പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ക്വാഡ് നേതൃത്വ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗത്തിന്റെ പരിഭാഷ

Posted On: 22 SEP 2024 2:39AM by PIB Thiruvananthpuram

 


ബഹുമാന്യരെ,
പ്രസിഡന്റ് ബൈഡന്‍,
പ്രധാനമന്ത്രി കിഷിദ,
ഒപ്പം
പ്രധാനമന്ത്രി അല്‍ബനീസ്.

എന്റെ മൂന്നാം ടേമിന്റെ തുടക്കത്തില്‍, എന്റെ സുഹൃത്തുക്കളോടൊപ്പം ഇന്നത്തെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ക്വാഡിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കാന്‍ പ്രസിഡന്റ് ബൈഡന്റെ സ്വന്തം നഗരമായ വില്‍മിംഗ്ടണിനെക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ല. ആംട്രാക് ജോ എന്ന നിലയില്‍ ഈ നഗരവുമായും 'ഡെലാവെയറുമായും' ബന്ധപ്പെട്ടിരിക്കുന്ന നിങ്ങള്‍ ക്വാഡുമായി സമാനമായ ഒരു ബന്ധം വളര്‍ത്തിയെടുത്തു.

നിങ്ങളുടെ നേതൃത്വത്തില്‍ ആദ്യത്തെ ഉച്ചകോടി 2021-ല്‍ നടന്നു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ നാം എല്ലാ മുന്നണികളിലേക്കും നമ്മുടെ സഹകരണം അഭൂതപൂര്‍വമായ രീതിയില്‍ വിപുലീകരിച്ചു. നിങ്ങളുടെ വ്യക്തിപരമായ ഇടപെടല്‍ ഈ നേട്ടത്തില്‍ നിര്‍ണായകമാണ്. ക്വാഡിനോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും നിങ്ങളുടെ നേതൃത്വത്തിനും നിങ്ങളുടെ സംഭാവനയ്ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

സുഹൃത്തുക്കളെ,

ലോകം പിരിമുറുക്കങ്ങളാലും സംഘര്‍ഷങ്ങളാലും വലയം ചെയ്യപ്പെട്ടിരിക്കുന്ന സമയത്താണ് നമ്മുടെ കൂടിക്കാഴ്ച നടക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, മാനവികതയുടെ മഹത്തായ നന്മയ്ക്കായി നമ്മുടെ പൊതു ജനാധിപത്യ മൂല്യങ്ങള്‍ക്ക് ചുറ്റും ഐക്യപ്പെടേണ്ടത് ക്വാഡിന് നിര്‍ണായകമാണ്. നമ്മള്‍ ആര്‍ക്കും എതിരല്ല. നിയമാധിഷ്ഠിതമായ അന്താരാഷ്ട്ര ക്രമം, പരമാധികാരത്തോടും പ്രദേശിക സമഗ്രതയോടുമുള്ള ബഹുമാനം, എല്ലാ പ്രശ്നങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നീ കാര്യങ്ങള്‍ക്കു നാമെല്ലാവരും പിന്തുണ നല്‍കുന്നു.

സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതും സമൃദ്ധവുമായ ഇന്തോ-പസഫിക് നമ്മുടെ പൊതു മുന്‍ഗണനയും പ്രതിബദ്ധതയുമാണ്. ആരോഗ്യം, സുരക്ഷ, നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍, കാലാവസ്ഥാ വ്യതിയാനം, ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ നാം കൂട്ടായി സഹകരിച്ച് സൃഷ്ടിപരവും  ഉള്‍ച്ചേര്‍ത്തതുമായ സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. നമ്മുടെ സന്ദേശം ഒരേ ശബ്ദത്തിലുള്ളതാണ്: നിലനിർത്താനും സഹായിക്കാനും പങ്കാളിയാകാനും പൂരകമാക്കാനും ക്വാഡ് ഇവിടെയുണ്ട്.

ഒരിക്കല്‍ കൂടി, പ്രസിഡന്റ് ബൈഡനും എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2025-ല്‍ ഇന്ത്യയില്‍ ക്വാഡ് നേതാക്കളുടെ ഉച്ചകോടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

വളരെ നന്ദി.

****



(Release ID: 2057687) Visitor Counter : 18