള്‍, അത് ജഗന്നാഥനെ സേവിക്കാനുള്ള അവസരവും അതോടൊപ്പം ജനങ്ങളെ സേവിക്കാനുള്ള അവസരവും നല്‍കുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, രാജ്യം മുഴുവന്‍ ഗണേശോത്സവം ആഘോഷിക്കുകയാണ്, ഗണപതിയോട് വിട ചൊല്ലുകയാണ്. ഇന്ന് അനന്ത ചതുര്‍ദശിയുടെ പുണ്യ സന്ദര്‍ഭം കൂടിയാണ്. കൂടാതെ, ഇന്ന് വിശ്വകര്‍മ പൂജയുമാണ്. അധ്വാനവും വൈദഗ്ധ്യവും ഭഗവാന്‍ വിശ്വകര്‍മ്മാവിന്റെ രൂപത്തില്‍ ആരാധിക്കുന്ന ലോകത്തിലെ ഏക രാജ്യം ഭാരതമാണ്. വിശ്വകര്‍മ ജയന്തി ദിനത്തില്‍ എല്ലാ രാജ്യക്കാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ,
അത്തരമൊരു ശുഭദിനത്തില്‍, ഒഡീഷയിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമായി സുഭദ്ര പദ്ധതി ആരംഭിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇതും ഭഗവാന്‍ ജഗന്നാഥന്റെ കൃപയാണ്, മാതാ സുഭദ്രയുടെ പേരില്‍ ഒരു പദ്ധതി ആരംഭിക്കുന്നു, നമ്മെ അനുഗ്രഹിക്കാന്‍ ഇന്ദ്രന്‍ പോലും എത്തിയിരിക്കുന്നു. ഇന്ന്, ജഗന്നാഥന്റെ ഈ ഭൂമിയില്‍ നിന്ന് രാജ്യത്തുടനീളമുള്ള 30 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പക്കാ വീടുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 26 ലക്ഷം വീടുകള്‍ ഗ്രാമങ്ങളിലും 400,000 വീടുകള്‍ നമ്മുടെ രാജ്യത്തെ വിവിധ നഗരങ്ങളിലുമായി നല്‍കിയിട്ടുണ്ട്. ഒഡീഷയുടെ വളര്‍ച്ചയ്ക്കായി ആയിരക്കണക്കിന് കോടി രൂപയുടെ നിരവധി വികസന പദ്ധതികളും ഇന്ന് ഉദ്ഘാടനം ചെയ്യുകയും അടിത്തറ പാകുകയും ചെയ്തു. ഈ അവസരത്തില്‍ നിങ്ങള്‍ക്കും ഒഡീഷയിലെ ജനങ്ങള്‍ക്കും എല്ലാ രാജ്യക്കാര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
ഒഡീഷയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പുതിയ ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി ഞാന്‍ എത്തിയിരുന്നു. അതിനു ശേഷമുള്ള എന്റെ ആദ്യ സന്ദര്‍ശനമാണിത്. ഇവിടെ ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ ഒഡീഷ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ നിങ്ങളോട് പറഞ്ഞു. ഗ്രാമങ്ങളിലെ ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ കുടുംബങ്ങള്‍, ദളിതര്‍, ആദിവാസികള്‍, നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍, പെണ്‍മക്കള്‍, സ്ത്രീകള്‍, അതുപോലെ നമ്മുടെ യുവാക്കളുടെയും-ചെറുപ്പക്കാരായ പുരുഷ സ്ത്രീ ജനങ്ങളുടേയും- കഠിനാധ്വാനികളായ മധ്യവർഗത്തിൻ്റെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. എനിക്ക് ഇതില്‍ വിശ്വാസമുണ്ട്, അത് ഭഗവാന്‍ ജഗന്നാഥന്റെ അനുഗ്രഹത്തോടെയാണ്. ഇന്ന്, ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അഭൂതപൂര്‍വമായ വേഗതയില്‍ നിറവേറ്റുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഞങ്ങളുടെ ഗവണ്‍മെന്റ് രൂപീകരിച്ചാലുടന്‍ ജഗന്നാഥ ക്ഷേത്രത്തിന്റെ നാല് കവാടങ്ങളും തുറക്കുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. ഗവണ്‍മെന്റ് രൂപീകരിച്ച ഉടന്‍ ജഗന്നാഥ ക്ഷേത്ര സമുച്ചയത്തിന്റെ അടഞ്ഞ ഗേറ്റുകള്‍ തുറന്നിട്ടുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കി. ഞങ്ങള്‍ പറഞ്ഞതുപോലെ, ക്ഷേത്രത്തിന്റെ 'രത്‌നഭണ്ഡാരം' (ഖജനാവ്) തുറന്നു. ബി.ജെ.പി ഗവണ്‍മെന്റ് രാവും പകലും ജനസേവനത്തിനായി പ്രവര്‍ത്തിക്കുന്നു. മോഹന്‍ ജിയുടെ നേതൃത്വത്തില്‍, കെ.വി. സിംഗ് ദിയോ ജി, സിസ്റ്റര്‍ പ്രവതി പരിദാ ജി, കൂടാതെ ഗവണ്‍മെന്റിലെ എല്ലാ മന്ത്രിമാരും ജനങ്ങളിലേക്ക് നേരിട്ട് എത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി, എന്റെ മുഴുവന്‍ ടീമിനെയും ഇവിടെയുള്ള എന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
