പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സെമികണ്ടക്ടർ എക്സിക്യൂട്ടീവുകളുടെ വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷനായി


സെമികണ്ടക്ടറാണു ഡിജിറ്റൽ യുഗത്തിന്റെ അടിസ്ഥാനം: പ്രധാനമന്ത്രി

ജനാധിപത്യവും സാങ്കേതികവിദ്യയും ഒന്നുചേർന്നു മനുഷ്യരാശിയുടെ ക്ഷേമം ഉറപ്പാക്കും: പ്രധാനമന്ത്രി

വൈവിധ്യമാർന്ന സെമികണ്ടക്ടർ വിതരണശൃംഖലയിൽ വിശ്വസ്ത പങ്കാളിയാകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്: പ്രധാനമന്ത്രി

പ്രവചനാത്മകവും സുസ്ഥിരവുമായ നയം ഗവണ്മെന്റ് പിന്തുടരും: പ്രധാനമന്ത്രി

സെമികണ്ടക്ടർ വ്യവസായത്തിന്റെ പ്രധാനകേന്ദ്രം ഇന്ത്യയിലേക്കു മാറുന്നുവെന്നു ചൂണ്ടിക്കാട്ടി, രാജ്യത്തെ വ്യവസായ അനുയോജ്യ അന്തരീക്ഷത്തെ അഭിനന്ദിച്ച് സിഇഒമാർ

വ്യാവസായികാന്തരീക്ഷത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് സിഇഒമാർ; നിക്ഷേപത്തിനുള്ള ഇടമാണ് ഇന്ത്യയെന്ന കാര്യത്തിൽ ഏകസ്വരം

ഇന്ത്യയിൽ ഇന്നുള്ള വലിയ അവസരങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നു സിഇഒമാർ

Posted On: 10 SEP 2024 8:05PM by PIB Thiruvananthpuram


 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു രാവിലെ ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ ഏഴാം നമ്പർ വസതിയിൽ സെമികണ്ടക്ടർ എക്സിക്യൂട്ടീവുകളുടെ വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷനായി.

അവരുടെ ആശയങ്ങൾ അവരുടെ വ്യവസായത്തെ മാത്രമല്ല, ഇന്ത്യയുടെ ഭാവിയും രൂപപ്പെടുത്തുമെന്നു കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന കാലം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാകുമെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി, സെമികണ്ടക്ടറാണു ഡിജിറ്റൽ യുഗത്തിന്റെ അടിസ്ഥാനമെന്നും സെമികണ്ടക്ടർ വ്യവസായം നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾക്കുപോലും അടിത്തറയാകുന്ന ദിവസം വിദൂരമല്ലെന്നും പറഞ്ഞു.

ജനാധിപത്യവും സാങ്കേതികവിദ്യയും ഒന്നുചേർന്നു മനുഷ്യരാശിയുടെ ക്ഷേമം ഉറപ്പാക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി, സെമികണ്ടക്ടർ മേഖലയിലെ ആഗോള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് ഇന്ത്യ ഈ പാതയിൽ മുന്നേറുകയാണെന്നും വ്യക്തമാക്കി.

സാമൂഹ്യ-ഡിജിറ്റൽ-ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കൽ, ഏവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് ഉത്തേജനം പകരൽ, ചട്ടങ്ങൾ പാലിക്കൽ ഭാരം കുറയ്ക്കൽ, ഉൽപ്പാദനത്തിലും നൂതനാശയങ്ങളിലും നിക്ഷേപം ആകർഷിക്കൽ എന്നിവ ഉൾപ്പെടുന്ന വികസനത്തിന്റെ നെടുംതൂണുകളെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. വൈവിധ്യമാർന്ന സെമികണ്ടക്ടർ വിതരണശൃംഖലയിൽ വിശ്വസ്ത പങ്കാളിയാകാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പ്രതിഭാസഞ്ചയത്തെക്കുറിച്ചും പരിശീലനം ലഭിച്ച തൊഴിലാളികളെ വ്യവസായത്തിനു ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ നൈപുണ്യവികസനത്തിൽ ഗവണ്മെന്റ് ചെലുത്തുന്ന അപാരമായ ശ്രദ്ധയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആഗോളതലത്തിൽ മത്സരാധിഷ്ഠിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. ‌ഉന്നത സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളിൽ നിക്ഷേപം നടത്തുന്നതിനുള്ള മികച്ച വിപണിയാണ് ഇന്ത്യയെന്നും സെമികണ്ടക്ടർ മേഖലയിലെ പ്രമുഖർ പങ്കുവയ്ക്കുന്ന ആവേശം ഈ മേഖലയ്ക്കായി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഗവണ്മെന്റിനെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവചനാത്മകവും സുസ്ഥിരവുമായ നയം ഇന്ത്യാഗവണ്മെന്റ് പിന്തുടരുമെന്നു പ്രധാനമന്ത്രി വ്യവസായനായകർക്ക് ഉറപ്പു നൽകി. ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഓരോ ഘട്ടത്തിലും ഈ വ്യവസായത്തെ ഗവണ്മെന്റ് തുടർന്നും പിന്തുണയ്ക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

