മന്ത്രിസഭ
azadi ka amrit mahotsav

വൻകുതിച്ചുചാട്ടത്തിനൊരുങ്ങി മാധ്യമ-വിനോദ മേഖല


അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി (AVGC-XR) എന്നിവയ്‌ക്കായി മികവിന്റെ ദേശീയ കേന്ദ്രം (NCoE) സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അനുമതി

സാമ്പത്തിക വളർച്ചയും തൊഴിലവസരവും ഉറപ്പാക്കാൻ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗവൺമെന്റിന്റെ പ്രോത്സാഹനം

അത്യാധുനിക ഉള്ളടക്കം നൽകുന്ന ഉള്ളടക്ക കേന്ദ്രമായി ഇന്ത്യയെ മാറ്റി, ആഗോളതലത്തിൽ ഇന്ത്യയുടെ സോഫ്റ്റ്പവർ വർദ്ധിപ്പിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും മികവിന്റെ ദേശീയ കേന്ദ്രം ലക്ഷ്യമിടുന്നു

Posted On: 18 SEP 2024 3:25PM by PIB Thiruvananthpuram

അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി (AVGC-XR) എന്നിവയ്‌ക്കായി മികവിന്റെ ദേശീയ കേന്ദ്രം (NCoE) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. കമ്പനി നിയമം 2013-ന് കീഴിലെ സെക്ഷൻ എട്ട് പ്രകാരമുള്ള കമ്പനിയായി സ്ഥാപിക്കുന്ന ഈ കേന്ദ്രത്തിൽ, വ്യവസായ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും കേന്ദ്ര ഗവൺമെന്റിനൊപ്പം പങ്കാളികളായി വർത്തിക്കും. മഹാരാഷ്ട്രയിലെ മുംബൈയിലാണ് NCoE സ്ഥാപിക്കുക. കൂടാതെ രാജ്യത്ത് AVGC കർമ സേന രൂപീകരിക്കുമെന്ന കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രിയുടെ 2022-23 ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് ഇത് സ്ഥാപിതമാകുന്നത്.

ചലച്ചിത്ര നിർമാണം, ഓവർ ദി ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകൾ, ഗെയിമിംഗ്, പരസ്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം എന്നിവയുൾപ്പെടെ നിരവധി മേഖലകളടങ്ങുന്ന മാധ്യമ, വിനോദ രംഗത്ത്  ഇന്ന് AVGC-XR സാങ്കേതികവിദ്യ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നു. അതിവേഗം വികസിക്കുന്ന സാങ്കേതികവിദ്യയും രാജ്യത്തുടനീളം വർദ്ധിക്കുന്ന ഇന്റർനെറ്റ് ഉപയോഗവും ഏറ്റവും വിലകുറഞ്ഞ ഡാറ്റാ നിരക്കുകളും പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ AVGC-XR-ന്റെ ഉപയോഗം അതിവേഗം വളരുകയാണ്.

AVGC-XR മേഖലയുടെ വളർച്ച

 ഈ ദ്രുതഗതിയിലുള്ള വേഗത നിലനിർത്തുന്നതിനും ഒപ്പം രാജ്യത്ത് AVGC-XR ആവാസവ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനുമുള്ള ഏറ്റവും മികച്ച സ്ഥാപനമായി പ്രവർത്തിക്കാനാണ് മികവിന്റെ ദേശീയ കേന്ദ്രം സ്ഥാപിക്കുന്നത്.അത്യാധുനിക AVGC-XR സാങ്കേതികവിദ്യകളിൽ ഏറ്റവും ആധുനിക രീതികൾ ഉപയോഗിച്ച് അമച്വർ- പ്രൊഫഷണൽ കലാകാരന്മാരെ സജ്ജരാക്കുന്നതിന് NCoE പ്രത്യേക പരിശീലന-പഠന പരിപാടികൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുകയും AVGC-XR മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്ക് കാരണമാകുന്ന കമ്പ്യൂട്ടർ സയൻസ്, എൻജിനിയറിങ്, ഡിസൈൻ, ആർട്ട് പോലുള്ള വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്യുന്നു. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിലേക്ക് ഇത് നയിക്കുന്നു.  ആഭ്യന്തര ഉപഭോഗത്തിനും ആഗോള വ്യാപനത്തിനുമായി ഇന്ത്യയുടെ ഐപി സൃഷ്ടിക്കുന്നതിലും മികവിന്റെ ഈ ദേശീയ കേന്ദ്രം വിപുലമായി ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, AVGC-XR മേഖലയിൽ സ്റ്റാർട്ടപ്പുകൾക്കും പ്രാരംഭ ഘട്ടത്തിലുള്ള കമ്പനികൾക്കും വേണ്ട വിഭവങ്ങൾ നൽകി ഈ മികവിന്റെ കേന്ദ്രം  ആശയ ഉത്ഭവ കേന്ദ്രമായി പ്രവർത്തിക്കും. കൂടാതെ, NCoE അക്കാദമിക ഉത്തേജകകേന്ദ്രമായി മാത്രമല്ല, നിർമ്മാണ/വ്യവസായ ഉത്തേജനകേന്ദ്രമായും വർത്തിക്കും.

AVGC-XR വ്യവസായ മേഖലയുടെ വളർച്ചാ ചാലകശക്തിയായി ഈ NCoE സ്ഥാപിക്കുന്നതിലൂടെ, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള യുവാക്കൾക്ക് ഏറ്റവും വലിയ തൊഴിൽ സ്രോതസ്സായി ഇത് പ്രവർത്തിക്കും.  ഇത് സർഗാത്മക കലകൾ, രൂപകല്പന എന്നീ മേഖലകൾക്ക് വലിയ ഉത്തേജനം നൽകുകയും സ്വയംപര്യാപ്ത ഇന്ത്യയുടെ ലക്ഷ്യങ്ങൾ ഉയർത്തി, ഇന്ത്യയെ AVGC-XR പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കുകയും ചെയ്യും.

AVGC-XR മേഖലയിലെ ഈ മികവിന്റെ കേന്ദ്രം അത്യാധുനിക ഉള്ളടക്കം നൽകുന്ന ഉള്ളടക്ക കേന്ദ്രമായി ഇന്ത്യയെ മാറ്റും. അതുവഴി ആഗോളതലത്തിൽ ഇന്ത്യയുടെ സോഫ്റ്റ് പവർ വർധിപ്പിക്കുകയും മാധ്യമ-വിനോദ മേഖലയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യും.


(Release ID: 2056294) Visitor Counter : 78