മറ്റൊരു കാരണത്താലും ഇന്ന് പ്രത്യേക ദിനമാണ്. കേന്ദ്രത്തിലെ എന്‍ഡിഎ ഗവണ്‍മെന്റിന് ഇന്ന് 100 ദിവസം തികയുകയാണ്. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനായി ഈ സമയത്ത് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ പാവപ്പെട്ടവര്‍ക്ക് 3 കോടി പക്കാ വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ തീരുമാനമെടുത്തു. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ യുവാക്കള്‍ക്കായി 2 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി പാക്കേജ് പ്രഖ്യാപിച്ചു, ഇത് യുവാക്കള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. ഈ സ്‌കീമിന് കീഴില്‍, സ്വകാര്യ കമ്പനികളില്‍ ആദ്യമായി ജോലി ലഭിക്കുന്ന യുവാക്കള്‍ക്ക് ഗവണ്‍മെന്റ് ആദ്യ ശമ്പളം നല്‍കും. ഒഡീഷ ഉള്‍പ്പെടെ രാജ്യത്തുടനീളം 75,000 പുതിയ മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, 25,000 ഗ്രാമങ്ങളെ നടപ്പാതകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിക്ക് അംഗീകാരം ലഭിച്ചു, ഇത് എന്റെ ഒഡീഷയിലെ ഗ്രാമങ്ങള്‍ക്കും പ്രയോജനപ്പെടും. ഗോത്രവർഗ കാര്യ മന്ത്രാലയത്തിന്റെ ബജറ്റ് ഏകദേശം ഇരട്ടിയായി, രാജ്യത്തുടനീളമുള്ള 60,000 ആദിവാസി ഗ്രാമങ്ങളുടെ വികസനത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ ഗവൺമെൻ്റ് ജീവനക്കാര്‍ക്കായി മികച്ച പെന്‍ഷന്‍ പദ്ധതിയും അവതരിപ്പിച്ചു. കൂടാതെ, ജീവനക്കാര്‍ക്കും കടയുടമകള്‍ക്കും ഇടത്തരം സംരംഭകര്‍ക്കും ആദായനികുതി ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ ഒഡീഷയില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം 11 ലക്ഷം പുതിയ 'ലഖ്പതി ദിദികള്‍' സൃഷ്ടിച്ചു. അടുത്തിടെ, നെല്‍കര്‍ഷകര്‍, എണ്ണക്കുരു കര്‍ഷകര്‍, ഉള്ളി കര്‍ഷകര്‍ എന്നിവര്‍ക്കായി ഒരു സുപ്രധാന തീരുമാനമെടുത്തു. നമ്മുടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ വിദേശ എണ്ണയുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചു. കൂടാതെ, ബസുമതി അരിയുടെ കയറ്റുമതി തീരുവ കുറച്ചു, ഇത് അരി കയറ്റുമതി വര്‍ദ്ധിപ്പിക്കുകയും ബസുമതി അരി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഗുണം ചെയ്യുകയും ചെയ്യും. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഏകദേശം 2 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഖാരിഫ് വിളകളുടെ മിനിമം താങ്ങുവിലയും (എംഎസ്പി) വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ 100 ദിവസങ്ങളില്‍ എല്ലാവരുടെയും പ്രയോജനത്തിനായി നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഏതൊരു രാജ്യവും സംസ്ഥാനവും പുരോഗതി പ്രാപിക്കുന്നത് അതിന്റെ വികസനം അതിന്റെ ജനസംഖ്യയുടെ പകുതി, അതായത് നമ്മുടെ സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉള്‍ക്കൊള്ളുമ്പോഴാണ്. അതിനാല്‍, സ്ത്രീകളുടെ പുരോഗതിയും വളരുന്ന ശക്തിയും ഒഡീഷയുടെ വികസനത്തിനുള്ള മന്ത്രമായിരിക്കും. ഇവിടെ, ഭഗവാന്‍ ജഗന്നാഥനോടൊപ്പം സുഭദ്ര ദേവിയുടെ സാന്നിധ്യം ഈ പാഠം തന്നെ നമ്മെ പഠിപ്പിക്കുന്നു. സുഭദ്രാദേവിയുടെ രൂപത്തിലുള്ള എല്ലാ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും ഞാന്‍ ആദരപൂര്‍വ്വം വണങ്ങുന്നു. പുതിയ ബി.