സെമികണ്ടക്ടർ മേഖലയുടെ വളർച്ചയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അഭിനന്ദിച്ച സിഇഒമാർ, സെമികണ്ടക്ടർ മേഖലയിലെ മുൻനിരക്കാരെയാകെ ഒരേ കുടക്കീഴിൽ കൊണ്ടുവന്ന അഭൂതപൂർവമായ പരിപാടിയാണിതെന്നും പറഞ്ഞു. സെമികണ്ടക്ടർ വ്യവസായത്തിന്റെ അപാരമായ വളർച്ചയെക്കുറിച്ചും ഭാവി വ്യാപ്തിയെക്കുറിച്ചും അവർ സംസാരിച്ചു.  സെമികണ്ടക്ടർ വ്യവസായത്തിന്റെ പ്രധാനകേന്ദ്രം ഇന്ത്യയിലേക്കു മാറാൻ തുടങ്ങുകയാണെന്ന് അവർ പറഞ്ഞു. സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യയെ ആഗോള ഭൂപടത്തിൽ പ്രതിഷ്ഠിച്ച, വ്യവസായത്തിന് അനുയോജ്യമായ, അന്തരീക്ഷം രാജ്യത്തിപ്പോൾ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യക്കു മികച്ചതാകുന്നതു ലോകത്തിനും ഗുണപ്രദമാകുമെന്ന വിശ്വാസം പ്രകടിപ്പിച്ച്, സെമികണ്ടക്ടർ മേഖലയിലെ അസംസ്കൃത വസ്തുക്കളിൽ ആഗോള ശക്തികേന്ദ്രമാകുന്നതിന് ഇന്ത്യക്ക് അതിശയകരമായ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

ഇന്ത്യയിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷത്തെ അഭിനന്ദിച്ച അവർ, സങ്കീർണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടെ ലോകത്ത് ഇന്ത്യ സുസ്ഥിരമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സാധ്യതകളിലുള്ള അപാരമായ വിശ്വാസം പരാമർശിച്ച്, നിക്ഷേപത്തിനുള്ള ഇടമാണ് ഇന്ത്യയെന്ന കാര്യത്തിൽ ഈ മേഖലയിൽ അഭിപ്രായ ഐക്യമുണ്ടെന്ന് അവർ പറഞ്ഞു. മുൻകാലങ്ങളിലും പ്രധാനമന്ത്രി നൽകിയ പ്രോത്സാഹനത്തെ അവർ അനുസ്മരിച്ചു. ഇന്ന് ഇന്ത്യയിലുള്ള വലിയ അവസരങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.

SEMI, മൈക്രോൺ, NXP, PSMC, IMEC, റെനെസാസ്, TEPL, ടോക്കിയോ ഇലക്ട്രോൺ ലിമിറ്റഡ്, ടവർ, സിനോപ്സിസ്, കാഡൻസ്, റാപ്പിഡസ്, ജേക്കബ്സ്, JSR, ഇൻഫിനിയോൺ, അഡ്വാന്റെസ്റ്റ്, ടെറാഡൈൻ, അപ്ലൈഡ് മെറ്റീരിയൽസ്, ലാം റിസർച്ച്, മെർക്ക്, സിജി പവർ, കെയ്ൻസ് ടെക്നോളജി തുടങ്ങി വിവിധ സംഘടനകളുടെ സിഇഒമാരും മേധാവികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സ്റ്റാൻഫഡ് സർവകലാശാല, കലിഫോർണിയ സർവകലാശാല സാൻ ഡിയാഗോ, ഐഐടി ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഫസർമാരും യോഗത്തിൽ പങ്കെടുത്തു.
***



(Release ID: 2053606) Visitor Counter : 27