ജെ.പി ഗവണ്‍മെന്റിന്റെ ആദ്യകാല തീരുമാനങ്ങളിലൊന്ന് നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സുഭദ്ര പദ്ധതി സമ്മാനിക്കുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒഡീഷയിലെ ഒരു കോടിയിലധികം സ്ത്രീകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ സ്‌കീമിന് കീഴില്‍, സ്ത്രീകള്‍ക്ക് മൊത്തം 50,000 രൂപ ലഭിക്കും, അത് അവര്‍ക്ക് തവണകളായി നല്‍കും. ഈ പണം അമ്മമാരുടെയും സഹോദരിമാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും-ഇടത്തരക്കാര്‍ ഉള്‍പ്പെട്ടിട്ടില്ല, നേരിട്ട് നിങ്ങള്‍ക്ക്. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി പൈലറ്റ് പദ്ധതിയുമായി ഈ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഡിജിറ്റല്‍ കറന്‍സി വഴി, നിങ്ങള്‍ എല്ലാ സഹോദരിമാര്‍ക്കും നിങ്ങള്‍ ആഗ്രഹിക്കുമ്പോഴെല്ലാം പണം ഡിജിറ്റലായി ചെലവഴിക്കാന്‍ കഴിയും. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ ഡിജിറ്റല്‍ കറന്‍സി പദ്ധതിയുടെ ഭാഗമായതിന് ഒഡീഷയിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സുഭദ്ര സ്‌കീം എന്റെ അമ്മമാരെയും സഹോദരിമാരെയും ശാക്തീകരിക്കട്ടെ, അവരോടൊപ്പം ഉണ്ടായിരിക്കാന്‍ സുഭദ്രാ ദേവിയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
ഒഡീഷയിലെ ഓരോ അമ്മയിലും സഹോദരിയിലും മകളിലും സുഭദ്ര പദ്ധതി എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനത്തുടനീളം വിവിധ കാമ്പെയ്നുകള്‍ നടക്കുന്നുണ്ടെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കുകയും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകരും ഈ സേവന കാമ്പയിനില്‍ ആവേശത്തോടെ പങ്കെടുക്കുന്നുണ്ട്. ഈ ബോധവല്‍ക്കരണ യജ്ഞത്തില്‍ പ്രയത്‌നിച്ച ഗവൺമെൻ്റിനും ഭരണസംവിധാനത്തിനും ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ലക്ഷക്കണക്കിന് ബി.ജെ.പി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മറ്റൊരു പ്രതിഫലനമാണ് പി എം ആവാസ് യോജന. ഈ പദ്ധതിയിലൂടെ ഇപ്പോള്‍ ചെറിയ ഗ്രാമങ്ങളില്‍ പോലും സ്ത്രീകളുടെ പേരില്‍ സ്വത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഇന്ന്, രാജ്യത്തുടനീളം ഏകദേശം 30 ലക്ഷം കുടുംബങ്ങള്‍ക്ക് അവരുടെ പുതിയ വീടുകള്‍ കൈമാറി. നമ്മുടെ ഗവണ്‍മെന്റിന്റെ ഈ മൂന്നാം ടേമില്‍ ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ടെങ്കിലും, ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ 15 ലക്ഷം പുതിയ ഗുണഭോക്താക്കള്‍ക്ക് അംഗീകാരപത്രങ്ങള്‍ വിതരണം ചെയ്തു. 10 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറിയിട്ടുണ്ട്, കൂടാതെ ഒഡീഷയിലെ ജഗന്നാഥന്റെ ഈ പുണ്യഭൂമിയില്‍ നിന്നാണ് ഈ മംഗളകരമായ പ്രവൃത്തി ആരംഭിച്ചത്. ഒഡീഷയിലെ ദരിദ്രരായ നിരവധി കുടുംബങ്ങൾ ഈ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഇന്ന് സ്ഥിരമായ ഒരു വീട് ലഭിച്ച അല്ലെങ്കില്‍ ലഭിക്കുമെന്ന് ഉറപ്പുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക്, ഇത് അവരുടെ ജീവിതത്തില്‍ ഒരു പുതിയ തുടക്കവും ഉറച്ച തുടക്കവും അടയാളപ്പെടുത്തുന്നു.
സഹോദരീ സഹോദരന്മാരേ,
ഇവിടെ വരുന്നതിന് മുമ്പ് ഒരു ആദിവാസി കുടുംബത്തിന്റെ ഗൃഹപ്രവേശ ചടങ്ങിന് ഞാന്‍ പോയിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഈ കുടുംബത്തിന് പുതിയ വീടും ലഭിച്ചിട്ടുണ്ട്. അവരുടെ മുഖത്തെ സന്തോഷവും അവര്‍ അനുഭവിച്ച സംതൃപ്തിയും എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യങ്ങളാണ്. ആ ആദിവാസി കുടുംബത്തിലെ സഹോദരി സന്തോഷത്തോടെ എനിക്ക് 'ഖീര്‍' (അരി പുട്ട്) വാഗ്ദാനം ചെയ്തു! ഞാന്‍ ഖീര്‍ കഴിക്കുമ്പോള്‍, അത് സ്വാഭാവികമായും എന്റെ അമ്മയെ ഓര്‍മ്മിപ്പിച്ചു. എന്റെ അമ്മ ജീവിച്ചിരിക്കുമ്പോള്‍, എന്റെ ജന്മദിനത്തില്‍, അവരുടെ അനുഗ്രഹം വാങ്ങാന്‍ ഞാന്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു, അവർ എപ്പോഴും എനിക്ക് ശര്‍ക്കര നൽകുമായിരുന്നു. അമ്മ ഇപ്പോള്‍ കൂടെയില്ലെങ്കിലും ഇന്ന് എന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു ആദിവാസി അമ്മ എനിക്ക് ഖീര്‍ ഊട്ടുകയും അനുഗ്രഹിക്കുകയും ചെയ്തു. ഈ അനുഭവം, ഈ അനുഭൂതി, എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ സൂക്ഷിക്കുന്ന ഒന്നാണ്. ദരിദ്രരുടെയും ദലിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഗോത്രവര്‍ഗക്കാരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍-അവരുടെ സന്തോഷം-എനിക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യാനുള്ള ഊര്‍ജം നല്‍കുന്നു.
സുഹൃത്തുക്കളേ,
വികസിത സംസ്ഥാനമാകാന്‍ ആവശ്യമായതെല്ലാം ഒഡീഷയിലുണ്ട്. യുവാക്കളുടെ കഴിവുകള്‍, സ്ത്രീകളുടെ കരുത്ത്, പ്രകൃതി വിഭവങ്ങള്‍, വ്യവസായങ്ങള്‍ക്കുള്ള അവസരങ്ങള്‍, വിനോദസഞ്ചാരത്തിനുള്ള അപാരമായ സാധ്യതകള്‍ - ഒഡീഷയ്ക്ക് എന്താണ് കുറവ്? കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഞങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റില്‍ മാത്രമായിരുന്നപ്പോള്‍ പോലും, ഒഡീഷ ഞങ്ങള്‍ക്ക് എത്രത്തോളം മുന്‍ഗണനയാണെന്ന് ഞങ്ങള്‍ തെളിയിച്ചു. 10 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ഇന്ന് ഒഡീഷയ്ക്ക് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്നത്. ഒഡീഷയില്‍ മുമ്പ് നടപ്പാക്കിയിട്ടില്ലാത്ത പദ്ധതികളും ഇപ്പോള്‍ നടപ്പിലാക്കുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ഒഡീഷയിലെ ജനങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. മാത്രവുമല്ല, 70 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് 5 ലക്ഷം രൂപ വരെ ചികിത്സയും സൗജന്യമാക്കി അവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള പരിചരണം. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മോദി നിങ്ങള്‍ക്ക് ഈ വാഗ്ദാനം നല്‍കിയിരുന്നു, മോദി തന്റെ ഉറപ്പ് നിറവേറ്റി.
സുഹൃത്തുക്കളെ,
ദാരിദ്ര്യത്തിനെതിരായ ബിജെപിയുടെ പ്രചാരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഒഡീഷയില്‍ താമസിക്കുന്ന ദളിത്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ആദിവാസി വിഭാഗങ്ങളാണ്. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരു പ്രത്യേക മന്ത്രാലയം സ്ഥാപിക്കുക, അവര്‍ക്ക് അവരുടെ വേരുകള്‍, വനങ്ങള്‍, ഭൂമി എന്നിവയില്‍ അവകാശം നല്‍കുക, ആദിവാസി യുവാക്കള്‍ക്ക് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കുക, അല്ലെങ്കില്‍ ഒഡീഷയില്‍ നിന്നുള്ള ഒരു ആദിവാസി സ്ത്രീയെ രാജ്യത്തിന്റെ ബഹുമാനപ്പെട്ട രാഷ്ട്രപതിയായി തിരഞ്ഞെടുക്കുക. -ഇവ ഞങ്ങള്‍ ആദ്യമായി എടുത്ത സംരംഭങ്ങളാണ്.
സുഹൃത്തുക്കളേ,
ഒഡീഷയില്‍ തലമുറകളായി വികസനം നിഷേധിക്കപ്പെട്ട നിരവധി ആദിവാസി മേഖലകളും ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് പ്രധാനമന്ത്രി ജന്‍മന്‍ യോജന ആരംഭിച്ചു. ഒഡീഷയില്‍ ഇത്തരത്തില്‍ 13 ആദിവാസി സമൂഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ജന്‍മന്‍ യോജനയ്ക്ക് കീഴില്‍, വികസന പരിപാടികള്‍ ഈ സമൂഹങ്ങളിലെല്ലാം എത്തുന്നുവെന്ന് ഗവണ്‍മെന്റ് ഉറപ്പാക്കുന്നു. കൂടാതെ, സിക്കിള്‍ സെല്‍ അനീമിയയില്‍ നിന്ന് ആദിവാസി മേഖലകളെ മോചിപ്പിക്കുന്നതിനുള്ള ഒരു കാമ്പയിന്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 13 ലക്ഷത്തിലധികം ആളുകളെ ഈ കാമ്പെയ്നിന് കീഴില്‍ പരിശോധിച്ചു.
സഹോദരീ സഹോദരന്മാരേ,
മുമ്പെങ്ങുമില്ലാത്തവിധം പരമ്പരാഗത വൈദഗ്ധ്യങ്ങളുടെ സംരക്ഷണത്തിലും ഇന്ന് നമ്മുടെ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നൂറുകണക്കിന്, ആയിരക്കണക്കിന് വര്‍ഷങ്ങളായി, കൊല്ലപ്പണിക്കാര്‍, കുശവന്‍, സ്വര്‍ണ്ണപ്പണിക്കാര്‍, ശില്‍പികള്‍ തുടങ്ങിയ ആളുകള്‍ നമ്മുടെ സമൂഹത്തില്‍ നിലവിലുണ്ട്. അത്തരം 18 തൊഴിലുകള്‍ മനസ്സില്‍ വെച്ചുകൊണ്ട്, കഴിഞ്ഞ വര്‍ഷം വിശ്വകര്‍മ ദിനത്തില്‍ വിശ്വകര്‍മ യോജന ആരംഭിച്ചു. 13,000 കോടി രൂപയാണ് ഈ പദ്ധതിക്കായി ഗവൺമെൻ്റ് ചെലവഴിക്കുന്നത്. ഇതുവരെ 20 ലക്ഷം പേര്‍ ഇതിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പദ്ധതിയിലൂടെ വിശ്വകര്‍മ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആയിരക്കണക്കിന് രൂപ നല്‍കുകയും ബാങ്കുകളില്‍ നിന്ന് ഈടില്ലാത്ത വായ്പകള്‍ നല്‍കുകയും ചെയ്യുന്നു. ആരോഗ്യസുരക്ഷ മുതല്‍ ദരിദ്രര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ വരെ, ഈ ഉറപ്പുകളും അവരുടെ ജീവിതത്തില്‍ അവര്‍ കൊണ്ടുവരുന്ന മാറ്റങ്ങളും ഒരു 'വികസിത ഭാരത'ത്തിന്റെ (വികസിത ഇന്ത്യ) യഥാര്‍ത്ഥ ശക്തിയായി മാറും.
സുഹൃത്തുക്കളേ,
ഒഡീഷയ്ക്ക് ഇത്രയും വിശാലമായ തീരപ്രദേശവും സമൃദ്ധമായ ധാതുസമ്പത്തും പ്രകൃതി സമ്പത്തും ഉണ്ട്. ഈ വിഭവങ്ങളെ ഒഡീഷയുടെ ശക്തിയാക്കി മാറ്റണം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒഡീഷയുടെ റോഡ്, റെയില്‍വേ കണക്റ്റിവിറ്റി പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇന്ന്, റെയില്‍, റോഡ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലംജിഗഡ് റോഡ്-അംബോദല-ദിക്കുലു റെയില്‍ പാത രാജ്യത്തിന് സമര്‍പ്പിക്കാനുള്ള സവിശേഷ ഭാഗ്യം എനിക്ക് ലഭിച്ചു. ലക്ഷ്മിപൂര്‍ റോഡ്-സിങ്കാരം-തിക്കിരി റെയില്‍ പാതയും ഇന്ന് സമര്‍പ്പിക്കും. ഇതോടൊപ്പം ധെങ്കനാല്‍-സദാശിബ്പൂര്‍-ഹിന്ദോള്‍ റെയില്‍ പാതയും രാജ്യത്തിന് സമര്‍പ്പിക്കുന്നു. പാരദീപില്‍ നിന്നുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജയ്പൂര്‍-നുവാപാഡ പുതിയ റെയില്‍വേ ലൈനിന് തറക്കല്ലിട്ടതിന്റെ സവിശേഷ ഭാഗ്യവും എനിക്കായിരുന്നു. ഈ പദ്ധതികള്‍ ഒഡീഷയിലെ യുവാക്കള്‍ക്ക് നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പുരി-കൊണാര്‍ക്ക് റെയില്‍ പാതയുടെ പണിയും ദ്രുതഗതിയില്‍ ആരംഭിക്കുന്ന ദിവസം വിദൂരമല്ല. ഹൈടെക് 'നമോ ഭാരത് റാപ്പിഡ് റെയില്‍' ഉടന്‍ ഒഡീഷയില്‍ എത്തും. ഈ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒഡീഷയ്ക്ക് അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറക്കും.
സുഹൃത്തുക്കളേ,
ഇന്ന് സെപ്റ്റംബര്‍ 17, രാജ്യം ഹൈദരാബാദ് വിമോചന ദിനവും ആചരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നമ്മുടെ രാജ്യം വിദേശശക്തികള്‍ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന അവസ്ഥയിലായിരുന്നു. അധികാരത്തിനായി രാജ്യത്തെ വിഭജിക്കാന്‍ അവസരവാദികള്‍ തയ്യാറായി. ആ സാഹചര്യത്തില്‍ സര്‍ദാര്‍ പട്ടേല്‍ മുന്നോട്ട് വരികയും രാജ്യത്തെ ഒന്നിപ്പിക്കാന്‍ അസാധാരണമായ ഇച്ഛാശക്തി കാണിക്കുകയും ചെയ്തു. സെപ്തംബര്‍ 17 ന്, ഭാരത് വിരുദ്ധ തീവ്രവാദ ശക്തികളെ മറികടന്ന് ഹൈദരാബാദ് മോചിപ്പിക്കപ്പെട്ടു. അതിനാല്‍, ഹൈദരാബാദ് വിമോചന ദിനം ഒരു തീയതി മാത്രമല്ല. ദേശീയ അഖണ്ഡതയ്ക്കും രാഷ്ട്രത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങള്‍ക്കും ഇത് പ്രചോദനമാണ്.
സുഹൃത്തുക്കളേ,
ഈ സുപ്രധാന ദിനത്തില്‍, രാജ്യത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന വെല്ലുവിളികളിലേക്കും നാം ശ്രദ്ധിക്കണം. ഗണപതി ബാപ്പയ്ക്ക് വിട ചൊല്ലുമ്പോള്‍, ഇതുമായി ബന്ധപ്പെട്ട ഒരു വിഷയം ഞാന്‍ ഉന്നയിക്കുന്നു. ഗണേശോത്സവം നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ മാത്രം ഉത്സവമല്ല. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും ഇത് ഒരു പ്രധാന പങ്ക് വഹിച്ചു. ബ്രിട്ടീഷുകാര്‍ അധികാര ദാഹം മൂലം രാജ്യത്തെ വിഭജിക്കുമ്പോള്‍, വര്‍ഗീയ വിദ്വേഷം 'ഭിന്നിപ്പിക്കാനും ഭരിക്കാനും' ആയുധമാക്കി ലോകമാന്യ തിലക് ഗണേശ ചതുര്‍ത്ഥിയുടെ പൊതു ആഘോഷങ്ങളിലൂടെ ഭാരതത്തിന്റെ ആത്മാവിനെ ഉണര്‍ത്തി. ജാതി, വിവേചനം, വ്യത്യാസങ്ങള്‍ എന്നിവയ്ക്ക് അതീതമായി ഉയരാന്‍ നമ്മുടെ മതം നമ്മെ പഠിപ്പിക്കുന്നു, ഗണേശ ചതുര്‍ത്ഥി അതിന്റെ പ്രതീകമായി മാറി. ഇന്നും ഗണേശ ചതുര്‍ത്ഥി സമയത്ത് എല്ലാവരും പങ്കെടുക്കും. വിവേചനമില്ല, വ്യത്യാസമില്ല; മുഴുവന്‍ സമൂഹവും ശക്തമായ ഒരു ശക്തിയായി ഒറ്റക്കെട്ടായി നില്‍ക്കുന്നു.
സഹോദരീ സഹോദരന്മാരേ,
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം പിന്തുടരുന്ന ബ്രിട്ടീഷുകാര്‍ക്ക് അന്നും ഗണേശോത്സവം പ്രതിഷേധാര്‍ഹമായിരുന്നു. സമൂഹത്തെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും ശ്രമിക്കുന്ന അധികാരമോഹികളും ഇന്ന് ഗണേശപൂജയാല്‍ വിഷമിക്കുന്നു. ഞാന്‍ ഗണേശ ആരാധനയില്‍ പങ്കെടുത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസും അതിന്റെ സംവിധാനങ്ങളും ഇളകിമറിഞ്ഞത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കൂടാതെ, തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലുള്ള കര്‍ണാടകയില്‍, ഗണപതിയുടെ പ്രതിമ തടവിലാക്കിയതിലൂടെ അവര്‍ അതിലും വലിയ കുറ്റകൃത്യം ചെയ്തു. ആ ചിത്രങ്ങള്‍ കണ്ട് രാജ്യം മുഴുവന്‍ ഞെട്ടി. ഈ വിദ്വേഷ മനോഭാവവും സമൂഹത്തില്‍ വിഷം പരത്തുന്ന മാനസികാവസ്ഥയും നമ്മുടെ നാടിന് അപകടകരമാണ്. അതുകൊണ്ട് തന്നെ ഇത്തരം വിദ്വേഷ ശക്തികളെ മുന്നേറാന്‍ അനുവദിക്കരുത്.
സുഹൃത്തുക്കളേ,
നമുക്ക് ഒരുമിച്ച് നിരവധി സുപ്രധാന നാഴികക്കല്ലുകള്‍ നേടേണ്ടതുണ്ട്. ഒഡീഷയെയും നമ്മുടെ രാജ്യത്തെയും വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഒഡീഷ നിവാസികള്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഒഡീഷ കാണാന്‍ അര്‍ഹരാണ്. വരും കാലങ്ങളില്‍ വികസനത്തിന്റെ വേഗം കൂടുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു. എന്നോടൊപ്പം പറയൂ -
ജയ് ജഗന്നാഥ്!
ജയ് ജഗന്നാഥ്!
ജയ് ജഗന്നാഥ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
വളരെ നന്ദി.
****
(Release ID: 2059833)
Visitor Counter : 30
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada